September 29, 2022 Thursday

സ്വയം പര്യാപ്തതയ്ക്കുള്ള സമഗ്ര കാർഷിക പദ്ധതി

Janayugom Webdesk
May 1, 2020 5:00 am

കോവിഡ് മഹാമാരിയെ തുടർന്ന് ലോക്ഡൗണിലേക്ക് പോകേണ്ടിവന്ന കേരളത്തിന്റെ ഏറ്റവും വലിയ പ്രതിസന്ധികളിലൊന്ന് ഉപഭോക്തൃ സംസ്ഥാനമാണ് നമ്മുടേത് എന്നതായിരുന്നു. അവശ്യ വസ്തുക്കൾക്കെല്ലാം ഇതര സംസ്ഥാനങ്ങളെ ആശ്രയിക്കേണ്ട സാഹചര്യം വളരെക്കാലമായി നാം നേരിടുന്നതാണ്. അതുകൊണ്ടുതന്നെ എല്ലാവരുടെയും ഏറ്റവും വലിയ ആശങ്ക രാജ്യമാകെ അടച്ചുപൂട്ടലിലേക്ക് പോകുമ്പോൾ നമ്മുടെ ഭക്ഷ്യ സാഹചര്യങ്ങളെ എങ്ങനെ നേരിടുമെന്നതു തന്നെയായിരുന്നു. സംസ്ഥാന സർക്കാരിന്റെ ദീർഘ വീക്ഷണവും ആസൂത്രിതവുമായ ഭരണ നടപടികളിലൂടെ നമുക്ക് ലോക്ഡൗൺ കാലത്തെ അതിജീവിക്കാനാകുമെന്ന പ്രതീക്ഷയുണ്ട്. ഫെബ്രുവരിയിൽ കോവിഡിന്റെ ഭീതിയും അതേ തുടർന്നുള്ള ലോക്ഡൗണും മുന്നിൽ കണ്ട സംസ്ഥാന സർക്കാർ ഭക്ഷ്യ വകുപ്പിന്റെ നേതൃത്വത്തിൽ അടുത്ത കുറേ മാസത്തേക്കുള്ള ഭക്ഷ്യ വസ്തുക്കൾ സംഭരിക്കുകയും ജനങ്ങൾക്കെത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തു. എങ്കിലും ഇപ്പോഴത്തെ സാഹചര്യത്തിൽ ഭാവിയിലേക്കുള്ള കരുതൽ അനിവാര്യമാണെന്ന വസ്തുത നമുക്ക് മുന്നിൽ തല ഉയർത്തിനിൽപ്പുണ്ട്. അതിന് ഭക്ഷ്യ സ്വയംപര്യാപ്തത തന്നെയാണ് പോംവഴിയായിട്ടുള്ളതെന്നത് നിസ്തർക്കമാണ്.

കേരളത്തിന്റെ പൂർവ്വകാല ചരിത്രം കാർഷിക സംസ്കൃതിയുടേതായിരുന്നു. എന്നാൽ പിന്നീട് വികസന കാഴ്ചപ്പാടിലുണ്ടായ മാറ്റത്തെ തുടർന്ന് നമ്മുടെ കാർഷിക ഭൂപടത്തിൽ മാറ്റങ്ങളുണ്ടായി. ഭക്ഷ്യ വിളകൾക്കു പകരം നാണ്യവിളകൾ കൃഷിയിടങ്ങളിൽ വ്യാപകമായി. സംസ്ഥാനത്തിന്റെ മാത്രമല്ല രാജ്യത്തിന്റെ തന്നെ ഖജനാവിന് വലിയ വരുമാനം നൽകുന്ന ഒന്നായി അത് മാറുകയും ചെയ്തു. പിന്നീട് ആഗോള തലത്തിലുണ്ടായ കരാറുകളുടെയും നമ്മുടെ രാജ്യം പിന്തുടർന്നുപോന്ന തെറ്റായ സാമ്പത്തിക നയങ്ങളുടെയും ഫലമായി നാണ്യ വിളകളുടെ കാര്യത്തിലും പ്രതിസന്ധി സംജാതമായി. അപ്പോഴും അയൽ സംസ്ഥാനങ്ങളിലെ പാടങ്ങളെ ആശ്രയിക്കാമെന്ന സ്ഥിതി നമ്മുടെ ഭക്ഷ്യ സാധ്യതകളെ മുന്നോട്ടുനയിച്ചു. എന്നാൽ കോവിഡ് പ്രതിസന്ധി പുതിയ അതിജീവന മാർഗ്ഗങ്ങൾ തേടേണ്ട ഉത്തരവാദിത്തം നമുക്ക് മുന്നിൽ ഉയർത്തിയിരിക്കുകയാണ്. ഇതോടൊപ്പം തന്നെയാണ് സംസ്ഥാനത്തേക്ക് തിരിച്ചുവരാനിടയുള്ള വലിയൊരു വിഭാഗം പ്രവാസികളുടെ അതിജീവനവും നിലനിൽപും.

തൊഴിൽ നഷ്ടപ്പെട്ടും അല്ലാതെയും തിരിച്ചുവരുന്നതിന് രജിസ്റ്റർ ചെയ്ത പ്രവാസികളുടെ എണ്ണം മൂന്നര ലക്ഷത്തിലധികമാണ്. ഭാവിയിൽ പ്രതിസന്ധി മറികടക്കാനായാലും ഇവരിൽ കുറേ പേർക്ക് തിരിച്ചുപോകാനാവില്ലെന്ന ഭീഷണിയും മുന്നിലുണ്ട്. അവരെക്കൂടി സമൂഹത്തോട് ചേർത്തു നിർത്തുന്നതിനുള്ള പദ്ധതികളും നമുക്ക് ആവശ്യമുണ്ട്. ഇത്തരം സങ്കീർണ്ണമായ സാഹചര്യങ്ങളെ നേരിടുന്നതിനുള്ള വലിയ ഉത്തരവാദിത്തം പ്രതിജ്ഞാബദ്ധമായൊരു സർക്കാർ ഏറ്റെടുക്കുന്നുവെന്നാണ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രിയുടെയും കൃഷി മന്ത്രിയുടെയും വാക്കുകളിൽ നിന്ന് മനസിലാകുന്നത്. തരിശ് കിടക്കുന്ന ഭൂമിയിൽ പൂർണമായി കൃഷിയിറക്കുന്നതിനും അതിലൂടെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമുള്ള കൃഷിവകുപ്പിന്റെ ബൃഹദ് പദ്ധതിയാണ് ഈ മാസം മുതൽ ആരംഭിക്കുന്നത്. കാർഷിക മേഖലയെ കേരളത്തിന്റെ മുഖ്യ വരുമാനമാർഗ്ഗം മാത്രമല്ല ഭക്ഷ്യ സ്വയംപര്യാപ്തതയ്ക്കുള്ള ഉപാധി കൂടിയായി മാറ്റുകയാണ് സർക്കാർ ലക്ഷ്യമിടുന്നത്. കേരളത്തിന് ആർജ്ജിക്കുവാൻ കഴിയുമെന്ന് ഉറപ്പുള്ള ഒരു ലക്ഷ്യമാണ് കാർഷിക മേഖലയിലെ സ്വയംപര്യാപ്തതയെന്ന് ഇതിനകം തന്നെ നാം തെളിയിച്ചിട്ടുണ്ട്. ഓണക്കാലത്തും മറ്റും പച്ചക്കറി ഉൽപാദനം വ്യാപിപ്പിക്കാനുള്ള കൃഷി വകുപ്പിന്റെ ശ്രമങ്ങൾ ഒരു പരിധി വരെ വിജയം കണ്ടതാണ്. നെല്ലുല്പാദനത്തിൽ മുന്നേറ്റമുണ്ടാക്കുവാനും നമുക്ക് സാധിക്കുന്നുണ്ട്. ഈ ലോക്ഡൗൺ കാലത്ത് വെറുതെ വീട്ടിലിരിക്കുന്നതിന് പകരം അത്യാവശ്യത്തിനുള്ള പച്ചക്കറികൾ വിളയിക്കുന്നതിനുള്ള ബൃഹത്തായ പദ്ധതി ആവിഷ്കരിച്ചതും വിജയം കാണുന്നുവെന്നാണ് വാർത്തകൾ വ്യക്തമാക്കുന്നത്. ഈ പശ്ചാത്തലത്തിലും കോവിഡ് എന്ന മഹാമാരി ഉയർത്തിയ വെല്ലുവിളിയുടെ സാഹചര്യത്തിലും കാർഷികോല്പാദനം വർധിപ്പിക്കുന്നതിനുള്ള ഈ ബൃഹദ്പദ്ധതി ഏറ്റവും പ്രാധാന്യമർഹിക്കുന്നതും ശ്ലാഘനീയവുമാണ്.

കൃഷി വകുപ്പിന്റെ ഏകോപനത്തിൽ തദ്ദേശ സ്വയംഭരണ വകുപ്പിന്റെ മേൽനോട്ടത്തിനു പുറമെ മൃഗസംരക്ഷണം, ജലസേചനം, സഹകരണം, ഫിഷറീസ്, വ്യവസായം, പട്ടികജാതി പട്ടികവർഗ ക്ഷേമം എന്നീ വകുപ്പുകളും ഈ പദ്ധതിയിൽ വിവിധ തലങ്ങളിൽ പങ്കാളികളാകുമെന്നാണ് സർക്കാർ വ്യക്തമാക്കിയിട്ടുള്ളത്. കൃഷിക്കാരുടെ വരുമാനം വർധിപ്പിക്കുക, യുവജനങ്ങളെ കൃഷിയിലേക്ക് ആകർഷിക്കുക, ജോലി നഷ്ടപ്പെട്ട് തിരിച്ചുവരാനിടയുള്ള പ്രവാസികളെക്കൂടി ഈ രംഗത്തേക്ക് കൊണ്ടുവരിക എന്നിവയാണ് പദ്ധതിയുടെ ലക്ഷ്യങ്ങളായി പ്രഖ്യാപിച്ചിട്ടുള്ളത്. സംസ്ഥാനത്ത് 1.09 ലക്ഷം ഹെക്ടർ തരിശുഭൂമിയുണ്ട്. ഇതിൽ തോട്ട ഭൂമിയും പാടങ്ങളും ഉൾപ്പെടും. ഈ തരിശു ഭൂമിയിൽ മുഴുവൻ കൃഷിയിറക്കുന്നതോടൊപ്പം 1.4 ലക്ഷം ഹെക്ടറിൽ ഇടവിള കൃഷി നടത്താമെന്നാണ് കണക്കാക്കുന്നത്. കൃഷി വ്യാപിപ്പിക്കുകയും ഉല്പാദനം കൂട്ടുകയും ചെയ്യുന്നതിനനുസരിച്ച് കൂടുതൽ വിപണന സാധ്യതകൾ ഒരുക്കും. ഗ്രാമങ്ങളിലും പട്ടണങ്ങളിലും കാർഷിക ചന്തകൾ സംഘടിപ്പിക്കും. കന്നുകാലി സമ്പത്തിന്റെ വർധന, പാലിന്റെയും മുട്ടയുടെയും ഉല്പാദനവർധന, മത്സ്യകൃഷി അഭിവൃദ്ധിപ്പെടുത്തൽ എന്നീ ഘടകങ്ങളും പദ്ധതിയുടെ ഭാഗമാണെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. കോവിഡ് പ്രതിസന്ധി നേരിടുന്നതിന് ഇപ്പോൾ കൈക്കൊള്ളുന്ന നടപടികൾ മാത്രം പോരെന്ന സർക്കാരിന്റെ ദീർഘവീക്ഷണത്തിന്റെ ഫലമായാണ് ഇത്തരത്തിലുള്ള ഒരു പദ്ധതി രൂപംകൊള്ളുന്നത്. തീർച്ചയായും ഇത് കേരളീയർ ഹൃദയത്തിൽ ഏറ്റെടുക്കുമെന്ന കാര്യത്തിൽ സംശയമില്ല.

ENGLISH SUMMARY: janayugam edi­to­r­i­al about the agri­cul­ture programme

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.