June 28, 2022 Tuesday

Latest News

June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022
June 28, 2022

സമ്പദ്‌വ്യവസ്ഥ നെഗറ്റീവ് സോണിലേക്ക്

By Janayugom Webdesk
June 14, 2020

രാജ്യത്തെ സമ്പദ്‌വ്യവസ്ഥ സ്ഥിരതയുള്ള അവസ്ഥയിൽ നിന്നും നെഗറ്റീവ് സോണിലേക്ക് പോകുന്നതായി ക്രെഡിറ്റ് റേറ്റിങ് ഏജൻസിയായ മൂഡീസ് നടത്തിയ സർവേയിൽ കണ്ടെത്തിയിരുന്നു. ഇത് രാജ്യം നേരിടുന്ന കടുത്ത വിനാശത്തെയാണ് സൂചിപ്പിക്കുന്നത്. വളർച്ചാ നിരക്കിലുള്ള കുറവ്, സാമ്പത്തിക മേഖലയിലെ ശോഷണം തുടങ്ങിയ കാര്യങ്ങളുടെ വ്യക്തമായ സൂചകങ്ങളാണ്.

ദുർബലമായ അടിസ്ഥാന സൗകര്യങ്ങൾ, തൊഴിൽ, ഭൂമി തുടങ്ങിയ മേഖലയിലെ പ്രതിസന്ധി, ഉല്പന്ന കമ്പോളം നേരിടുന്ന തകർച്ച, സാമ്പത്തിക മേഖലയിലെ പ്രതിസന്ധികൾ തുടങ്ങി രാജ്യം നേരിടുന്ന രൂക്ഷമായ പ്രതിസന്ധികളും മൂഡീസ് ചൂണ്ടിക്കാട്ടുന്നു. സാമ്പത്തിക മേഖലയിലെ തകർച്ച, വളർച്ചാ നിരക്കിലെ കുറവ് എന്നിവ പരിഹരിക്കുന്നതിനുള്ള അപര്യാപ്തമായ നടപടികളും മൂഡീസിന്റെ റിപ്പോർട്ട് വെളിവാക്കുന്നു. ജിഡിപി നിരക്കിലെ കുറവാണ് ഇതിൽ ഏറെ പ്രധാനം. ഏറ്റവും കുറഞ്ഞ വളർച്ചാ നിരക്കാണ് ഇപ്പോൾ രേഖപ്പെടുത്തുന്നത്. 2019–20 സാമ്പത്തിക വർഷത്തിൽ രാജ്യത്തെ വളർച്ചാ നിരക്ക് 4.2 ശതമാനമാണ്. 2011-12 ന് ശേഷമുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.

കൊറോണ വ്യാപനത്തെ തുടർന്ന് ഏർപ്പെടുത്തിയ ലോക്ഡൗണിൽ വളർച്ചാ നിരക്ക് ഏറെ ഇടിഞ്ഞു. കോറോണ വ്യാപനത്തിന് മുമ്പും രാജ്യത്തെ സമ്പദ്‌വ്യവസ്ഥ രൂക്ഷമായ പ്രതിസന്ധിയാണ് നേരിട്ടിരുന്നത്. സമ്പദ്‌വ്യവസ്ഥയുടെ വളർച്ചയ്ക്ക് ഏറെ പ്രദാനം ചെയ്യുന്ന എട്ട് തന്ത്രപ്രധാന മേഖലകളിൽ രൂക്ഷമായ തകർച്ചയാണ് ഉണ്ടായത്. കൽക്കരി, സിമന്റ്, വൈദ്യുതി, ക്രൂഡ് ഓയിൽ എന്നിവ ഉൾപ്പെടെയുള്ള എല്ലാ മേഖലകളും നെഗറ്റീവ് സോണിലൂടെയാണ് കടന്നുപോകുന്നത്. നൽകാനുള്ള പണം നൽകാൻ കഴിയാത്തതാണ് തന്ത്രപ്രധാന മേഖലകളുടെ തകർച്ചയ്ക്കുള്ള മുഖ്യകാരണം. ഈ പ്രതിസന്ധി മറികടക്കുന്നതിന് തൊഴിലാളികളുടെ എണ്ണം കുറയ്ക്കുന്ന തീരുമാനങ്ങളാണ് വിവിധ സ്ഥാപനങ്ങൾ കൈക്കൊണ്ടത്.

ഇപ്പോഴത്തെ സ്ഥിതിയിൽ തൊഴിലാളികളുടെ എണ്ണം കുറയ്ക്കാതെ ചെറുകിട- ഇടത്തരം സ്ഥാപനങ്ങൾക്ക് പ്രവർത്തിക്കാൻ കഴിയില്ലെന്നാണ് ആൾ ഇന്ത്യാ മാനിഫാക്ച്ചറേഴ്സ് അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകൾ അറിയിച്ചത്. 72 ശതമാനം സ്ഥാപനങ്ങളാണ് സമാന നിലപാട് സ്വീകരിച്ചത്. 42 ശതമാനം കോർപ്പറേറ്റ് സ്ഥാപനങ്ങളും തൊഴിലാളികളെ പിരിച്ചുവിടുന്ന നടപടികൾ തുടരുന്നു. മെയ് 24 നും 30നുമിടയിലാണ് സർവെ നടത്തിയത്.

ലോക്ഡൗണിനെ തുടർന്ന് ഡൽഹി, ഗുജറാത്ത്, രാജസ്ഥാൻ, പൂനെ എന്നിവിടങ്ങളിൽ 70 ശതമാനത്തോളം തൊഴിൽ നഷ്ടമാണ് ഉണ്ടായത്. തൊഴിൽ നഷ്ടം രൂക്ഷമാകുന്നതിനിടെയാണ് തൊഴിലാളികളുടെ സുരക്ഷയെ പോലും ബാധിക്കുന്ന തീരുമാനങ്ങൾ ഉണ്ടാകുന്നത്. തൊഴിലാളികൾക്ക് ന്യായമായ അവകാശങ്ങൾ ഉറപ്പാക്കിയിരുന്ന തൊഴിൽ നിയമങ്ങൾ റദ്ദാക്കി. ദീർഘകാലത്തെ പോരാട്ടത്തിലൂടെയാണ് എട്ട് മണിക്കൂർ ജോലി സമയം, സംഘടിക്കാനുള്ള അവകാശം തുടങ്ങിയ കാര്യങ്ങൾ നേടിയെടുത്തത്. തൊഴിലാളി വർഗമാണ് ഒരു സമൂഹത്തിന്റെ അടിസ്ഥാനം. ഇത് തന്നെയാണ് മാറ്റത്തിനുള്ള പ്രേരക ശക്തിയും. ഇത് ഇല്ലാതാക്കുന്നതിലൂടെ സമൂഹത്തെ നാശത്തിലേക്ക് നയിക്കുന്നത്.

ജാതി, മതം, വർഗം എന്നിവയുടെ പേരിൽ ഇവരെ ഭിന്നിപ്പിക്കുന്നത് പുരോഗതി ഇല്ലാതാക്കും. ദാരിദ്ര്യ രേഖയ്ക്ക് താഴേയ്ക്ക് ഇവരെ തള്ളിവിടുക, അടിസ്ഥാന ആവശ്യംപോലും നിറവേറ്റാൻ കഴിയാത്ത അവസ്ഥ തുടങ്ങിയ കാര്യങ്ങൾ ജനാധിപത്യത്തെ പോലും ഇല്ലാതാക്കും. ഈ ആയുധങ്ങളെല്ലാം ഇന്ന് നമുക്ക് അപരിചിതമല്ല. തൊഴിൽ നിയമങ്ങൾ റദ്ദാക്കുക എന്നത് ഭരണഘടനാ അവകാശങ്ങളുടെ ലംഘനമാണ്. രാജ്യത്തെ തൊഴിലാളികളിൽ 90 ശതമാനവും അസംഘടിത മേഖലയിലാണ് പണിയെടുക്കുന്നത്. ഇവർക്ക് പലപ്പോഴും സാമൂഹ്യ സുരക്ഷാ പദ്ധതികളുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നില്ല.

കൂടുതൽ മണിക്കൂറുകൾ ജോലി ചെയ്യേണ്ടിവരുമെങ്കിലും കുറഞ്ഞ കൂലി പോലും ലഭിക്കില്ല. സുരക്ഷാ പദ്ധതികൾ ഇവർക്ക് നിഷേധിക്കുപ്പെടുന്നു. ദളിതർ, ആദിവാസികൾ, പിന്നാക്ക മേഖലയിൽ നിന്ന് വരുന്നവർ ഇവരാണ് അസംഘടിത മേഖലയിൽ പണിയെടുക്കുന്നവരിൽ ഭൂരിഭാഗവും. ഹിന്ദുത്വ വാദികളും വർഗീയ ശക്തികളും തമ്മിലുള്ള കൂട്ടുകെട്ട് ധനികർക്കായി നിലകൊള്ളുന്നു. ഈ വലതുപക്ഷ കൂട്ടുകെട്ട് തൊഴിലാളി വിരുദ്ധ, ദളിത് വിരുദ്ധ, വർഗീയ നയങ്ങൾ രൂപീകരിച്ച് നടപ്പാക്കുന്നു.

സ്വന്തം വീടുകളിലെത്താൻ നൂറുകണക്കിന് മൈലുകൾ താണ്ടുന്ന ഇവരിൽ ഭൂരിഭാഗവും ദുർബല വിഭാഗങ്ങളിൽപ്പെടുന്നവരാണ്. ചിലർ റോഡിൽ കുഴ‌ഞ്ഞുവീഴുന്നു. ഇവർക്കായുള്ള ട്രെയിനുകളിൽ ദിവസങ്ങളോളം ഭക്ഷണവും കുടിവെള്ളവുമില്ലാതെ യാത്ര ചെയ്യേണ്ടിവരുന്നു. വീട്ടിലെത്തിയാൽ ഇവരുടെ അന്നത്തിനായി മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി ആനുകൂല്യങ്ങൾ ഇവർ പ്രതീക്ഷിക്കുന്നു.

ചിലർ കൃഷിപ്പണി ചെയ്ത് ജീവിക്കാമെന്ന പ്രതീക്ഷയിലാണ്. അപ്പോഴും ഇവർക്ക് കുറഞ്ഞ കൂലി പോലും ലഭിക്കില്ല. കഷ്ടപ്പാടുകൾ ഇവിടെക്കൊണ്ട് തീരുന്നില്ല. തൊഴിലവസരങ്ങൾ വെട്ടിക്കുറയ്ക്കുമ്പോഴും രാജ്യത്തെ സമ്പദ്‌വ്യവസ്ഥയ്ക്ക് ഇവരെ ആവശ്യമാണ്. സമ്പദ്‌വ്യവസ്ഥയുടെ ഇപ്പോഴത്തെ പരാധീനതകൾ അകറ്റുന്നതിന് ഇവരെ ആവശ്യമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.