അമേരിക്കയിലെ പ്രതിഷേധം ആഗോളതലത്തിൽ വ്യാപിക്കുന്നു

Web Desk
Posted on June 07, 2020, 5:00 am

അമേരിക്കയിലുടനീളം തുടരുന്ന ജനകീയ പ്രക്ഷോഭം ആഗോളതലത്തിൽ ജനങ്ങളെ അടിച്ചമർത്തി ഭരിക്കുന്നവരുടെ കണ്ണ് തുറപ്പിക്കാൻ പര്യാപ്തമാണ്. യുഎസിൽ ട്രംപ് ഭരണത്തിന്റെ ഗുരുതരമായ പ്രതിസന്ധിയാണ് ഇത് സൂചിപ്പിക്കുന്നത്. ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പിന്തുടരുന്ന മുതലാളിത്ത വ്യവസ്ഥിതിയുടെ പര്യായമാണ്. ട്രംപും കൂട്ടരും ഇപ്പോൾ യുഎസിൽ തുടരുന്ന പ്രക്ഷോഭത്തെ കേവലം ക്രമസമാധാന പ്രശ്നമായി ചിത്രീകരിക്കുന്നു. ഗുരുതരമായ സാമൂഹ്യ സാമ്പത്തിക മാനങ്ങളുള്ള ശക്തമായ ജനകീയ പ്രതിഷേധമാണിത്. അതുകൊണ്ടുതന്നെയാണ് ഇപ്പോഴത്തെ പ്രശ്നത്തെ ക്രമസമാധാന പ്രശ്നമെന്ന് പറഞ്ഞ് നിസാരവൽക്കരിക്കുന്നത്. ഇന്നും ലോകരാജ്യങ്ങളിൽ നിലനിൽക്കുന്ന വർണ വിവേചനത്തിന്റെ ഏറ്റവും വൈരൂപ്യം നിറഞ്ഞ മുഖമാണ് ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകം.

അമേരിക്കൻ സമൂഹത്തിൽ രൂഢമൂലമായ സാമൂഹ്യ സാമ്പത്തിക വൈപരീത്യങ്ങളെയാണ് ഇത് സൂചിപ്പിക്കുന്നത്. വിദ്വേഷ രാഷ്ട്രീയത്തിന്റെ ഭാഗമായുള്ള ഈ സംഭവത്തെ സൈന്യത്തെ വിന്യസിച്ചും അടിച്ചമർത്തലിലൂടെയുമാണ് നേരിടുന്നത്. എന്നാൽ കീഴടങ്ങാനല്ല മറിച്ച് പോരാടാനുള്ള മനോഭാവമാണ് പ്രതിഷേധക്കാർ പ്രകടിപ്പിക്കുന്നത്. എല്ലാ വൻകരകളിൽ നിന്നും യുഎസിലെ പ്രതിഷേധങ്ങളോട് വമ്പിച്ച ഐക്യദാർഢ്യ പ്രഖ്യാപനങ്ങളാണ് ഉണ്ടാകുന്നത്. യുഎൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടറസ്, ഫ്രാൻസിസ് മാർപ്പാപ്പ, കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഉൾപ്പെടെയുള്ള ലോകനേതാക്കൾ പ്രതിഷേധത്തെ പരസ്യമായി പിന്തുണച്ചു. ആഫ്രിക്കൻ അമേരിക്കൻ വംശജനായ ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകം സംബന്ധിച്ച വീഡിയോ വൈറലായി. ഇതിന്റെ ഫലമായുള്ള രോഷാഗ്നി അമേരിക്കയെ യുദ്ധസമാന സാഹചര്യത്തിൽ എത്തിച്ചു. പൊലീസിനെയും സൈന്യത്തെയും ട്രംപിന്റെ കൂലി പ്രചാരകരെയും ജനരോഷം തണുപ്പിക്കുന്നതിനായി കയറൂരിവിട്ടു. ട്രംപിന്റെ ഈ നിലപാടിനെ രോഷത്തോടെയാണ് ലോകത്തെ ജനങ്ങൾ വീക്ഷിച്ചത്.

ശക്തമായ ജനരോഷം ഉയർന്നാൽ അതിനെ സൈന്യത്തെ ഉപയോഗിച്ച് അടിച്ചമർത്തുക എന്നത് അസംഭവ്യമാണ്. അങ്ങനെയുള്ള ഭരണസംവിധാനം പോലും ഒരു ചോദ്യചിഹ്നമായി മാറുന്നു. ട്രംപിന്റെ ഭരണത്തോടുള്ള ജനരോഷം ജോർജ് ഫ്ലോയ്ഡിന്റെ കൊലപാതകത്തോടെ ആളിക്കത്തി. ആ പ്രതിഷേധം കൊറോണ മഹാമാരിയെ പോലും തോല്പിച്ചു. ഒരു സൂക്ഷ്മ വൈറസിന് മുന്നിൽ ലോകത്തെ ഏറ്റവും വലിയ സൈനിക ശക്തി ഭയന്ന് വിറയ്ക്കുന്നു. മരണനിരക്ക് ഉയരുമ്പോഴും തങ്ങളുടെ പൗരൻമാർക്ക് മാസ്കുകൾപോലും നൽകാൻ കഴിയുന്നില്ല. യുഎസിന്റെ സമ്പദ്­വ്യവസ്ഥ തികച്ചും പരിതാപകരമായ അവസ്ഥയിലാണ്. കൊറോണയുടെ ഭാഗമായുള്ള പ്രതിസന്ധി രൂക്ഷമായി ബാധിക്കുന്നത് യുഎസിനെ ആയിരിക്കുമെന്ന് അന്താരാഷ്ട്ര തൊഴിൽ സംഘടനയും പറയുന്നു. ആഗോള തലത്തിൽ 305 ദശലക്ഷം പേർക്ക് തൊഴിൽ നഷ്ടമാകുമെന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. നവ ഉദാരവൽക്കരണ നയങ്ങളുടെ ഭാഗമായി തൊഴിലില്ലായ്മ 23.9 ശതമാനമായി വളർന്നു. 17 ശതമാനം ജനങ്ങൾക്ക് കിടപ്പാടമില്ല. ഈ സാഹചര്യത്തിലാണ് കറുത്ത വർഗക്കാരന്റെ കൊലപാതകത്തിൽ ജനരോഷം ആളിക്കത്തുന്നത്.

കേവലം കറുത്ത വർഗക്കാരുടെ പ്രതിഷേധമായി ഇതിനെ അവമതിക്കുന്നത് തികച്ചും തെറ്റായ ഒരു കാര്യമാണ്. അമേരിക്കൻ നഗരങ്ങളിൽ ആളിക്കത്തിയ പ്രതിഷേധത്തിൽ വെള്ളക്കാർ ഉൾപ്പെടെയുള്ള എല്ലാ വിഭാഗങ്ങളും കൈകോർത്തു. രാജ്യത്തെ പ്രമുഖ തൊഴിലാളി സംഘടനകളായ എഎഫ്എൽ, സിഐഒ എന്നിവർ പ്രതിഷേധത്തിൽ പങ്കെടുക്കുന്നു. കോർപ്പറേറ്റ് കുത്തകളുടെ നിയന്ത്രണത്തിലുള്ള സർക്കാർ ജനകീയ പ്രക്ഷോഭത്തെ അവമതിച്ചു. എന്നാൽ പ്രതിഷേധത്തിന്റെ അലകളെ ഇല്ലാതാക്കാൻ കഴിയില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ട്രംപിന്റെ സുഹൃത്തുക്കളായ ഭരണാധികാരികൾ അമേരിക്കയിലെ സംഭവങ്ങളെ സൂക്ഷ്മമായി നിരീക്ഷിക്കുന്നു. ആഗോളതലത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡിയിലാണ് ട്രംപ് തന്റെ ഉറ്റ ചങ്ങാതിയെ കണ്ടെത്തിയത്. അമേരിക്കയിലെ സുഹൃത്തിന്റെ ദർശനങ്ങൾ, വീക്ഷണങ്ങൾ, തന്ത്രങ്ങൾ, സാമ്പത്തിക നയങ്ങൾ എല്ലാം തന്നെ നരേന്ദ്ര മോഡി അപ്പാടെ പകർത്തി നടപ്പാക്കുന്നു.

കൊറോണ മഹാമാരിയുടെ ഭാഗമായി രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയുടെ പ്രതിഫലനങ്ങൾ ഇന്ത്യയിലും ഉണ്ടാകും. യുഎസിൽ ട്രംപ് എങ്ങനെയാണോ കൊറോണയെ നേരിടുന്നത് സമാനമായ രീതിയാണ് മോഡി ഇന്ത്യയിൽ അവലംബിക്കുന്നതും. മഹാമാരിയിൽ നിന്നും ജനങ്ങളെ രക്ഷിക്കുന്നതിന് പകരം ഇരുവരും പ്രചാരണത്തിനാണ് പ്രാധാന്യം കല്പിക്കുന്നത്. ഇന്ത്യയിലെ കുടിയേറ്റ തൊഴിലാളികളുടെ അവസ്ഥയും അമേരിക്കയിലെ കറുത്ത വർഗക്കാരുടെ അവസ്ഥയും സമാനമാണ്. കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം ഇന്ത്യയിൽ 6000 കഴിഞ്ഞു. സിഎംഐഇയുടെ കണക്കുകൾ പ്രകാരം രാജ്യത്തെ തൊഴിലില്ലായ്മ മെയ് മാസത്തിൽ 23.52 ശതമാനമായി ഉയർന്നു. മോഡി സർക്കാരിന്റെ സാമ്പത്തിക പാക്കേജിലെ പ്രഖ്യാപനങ്ങൾ തികച്ചും പൊള്ളയായ വാഗ്ദാനങ്ങൾ മാത്രമാണ്. 20 ലക്ഷം കോടി പാക്കേജിൽ ആകെയുള്ളത് കേവലം രണ്ട് ലക്ഷം കോടിയുടെ മാത്രമാണ്. പാവപ്പെട്ട ജനങ്ങളെ സഹായിക്കാനെന്ന പേരിൽ തീവ്ര വർഗീയത തുടരുന്ന യുഎസ്എ, ഇന്ത്യ, ബ്രസീൽ, തുർക്കി എന്നിവിടങ്ങളിലെ സർക്കാരുകൾ ആഗോളകുത്തകകളുടെ വളർത്തുനായ്ക്കളായി പെരുമാറുന്നു.

ഇതിന്റെ ആക്കംകൂട്ടി തൊഴിലാളികളുടെ അവകാശങ്ങൾ പോലും ഇവർ റദ്ദാക്കുന്നു. അമേരിക്കയിൽ അമേരിക്കൻ ഫെഡറേഷൻ ഓഫ് ലേബറിന്റെ പ്രവർത്തനങ്ങൾ പോലും അവസാനിപ്പിച്ച അവസ്ഥയാണ്. ഇന്ത്യയിൽ തൊഴിലാളികൾ ദീർഘമായ പോരാട്ടങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ പോലും കവർന്നെടുക്കുന്നു. ഇത് സംബന്ധിച്ച് പാർലമെന്റിൽ ചർച്ചകൾ പോലും ഉണ്ടായിട്ടില്ല. വർഗീയ വിദ്വേഷം പരത്തുന്നതിലുള്ള മികവ് ട്രംപും മോഡി സർക്കാരും പുലർത്തുന്നു. ഇന്ത്യയിൽ ആദിവാസികൾ, ദളിതർ, ന്യൂനപക്ഷങ്ങൾ എന്നിവർക്കെതിരെ നടക്കുന്ന അതിക്രമങ്ങളും അമേരിക്കയിൽ ഇപ്പോൾ നടക്കുന്ന സംഭവങ്ങളും തമ്മിൽ ഏറെ സാദൃശ്യമുണ്ട്. പാർശ്വവൽക്കരിക്കപ്പെട്ട വിഭാഗങ്ങളുടെ അരക്ഷിതാവസ്ഥയാണ് ഇതിലൂടെ വെളിവാകുന്നത്. അമേരിക്കയിൽ ട്രംപ് ബൈബിളുമായി എത്തിയത് തികച്ചും ഒരു കാപട്യമാണ്. ഇന്ത്യയിൽ ഭരണാധികാരികളുടെ ദുഷ്ചെയ്തികൾ മറയ്ക്കാനായി ഇവർ ദൈവങ്ങളേയും ഐതിഹ്യങ്ങളേയും മറയാക്കുന്നു. ഇതാണ് 21-ാം നൂറ്റാണ്ടിലെ മുതലാളിത്ത വ്യവസ്ഥിതി നേരിടുന്ന പ്രതിസന്ധി. ചരിത്രത്തിൽ പരാജയപ്പെടാൻ വിധിക്കപ്പെട്ട ഒരു സംവിധാനത്തെ രക്ഷിക്കാൻ ട്രംപും മോഡിയും ശ്രമിക്കുന്നു.