മധ്യപ്രദേശ് എംഎല്‍എമാരുടെ കൂറുമാറ്റ രാഷ്ട്രീയം സംബന്ധിച്ച തര്‍ക്കം പുതിയ നിയമപ്രശ്നങ്ങളിലേക്ക് വഴിതുറക്കുന്നു. ബംഗളൂരുവില്‍ ബിജെപിയുടെ തടവിലായ കോണ്‍ഗ്രസ് എംഎല്‍എമാര്‍ സ്വമേധയാ ആണോ അവരുടെ രാജി സമര്‍പ്പിച്ചിരിക്കുന്നതെന്ന് എങ്ങനെ നിര്‍ണയിക്കുമെന്നതാണ് ജസ്റ്റിസുമാരായ ഡി വൈ ചന്ദ്രചൂഡ്, ഹേമന്ദ് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ചും മധ്യപ്രദേശ് നിയമസഭാ സ്പീക്കര്‍ എന്‍ പി പ്രജാപതിയും തമ്മില്‍ ഉണ്ടായിരുന്ന നിയമപ്രശ്നം. എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ വ്യക്തത വരുത്താന്‍ പ്രത്യേക നിരീക്ഷകരെ ആവശ്യമെങ്കില്‍ ബംഗളൂരുവിലേക്കോ, അല്ലെങ്കില്‍ അവര്‍ എവിടെയാണുള്ളതെങ്കില്‍ അവിടേക്കോ അയയ്ക്കാമെന്നും അവര്‍ വഴി വീഡിയോ കോണ്‍ഫറന്‍സിങ് സംവിധാനത്തിലൂടെ സ്പീക്കറുമായി നേരിട്ട് ബന്ധപ്പെടാന്‍ അവസരം സൃഷ്ടിക്കാമെന്നും ആയിരുന്നു കോടതി മുന്നോട്ടുവച്ച നിര്‍ദ്ദേശം. അതുവഴി എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ വ്യക്തത വരുത്തി സ്പീക്കര്‍ക്ക് തീരുമാനിക്കാനാവുമെന്നും കോടതി വ്യക്തമാക്കി. എന്നാല്‍ സ്പീക്കര്‍ കോടതിയുടെ നിര്‍ദ്ദേശം നിരസിച്ചു. കോടതി നിര്‍ദ്ദേശിക്കുന്ന സമയബന്ധിത പ്രക്രിയ ഭരണഘടനാപരമായി പ്രശ്നമാണെന്ന് സ്പീക്കര്‍ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എ എം സിംഘ്‌വി നിലപാട് അറിയിച്ചു. ഇത് കേന്ദ്രഭരണത്തിന്റെ തണലില്‍ ബിജെപി ഇതര സര്‍ക്കാരുകളെ അട്ടിമറിക്കാന്‍ ബിജെപി നേതൃത്വം തുടര്‍ന്നുവരുന്ന കുതിരക്കച്ചവട രാഷ്ട്രീയത്തെ ഭരണഘടനയുടെയും നിയമസഭാ ചട്ടങ്ങളുടെയും കൂറുമാറ്റ നിരോധന നിയമത്തിന്റെയും പശ്ചാത്തലത്തില്‍ പുനഃപരിശോധനാ വിധേയമാക്കാനുള്ള അവസരമാണ് സുപ്രീംകോടതിക്കും രാഷ്ട്രീയ സമൂഹത്തിനും നല്കിയിരുന്നത്.
എംഎല്‍എമാരെ വന്‍തുകയ്ക്ക് വിലയ്ക്കെടുക്കുന്നതും പ്രലോഭനങ്ങള്‍ക്കും ഭീഷണികള്‍ക്കും വിധേയമാക്കി സുരക്ഷിത താവളങ്ങളില്‍ തടവുകാരായി പാര്‍പ്പിച്ച് ആസൂത്രിത കാലുമാറ്റം സംഘടിപ്പിക്കുക എന്നത് ബിജെപി നേതൃത്വം അപമാനകരവും അധാര്‍മ്മികവുമായ ഒരു കലയാക്കി വികസിപ്പിച്ചെടുത്തതിന് രാജ്യവും ജനങ്ങളും മൂകസാക്ഷികളാണ്. ഹരിയാനയിലും കര്‍ണാടകത്തിലും മണിപ്പൂരിലും ഗോവയിലുമെല്ലാം വ്യത്യസ്ത രൂപഭാവങ്ങളില്‍ അത് അവര്‍ യാതൊരു മനസ്സാക്ഷിക്കുത്തും കൂടാതെ നടപ്പാക്കി കാണിക്കുകയുണ്ടായി. എല്ലായിടത്തും പണവും പദവികള്‍ വാഗ്ദാനം ചെയ്തുമുള്ള പ്രലോഭനങ്ങളും യഥേഷ്ടം പ്രവര്‍ത്തിച്ചു. ഭരണഘടനയും നിയമങ്ങളും കീഴ്‌വഴക്കങ്ങളും കേവലം നോക്കുകുത്തികളായി. അതുവഴി തകര്‍ക്കപ്പെടുന്നത് ജനാധിപത്യവും ഭരണഘടന ഉയര്‍ത്തിപ്പിടിക്കുന്ന മൂല്യങ്ങളും നിയമവാഴ്ചയുമാണ്. ഭൂരിപക്ഷ ആധിപത്യത്തിന്റെ മറവില്‍ നടക്കുന്ന ഈ രാഷ്ട്രീയ, ധാര്‍മ്മിക അട്ടിമറികള്‍ക്ക് വിരാമമിടാന്‍ തല്ക്കാലം പാര്‍ലമെന്റിന് കഴിയില്ലെന്നത് പകല്‍പോലെ വ്യക്തമാണ്. പാര്‍ലമെന്ററി ജനാധിപത്യ തത്വങ്ങളെയും മൂല്യങ്ങളെയും പാര്‍ലമെന്റിനെ തന്നെയും അട്ടിമറിക്കാന്‍ ആ ഭരണഘടനാ സ്ഥാപനത്തെ അതിവിദഗ്ധമായി ദുരുപയോഗം ചെയ്യുന്ന ഫാസിസ്റ്റ് പാതകമാണ് ജനാധിപത്യത്തിന്റെ പേരില്‍ രാജ്യത്ത് അരങ്ങേറുന്നത്. തടവിലാക്കപ്പെട്ട എംഎല്‍എമാര്‍ സ്വതന്ത്രമാണെന്ന മധ്യപ്രദേശ് ഗവര്‍ണര്‍ ലാല്‍ജി ഠണ്ഡന്‍ അടക്കമുള്ളവരുടെ അവകാശവാദത്തിന്റെ കാറ്റഴിച്ചുവിട്ട സംഭവങ്ങളാണ് കഴിഞ്ഞ ദിവസം ബംഗളൂരുവില്‍ അരങ്ങേറിയത്. കര്‍ണാടക ഭരിക്കുന്ന ബിജെപി സര്‍ക്കാരിന്റെ സമ്പൂര്‍ണ സംരക്ഷിത തടങ്കലിലാണ് എംഎല്‍എമാര്‍ എന്നാണ് അവരെ കാണാന്‍ ശ്രമിച്ച ദിഗ്‌വിജയ്സിങ് അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ അറസ്റ്റ് വ്യക്തമാക്കുന്നത്.
കൂറുമാറ്റ, കുതികാല്‍വെട്ട് രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസ് നല്കിയ ബാലപാഠമാണ് എംഎല്‍എമാര്‍ മുതല്‍ സിന്ധ്യവരെയുള്ള നേതാക്കളെ അതില്‍ ഗവേഷണ ബിരുദധാരികളാക്കി ബിജെപി പാളയത്തില്‍ എത്തിച്ചത്. ഇന്ത്യന്‍ രാഷ്ട്രീയത്തിന്റെയും അടിസ്ഥാന ജനാധിപത്യ മൂല്യങ്ങളുടേയും ശാപമായി മാറിയ ഈ രാഷ്ട്രീയ ധര്‍മ്മച്യുതിക്ക് വീഡിയോ കോണ്‍ഫറന്‍സ് ഒരു പരിഹാരമല്ല. പാര്‍ലമെന്ററി സംവിധാനം പരാജയമടയുന്നിടത്ത് ജനങ്ങള്‍ പ്രതീക്ഷ അര്‍പ്പിക്കുന്ന പരമോന്നത കോടതിക്ക് ജനാധിപത്യത്തെയും അതിന്റെ ധാര്‍മ്മിക മൂല്യങ്ങളെയും സംരക്ഷിക്കാന്‍ എന്തു ചെയ്യാനാവും എന്നാണ് ജനങ്ങള്‍ ഉറ്റുനോക്കിയിരുന്നത്. ജനാധിപത്യത്തിന്റെ ധാര്‍മ്മികവും നീതിപൂര്‍വവുമായ നിലനില്പ് സംബന്ധിച്ച ആ ചോദ്യത്തിന് ഉത്തരം നല്കാതെയാണ് മാര്‍ച്ച് ഇരുപതിന് വിശ്വാസവോട്ടിന് സുപ്രീംകോടതി ഉത്തരവായിരിക്കുന്നത്. അടിസ്ഥാന പ്രശ്നങ്ങള്‍ അവഗണിച്ചുകൊണ്ടുള്ള സുപ്രീംകോടതി ഉത്തരവ് കൂടുമാറ്റ രാഷ്ട്രീയത്തിനും അതു സംഘടിപ്പിക്കുന്ന കുതിരക്കച്ചവടത്തിനും പരോക്ഷ അനുമതിയായി ഭാവിയില്‍ വ്യാഖ്യാനിക്കപ്പെടും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.