തബ്‌ലീഗിനെ ഒറ്റപ്പെടുത്തി ആക്രമിക്കുന്നത് രാഷ്ട്രീയ അശ്ലീലം

Web Desk
Posted on April 02, 2020, 5:00 am

കോവിഡ് മഹാമാരി വിദ്വേഷ രാഷ്ട്രീയത്തിനും ഭരണകൂട വീഴ്ചകള്‍ക്കും മറപിടിക്കാനുമുള്ള ആയുധമായി മാറുന്നു. നിസാമുദ്ദീനിലെ‍ തബ്‌ലീഗ് ജമാഅത്ത് ആസ്ഥാനത്തു നിന്ന് അനവധിപേര്‍ക്ക് കോവിഡ് ബാധിച്ചതിനെയാണ് വര്‍ഗീയ‑അവസരവാദ രാഷ്ട്രീയം ആയുധമാക്കി മാറ്റുന്നത്. മഹാമാരിയുടെ കാലത്ത് കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ തബ്‌ലീഗ് ജമാഅത്ത് ഭാരവാഹികളും കേന്ദ്ര, ഡല്‍ഹി ഭരണകൂടങ്ങളും ഒരുപോലെ പരാജയപ്പെട്ടുവെന്നാണ് ലഭ്യമായ വസ്തുതകള്‍ വ്യക്തമാക്കുന്നത്. ചൈനയിലെ വുഹാന്‍ നഗരത്തില്‍ നിന്നും മഹാമാരി പൊട്ടിപ്പുറപ്പെട്ടതിനെ തുടര്‍ന്ന് വൈകിയാണെങ്കിലും ജനുവരി പത്തു മുതല്‍ ലോകാരോഗ്യ സംഘടന ഇന്ത്യയടക്കം ലോക രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്കിയിരുന്നു. ലോക രാജ്യങ്ങള്‍, ഒരുപക്ഷെ ആരുംതന്നെ, അര്‍ഹിക്കുന്ന ഗൗരവത്തോടെ ആ മുന്നറിയിപ്പുകള്‍ കണക്കിലെടുത്തിരുന്നില്ല. അതാണ് മനുഷ്യ ചരിത്രത്തിലെ ഏറ്റവും ഭീഷണമായ മഹാമാരിയായി അത് ലോകമെങ്ങും വ്യാപിക്കാന്‍ കാരണമായത്.

ഇന്ത്യ അര്‍ഹിക്കുന്ന ഗൗരവത്തോടെ മുന്നറിയിപ്പുകള്‍ കണക്കിലെടുത്തില്ലെന്ന് മാത്രമല്ല, കേന്ദ്ര സര്‍ക്കാരും അതിനു നേതൃത്വം നല്കുന്ന ബിജെപിയും തങ്ങളുടെ നിക്ഷിപ്ത രാഷ്ട്രീയ കുടില തന്ത്രങ്ങളില്‍ വ്യാപൃതരായിരുന്നു. ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനം, ഡല്‍ഹിയിലെ വര്‍ഗീയ കലാപം, മധ്യപ്രദേശിലെ കുതിരക്കച്ചവടം എന്നിവയായിരുന്നു ഭരണകൂടത്തിന്റെ മുന്‍ഗണനാ വിഷയങ്ങള്‍. അവയെല്ലാം പൂര്‍ത്തിയായപ്പോഴേക്കും കോവിഡ് അതിന്റെ താണ്ഡവം ആരംഭിച്ചു കഴിഞ്ഞിരുന്നു. യാതൊരു മുന്‍കരുതലും കൂടിയാലോചനകളും ആസൂത്രണവും കൂടാതെ ആരംഭിച്ച സമ്പൂര്‍ണ അടച്ചുപൂട്ടല്‍ അവര്‍ണനീയമായ ദുരിതങ്ങളിലേക്കും ആശയക്കുഴപ്പത്തിലേക്കുമാണ് രാജ്യത്തെ നയിച്ചത്. ആവശ്യമായ യാതൊരു ഗൃഹപാഠവും തയ്യാറെടുപ്പും കൂടാതെ പ്രഖ്യാപിച്ച അടച്ചുപൂട്ടലാണ് ലക്ഷക്കണക്കിനു കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായനത്തിലേക്കും ഇപ്പോള്‍ തബ്‌ലീഗ് ജ­മാ­അത്തില്‍ നിന്നുള്ള കോവിഡ് വ്യാപനത്തിലേക്കും നയിച്ചത്. കുടിയേറ്റ തൊഴിലാളികളുടെ കൂട്ടപ്പലായനം ഭരണകൂടത്തിന്റെ കാര്യക്ഷമതാരാഹിത്യത്തിനും പട്ടിണിപാവങ്ങളോടുള്ള കടുത്ത അവഗണനയ്ക്കും എ­തിരെ മോഡി ഭരണകൂടത്തെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിക്കൂട്ടിലാക്കി. തങ്ങളുടെ ഗുരുതരമായ വീഴ്ചയ്ക്ക് യാതൊരു പ്രതിരോധവുമില്ലാതെ കുഴങ്ങിയ മോഡി ഭരണകൂടത്തിനും ഫലപ്രഥമായ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കുന്നതില്‍ പരാജയപ്പെട്ട കെജ്‌രിവാള്‍ സര്‍ക്കാരിനും വീണുകിട്ടിയ ബലിമൃഗമാവുകയാണ് തബ്‌ലീഗ് ജമാഅത്ത്.

ആയിരക്കണക്കിന് ഭക്തര്‍ വര്‍ഷത്തിലുടനീളം സന്ദര്‍ശിക്കുന്നതും എണ്ണായിരത്തില്‍പ്പരം തീര്‍ത്ഥാടകര്‍ക്ക് താമസ സൗകര്യം ഒരുക്കുന്നതുമായ സംവിധാനമാണ് തബ്‌ലീഗ് ജമാഅത്ത് അഥവാ മര്‍ക്കസ്. രാജ്യത്തിന്റെ നാനാഭാഗത്തുനിന്നും വിദേശങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന തീര്‍ത്ഥാടകരെ മാര്‍ച്ച് 16ന് ഡല്‍ഹി സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവിന്റെ അടിസ്ഥാനത്തില്‍ തിരിവച്ചയയ്ക്കുക ശ്രമകരമായിരുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ നേരിട്ടു നിയന്ത്രണത്തിലുള്ള ഡല്‍ഹി പൊലീസിന്റെ നിസാമുദ്ദീന്‍ സ്റ്റേഷനോട് ചേര്‍ന്നുള്ള മര്‍ക്കസില്‍ പതിവായി നടന്നുവരുന്ന തീര്‍ത്ഥാടന തിരക്ക് അവര്‍ക്ക് തീര്‍ച്ചയായും അറിവുള്ള വസ്തുതയാണ്. ജമാഅത്ത് ഭാരവാഹികള്‍ തീര്‍ത്ഥാടകരെ തിരിച്ചയയ്ക്കുന്നതിനും അതിന് കഴിയില്ലെങ്കില്‍ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റുന്നതിനും പൊലീസിന്റെയും സബ്ഡിവിഷനല്‍ മജിസ്ട്രേറ്റ് അടക്കം ഭരണാധികാരികളുടെയും സഹായം അഭ്യര്‍ത്ഥിച്ചിരുന്നു. മാര്‍ച്ച് 30 വരെ അത്തരത്തില്‍ യാതൊരു സഹായവും നല്‍കാന്‍ തയ്യാറാവാതെ അവഗണിച്ചവരാണ് തബ്‌ലീഗ് ജമാഅത്തിനെ ഏകപക്ഷീയമായി പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്.

ഡല്‍ഹി ഭരണകൂടത്തിനും കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനും വിഷയത്തില്‍ അജ്ഞത നടിക്കാനോ തബ്‌ലീഗ് ജമാഅത്തിനെ മാത്രം കുറ്റപ്പെടുത്തി രക്ഷപ്പെടാനോ കഴിയില്ല. തികച്ചും ദൗര്‍ഭാഗ്യകരമായ സംഭവത്തെ തങ്ങളുടെ വീഴ്ചകളും പരാജയവും മറച്ചുവയ്ക്കാനും അതിന് വര്‍ഗീയ നിറം പകര്‍ന്ന് സ്വന്തം തടി രക്ഷിക്കാനുമാണ് ഡല്‍ഹി, കേന്ദ്ര ഭരണകൂടങ്ങള്‍ ശ്രമിക്കുന്നത്. മതവിശ്വാസങ്ങളെയോ അതിന്റെ പേരില്‍ നടക്കുന്ന അനാചാരങ്ങളെയോ അന്ധവിശ്വാസങ്ങളെയോ വിമര്‍ശിക്കാനും തുറന്നു കാണിക്കാനുമുള്ള അവസരമല്ല ഇത്. സമ്പൂര്‍ണ അടച്ചുപൂട്ടല്‍ പ്രഖ്യാപനത്തിനും സാമൂഹ്യ അകലം പാലിക്കാനുള്ള നിര്‍ദ്ദേശത്തിനും ശേഷം യുപി മുഖ്യന്റെ നേതൃത്വത്തില്‍ അയോധ്യയില്‍ ആചാരാനുഷ്ഠാനങ്ങളുടെ പേരില്‍ നടന്ന നിയമലംഘനങ്ങള്‍ ലോകത്തിനു മുന്നിലുണ്ട്. അത്തരം നിയമ ലംഘനങ്ങളുടെ പട്ടിക നിരത്തി പഴിചാരാനുള്ള അവസരവുമല്ല ഇത്. എന്നാല്‍ തങ്ങളുടെ രാഷ്ട്രീയ അജണ്ട നടപ്പാക്കാനുള്ള അവസരമാക്കി തബ്‌ലീഗ് ജമാഅത്തിനെയും ന്യൂനപക്ഷ സമുദായത്തെയും കടന്നാക്രമിക്കാന്‍ ശ്രമിക്കുന്നത് മിതമായ ഭാഷയില്‍ രാഷ്ട്രീയ അശ്ലീലമാണ്.

ENGLISH SUMMARY: It is polit­i­cal pornog­ra­phy to attack Tab­ligh in iso­la­tion