October 7, 2022 Friday

ആള്‍ക്കൂട്ട നീതിയെന്ന സംസ്കാരിക വെെകൃതവും പാല്‍ഗര്‍ അക്രമവും

Janayugom Webdesk
April 28, 2020 5:00 am

ഉത്തര മഹാരാഷ്ട്രയിലെ പാല്‍ഗര്‍ ഗ്രാമത്തില്‍ ഏപ്രില്‍ 16നു ആള്‍ക്കൂട്ട അക്രമത്തില്‍ മൂന്നുപേര്‍ കൊല ചെയ്യപ്പെട്ട ദാരുണ സംഭവത്തിന് വര്‍ഗീയനിറം പകരാനും സംസ്ഥാനത്തെ ശിവസേന‑എൻസിപി ‑കോണ്‍ഗ്രസ് ഗവണ്മെന്റിനെ അട്ടിമറിക്കാനുമുള്ള ആയുധമാക്കി മാറ്റാനും ശ്രമം ശക്തമാകുന്നു. പാല്‍ഗര്‍ സംഭവത്തില്‍ സംസ്ഥാന സര്‍ക്കാരിനെ പ്രതിക്കൂട്ടില്‍ നിര്‍ത്താനും അത് ക്രമസമാധാന തകര്‍ച്ചയാണെന്ന് വരുത്തിതീര്‍ക്കാനും ആര്‍എസ്എസ് സര്‍സംഘ്ചാലക് മോഹന്‍ ഭാഗവത് തന്നെ ഞായറാഴ്ച രംഗത്തുവരികയുണ്ടായി.

ദൗര്‍ഭാഗ്യകരമായ സംഭവത്തെ തുടര്‍ന്ന് അതിന് വര്‍ഗീയ പരിവേഷം നല്‍കാന്‍ തീവ്ര ഹിന്ദുത്വ വൃത്തങ്ങള്‍ വിശ്രമരഹിതമായി പ്രവര്‍ത്തിച്ചുവരികയാണ്. തീവ്രഹിന്ദുത്വ വിദ്വേഷ പ്രചാരണത്തിന്റെ കുന്തമുനകളായി പ്രവര്‍ത്തിക്കുന്ന സാമൂഹ്യമാധ്യമ പോരാളികള്‍ പാല്‍ഗര്‍ ആള്‍ക്കൂട്ടക്കൊലയ്ക്ക് പിന്നില്‍ മുസ്‌ലിങ്ങളും കൃസ്ത്യാനികളുമാണെന്ന ആരോപണവുമായി രംഗത്തു വന്നിരുന്നു. എന്നാല്‍ അക്രമം അരങ്ങേറിയതിനു തൊട്ടടുത്ത ദിവസം, ഏപ്രില്‍ 17നു തന്നെ, മഹാരാഷ്ട്ര പൊലീസ് സംഭവത്തില്‍ ഉള്‍പ്പെട്ട ഒമ്പത് കുട്ടികളടക്കം 110 പേരെ അറസ്റ്റ് ചെയ്തു. മുതിര്‍ന്നവരെ റിമാന്റ് ചെയ്യുകയും കുട്ടികളെ ജുവനെെല്‍ ഹോമിലേക്ക് അയയ്ക്കുകയും ചെയ്തു.

അറസറ്റ് ചെയ്യപ്പെട്ടവരില്‍ ഒരാള്‍പോലും ഹിന്ദുത്വ പ്രചാരണംപോലെ മുസ്‌ലിം, കൃസ്ത്യന്‍ ന്യൂനപക്ഷത്തില്‍ ഉള്‍പ്പെട്ടവരായിരുന്നില്ല. മോഡി-ഹിന്ദുത്വ സ്തുതിപാഠക മാധ്യമങ്ങളില്‍ പ്രമുഖമായ റിപ്പബ്ലിക് ചാനല്‍ എഡിറ്റര്‍ ഒരുപടി കടന്ന് പാല്‍ഗര്‍ സംഭവം സോണിയഗാന്ധി ആസൂത്രണം ചെയ്തതാണെന്ന് പ്രചരിപ്പിക്കാനും മടിച്ചില്ല. ന്യൂനപക്ഷ വിദ്വേഷത്തിന്റെയും പീഠന നടപടികളുടെയും പേരില്‍ ലോകരാഷ്ട്രങ്ങള്‍ പ്രതിക്കൂട്ടിലാക്കിയ ഹിന്ദുത്വ ശക്തികളും മോഡി ഭരണകൂടവും പാല്‍ഗര്‍ സംഭവത്തിന് രക്തസാക്ഷിത്വ പരിവേഷം പകര്‍ന്നുനല്‍കാനാണ് ശ്രമിക്കുന്നത്. പാല്‍ഗറിലെ ആള്‍ക്കൂട്ട കുരുതിക്ക് ആരെങ്കിലും ഉത്തരവാദികളാണെങ്കില്‍ പ്രഥമസ്ഥാനത്ത് വരിക തീവ്ര ഹിന്ദുത്വശക്തികളും അവര്‍ക്ക് എക്കാലത്തും ഒത്താശ നല്‍കിപ്പോന്ന മോഡി സര്‍ക്കാരും ബിജെപിയും തന്നെയാണ്.

ഗോരക്ഷയുടെ പേരില്‍ ആള്‍ക്കൂട്ടനീതി രാജ്യത്തിന്റെ സാംസ്കാരിക വെെകൃതമായി വളര്‍ത്തിയെടുത്തതിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും അ­വര്‍‌ക്ക് ഒഴിഞ്ഞുമാറാന്‍‍ ആവില്ല. അത്തരം കിരാത നടപടികള്‍ക്ക് മുസ്‌ലിം മത ന്യൂനപക്ഷങ്ങളും ദളിത് ആദിവാസി വിഭാഗങ്ങളുമായിരുന്നു എപ്പോഴും ഇരകള്‍. ആ കുറ്റവാളികള്‍ക്ക് നിയമത്തിന്റെ പ­രിരക്ഷ ലഭിക്കുന്നത് പതിവ് കാഴ്ചയായിരുന്നിട്ടുമുണ്ട്. അത്തരം വര്‍ഗീയ അതിക്രമങ്ങ­ള്‍ക്കു മുന്നില്‍ നീതിപീഠങ്ങള്‍ പോലും നോക്കുകുത്തികളാവുന്നതിനും രാജ്യം സാക്ഷ്യം വഹിക്കുകയുണ്ടായി. പാല്‍ഗറില്‍ ആള്‍ക്കൂട്ടക്കുരുതിക്ക് ഇരയായവരില്‍ രണ്ടുപേര്‍ വാരണാസിയിലെ ഒരു ഹിന്ദു സന്യാസ സ്ഥാപനവുമായി ബന്ധപ്പെട്ട മഹാരാഷ്ട്രയില്‍ നിന്നുള്ള നാടോടി വിഭാഗത്തിലെ‍ അംഗങ്ങളാണ്. മൂന്നാമത്തെയാള്‍ അവര്‍ സഞ്ചരിച്ചിരുന്ന കാര്‍ ഡ്രെെവറായിരുന്നു. പല വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും പതിവുള്ളതുപോലെ പാല്‍ഗറിലെ ആദിവാസി സമൂഹം തങ്ങളുടെ ഗ്രാമത്തിലൂടെ കടന്നുപോയ യാത്രികര്‍ മോഷ്ടാക്കളെന്നോ, കുട്ടികളെ തട്ടിക്കൊണ്ടുപോകുന്നവരെന്നോ തെറ്റിദ്ധരിച്ചാണ് ആക്രമിച്ചത്. സംഭവം അപലപനീയവും അതിദാരുണവും തന്നെയെന്ന കാര്യത്തില്‍ സംശയമില്ല.

എന്നാല്‍ പല വടക്കേ ഇന്ത്യന്‍ സംസ്ഥാനങ്ങളിലും സമാനമായ രീതിയില്‍ അക്രമങ്ങളും ആള്‍ക്കൂട്ട കൊലപാതകങ്ങളും നടക്കുന്നുവെന്നത് പുതുമയുള്ള കാര്യമല്ല. അത്തരം സംഭവങ്ങളടക്കം ആള്‍ക്കൂട്ടനീതിയെന്ന തികച്ചും അപലപനീയവും സംസ്കാരശൂന്യവുമായ നടപടികള്‍ക്ക് അറുതിവരുത്താന്‍ ഭരണകൂടങ്ങള്‍, വിശിഷ്യ ബിജെപി നേതൃത്വം നല്‍കുന്ന ഭരണകൂടങ്ങള്‍ എന്തു നടപടിയാണ് നാളിതുവരെ സ്വീകരിച്ചിട്ടുള്ളതെന്ന ചോദ്യം അനവസരത്തില്‍ ആവില്ല. ആള്‍ക്കൂട്ട കൊലപാതകങ്ങള്‍ ഒരു കാരണവശാലും തുടരാന്‍ അനുവദിച്ചുകൂട. പാല്‍ഗര്‍ അടക്കം രാജ്യത്ത് നടന്നിട്ടുള്ള അത്തരം ദാരുണ സംഭവങ്ങള്‍ക്ക് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും മാതൃകാപരമായി ശിക്ഷിക്കാനും ബന്ധപ്പെട്ട ഭരണകൂടങ്ങള്‍ വീഴ്ച വരുത്തിക്കൂട. പാല്‍ഗര്‍ സംഭവത്തില്‍ കൊല ചെയ്യപ്പെട്ടവര്‍ ഹെെന്ദവ സന്യാസിമാരാണെന്നത് സമാന സംഭവങ്ങളില്‍ കൊല ചെയ്യപ്പെട്ടവര്‍ക്ക് നീതി നിഷേധിക്കപ്പെട്ടതിന് ന്യായീകരണം ആയിക്കൂട.

ഇവിടെയാകട്ടെ ആള്‍ക്കൂട്ട കൊലപാതക കുറ്റം ആരോപിക്കപ്പെട്ടിരിക്കുന്നത് സംഘപരിവാര്‍ ഹിന്ദുക്കളെന്ന് അവകാശപ്പെടുന്ന ആദിവാസി ജനവിഭാഗങ്ങളാണെന്നതും ശ്രദ്ധേയമാണ്. മനുഷ്യജീവന് ജാതിക്കും മതത്തിനും സാമൂഹ്യസ്ഥാനമാനങ്ങള്‍ക്കും ഉപരി വില കല്പിക്കാന്‍ കഴിയുന്നില്ലെങ്കില്‍ നിയമവാഴ്ച എന്ന സങ്കല്പം അര്‍ത്ഥശൂന്യമാവും. രാജ്യത്തെമ്പാടും ആദരിക്കപ്പെടുന്ന സ്വാമി അഗ്നിവേശിനെ രണ്ടുതവണ ആക്രമിച്ച സംഘപരിവാര്‍ ഗുണ്ടാസംഘങ്ങള്‍ സ്വര്യമായി വിഹരിക്കുന്ന രാജ്യത്താണ് നാം ജീവിക്കുന്നതെന്നതും പാല്‍ഗര്‍ സംഭവത്തില്‍ വിലപിക്കുന്നവര്‍ വിസ്മരിച്ചുകൂട.

ENGLISH SUMMARY: janayugam edi­to­r­i­al about pal­garh mob attack

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.