Web Desk

July 13, 2020, 5:00 am

എന്തിനാണീ സമരാഭാസം

Janayugom Online

ജന്മിത്വത്തിനും അടിമത്തത്തിനും നാടുവാഴിഭരണകൂട ഭീകരതയ്ക്കും പൊലീസ് വാഴ്ചയ്ക്കുമെതിരെയെല്ലാം നടന്ന എണ്ണമറ്റ സമരപോരാട്ടങ്ങളാൽ വളർന്നുവന്നതാണ് രാഷ്ട്രീയ കേരളം. ശേഷവും ഒട്ടേറെ സമരങ്ങൾക്ക് ഈ നാട് സാക്ഷ്യം വഹിച്ചിട്ടുണ്ട്. രാഷ്ട്രീയമുന്നണികളെ മാറിമാറി പരീക്ഷിക്കുന്ന ഇവിടെ ജനകീയ സമരങ്ങൾക്ക് ക്ഷാമമുണ്ടായില്ലെന്നതും ശ്രദ്ധേയമാണ്. സമരവും സമ്മേളനവും ശക്തികാണിക്കുന്നതിനുള്ള ഉപാധിയായി ശീലിച്ച പശ്ചാത്തലമാണ് നമ്മുടേത്. കോവിഡ് എന്ന മഹാമാരി ലോകജനതയെ കൊന്നൊടുക്കാൻ തുടങ്ങിയപ്പോൾ നമ്മുടെ കേരളവും സമരകാര്യത്തിൽ വേറിട്ട രീതികള്‍ പ്രയോഗിക്കാനും പരീക്ഷിക്കാനും താല്പര്യം കാണിച്ചു. ഒരുവേള അതൊരു മാതൃകയായി.

സമ്മേളനങ്ങളും സെമിനാറുകളും വെബ് ലോകത്തേയ്ക്ക് വഴിമാറി. കേന്ദ്രസർക്കാർ പുറപ്പെടുവിച്ച കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് സംസ്ഥാനത്ത് ലോക്ഡൗണും വൈറസ് പ്രതിരോധ പ്രവർത്തനങ്ങളും ഫലപ്രദമാക്കാൻ ഇടതുപക്ഷ സർക്കാരിനൊപ്പം ജനങ്ങളൊന്നാകെ കൈകോർത്തു. ലോകം വിളിച്ചുപറഞ്ഞു, ഇതാണ് മാതൃകയെന്ന്. രാജ്യത്ത് കൊറോണ വൈറസ് ബാധ ഏറ്റവുമധികം ദുരിതമുണ്ടാക്കിയ മഹാരാഷ്ട്രയുടെ അഭ്യര്‍ത്ഥന മാനിച്ച് കേരളത്തിന്റെ ആരോഗ്യസേന അവിടേക്കെത്തിയതും ധാരാവി പോലുള്ള ചേരിപ്രദേശം ഇന്ന് രോഗമുക്തമായി മാറിയതും ലോകം വാഴ്‌ത്തി. ഈവിധം മറുനാടും സംസ്ഥാനത്തെ ജനവിഭാഗങ്ങളും ഇടതുപക്ഷ സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്നതും മന്ത്രിസഭയ്ക്ക് നൂറിൽ നൂറ് മാർക്ക് നൽകുന്നതും പ്രതിയോഗരാഷ്ട്രീയ സംവിധാനമെന്ന നിലയിൽ യുഡിഎഫിനെയും ബിജെപിയെയും തെല്ലൊന്നുമല്ല ചൊടിപ്പിച്ചത്.

അധികാരത്തിലേക്കുള്ള മാർഗം അടയുമെന്നത് അവരുടെ മനസിനെ ബാധിച്ച കാന്‍സറായി. കോവിഡ് വ്യാപനം നേരത്തേതിൽ നിന്ന് ഭീതിദമായി മാറിയ ഈ ഘട്ടത്തിൽ സർക്കാരിന്റെ പ്രവർത്തനങ്ങൾക്കെതിരെ യുഡിഎഫും ബിജെപിയും തെരുവിലിറങ്ങുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് രജിസ്ട്രേഷനില്ലാതെ അതിർത്തി കടന്നുവരുന്നവരെ തടയരുതെന്നാവശ്യപ്പെട്ടായിരുന്നു ആദ്യ സമരം. പിന്നാലെ, സംസ്ഥാനത്തെ വിവിധ കേന്ദ്രങ്ങളിൽ താമസിച്ച് ജോലിചെയ്തിരുന്ന അതിഥിത്തൊഴിലാളികള്‍ക്കിടയിൽ തെറ്റായ സന്ദേശം കൈമാറി അവരെ സർക്കാരിനെതിരെ തിരിച്ചുവിട്ടു. ഇന്ത്യൻ സർക്കാർ ‘വന്ദേഭാരത്’ എന്ന് പേരിട്ട പ്രവാസികളെ നാട്ടിലെത്തിക്കൽ പദ്ധതിക്കുപുറമെ, സ്വകാര്യ സംഘടനകളുടെയും കമ്പനികളുടെയും പേരിലുള്ള ചാർട്ടേര്‍ഡ് വിമാനങ്ങളിലൂടെയും ആളുകളെ ഇവിടേയ്ക്ക് എത്തിക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു അടുത്ത സമരം. സർക്കാർ ഏർപ്പെടുത്തിയ ക്വാറന്റൈൻ കേന്ദ്രങ്ങളിൽ സൗകര്യങ്ങളില്ലെന്ന നുണപ്രചരിപ്പിച്ചും സമരം ചെയ്തു. എല്ലാം സാമൂഹിക അകലം പാലിക്കാതെയും മാസ്കുൾപ്പെടെ സുരക്ഷാസംവിധാനങ്ങളില്ലാതെയും തീർത്തും അശ്രദ്ധയോടെയുള്ള സമരാഭാസങ്ങളായിരുന്നു.

ലീഗ് സംഘടന ചാർട്ട് ചെയ്ത വിമാനങ്ങളിൽ നിന്നിറങ്ങിയവരില്‍ സ്വർണം ഗുഹ്യഭാഗങ്ങളിൽ ഒളിപ്പിച്ചുവച്ച പ്രവർത്തകർ പോലും ഉണ്ടായിരുന്നുവെന്നതും ചാർട്ടേർഡ് വിമാനങ്ങളിൽ പോരാൻ ആളെക്കിട്ടാത്ത അവസ്ഥവരെയെത്തിയതും ആ സമരാവേശത്തെ തണുപ്പിച്ചു. തിരുവനന്തപുരത്ത് രണ്ട് രാജ്യങ്ങൾ തമ്മിലുള്ള നയതന്ത്ര ഇടനാഴി വഴി കടത്തിക്കൊണ്ടുവന്ന 30 കിലോ സ്വർണം പിടികൂടിയതും അതിൽ പങ്കുണ്ടെന്ന് സംശയിക്കുന്നവരുമായി വ്യക്തിബന്ധം സൂക്ഷിക്കുന്ന ഐഎഎസുകാരൻ കേരള മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയും ഐടി വകുപ്പ് സെക്രട്ടറിയും ആയിരുന്നുവെന്നതും ആണ് നിലവിട്ടുള്ള സമരങ്ങളിലേക്ക് നയിച്ചത്. സംശയമുനയിൽ നിൽക്കുന്ന ഉദ്യോഗസ്ഥൻ സർക്കാരിന്റെ ബാധ്യതയാകുമെന്ന ധാർമ്മികതയിലൂന്നി അയാളെ ആ സ്ഥാനങ്ങളിൽ നിന്ന് മാറ്റിനിര്‍ത്തിയെങ്കിലും കോൺഗ്രസും മുസ്‌ലിം ലീഗും ബിജെപിയെയും എസ്ഡിപിഐയെയും കൂട്ടുപിടിച്ച് സമരം വ്യാപിപ്പിക്കുവാനാണ് ശ്രമിച്ചത്. ആരാണ് സ്വർണം കൊടുത്തുവിട്ടതെന്നോ ആർക്കുവേണ്ടി ആയിരുന്നുവെന്നോ എന്നത് സമരത്തിന്റെ മുദ്രാവാക്യമായില്ല. നയതന്ത്ര ബാഗുവഴിയല്ല സ്വര്‍ണം കൊണ്ടുവന്നത് എന്ന് ആധികാരികത വിടാതെ വാദിച്ച കേന്ദ്ര വിദേശകാര്യ സഹമന്ത്രിക്കെതിരെയോ കേസിൽ പിടിയിലായ ഒന്നാം പ്രതി ആദ്യം ഫോണിൽ ബന്ധപ്പെട്ട ബിഎംഎസ് നേതാവിനെതിരെയോ അന്വേഷണം ആവശ്യപ്പെടുന്ന പ്രസ്താവനപോലും യുഡിഎഫ് നേതാക്കളിൽ നിന്നുണ്ടായില്ല. കേന്ദ്രമന്ത്രി പറഞ്ഞതല്ല ശരിയെന്ന് എൻഐഎ പറഞ്ഞു.

ബിഎംഎസ് നേതാവിന് പങ്കില്ലെന്ന് പറഞ്ഞ് കേസിൽ നിന്ന് ഒഴിവാക്കി വിട്ടു. ഇതൊന്നും യുഡിഎഫിന് ചർച്ചപോലുമല്ല. ലീഗ് നേതാവിന്റെ ബന്ധുവിനെയാണ് ആദ്യം കസ്റ്റംസ് ചോദ്യം ചെയ്തത്. ഇപ്പോൾ ലീഗിന്റെ ദേശീയ നേതാവിന്റെ സഹോദരി പുത്രനെ അറസ്റ്റുചെയ്തിട്ടും കോൺഗ്രസ് സമരം സംസ്ഥാന മുഖ്യമന്ത്രിക്കെതിരെയാണെന്നത് വിചിത്രമാണ്. ‘ഇനിയൊരു പ്രളയം വരും പിറകെ വരൾച്ചയും സാമ്പത്തിക പ്രതിസന്ധിയും അതോടെ എല്ലാം തകരും’ എന്ന് ഒരുചാനൽ സര്‍വെയുടെ ഫലം സംബന്ധിച്ച ചർച്ചയിൽ പറഞ്ഞ കോൺഗ്രസ് നേതാവിന്റെ മനം സ്വർണകടത്ത് കേസിന്റെ പശ്ചാത്തലത്തിൽ തുടരുന്ന സമരങ്ങളിലും കാണുകയാണ്. തിരുവനന്തപുരം പൂന്തുറ നിവാസികളെ തെറ്റിദ്ധരിപ്പിച്ച് തെരുവിലിറക്കിയതിന് പിന്നിൽ കോണ്‍ഗ്രസ് നേതാക്കളുടെ കുത്സിതബുദ്ധിയാണ്. ബംഗളുരുവിൽ നിന്ന് പിടികൂടിയ സന്ദീപ് നായരെയും സ്വപ്ന സുരേഷിനെയും കൊണ്ടുവന്ന വാഹനവ്യൂഹത്തിന്, വാളയാർ മുതൽ കൊച്ചിയിലെ എൻഐഎ ഓഫീസ് വരെ കോണ്‍ഗ്രസും ബിജെപിയും നടത്തിയ അകമ്പടിസമരം രാഷ്ട്രീയകേരളത്തിന് അപമാനമുണ്ടാക്കിയ ആഭാസ സമരമാണെന്ന് പറയാതെ വയ്യ. ഇതെല്ലാം യാഥാർത്ഥ്യങ്ങൾക്കുനേരെ കണ്ണടച്ച് അധികാരക്കസേരയിലേക്കുമാത്രം നോട്ടമെറിഞ്ഞുള്ള മനോവൈകല്യങ്ങൾ മാത്രമാണ്. ജനങ്ങൾ തന്നെ ഇതിനെല്ലാം മറുപടി നല്‍കും.