കോവിഡിനെ തുടർന്ന് എല്ലാ വിഭാഗം ജനങ്ങളും പല തരത്തിലുള്ള ദുരിതങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. സംഘടിതവും അസംഘടിതവുമായ തൊഴിൽ മേഖലകളിലുള്ളവർ എല്ലാം ദുരിതത്തിലായി. എന്നു മാത്രമല്ല തൊഴിൽ തേടി രാജ്യത്തിനകത്ത് വിവിധ സംസ്ഥാനങ്ങളിലും വിദേശത്തും എത്തിയവർ അവിടങ്ങളിൽ കുടുങ്ങിപോവുകയും ചെയ്തു. അങ്ങനെ കുടുങ്ങിയവർ പല വിധത്തിലുള്ള പ്രയാസങ്ങളാണ് നേരിട്ടുകൊണ്ടിരിക്കുന്നത്. അന്യദേശങ്ങളിൽ കുടുങ്ങിയവർ തൊഴിലില്ലാതെ ഭക്ഷണത്തിനും താമസത്തിനും മതിയായ സൗകര്യങ്ങളില്ലാതെ കഷ്ടപ്പെടുകയാണ്. കേരളം പോലുള്ള ചുരുക്കം സംസ്ഥാനങ്ങളിൽ ഇതര സംസ്ഥാന തൊഴിലാളികളെ അതിഥികളെന്നപോലെ പരിഗണിക്കുകയും എല്ലാ സംരക്ഷണവും നൽകുകയും ചെയ്തുവരുന്നുണ്ട്. എങ്കിലും അവരുടെയെല്ലാം ആത്യന്തികമായ ആഗ്രഹം സ്വന്തം ദേശത്തെത്തുകയും കുടുംബത്തോട് ചേരുകയെന്നതു തന്നെയാണ്. മാത്രവുമല്ല ദശലക്ഷക്കണക്കിന് അതിഥി തൊഴിലാളികൾക്ക് എല്ലാ സൗകര്യങ്ങളും ഒരുക്കുകയെന്നത് അതാത് സംസ്ഥാനങ്ങൾക്ക് വൻ ബാധ്യതയും വരുത്തിവയ്ക്കുന്നുണ്ട്.
കേരളത്തിലെ മാത്രം കണക്കുകൾ പരിശോധിച്ചാൽ നാലുലക്ഷത്തോളം പേരെയാണ് ഇങ്ങനെ പരിപാലിക്കേണ്ടിവരുന്നത്. ഓരോ വ്യക്തിക്കും ആവശ്യമായ ഭക്ഷ്യവസ്തുക്കൾ നൽകുന്നതിന് പ്രതിദിനം ചുരുങ്ങിയത് നൂറ് രൂപയെങ്കിലും വേണ്ടി വരുമെന്ന് കണക്കാക്കിയാൽ പോലും നാലുകോടിയോളം രൂപ ഇതിനായി ചെലവ് വരുമെന്നർത്ഥം. ലോക്ഡൗൺ പ്രഖ്യാപിക്കപ്പെട്ട മാർച്ച് 24 മുതൽ ഇതുവരെയുള്ള ഈ തുക മൊത്തമായി കണക്കുകൂട്ടിയാൽ അത് ഭീമമായ തുകയാണ്. എങ്കിലും സർക്കാർ ഒരു മുടക്കവും വരാതെ അവരെ പരിപാലിച്ചുപോരുന്നുണ്ട്. എന്നാൽ അതിഥി തൊഴിലാളികളിൽ പലരും എത്രയും വേഗം അവരുടെ നാടുകളിൽ തിരിച്ചെത്തുകയെന്ന ആവശ്യമാണ് ഉന്നയിക്കപ്പെടുന്നത്. ഈ സാഹചര്യത്തിൽ അതിന്റെ സാധ്യതകൾ പരിശോധിച്ചാണ് നോൺ സ്റ്റോപ്പ് തീവണ്ടികൾ അനുവദിക്കുക എന്ന ആവശ്യം ആദ്യമായി കേരളം മുന്നോട്ടുവച്ചത്. ആദ്യഘട്ട ലോക്ഡൗൺ അവസാനിക്കുന്നതിന് മുമ്പ് തന്നെ ഈ ആവശ്യം മുന്നോട്ടുവച്ചിരുന്നുവെങ്കിലും രണ്ടാം ഘട്ട ലോക്ഡൗൺ അവസാനിക്കാൻ രണ്ടു ദിവസം മാത്രം ബാക്കി നിൽക്കേയാണ് ആദ്യ തീവണ്ടി അനുവദിച്ചത്. വളരെ പെട്ടെന്ന് തന്നെ നടപടിക്രമങ്ങൾ പൂർത്തിയാക്കി മെയ് ഒന്നിന് നിശ്ചിത സമയത്തു തന്നെ ഒഡിഷയിലേയ്ക്കുള്ള ആദ്യ തീവണ്ടി പുറപ്പെടുകയും ചെയ്തു. അടുത്ത ദിവസം അഞ്ചു തീവണ്ടികളാണ് കേരളത്തിൽ നിന്ന് വിവിധ സംസ്ഥാനങ്ങളിലേയ്ക്ക് പോയത്.
ഓരോ തീവണ്ടിയിലും കയറാനെത്തിയ തൊഴിലാളികളുടെ കണ്ണുകളിൽ വീടണയാൻ പോകുന്നുവെന്നതിന്റെ അത്യാഹ്ലാദം അലയടിച്ചത് നാമെല്ലാവരും കണ്ടതാണ്. ഇതിന്റെ ചുവടുപിടിച്ച് മറ്റ് സംസ്ഥാനങ്ങളും ഇതര സംസ്ഥാന തൊഴിലാളികളെ തിരിച്ചെത്തിക്കാൻ തീവണ്ടി സൗകര്യം ഉപയോഗിക്കുന്നതിനായി മുന്നോട്ടുവന്നു. എന്നാൽ അപ്പോഴേയ്ക്കും കേന്ദ്ര സർക്കാർ പ്രതിഷേധാർഹമായ തീരുമാനം കൈക്കൊണ്ടു. ഇങ്ങനെ അനുവദിക്കുന്ന തീവണ്ടികളുടെ യാത്രാക്കൂലി അതാത് സംസ്ഥാനങ്ങൾ വഹിക്കണമെന്നായിരുന്നു. പ്രസ്തുത തീരുമാനം വലിയ വിവാദങ്ങൾക്കാണ് വഴിവച്ചിരിക്കുന്നത്. യഥാർത്ഥത്തിൽ കോവിഡിന്റെ പ്രതിസന്ധി നേരിടുന്നതിന് കേന്ദ്രം എന്താണ് ചെയ്തത് എന്ന ചോദ്യത്തിന് ഒന്നും ചെയ്തില്ലെന്നാണ് ഉത്തരം. ചില പ്രഖ്യാപനങ്ങൾ നടത്തിയിരുന്നുവെങ്കിലും അത് പ്രാബല്യത്തിലാകുമ്പോഴേയ്ക്കും പരിമിതപ്പെടുന്ന സ്ഥിതിയുമുണ്ടായി. സംസ്ഥാനങ്ങൾ അവരുടെ സാധ്യതകൾക്കനുസൃതവും കേരളം പോലുള്ളവ അതിനെക്കാൾ ഉപരിയായും കാര്യങ്ങൾ ചെയ്തുകൊണ്ടിരിക്കുന്നു. സംസ്ഥാനങ്ങൾക്കുണ്ടായിരിക്കുന്ന ബാധ്യതകൾ പലതാണെങ്കിലും അതിലേയ്ക്ക് ഒരു കൈപോലും സഹായം നൽകാൻ ഇതുവരെ കേന്ദ്രം തയ്യാറായിട്ടില്ല. എന്തിന് നിയമപ്രകാരം കുടിശ്ശികയായി അനുവദിക്കേണ്ട തുക പോലും നൽകുന്നില്ല.
ചരക്കു സേവന നികുതിയിനത്തിൽ വിഹിതമായും ഫെഡറൽ ഭരണ തത്വമനുസരിച്ച് അർഹതപ്പെട്ട മറ്റ് വിഹിതങ്ങളോ നൽകുന്നില്ല. ഇത്തരം ദുരന്തവേളകളിൽ ഉപയോഗിക്കേണ്ടതാണ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധി. അതിൽ നിന്നും മതിയായ വിഹിതവും സംസ്ഥാനങ്ങൾക്ക് നൽകുന്നില്ല. ഇതിന് പുറമേ കോവിഡ് പ്രതിസന്ധി നേരിടുന്നതിന് പിഎം കെയേഴ്സ് എന്ന പേരിലുള്ള പ്രത്യേക നിധിയും സ്വരൂപിക്കുന്നുണ്ട്. അതിലേയ്ക്ക് ഇതുവരെ എത്ര ലഭിച്ചു എന്ന കണക്ക് പുറത്തുവന്നിട്ടില്ലെങ്കിലും പല തരത്തിലുള്ള ഫണ്ടുകൾ അതിലേയ്ക്ക് മാറ്റിക്കൊണ്ടിരിക്കുന്നുണ്ട്. കൂടാതെ വിദേശങ്ങളിൽ നിന്നുള്ള സഹായവും അതിലേയ്ക്ക് വന്നുകൊണ്ടിരിക്കുന്നുണ്ട്. എന്നാൽ അത് എന്തിനാണ് ഉപയോഗിക്കുന്നതെന്നത് വ്യക്തമാക്കുന്നുമില്ല. എന്നിട്ടും കുടിയേറ്റ തൊഴിലാളികളുടെ യാത്രാക്കൂലി പോലും വഹിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ല. നമ്മുടെ രാജ്യത്തിന്റെ ഉല്പാദക — നിർമ്മാണ ശക്തിയായി പല സംസ്ഥാനങ്ങളിൽ തൊഴിലെടുക്കുന്നവരാണ് കുടിയേറ്റ തൊഴിലാളികൾ. അവരില്ലാതെ പല സംസ്ഥാനങ്ങളും മുന്നോട്ടുപോകാൻ പ്രയാസപ്പെടുമെന്നത് യാഥാർത്ഥ്യവുമാണ്. അങ്ങനെയൊരു വിഭാഗത്തിന്റെ പരിമിതമായ യാത്രാ കൂലി പോലും വഹിക്കാൻ കേന്ദ്ര സർക്കാർ തയ്യാറാകുന്നില്ലെന്നത് ലജ്ജാകരമാണ്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.