Thursday 5, August 2021
Follow Us
EDITORIAL Janayugom E-Paper
Web Desk

May 31, 2020, 5:00 am

വിദൂര പ്രതീക്ഷയ്ക്കും വകയില്ലാതെ

Janayugom Online

രാജ്യത്തെ സമ്പദ്‌വ്യവസ്ഥയുടെ തകർന്നടിഞ്ഞ അവസ്ഥ സംബന്ധിച്ച് റിസർവ് ബാങ്ക് തന്നെ രംഗത്തെത്തിയിരിക്കുകയാണ്. ഡിമാൻഡിൽ ഗണ്യമായ കുറവുണ്ടായെന്നും 2020–21 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ വളർച്ചാ നിരക്ക് നെഗറ്റീവ് സോണിൽ എത്തുമെന്നും ആർബിഐ ഗവർണർ ശക്തികാന്ത ദാസാണ് വെളിപ്പെടുത്തിയത്. രാജ്യത്തെ മൊത്തം ആഭ്യന്തര ഉല്പാദനം (ജിഡിപി) ഗണ്യമായി ചുരുങ്ങുമെന്നും അദ്ദേഹം പറയുന്നു. രൂക്ഷമായ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് 20 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജ് പ്രധാനമന്ത്രി പ്രഖ്യാപിച്ചത്. ഇതിൽ 1,86,650 കോടി രൂപയുടെ പാക്കേജാണ് യഥാർത്ഥത്തിൽ കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചത്. ഇത് ജിഡിപിയുടെ 0.91 ശതമാനം മാത്രമാണ്. ജിഡിപിയുടെ പത്ത് ശതമാനമാണ് പ്രത്യേക സാമ്പത്തിക പാക്കേജായി പ്രഖ്യാപിച്ചെന്നാണ് സർക്കാർ വാദം. ഭൂമി, തൊഴിൽ, പണം, നിയമം എന്നിങ്ങനെയുള്ള നാല് മേഖലകളിൽ നിക്ഷേപം നടത്തുന്നതിനാണ് 20 ലക്ഷം കോടി രൂപയുടെ പാക്കേജ് പ്രഖ്യാപിച്ചത്.

ലോക്ഡൗൺ പ്രഖ്യാപിച്ച ശേഷം നാലാം തവണ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇക്കാര്യം പ്രഖ്യാപിച്ചത്. പട്ടിണി, വിഭവ സ്രോതസുകളുടെ അഭാവം, മഹാമാരി, തൊഴിൽ നഷ്ടപ്പെട്ട ലക്ഷക്കണക്കിന് തൊഴിലാളികൾ, വീടുകളിൽ തിരികെയെത്താൻ നൂറുകണക്കിന് കിലോമീറ്റർ കാൽനടയായി താണ്ടുന്ന സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടിയേറ്റ തൊഴിലാളികളുടെ കുടുംബങ്ങൾ — ഈ രൂക്ഷമായ നൊമ്പരങ്ങൾക്കിടെയാണ് കേന്ദ്ര സർക്കാരിന്റെ പൊള്ളയായ വാഗ്ദാനങ്ങളും അതിന്റെ ഭാഗമായി ജനങ്ങൾക്ക് നൽകുന്ന തലതിരിഞ്ഞ ആത്മവിശ്വാസവും. 2015ൽ തന്നെ ഭൂമിയുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ മോഡി സർക്കാർ ചില അവകാശവാദങ്ങൾ ഉന്നയിച്ചിരുന്നു. കോർപ്പറേറ്റുകളുടെ താൽപ്പര്യങ്ങൾക്ക് അനുസൃതമായ വിധത്തിലുള്ള നിയമ ഭേദഗതിയാണ് സർക്കാർ ലക്ഷ്യമിട്ടത്. ഇതിനായി നിലവിലുണ്ടായിരുന്ന ഭൂമി ഏറ്റെടുക്കൽ നിയമത്തിൽ ഭേദഗതി വരുത്തി. കോർപ്പറേറ്റുകളുടെ ആവശ്യത്തിനായി സർക്കാരിന് ഭുമി ഏറ്റെടുക്കാൻ കഴിയുന്ന വിധത്തിലാണ് 2015ൽ ഭേദഗതി വരുത്തിയത്. ഇതിൽ പ്രൈവറ്റ് എന്റിറ്റി (സ്വകാര്യ വസ്തു) എന്നത് പ്രൈവറ്റ് എന്റർപ്രൈസ് (സ്വകാര്യ സംരംഭം) എന്നാക്കി മാറ്റി. ഇതിന്റെ പിന്നിലുള്ള ലക്ഷ്യം പകൽപോലെ വ്യക്തമാണ്.

വിദേശികൾ ഉൾപ്പെടെയുള്ള കോർപ്പറേറ്റുകൾക്ക് കർഷക ഭൂമി ഏറ്റെടുത്ത് നൽകുകയാണ് മോഡി സർക്കാർ ഇതിലൂടെ ലക്ഷ്യമിട്ടത്. ആറാം വർഷം പൂർത്തിയാക്കിയ സർക്കാരിന് കർഷകർ നേരിടുന്ന പ്രശ്നങ്ങൾക്ക് ഒരു പരിഹാരവും കണ്ടെത്താൻ കഴിഞ്ഞില്ല. ബാക്കിയുള്ള കൃഷിഭൂമിയും കോർപ്പറേറ്റുകളുടെ കൈകളിൽ എത്തിക്കാനുള്ള നടപടിയാണിത്. അടുത്തതായി തൊഴിലും തൊഴിൽ നിയമങ്ങളും. രാജ്യത്തെ എല്ലാ പൗരൻമാർക്കും ഭരണഘടന അനുവദിച്ച് നൽകുന്ന അടിസ്ഥാന അവകാശങ്ങളെ വളച്ചൊടിക്കാനുള്ള നടപടികൾ കോർപ്പറേറ്റുകളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിന് വേണ്ടിയാണ്. തൊഴിൽ പ്രശ്നങ്ങൾ കൺകറന്റ് പട്ടികയിൽ ഉൾപ്പെട്ടതാണ്. എന്നാൽ ഇപ്പോൾ സംസ്ഥാനങ്ങൾ തൊഴിലാളികളുടെ അടിസ്ഥാന അവകാശങ്ങൾ റദ്ദാക്കുന്ന നടപടികൾ ആരംഭിച്ചു. ജോലി സമയം എട്ടിൽ നിന്നും 12 മണിക്കൂറാക്കി വർധിപ്പിച്ചു. തൊഴിലാളികളുടെ സംഘടിക്കാനുള്ള അവകാശം റദ്ദാക്കി, വേതനവും വെട്ടിക്കുറച്ചു. ഈ അവകാശങ്ങൾ ആഗോളതലത്തിൽ ദീർഘകാലത്തെ പോരാട്ടങ്ങളിലൂടെ നേടിയെടുത്തവയാണ്.

രാജ്യത്തെ തൊഴിലാളികളും ഈ പോരാട്ടങ്ങളിൽ പങ്കെടുത്ത് അനീതികൾക്കെതിരെ പോരാടി വിജയം കണ്ടവരാണ്. തൊഴിലാളികൾ ഇതിലൂടെ ഒരു പുതിയ ചരിത്രം സൃഷ്ടിക്കുകയായിരുന്നു. ഇപ്പോൾ ഈ അവകാശങ്ങൾ ഓരോന്നായി റദ്ദാക്കുന്നു. ഇപ്പോഴുള്ള ഈ ഭേദഗതികൾ വ്യാവസായിക വളർച്ചയല്ല മറിച്ച് സമൂഹത്തിൽ അസംതൃപ്തി സൃഷ്ടിക്കുകയാണ് ചെയ്യുന്നത്. തൊഴിലാളികൾ വിവരണാതീതമായ കഷ്ടതകളാണ് നേരിടുന്നത്. വ്യവസായികൾ, ചെറുകിട- ഇടത്തരം വ്യവസായ സംരംഭകർ എന്നിവരൊക്കെ സമാനമായ അവസ്ഥയിലാണ്. ഉല്പാദന വളർച്ച ദുർബലമായി. എല്ലാ മേഖലകളിലുമുള്ള ശോഷണം ജനങ്ങളുടെ വാങ്ങൽ ശേഷിയെ പ്രതികൂലമായി ബാധിച്ചു. പണം ആഗോള കുത്തകകളിൽ മാത്രം ഒതുങ്ങി. ഇതിന്റെ ഭാഗമായി ചെറുകിട ഇടത്തരം വ്യവസായങ്ങൾ തകർച്ചയുടെ വക്കിലാണ്. ആവശ്യകതയിലുള്ള കുറവ്, ഗുരുതരമായ സാമ്പത്തിക മാന്ദ്യം എന്നീ ഘടകങ്ങൾ ഉല്പാദന മേഖലയുടെ ഘടന തന്നെ തകർത്തു. ലോഹങ്ങൾ, ലോഹ ഉല്പന്നങ്ങൾ, എൻജിനീയറിങ്, നിർമ്മാണം, അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയ മേഖലകളിലെ തൊഴിലാളികൾക്ക് വേതനം പോലും കൊടുക്കാൻ കഴിയാത്ത പ്രതിസന്ധിയിലാണെന്ന് ആർബിഐ നടത്തിയ സർവേയിൽ കണ്ടെത്തിയിരുന്നു. ഇതിന്റെ ഭാഗമായി നേരത്തെ പ്രഖ്യാപിച്ച വായ്പാ പുനഃക്രമീകരണം നടപ്പാക്കിയെങ്കിലും വേണ്ടത്ര പ്രയോജനം ഈ സ്ഥാപനങ്ങൾക്ക് ലഭിച്ചില്ലെന്നതിന് തെളിവാണ് ഈ സ്ഥാപനങ്ങൾ ഇപ്പോൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധി. ഇപ്പോൾ ഈ പ്രതിസന്ധി പരിഹരിക്കാൻ കഴിയാത്ത അവസ്ഥയിലെത്തി.

ആർബിഐ ഇപ്പോൾ പ്രഖ്യാപിച്ച ഇളവുകൾ ആസ്തികളുടെ ക്രമവൽക്കരണം നടത്താതെയാണ് പ്രഖ്യാപിച്ചത്. പ്രതിസന്ധി രൂക്ഷമാക്കാൻ മാത്രമേ ഇത് ഉപകരിക്കൂ. പണം ലഭ്യമാക്കുന്നതിനായി ആർബിഐ പ്രഖ്യാപിച്ച റിപ്പോ നിരക്ക് ഇളവുകൾ വേണ്ടത്ര ഫലം കാണില്ല. പദ്ധതിയുടെ പ്രയോജനം കുറച്ചുപേരിൽ മാത്രമായി ചുരുങ്ങും. ബോണ്ടുകൾ, കടപത്രങ്ങൾ എന്നിവയിലൂടെ കുറഞ്ഞ പലിശാ നിരക്കിൽ മൂലധനം കണ്ടെത്താൻ കഴിയുമെന്നാണ് ആർബിഐ പറയുന്നത്. എന്നാൽ ഇതിന്റെ പ്രയോജനം പാവപ്പെട്ട ജനങ്ങൾക്ക് ലഭിക്കില്ല. റിലയൻസ്, ലാർസൻ ആന്റ് ടർബോ, എച്ച്ഡിഎഫ്‌സി തുടങ്ങിയ കോർപ്പറേറ്റ് കുത്തകകൾക്കാവും ഇതിന്റെ പ്രയോജനം ലഭിക്കുന്നത്. ഇവർക്ക് കുറഞ്ഞ പലിശനിരക്കിൽ കൂടുതൽ നിക്ഷേപങ്ങൾ കണ്ടെത്താനാകും. എന്നാൽ സാധാരണക്കാർക്കും ചെറുകിട കച്ചവടക്കാർക്കും പണം ലഭ്യമാക്കുന്നതിനുള്ള ഒരു നടപടിയും ഇനിയും ഉണ്ടാകുന്നില്ല. ഇപ്പോൾ പ്രഖ്യാപിച്ച പാക്കേജിന്റെ ഫലങ്ങൾ സാധാരണക്കാരന് ലഭിക്കില്ലെന്നതാണ് ഏറെ പ്രസക്തമായത്. ഉത്തേജകപാക്കേജിലെ നാലാമത്തെ പ്രഖ്യാപനമായ ‘നിയമം’ ഇപ്പോഴേ കൈവിട്ടുപോയ അവസ്ഥയാണ്. മോഡി സർക്കാർ അധികാരത്തിൽ എത്തിയപ്പോൾ തന്നെ ഇത് സംഭവിച്ചു.