Web Desk

May 11, 2020, 5:00 am

കൊറോണയുടെ മറവില്‍ തലയുയര്‍ത്തുന്ന തൊഴിലാളിദ്രോഹം

Janayugom Online

കോവിഡ് മഹാമാരിയുടെ മറവില്‍ ഇന്ത്യന്‍ തൊഴിലാളികളുടെ ജീവിതത്തെ ഒരുനൂറ്റാണ്ട് പിന്നോട്ടടിക്കുന്ന രാക്ഷസീയ നടപടികള്‍ക്ക് തുടക്കമായിരിക്കുന്നു. സുദീര്‍ഘങ്ങളും ത്യാഗോജ്വലവുമായ പോരാട്ടങ്ങളിലൂടെ തൊഴിലാളിവര്‍ഗം നേടിയെടുത്ത അവകാശങ്ങളാണ് ദുരന്തനിവാരണ നിയമം, പകര്‍ച്ചവ്യാധി നിയമം എന്നിവയുടെ പിന്‍ബലത്തില്‍ നടപ്പാക്കിവരുന്നത്. ഉത്തര്‍പ്രദേശില്‍ ആദിത്യനാഥ് സര്‍ക്കാര്‍ നാല് ‍നിയമങ്ങള്‍ ഒഴികെ മറ്റെല്ലാ തൊഴില്‍ നിയമങ്ങളും നിരോധിക്കുക വഴി തൊഴിലാളികള്‍ക്ക് എതിരായ കടന്നാക്രമണങ്ങള്‍ക്കാണ് തുടക്കം കുറിച്ചത്.

അടിമപ്പണിക്കു സമാനമായ കരാര്‍ തൊഴില്‍, നിര്‍മ്മാണ തൊഴില്‍, മരണം, അപകടം എന്നിവ‌ക്കുള്ള നഷ്ടപരിഹാരം, പണിയെടുത്ത മാസത്തെ കൂലി അടുത്തമാസം ഏഴാം തീയതിക്കകം നല്‍കണമെന്ന് നിഷ്കര്‍ഷിക്കുന്ന വേതന നിയമം എന്നിവ ഒഴികെ മറ്റെല്ലാ തൊഴില്‍ നിയമങ്ങളും അസാധുവാക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സാണ് യുപി സര്‍ക്കാര്‍ പുറപ്പെടുവിച്ചത്. തൊഴില്‍ സമയം, ഷിഫ്റ്റ്, വേതന നിരക്ക്, ഓവര്‍ടെെം, കാന്റീന്‍ സൗകര്യമടക്കം മറ്റ് ആനുകൂല്യങ്ങള്‍ എന്നിവ സംബന്ധിച്ച് നിലവിലുള്ള നിയമങ്ങളടക്കം എല്ലാ തൊഴില്‍ നിയമങ്ങളും ഇതോടെ അസാധുവാക്കപ്പെട്ടിരിക്കുന്നു. ഉത്തര്‍പ്രദേശിനെ പിന്തുടര്‍ന്ന് മധ്യപ്രദേശ്, ഗുജറാത്ത്, ഒഡിഷ തുടങ്ങിയ സംസ്ഥാനങ്ങളും സമാന ഓര്‍ഡിനന്‍സുകളുമായി രംഗത്തു വന്നുകഴിഞ്ഞു. കോര്‍പ്പറേറ്റ് തൊഴില്‍ ഉടമകള്‍ക്ക് തൊഴിലാളികളുടെ മേല്‍ അനിയന്ത്രിത ചൂഷണത്തിനും അതുവഴി കൊള്ളലാഭത്തിനും വഴിതുറക്കുന്ന നിയമങ്ങള്‍ മറ്റെല്ലാ സംസ്ഥാനങ്ങളും പിന്‍തുടരാന്‍ നിര്‍ബന്ധിതമാകുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്.

മേല്‍വിവരിച്ച തൊഴിലാളി വിരുദ്ധ നിയമങ്ങള്‍ നടപ്പാക്കാന്‍ വിസമ്മതിക്കുന്ന സംസ്ഥാനങ്ങളില്‍ നിലവിലുള്ള വ്യവസായങ്ങള്‍ ചൂഷണത്തിനും കൊള്ളലാഭത്തിനും അവസരം ഒരുക്കിനല്‍കുന്ന സംസ്ഥാനങ്ങളിലേക്ക് മാറ്റി സ്ഥാപിക്കപ്പെടുന്ന സാഹചര്യമാണ് വളര്‍ന്നുവന്നിരിക്കുന്നത്. പതിനെട്ടും പത്തൊമ്പതും നൂറ്റാണ്ടുകളില്‍ നിലനിന്നിരുന്ന കൊടിയ ചൂഷണത്തിന്റെ നാളുകളിലേക്കാണ് ഈ മടങ്ങിപ്പോക്ക്. കോവിഡ് മഹാമാരി അസാധാരണവും അഭൂതപൂര്‍വവുമായ സ്ഥിതിവിശേഷമാണ് സൃഷ്ടിച്ചിരിക്കുന്നത്. അതിനെ മറികടക്കാന്‍ അസാധാരണ നടപടികള്‍ ആവശ്യമാണ്. അത്തരം വാദഗതികള്‍ പൊതുവില്‍ സ്വീകാര്യമായി തോന്നിയേക്കാം.

എന്നാല്‍ തൊഴില്‍ നിയമങ്ങള്‍ക്കും തൊഴിലാളികളുടെ അവകാശങ്ങള്‍ക്കും നേരെ നടക്കുന്ന അതിക്രൂരവും പ്രാകൃതവുമായ ഈ കടന്നാക്രമണം കോവിഡ് മഹാമാരിയാല്‍ പ്രേരിതമല്ലെന്നും അത് തികച്ചും ആസൂത്രിതമായി തൊഴിലാളിവര്‍ഗത്തിന് എതിരെ നടത്തുന്ന കടന്നാക്രമണമാണെന്നും വസ്തുതകള്‍ വ്യക്തമാക്കുന്നു. രാജ്യത്തെ തൊണ്ണൂറു ശതമാനത്തോളം വരുന്ന സൂക്ഷ്മ, ചെറുകിട, ഇടത്തരം തൊഴില്‍ സംരംഭങ്ങള്‍ ഏതാണ്ട് പൂര്‍ണമായും അനിശ്ചിതത്വത്തിലും സ്തംഭനത്തിലും ആയിരുന്നു. കൊറോണ മഹാമാരിക്ക് എത്രയോ മുമ്പ് മോഡി ഭരണകൂടം നടപ്പാക്കിയ നയസമീപനങ്ങളായിരുന്നു അതിനു കാരണം. ആസൂത്രണമോ വീണ്ടുവിചാരമോ കൂടാതെ മോഡി സര്‍ക്കാര്‍ പ്രഖ്യാപിച്ച അടച്ചുപൂട്ടല്‍ ആ മേഖലകളെ ഏതാണ്ട് തുടച്ചുനീക്കിയിരിക്കുന്നു.

അവ പുനരുദ്ധരിക്കുന്നതിനോ അത്തരം സംരംഭങ്ങള്‍ക്കും സംരംഭകര്‍ക്കും ഒരു കെെത്താങ്ങ് നല്‍കാനോ‍ പോലും മോഡി ഭരണകൂടം വിസമ്മതിക്കുകയാണ്. പിന്നെ ആരുടെ താല്പര്യമാണ് അവരെ നയിക്കുന്നത്? സമസ്ത തൊഴില്‍ നിയമങ്ങളും കാറ്റില്‍പറത്തി തൊഴിലാളികളെ കൊടിയ ചൂഷണത്തിന് ഇരകളാക്കി ലാഭക്കൊള്ള നടത്തുന്ന വമ്പന്‍ കോര്‍പ്പറേറ്റ് ചങ്ങാതിമാരുടെ വിടുപണിയാണ് കേന്ദ്ര‑സംസ്ഥാന ബിജെപി സര്‍ക്കാരുകള്‍ നിര്‍വഹിക്കുന്നത്. പ്രതിപക്ഷ പാര്‍ട്ടികള്‍ എന്ന് അവകാശപ്പെടുന്നവര്‍ പലരും നയിക്കുന്ന സംസ്ഥാന സര്‍ക്കാരുകളുടെ കോര്‍പ്പറേറ്റ് പക്ഷപാതിത്വവും വിധേയത്വവും വിശദീകരണം അര്‍ഹിക്കുന്നില്ല.

കൊറോണ മഹാമാരിക്ക് എത്രയോ മുന്‍കൂട്ടി, അത്തരമൊരു അടിയന്തിര സാഹചര്യത്തെപ്പറ്റി യാതൊരു സൂചനപോലും ഇല്ലാതിരുന്ന സമയത്താണ്, മോഡി സര്‍ക്കാര്‍ രാജ്യത്ത് നിലവിലുണ്ടായിരുന്ന 44 കേന്ദ്ര തൊഴില്‍ നിയമങ്ങള്‍ നാല് ലേബര്‍ കോഡുകളായി ഒതുക്കിയത്. വേതനം സംബന്ധിച്ച ലേബര്‍ കോഡ് ഇതിനകം പാര്‍ലമെന്റ് അംഗീകരിച്ചുകഴിഞ്ഞു. തൊഴില്‍ സുരക്ഷിതത്വം, ആരോഗ്യം, തൊഴില്‍ വ്യവസ്ഥകള്‍ എന്നിവ സംബന്ധിച്ച കോഡ്, വ്യവസായബന്ധ കോഡ്, സാമൂഹ്യ സുരക്ഷാ കോഡ് എന്നിവ പാര്‍ലമെന്റിന്റെ തൊഴില്‍കാര്യ സ്ഥിരം സമിതിയുടെ പരിഗണനയിലാണ്. ബിജെപിക്ക് പാര്‍ലമെന്റിലുള്ള മൃഗീയ ഭൂരിപക്ഷത്തിന്റെ പശ്ചാത്തലത്തില്‍ ആ നിയമങ്ങളുടെ ഭാവി വ്യക്തമാണ്.

ഇപ്പോള്‍ ബിജെപിയുടേതടക്കം സംസ്ഥാന ഗവണ്‍മെന്റുകള്‍ നടപ്പാക്കുന്ന തൊഴിലാളിവിരുദ്ധ നിയമങ്ങള്‍ക്ക് ഫലത്തില്‍ കൊറോണ മഹാമാരിയുമായി യാതൊരു ബന്ധവുമില്ല. അത് ഭരണവര്‍ഗത്തിന്റെ സിരകളില്‍ രൂഢമൂലമായിരിക്കുന്ന തൊഴിലാളിവര്‍ഗ വിരുദ്ധതയുടെ പ്രകാശനം മാത്രമാണ്. കൊറോണ മഹാമാരി തൊഴിലാളിവര്‍ഗ ചൂഷണത്തിന് സൗകര്യപ്രഥമായ നിമിത്തമായെന്ന് മാത്രം.