ലോകത്തെയാകെ ഗ്രസിച്ചിരിക്കുന്ന ആധുനിക മനുഷ്യ ചരിത്രത്തിലെ ഏറ്റവും വലിയ മഹാമാരിയുടെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി നരേന്ദ്രമോഡി വ്യാഴാഴ്ച രാത്രി എട്ട് മണിക്ക് രാജ്യത്തെ അഭിസംബോധന ചെയ്തത്. താന്‍ എപ്പോഴൊക്കെ ജനങ്ങളോട് സംയമനവും ത്യാഗവും ആവശ്യപ്പെട്ടിട്ടുണ്ടോ അപ്പോഴെല്ലാം ജനങ്ങള്‍ അതിന് തയാറായിട്ടുണ്ടെന്ന ആമുഖത്തോടെയാണ് പ്രധാനമന്ത്രി അഭിസംബോധന തുടങ്ങിവച്ചത്. ഭയജനകമായ കൊറോണ വൈറസ് ബാധയെ നേരിടുന്നതിനു കുറച്ചു കാലത്തേക്ക് സംയമനവും ത്യാഗവുമാണ് ഇത്തവണയും അദ്ദേഹം ആവശ്യപ്പെടുന്നത്. പുരുഷാധിപത്യ ഇന്ത്യന്‍ സമൂഹങ്ങളിലെ കുടുംബ കാരണവരെപ്പോലെ നിര്‍ദേശങ്ങളും ഉപദേശങ്ങളും അദ്ദേഹം ജനങ്ങള്‍ക്ക് നല്കി. മാര്‍ച്ച് 22ന് ഞായറാഴ്ച ജനതാ കര്‍ഫ്യു നടത്തുന്നതിനും അന്നു വൈകുന്നേരം അഞ്ചു മണിക്ക് കൈ അടിച്ചും പാത്രങ്ങള്‍ കൂട്ടിമുട്ടിച്ചും മണിമുഴക്കിയും ആരോഗ്യ പ്രവര്‍ത്തകരടക്കം അവശ്യസേവനങ്ങള്‍ വിഘ്നം കൂടാതെ നടത്തിക്കൊണ്ടു പോകുന്നവരെ അഭിനന്ദിക്കണമെന്നും പ്രധാനമന്ത്രി ആഹ്വാനം ചെയ്തു. മഹാമാരി ആവശ്യപ്പെടുന്ന സാമൂഹ്യ അകലം പാലിച്ചുകൊണ്ടുള്ള ഒരു ഏകോപന ജനനീക്കത്തിനാണ് അദ്ദേഹം ആഹ്വാനം ചെയ്തത്. ആവശ്യമെങ്കില്‍ അത്തരം കര്‍ഫ്യു തുടരേണ്ടിവരുമെന്ന സൂചനയും അദ്ദേഹം നല്കുന്നു.
ദൗര്‍ഭാഗ്യവശാല്‍ ആധുനിക വൈദ്യശാസ്ത്ര പുരോഗതിയെ രോഗപ്രതിരോധത്തിനോ ചികിത്സയ്ക്കോ പ്രതിരോധ വാക്സിന്‍ വികസിപ്പിക്കുന്നതിനോ വിനിയോഗിക്കുന്നതിനെപ്പറ്റി പ്രസംഗത്തിലെവിടെയും ഒരു പരാമര്‍ശം പോലും ഉണ്ടായില്ല. പ്രതിരോധ വാക്സിന്‍ വികസനത്തിനോ ചികിത്സാ സൗകര്യം വിപുലീകരിക്കുന്നതിനോ തന്റെ ഗവണ്‍മെന്റ് പരിമിതമായ ധനവിനിയോഗത്തിനുപോലും തയാറാണെന്ന യാതൊരു സൂചനയും നരേന്ദ്രമോഡി രാജ്യത്തിനു നല്കുന്നില്ല. രാജ്യം അതിവേഗം നിശ്ചലമാകുന്നു. തൊഴില്‍മേഖലകള്‍ പ്രത്യേകിച്ചും അസംഘടിത മേഖലകളും ദിവസക്കൂലിയെ ആശ്രയിച്ചു ജീവിക്കുന്ന കോടാനുകോടി തൊഴിലാളികള്‍ പണിയെടുക്കുന്ന മേഖലകളും സ്തംഭിച്ചിരിക്കുന്നു. ആധുനിക സൈബര്‍യുഗ തൊഴിലാളികളൊഴിച്ച് കായികാധ്വാനം ആവശ്യമുള്ള തൊഴില്‍മേഖലകളിലൊന്നും വീട്ടിലിരുന്നു പണിയെടുക്കുക അസാധ്യമാണ്. ഉച്ചഭക്ഷണത്തിനെങ്കിലും പൊതുവിദ്യാലയങ്ങളെ ആശ്രയിച്ചിരുന്ന കോടാനുകോടി കുഞ്ഞുങ്ങള്‍ വീട്ടുതടങ്കലിലാണ്. അവര്‍ക്ക് പട്ടിണിയകറ്റാന്‍ ഉതകുന്ന ഒരു പദ്ധതിപോലും മുന്നോട്ടുവെയ്ക്കാന്‍ പ്രധാനമന്ത്രിക്ക് ആയില്ല. ജനതാ കര്‍ഫ്യു ഒരു ട്രയല്‍ റണ്‍ മാത്രമാണ്. അതിന് ഞായറാഴ്ച തിരഞ്ഞെടുത്തതിലും മോഡിയിലെ കൗശലക്കാരനായ രാഷ്ട്രീയക്കാരനെ കാണാം. അന്ന് ഇന്ത്യയിലെവിടെയും പൊതുഒഴിവു ദിവസമാണല്ലോ. അതു മുതലാക്കി
ലോകത്തിലെ ഏറ്റവും വലിയ ജനതാ കര്‍ഫ്യുവിന്റെ ഉപജ്ഞാതാവെന്ന് മേനിനടിക്കാനുള്ള അവസരമാക്കി മാറ്റുകയാണ് മോഡി ഈ ആഗോള ജീവന്മരണ പ്രതിസന്ധിയെ. രാജ്യമെമ്പാടും അടച്ചുപൂട്ടലിന്റെ അന്തരീക്ഷത്തിലാണ്. മാളുകളും മാര്‍ക്കറ്റുകളും അയല്‍പക്ക വില്പനശാലകള്‍ പോലും അടച്ചുപൂട്ടപ്പെടുമെന്നതാണ് അവസ്ഥ. അവിടെ കരിഞ്ചന്തയ്ക്കും പൂഴ്ത്തിവെയ്പിനും അവശ്യവസ്തു ദൗര്‍ലഭ്യത്തിനും വ്യാപാര സമൂഹത്തോടുള്ള അഭ്യര്‍ത്ഥന അര്‍ത്ഥശൂന്യമാണ്. ജനങ്ങള്‍ക്ക് ഭക്ഷണവും കുടിവെള്ളവുമടക്കം അവശ്യവസ്തുക്കള്‍ ലഭ്യമാക്കാനുള്ള യാതൊരു നിര്‍ദ്ദേശവും നടപടിയും മോഡിക്ക് മുന്നോട്ടുവെയ്ക്കാനില്ല. മഹാമാരിയുടെ പശ്ചാത്തലത്തില്‍ കേരള, അലഹബാദ് ഹൈക്കോടതികള്‍ നികുതി പിരിവിന് സാവകാശം നല്കിക്കൊണ്ടുളള ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ നിന്നും സ്റ്റേ സമ്പാദിച്ച മോഡി സര്‍ക്കാരിന്റെ നടപടിയും ആഗോള വിപണിയില്‍ എണ്ണവില കൂപ്പുകുത്തുമ്പോഴും ജനങ്ങളെ കൊള്ളയടിക്കാനുള്ള തീരുമാനവും മോഡി സര്‍ക്കാരിന്റെ ജനവിരുദ്ധതയും ഹൃദയശൂന്യതയുമാണ് തുറന്നുകാട്ടുന്നത്. മോഡി സര്‍ക്കാരിന്റെ മേല്‍സൂചിപ്പിച്ച നടപടികളുടെയും നയസമീപനങ്ങളുടെയും പശ്ചാത്തലത്തില്‍ വേണം അതീവ ഗുരുതരമായ ആരോഗ്യ അടിയന്തരാവസ്ഥയെ നേരിടുന്ന കേരളത്തിലെ ഇടതുപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ പ്രതിബദ്ധതയും ജനങ്ങളോടുള്ള കരുതലും വിലയിരുത്തപ്പെടാന്‍. കോവിഡ്-19 ന്റെ ആദ്യ രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട നിമിഷംമുതല്‍ ഇതുവരെ ലോകത്തെ ഏത് ആഗോള ആരോഗ്യ പരിപാലന, ചികിത്സാസംവിധാനത്തോടും കിടപിടിക്കാന്‍ പോന്ന മികവാണ് കേരളം കാഴ്ചവയ്ക്കുന്നത്. രോഗ പ്രതിരോധ, ചികിത്സാരംഗങ്ങളില്‍ ഒതുങ്ങി നില്‍ക്കാതെ അതീവ ഗുരുതരമായ ഈ പ്രതിസന്ധിഘട്ടത്തില്‍ ജനങ്ങളെ സാമൂഹികമായും സാമ്പത്തികമായും മാനസികമായും താങ്ങിനിര്‍ത്താന്‍ ഉതകുന്ന അതിബൃഹത്തായ പദ്ധതിക്കാണ് എല്‍ഡിഎഫ് സര്‍ക്കാര്‍ നേതൃത്വം നല്കുന്നത്. അതാവട്ടെ രണ്ട് രാഷ്ട്രീയ, സാമ്പത്തിക, പ്രത്യയശാസ്ത്ര ധാരകളെയാണ് ജനങ്ങള്‍ക്ക് മുന്നില്‍ അനാവരണം ചെയ്യുന്നത്.
ENGLISH SUMMARY:Janayugam editorial about modi’s janatha curfew
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.