Web Desk

April 14, 2021, 4:00 am

തെരഞ്ഞെടുപ്പ് കമ്മിഷന്‍: ഭരണകൂട വിധേയത്വത്തിന്റെ ആള്‍രൂപം

Janayugom Online

രാജ്യസഭയില്‍ കേരളത്തില്‍ നിന്നും ഒഴിവുവരുന്ന മൂന്ന് സീറ്റുകളിലേക്ക് മെയ് രണ്ടിനകം തെരഞ്ഞെടുപ്പ് നടത്തണമെന്ന് കേരള ഹൈക്കോടതി വിധിച്ചത് തിങ്കളാഴ്ചയാണ്. രാജ്യത്തിന്റെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ പദവിയില്‍ നിന്നും സുനില്‍ അറോറ വിരമിക്കുകയും പുതിയ സിഇസി ആയി സുശീല്‍ ചന്ദ്ര ചുമതല ഏറ്റെടുക്കുകയും ചെയ്തത് അതേ ദിവസമാണെന്നത് യാദൃച്ഛികമായിരിക്കാം. നരേന്ദ്രമോഡി നേതൃത്വം നല്കുന്ന കേന്ദ്ര സര്‍ക്കാരിന്റെ കേവലം ആജ്ഞാനുവര്‍ത്തിയായി മാറിയ ഭരണഘടനാ സ്ഥാപനത്തിന്റെ മുഖത്തേറ്റ അടിയായിരുന്നു രാജ്യസഭയിലെ ഒഴിവു നികത്തുന്നതു സംബന്ധിച്ച കേരള ഹൈക്കോടതിയുടെ വിധി. സ്വയം ഭരണാധികാരമുള്ള അതിപ്രധാനമായ ഒരു ഭരണഘടനാ സ്ഥാപനത്തെ നിക്ഷിപ്ത ഭരണകൂട താല്പര്യങ്ങള്‍ക്ക് വിധേയമായി പ്രവര്‍ത്തിക്കുന്ന ഒന്നായി എങ്ങനെ അധഃപതിപ്പിക്കാമെന്ന് ജനാധിപത്യ ലോകത്തിന് കാട്ടിക്കൊടുത്ത നാണംകെട്ട കാലമായി മുഖ്യ തെരഞ്ഞെടുപ്പ് കമ്മിഷണറായി അറോറ പ്രവര്‍ത്തിച്ച കാലം ചരിത്രത്തില്‍ അടയാളപ്പെടുത്തപ്പെടും. ഇത് അറോറയുടെ മാത്രം ഗതികേടായി കണക്കാക്കുന്നത് അനീതിയായിരിക്കും.

നരേന്ദ്രമോഡി നേതൃത്വം നല്കുന്ന വര്‍ഗീയ ഫാസിസ്റ്റ് ഭരണകൂടത്തിന്റെ നാളിതുവരെയുള്ള കാലത്തുടനീളം തെരഞ്ഞെടുപ്പ് കമ്മിഷന്‍ എന്ന ഭരണഘടനാ സ്ഥാപനത്തിന്റെ അവസ്ഥ സമാനമായിരുന്നു എന്നു പറയുന്നതായിരിക്കും കൂടുതല്‍ ശരി. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിന് തൊട്ടു മുമ്പുമാത്രം തെരഞ്ഞെടുപ്പ് കമ്മിഷനില്‍ അവരോധിക്കപ്പെട്ട സുശീല്‍ചന്ദ്ര 2022 മെയ് 14 വരെ ആ സ്ഥാനത്ത് തുടരും. നാളിതുവരെയുള്ള സുശീല്‍ ചന്ദ്രയുടെ തെരഞ്ഞെടുപ്പ് കമ്മിഷനിലെ പ്രവര്‍ത്തനം സിഇസി എന്ന നിലയില്‍ തന്റെ തൊട്ടുമുമ്പുള്ള മുന്‍ഗാമികളുടേതില്‍ നിന്നും ഒട്ടും ഭിന്നമായിരിക്കാന്‍ ഇടയില്ലെന്നാണ് വിലയിരുത്തപ്പെടുന്നത്. അത് മറിച്ചാവട്ടെയെന്ന് പ്രതീക്ഷിക്കുക മാത്രമെ ഇന്ത്യന്‍ ജനാധിപത്യത്തിനു വഴിയുള്ളു.

കേരളത്തില്‍ നിന്നുള്ള മൂന്ന് ഒഴിവു നികത്താനുള്ള തെരഞ്ഞെടുപ്പ് നേരത്തെ വിജ്ഞാപനം ചെയ്തതനുസരിച്ച് നടത്തുന്നത് മാറ്റിവച്ച കമ്മിഷന്‍ തീരുമാനത്തിന്റെ യുക്തിഭദ്രതയൊ നിയമസാധുതയൊ കോടതിയെ ബോധിപ്പിക്കുന്നതില്‍ അവര്‍ പരാജയപ്പെട്ടു. മോഡി സര്‍ക്കാരിന്റെ ഇംഗിതത്തിനനുസരിച്ച് നൃത്തം ചെയ്യുന്ന പാവകളായി കമ്മിഷന്‍ അധഃപതിച്ചു എന്നുവേണം ജനങ്ങള്‍ മനസിലാക്കാന്‍. അഞ്ചു സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ നടന്നതും തുടര്‍ന്നുവരുന്നതുമായ തെരഞ്ഞെടുപ്പ് പ്രക്രിയ നിഷ്പക്ഷവും നീതിപൂര്‍വവും സ്വതന്ത്രവുമായി അല്ല നടക്കുന്നതെന്നും ജനങ്ങള്‍ തിരിച്ചറിയുന്നു. ജാതിയുടെയും മതത്തിന്റെയും വിശ്വാസങ്ങളുടെയും പേരില്‍ ജനങ്ങളെ ഭിന്നിപ്പിക്കാനും അതുവഴി ജനവിധിയെ സ്വാധീനിക്കാനും പ്രധാനമന്ത്രിയടക്കം ഭരണവര്‍ഗം നടത്തുന്ന ഒരു ശ്രമത്തെയും നിയന്ത്രിക്കാനും മാതൃകാ പെരുമാറ്റ ചട്ടം കാര്‍ക്കശ്യത്തോടെ നടപ്പാക്കാനുമുള്ള നട്ടെല്ല് തെരഞ്ഞെടുപ്പ് കമ്മിഷന് ഇല്ലെന്ന് കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പ് വേളയില്‍ നാം സാക്ഷ്യം വഹിക്കുകയുണ്ടായി.

മതചിന്തകളും ചിഹ്നങ്ങളും മതിവികാരവും യഥേഷ്ടം ദുരുപയോഗം ചെയ്യപ്പെടുന്നതിന് മൂകസാക്ഷികളായി നില്‍ക്കാനെ തെരഞ്ഞെടുപ്പ് കമ്മിഷന് കഴിഞ്ഞുള്ളു. തെരഞ്ഞെടുപ്പ് കമ്മിഷനും അതിന്റെ നിയന്ത്രണത്തിലുള്ള കേന്ദ്രസേനയും കേവലം നോക്കുകുത്തികളായി മാറുക മാത്രമല്ല കേന്ദ്ര ഭരണകൂടത്തിന്റെ തെരഞ്ഞെടുപ്പ് അട്ടിമറി പ്രവര്‍ത്തനങ്ങളില്‍ അവര്‍ സജീവ പങ്കാളികളാവുന്ന കാഴ്ചയാണ് പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ അരങ്ങേറുന്നത്. പ്രകടമായ പക്ഷപാതിത്വം മാത്രമല്ല തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാനും അതുവഴി തെരഞ്ഞെടുപ്പ് ഫലത്തെ നിര്‍ണായകമായി സ്വാധീനിക്കാനുമുള്ള പ്രവര്‍ത്തനങ്ങളില്‍ കമ്മിഷന്‍ സജീവ പങ്കാളിയാണെന്ന ആരോപണം അവഗണിക്കാവുന്നതല്ല.

സുശീല്‍ ചന്ദ്ര തന്റെ തൊട്ടു മുന്‍ഗാമികളില്‍ നിന്നും വ്യത്യസ്തനായിരിക്കില്ലെന്ന നിഗമനം കഴിഞ്ഞ രണ്ടു വര്‍ഷക്കാലത്തെ തെരഞ്ഞെടുപ്പ് കമ്മിഷണര്‍ എന്ന നിലയിലുള്ള പ്രകടനത്തെ മാത്രം വിലയിരുത്തിയുള്ള ഒന്നല്ല. മൂന്നംഗ തെരഞ്ഞെടുപ്പ് കമ്മിഷനില്‍ അംഗമായി ചേരുന്നതിന് മുമ്പ് ചന്ദ്ര കേന്ദ്ര പ്രത്യക്ഷ നികുതി ബോര്‍ഡ് (സിബിസിടി) അധ്യക്ഷനായിരുന്നു. 2017 ല്‍ ആരംഭിച്ച കള്ളപ്പണത്തിനും അനധികൃത സമ്പത്തിനും എതിരായ ‘ഓപ്പറേഷന്‍ ക്ലീന്‍മണി‘യുടെ മേല്‍നോട്ട ചുമതല അദ്ദേഹത്തിനായിരുന്നു. കള്ളപ്പണവും അനധികൃത സമ്പത്തും ഭരണാധികാരികളുടെ കുത്തക നിയന്ത്രണത്തിലാക്കുക മാത്രമായിരുന്നു ആ ഓപ്പറേഷന്റെ ഫലം എന്ന് രാജ്യം തിരിച്ചറിയുന്നു. ജനാധിപത്യവും തെരഞ്ഞെടുപ്പ് പ്രക്രിയയും സംരക്ഷിക്കാന്‍ രാജ്യം ഏറെദൂരം ദുര്‍ഘട പാതകളിലൂടെ സഞ്ചരിക്കേണ്ടിവരുമെന്നാണ് തെരഞ്ഞെടുപ്പ് കമ്മിഷന്റെ ഇന്നത്തെ അവസ്ഥ നല്കുന്ന സന്ദേശം.