Web Desk

October 21, 2020, 3:00 am

ബൊളീവിയൻ ജനതയുടെ മധുരപ്രതികാരം

Janayugom Online

രുവർഷം മുമ്പ് യുഎസിന്റെ ഒത്താശയോടെ നടന്നൊരു അട്ടിമറിക്ക് ബൊളീവിയൻ ജനത മധുരപ്രതികാരം നിർവഹിച്ചിരിക്കുന്നു. പട്ടാളത്തിന്റെയും ട്രംപ് ഭരണകൂടത്തിന്റെയും പിൻബലത്താൽ ഇവൊ മൊറാലിസിന്റെ ഭരണത്തെ അട്ടിമറിച്ച് 2019 നവംബർ പത്തിനായിരുന്നു ജീനിൻ എസെസിന്റെ നേതൃത്വത്തിലുള്ള പാവഭരണകൂടത്തെ പ്രതിഷ്ഠിച്ചത്. രാജ്യത്തെ ആദ്യ തദ്ദേശീയ പ്രസിഡന്റായിരുന്ന ഇവൊ മൊറാലിസ് 2006 മുതൽ 2019 വരെയാണ് അധികാരത്തിലുണ്ടായിരുന്നത്. പാവപ്പെട്ടവർക്കും തദ്ദേശീയജനവിഭാഗങ്ങൾക്കും അവകാശങ്ങളും സാമ്പത്തിക നേട്ടങ്ങളുമുണ്ടായ ഭരണമായിരുന്നു അദ്ദേഹത്തിന്റേതെന്നാണ് പൊതു വിലയിരുത്തൽ. എണ്ണ, പ്രകൃതിവാതക ഉല്പാദത്തിന്റെ ദേശസാൽക്കരണത്തിലൂടെ സാധ്യമായ സാമ്പത്തിക നേട്ടം സാമൂഹ്യപദ്ധതികൾക്ക് വഴിയൊരുക്കി. ബൊളീവിയൻ സർക്കാരിനെ സുരക്ഷിതമായ സാമ്പത്തിക അടിത്തറയിൽ പ്രതിഷ്ഠിക്കുന്നതിനും അദ്ദേഹത്തിന്റെ ഭരണത്തിനായി. തദ്ദേശീയ അവകാശങ്ങൾ നിലനിർത്തുന്നതിലും ആഗോളതലത്തിലുള്ള പാരിസ്ഥിതിക പ്രതിസന്ധിയുടെ മേഖലകളിലും അദ്ദേഹത്തിന്റെ ഭരണം ശ്രദ്ധേയമായി മാറുകയും ചെയ്തു.

എന്നാൽ തങ്ങളുടെ മൂക്കിന് കീഴെ ബദൽമാർഗത്തിലൂടെ മുന്നേറുന്ന ഇത്തരമൊരു ഭരണത്തെ കണ്ണിലെ കരടായാണ് യുഎസ് കണ്ടത്. അതുകൊണ്ടുതന്നെ ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലെ മറ്റെല്ലാ പുരോഗമന — ഇടതുപക്ഷ ഭരണ വ്യവസ്ഥകളോടുമെന്നപോലെ ബൊളീവിയയിലെ ഇവൊ മൊറാലിസ് ഭരണത്തെ അസ്ഥിരപ്പെടുത്താനും അട്ടിമറിക്കാനുമുള്ള ശ്രമങ്ങൾ യുഎസ് ആവർത്തിച്ചുകൊണ്ടേയിരുന്നു. അതിന്റെ ഫലമായിരുന്നു 2019 നവംബറിലെ അട്ടിമറി. അതിനുശേഷം ജനാധിപത്യ വിരുദ്ധതയുടെ അരിയിട്ടുവാഴ്ചയാണ് ബൊളീവിയയിലുണ്ടായത്. ഒരു വ്യാഴവട്ടക്കാലം രാജ്യത്തിന്റെ അതിർത്തിക്ക് പുറത്തായിരുന്ന ഫാസിസ്റ്റ് ശൈലിയിലും യാഥാസ്ഥിതിക മനോഭാവത്തോടെയുമുള്ള ഭരണമായിരുന്നു എസെസിന്റെ നേതൃത്വത്തിൽ നടന്നത്. രാജ്യത്ത് കുറഞ്ഞുവന്ന തൊഴിലില്ലായ്മാ നിരക്ക് ഉയരുന്നതിനും സാമ്പത്തിക വളർച്ചാ നിരക്ക് ഇടിയുന്നതിനും യുഎസ് പാവ ഭരണകൂടത്തിന്റെ ഒരു വർഷംകൊണ്ട് രാജ്യം സാക്ഷ്യം വഹിച്ചു. അടിസ്ഥാന ജനവിഭാഗങ്ങൾക്ക് ലഭിച്ചിരുന്ന ആനുകൂല്യങ്ങൾ പലതും നിഷേധിക്കപ്പെട്ടു.

മൊറാലിസിന്റെ തെരഞ്ഞെടുപ്പ് ജനാധിപത്യ പ്രക്രിയയ്ക്ക് വിരുദ്ധമായാണെന്നായിരുന്നു അദ്ദേഹത്തിനെതിരായ അട്ടിമറിക്കുള്ള പ്രധാന ആരോപണമായി ഉന്നയിക്കപ്പെട്ടിരുന്നത്. ഇതിന്റെ പേരിലുള്ള പ്ര­ക്ഷോഭമെന്ന പേരിൽ ക­ലാപം സൃഷ്ടിച്ചാണ് അമേരിക്കയുടെ പിൻബലത്തോ­ടെ ഒരു വിഭാഗം ജ­നങ്ങളും സൈന്യവും ചേർന്ന് അട്ടിമറിയിലൂടെ അദ്ദേഹത്തെ പുറത്താക്കിയത്. പിന്നീട് അദ്ദേഹത്തിന് അർജന്റീനയിൽ അഭയം തേടേണ്ടി വരികയും ചെ­യ്തു. എന്നാൽ പിന്നീട് അധികാരം പിടിച്ചടക്കിയ ജീനിൻ എസെസിന്റെ നേതൃത്വത്തിലുള്ള പാവ ഭരണകൂടം തെരഞ്ഞെടുപ്പുകളെ ഭയന്നു. രണ്ടുതവണയാണ് തെരഞ്ഞെടുപ്പ് മാറ്റിവച്ചത്. എന്നാൽ അട്ടിമറി നടന്ന നാൾ മുതൽ രാജ്യത്തെ സോഷ്യലിസ്റ്റ് — ജനാധിപത്യ രാഷ്ട്രീയ സാമൂഹ്യ പ്രസ്ഥാനങ്ങൾ ജനാധിപത്യത്തിന്റെ പുനഃസ്ഥാപനത്തിനായുള്ള പ്രക്ഷോഭങ്ങൾ തുടർന്നു. കോവിഡ് മഹാമാരിക്കിടയിലും പ്രക്ഷോഭത്തിന്റെ ശക്തി കുറയ്ക്കാനായില്ല. അങ്ങനെയാണ് ബൊളീവിയയിൽ തെരഞ്ഞെടുപ്പിന് വഴിയൊരുങ്ങിയത്. ഭരണപരാജയവും ജനകീയ പോരാട്ടങ്ങളും ജനകീയ കോടതിയിൽ തോൽവിക്കു കാരണമാകുമെന്ന് ബോധ്യപ്പെട്ടതിനാൽ എസെസ് മത്സരരംഗത്തുപോലും ഉണ്ടായില്ല.

ഔദ്യോഗിക ഫലപ്രഖ്യാപനം വന്നിട്ടില്ലെങ്കിലും അനൗദ്യോഗിക ഫലങ്ങൾ പ്രകാരം ഇവൊ മൊറാലിസിന്റെ മൂവ്മെന്റ് ടുവേഡ്സ് സോഷ്യലിസം പാർട്ടിക്ക് (മൂവിമെന്റോ അൽ സോഷ്യലിസ്മോ — എംഎഎസ്) 52.4 ശതമാനം വോട്ടുകളാണ് ലഭിച്ചിരിക്കുന്നത്. 2003 മുതൽ 2005 വരെ പ്രസിഡന്റായിരുന്ന വലതുപക്ഷത്തിന്റെ പ്രസിഡന്റ് സ്ഥാനാർത്ഥി കാർലോസ് മേസയ്ക്ക് 31.5 ശതമാനവും മറ്റൊരു വലതുപക്ഷ സ്ഥാനാർത്ഥിയായ ഫെർണാണ്ടോയ്ക്ക് 14.1 ശതമാനവും വോട്ടുകളാണ് ലഭിച്ചത്. മൊറാലിസിന്റെ മന്ത്രിസഭയിൽ ധനകാര്യവകുപ്പ് മന്ത്രിയായിരുന്ന ലൂയിസ് ആർസെയാണ് അദ്ദേഹത്തിന്റെ പിൻഗാമിയാകുന്നത്. വിജയം തൊട്ടടുത്തെത്തിയ ഘട്ടത്തിൽതന്നെ മൊറാലിസിന്റെ പിൻഗാമിയായ ആർസെ തന്റെ ലക്ഷ്യങ്ങൾ പ്രഖ്യാപിച്ചു കഴിഞ്ഞു. രാജ്യത്ത് ദരിദ്രർക്കായി പട്ടിണിവിരുദ്ധ ബോണ്ടുകൾ ഏർപ്പെടുത്തുമെന്നും ഭക്ഷണം അവകാശമായിരിക്കുമെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. തൊഴിലില്ലായ്മ, സാമ്പത്തിക വികസനം തുടങ്ങിയവയ്ക്ക് തന്നെയാകും മുൻഗണനയെന്നും അദ്ദേഹം ഉറപ്പുനല്കുന്നുണ്ട്. ഒരുവർഷമായി അയൽ രാജ്യത്തിൽ അഭയാർത്ഥിയായി കഴിയുന്ന മൊറാലിസ് ഉടൻ തന്നെ രാജ്യത്ത് തിരിച്ചെത്തുകയും ചെയ്യും.

അതോടെ ഭരണത്തിന്റെ മുഖ്യഉപദേശകരിൽ ഒരാളായി അദ്ദേഹവും ഉണ്ടാകുമെന്ന് പ്രതീക്ഷിക്കാവുന്നതാണ്. തെരഞ്ഞെടുപ്പ് വിജയത്തിലേയ്ക്ക് അടുക്കുന്നുവെന്ന ആദ്യസൂചനകൾ പുറത്തുവന്ന ഘട്ടത്തിൽ ആർസെ പറഞ്ഞത്, ഞങ്ങൾ ജനാധിപത്യത്തെയും രാജ്യത്തെയും തിരിച്ചുപിടിച്ചുവെന്നായിരുന്നു. അത് അക്ഷരാർത്ഥത്തിൽ ശരിയുമാണ്. പക്ഷേ ജനാധിപത്യവും രാജ്യങ്ങളും നിലനിൽക്കരുതെന്ന് നിർബന്ധമുള്ള സാമ്രാജ്യത്ത ശക്തികൾ ഉറക്കമില്ലാതെ ഇനിയും അസ്ഥിരീകരണത്തിനും അട്ടിമറിക്കുമുള്ള നീക്കങ്ങൾ നടത്തുമെന്ന ജാഗ്രത കൈവിട്ടുകൂട. ക്യൂബയ്ക്കെതിരായ ഉപരോധങ്ങളും വെനസ്വേലയിൽ ഇടക്കിടെ ആവർത്തിച്ചുകൊണ്ടിരിക്കുന്ന അട്ടിമറി നീക്കങ്ങളും യുഎസിന്റെ ജനാധിപത്യവിരുദ്ധ നടപടികളുടെ ഉദാഹരണങ്ങളായി ലോകത്തിന് മുന്നിലുണ്ട്. അതുകൊണ്ട് ലോകത്താകെയുള്ള ജനാധിപത്യവിശ്വാസികളുടെയും ഫാസിസ്റ്റ് വിരുദ്ധ ശക്തികളുടെയും ഐക്യദാർഢ്യവും പിന്തുണയും ബൊളീവിയയുടെ കൂടെയുണ്ടാകണം.