Web Desk

June 03, 2020, 5:00 am

പുതിയ അധ്യയനരീതി കുറ്റമറ്റതാക്കണം

Janayugom Online

രോഗാതുരമായ സാമൂഹിക പശ്ചാത്തലം  അധ്യയനം ക്ലാസ് മുറികളില്‍ നിന്ന് വീടുകളിലേക്ക് ചുരുക്കാൻ നിർബന്ധിതമാക്കി. ആധുനിക കാലത്തിന്റെ സവിശേഷതകളും സാങ്കേതികതയും ഉപയോഗപ്പെടുത്തി ഓൺലൈൻ വഴി പുതിയൊരു പഠനരീതിയിലേക്ക് ലോകം വഴുതിമാറിയത് താൽക്കാലികം മാത്രമായിരിക്കില്ല. കൊറോണ വൈറസിന്റെ വ്യാപനം ശമിച്ചാൽ സ്കൂളുകൾ പഴയരീതിയിലേക്ക് എത്രത്തോളം വരും? സംസ്ഥാന വിദ്യാഭ്യാസ വകുപ്പും ഈ മേഖലയിലെ വിദഗ്ധരും ദീർഘമായി നടത്തിയ പരീക്ഷണ നിരീക്ഷണങ്ങൾക്കൊടുവിലാണ് അധ്യയനവർഷം ഓൺലൈനിലൂടെ ആരംഭിച്ചത്. ജൂൺ എട്ടുവരെ പരീക്ഷണാടിസ്ഥാനത്തിലാണ് അധ്യയനം. ശേഷം ഔപചാരികമായിമാറും. നൂറുകണക്കിന് അധ്യാപകരെ ഉൾപ്പെടുത്തിയാണ് അധ്യയന പരിപാടി വീഡിയോയിൽ പകർത്തിയത്. ഇതിൽനിന്ന് ഭാഷാപ്രയോഗം, അവതരണ രീതി എന്നിവ പരിശോധിച്ച് കുട്ടികൾക്ക് ഇണങ്ങും വിധം ക്ലാസെടുക്കുന്ന അധ്യാപകരെ കണ്ടെത്തുകയായിരുന്നു. അധ്യാപകൻ കൂടിയായ വിദ്യാഭ്യാസ മന്ത്രിയടക്കം പ്രഗത്ഭരുടെ പാനലാണ് ഇവരെ നിർണയിക്കുന്നതിനും മറ്റും പ്രവർത്തിച്ചത്. നിലവിലെ രീതിയിൽ തെല്ലും മാറ്റം വരുത്താതെ, എന്നാൽ അത് പതിവ് ക്ലാസ് മുറിക്കപ്പുറം പുറംലോകവും വീക്ഷിക്കും എന്ന വസ്തുത മനസിലാക്കിയുമാണ് ഓൺലൈൻ പഠന വീഡിയോകൾ തയ്യാറാക്കി വരുന്നത്.

പഠനവസ്തുവിനോടും പഠനക്രിയകളോടും കുട്ടികളെ പ്രതിപ്രവർത്തിപ്പിച്ച് അവരിൽ പെരുമാറ്റ പരിവർത്തനങ്ങൾ വരുത്തുന്ന പുതിയ കാഴ്ചപ്പാട് കേരളം പ്രാവർത്തികമാക്കിത്തുടങ്ങിയത് ഡിപിഇപി പദ്ധതിയിലൂടെയാണ്. ഇത് വീഡിയോ രൂപത്തിലൂടെ മാറ്റി വിദ്യാർത്ഥികളിലേക്ക് എത്തുന്നതിനൊപ്പം പൊതുസമൂഹത്തിനും നിരീക്ഷിക്കാനാവുന്നു എന്നതാണ് ഇപ്പോഴത്തെ പ്രത്യേകത. പഠന‑ബോധന പ്രക്രിയയിൽ അധ്യാപകരുടെ നേരിട്ടുള്ള പങ്കാളിത്തം ഉണ്ടാകില്ലെന്നത് ഉൾപ്പെടെ നിരവധി പോരായ്മകൾ തുറന്നു സമ്മതിച്ചുകൊണ്ടുതന്നെയാണ് സർക്കാർ സംവിധാനങ്ങൾ സേവനങ്ങള്‍ തുടരുന്നത്. എല്ലാ കുട്ടികൾക്കും ഓൺലൈന്‍ വീഡിയോ ക്ലാസുകൾ ഉറപ്പാക്കുന്നതിനും ആവശ്യമെങ്കില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ സഹായം തേടുന്നതിനുമുള്ള ഉത്തരവാദിത്തം ഓരോ സ്കൂളിനും അവിടങ്ങളിലെ അധ്യാപകർക്കും നൽകിയിരിക്കുകയാണ്. ഓരോ ക്ലാസിലെയും കുട്ടികൾക്കായി ക്ലാസ് അധ്യാപരും വിഷയ അധ്യാപകരും അഡ്മിന്‍മാരായും പ്രത്യേകം വാട്സാപ് ഗ്രൂപ്പുകളുണ്ട്. കുട്ടികള്‍ക്ക് പുറമെ, രക്ഷിതാക്കളും മറ്റധ്യാപകരും അംഗങ്ങളാണ്. വീഡിയോ ക്ലാസിന് ശേഷം അതത് വിഷയത്തിൽ ആ ദിവസത്തെ ക്ലാസിനെ അടിസ്ഥാനപ്പെടുത്തിയുള്ള സംശയനിവാരണവും സംവാദവുമാണ് വാട്സ്ആപ്പിൽ നടക്കുന്നത്.

വാട്സ്ആപ്പ് സംവിധാനം ലഭ്യമല്ലാത്ത കുട്ടികൾക്ക് പിടിഎ, എസ്എംസി, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ എന്നിവയുടെ സഹായത്തോടെ സാമൂഹിക അകലം പാലിച്ച് സ്കൂളിലോ സമീപത്തെ വായനശാലകളിലോ അങ്കണവാടികളിലോ തുടർ പഠനം നടത്തുന്നതിനും സൗകര്യം ഉണ്ട്. ഏകപക്ഷീയമായ അറിവ് പകർന്നുനൽകലാവരുത് ഓൺലൈൻ പഠനം എന്നതുകൊണ്ടാണ് ഇത്തരം സൗകര്യങ്ങൾ തയ്യാറാക്കുന്നത്. കേരളത്തിലെ ഒരു വിഭാഗം വിദ്യാർത്ഥികൾക്കും വീഡിയോ ക്ലാസിന് ശേഷമുള്ള മൊബൈൽ ഫോൺവഴിയുള്ള തുടർ പഠനത്തിനുള്ള സൗകര്യം പരിമിതമാണ്. രക്ഷിതാക്കളുടെയോ സഹോദരങ്ങളുടെയോ ഫോണുകളെയാണ് കുട്ടികൾ ആശ്രയിക്കുന്നതെങ്കിൽ അതുണ്ടാക്കിയേക്കാവുന്ന പ്രശ്നങ്ങൾ കുട്ടികളുടെ മനോനിലയെ സാരമായി ബാധിക്കും. നിശ്ചിതസമയം മുഴുവനും ഓൺലൈൻ ക്ലാസുകളിൽ തുടരാൻ എല്ലാ കുട്ടികൾക്കും സാധിക്കണമെങ്കിൽ സർക്കാർ അക്കാര്യം പരിശോധിച്ച് ഉറപ്പ് വരുത്തണം. ടെലിവിഷനില്ലാത്തവര്‍ക്ക് അത് വാങ്ങുന്നതിന് 70 ശതമാനം സബ്സിഡി നൽകാൻ കെഎസ്എഫ്ഇ സന്നദ്ധമായിട്ടുണ്ട്. എസ്എസ്എ നടത്തിയ സര്‍വെ പ്രകാരം ആൻഡ്രോയ്ഡ് മൊബൈൽ വാങ്ങിനൽകാനും സർക്കാർ പദ്ധതിയിട്ടിരിക്കുന്നു. പുതിയ പഠനോപകരണങ്ങളുടെ അഭാവവും ഇന്റർനെറ്റ്, കേബിൾ ശൃംഖല തകരാറുകളുമെല്ലാം കുട്ടികളിൽ മാനസിക പ്രയാസങ്ങൾ സൃഷ്ടിച്ചേക്കാവുന്നതിനാൽ ഗൗരവമായി കാണണം. ഇന്റർനെറ്റ് മൗലിക അവകാശമായി പ്രഖ്യാപിച്ച ഗവൺമെന്റ്, കെ ഫോൺ പദ്ധതി അതിവേഗത്തിൽ പ്രാവർത്തികമാക്കണം.

സാധാരണ അധ്യയനവർഷത്തിന്റെ ആദ്യദിനം പാഠ്യഭാഗത്തിലേക്ക് പ്രവേശിക്കാതെ ക്ലാസും ഡിവിഷനും തിരിച്ച് രജിസ്റ്റർ നടപടികൾ പൂർത്തിയാക്കി ഉച്ചയോടെ തന്നെ വീടുകളിലേക്ക് മടങ്ങിയിരുന്നവരാണ് നമ്മുടെ കുട്ടികൾ. ഈ അധ്യയന വർഷത്തിന്റെ ആദ്യദിവസം മലപ്പുറം വളാഞ്ചേരിയിലെ ദേവിക എന്ന പത്താംക്ലാസുകാരിയുടെ ആത്മാഹൂതി അമ്പരപ്പിക്കുന്നതായി. ചുമതല നിറവേറ്റുന്നതിന്റെ ഭാഗമായെത്തിയ അധ്യാപിക അവളുടെ വീട്ടിലെ പോരായ്മകൾ മനസിലാക്കി, വേണ്ട സൗകര്യങ്ങൾ ഏർപ്പെടുത്താൻ ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിന് ടീച്ചർ നിർദ്ദേശം നൽകുകയും ചെയ്തത് ദേവികയുടെ മുന്നില്‍ വച്ചാണ്. പിന്നീടാണ് മരണം. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും അവ രാഷ്ട്രീയമുതലെടുപ്പിനുള്ള ആയുധമാക്കി മാറ്റാതിരിക്കാനും സർക്കാരും സമൂഹവും ജാഗ്രത പുലർത്തണം. പുതിയ കാലത്തിന് അനുരോധമായി ജീവിക്കുക എന്നത് തന്നെയാണ് വെല്ലുവിളി.