അഭൂതപൂര്‍വമായ വെല്ലുവിളികള്‍ക്കു നടുവില്‍ മറ്റൊരു മെയ്ദിനം

Web Desk
Posted on April 29, 2020, 5:00 am

മനുഷ്യചരിത്രത്തിലെ ഏറ്റവും കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ നടുവിലാണ് ലോകമെങ്ങും തൊഴിലാളിവര്‍ഗം ഇത്തവണ മെയ് ദിനാചരണത്തിന് തയ്യാറെടുക്കുന്നത്. വികസിത, വികസ്വര, അവികസിത ഭേദമന്യെ ശതകോടിക്കണക്കിന് തൊഴിലാളികളാണ് ലോകമെമ്പാടും തൊഴില്‍രഹിതരാവുകയും പൊടുന്നനെ അനിശ്ചിതത്വത്തിലേക്ക് തള്ളിനീക്കപ്പെടുകയും ചെയ്തത്. അത്യന്തം ഉല്‍ക്കണ്ഠാജനകമായ തൊഴില്‍സ്തംഭനത്തിന്റെയും തൊഴില്‍രാഹിത്യത്തിന്റെയും ഭീതിജനകമായ സാമ്പത്തിക അനിശ്ചിതത്വത്തിന്റെയും പെട്ടെന്നുള്ള കാരണം ലോകത്തെയാകെ ഗ്രസിച്ചിരിക്കുന്ന കൊറോണ വെെറസ് മഹാമാരി തന്നെയാണ്. മനുഷ്യരാശി നാളിതുവരെ ആര്‍ജിച്ചതും ഏതാനും പേരുടെ കെെപ്പിടിയില്‍ ഒതുങ്ങിയിരിക്കുന്നതുമായ സമ്പത്തിന്റെ നീതിപൂര്‍വമായ പുനര്‍വിതരണത്തിലൂടെ അതിജീവിക്കാവുന്ന പ്രതിസന്ധി മാത്രമാണ് നമുക്ക് മുന്നിലുള്ളതെന്ന് ലഭ്യമായ കണക്കുകള്‍ ഓരോന്നും വെളിവാക്കുന്നു.

കോവിഡ് 19 മഹാമാരിയുടെ പശ്ചാത്തലത്തില്‍ അമേരിക്കന്‍ ഐക്യനാടുകളുടെയും ഇന്ത്യയുടേതുമടക്കം ഭരണകൂടങ്ങളും കേന്ദ്ര ബാങ്കുകളും ആഘോഷപൂര്‍വം പ്രഖ്യാപിച്ച സാമ്പത്തിക സഹായ പദ്ധതികളും അവയുടെ പ്രായോഗിക നടത്തിപ്പും പരിശോധിച്ചാല്‍ അവ യഥാര്‍ത്ഥത്തില്‍ ആരെയാണ് ലക്ഷ്യം വയ്ക്കുന്നതെന്ന് കാണാന്‍ കഴിയും. ശതകോടിക്കണക്കിനു വരുന്ന തൊഴിലാളികളും കര്‍ഷകരും ഇടത്തരക്കാരുമടങ്ങുന്ന ജനസാമാന്യങ്ങള്‍ക്ക് കഷ്ടിച്ച് ജീവന്‍ നിലനിര്‍ത്താന്‍ ഉതകുന്ന സഹായങ്ങള്‍ പോലും സാര്‍വത്രികമായി നല്‍കാന്‍ വിസമ്മതിക്കുന്ന ഭരണകൂടങ്ങള്‍ അതിസമ്പന്നര്‍ക്ക് സാമ്പത്തിക സുരക്ഷിതത്വം മാത്രമല്ല അവരുടെ ആസ്തി പെരുപ്പിക്കാനുള്ള അവസരവും മഹാമാരിയുടെ മറവില്‍ ഒരുക്കി നല്‍കുന്നു. യുഎസില്‍ ട്രംപ് ഭരണകൂടം പ്രഖ്യാപിച്ച അനേക ലക്ഷം കോടി ഡോളറിന്റെ പാക്കേജിന് മുഖ്യ ഗുണഭോക്താക്കള്‍ ആരൊക്കെയാണെന്ന് കാണിക്കുന്ന ഒരു പഠനം ജനയുഗം ഇതേ പേജില്‍ തന്നെ നല്‍കിയിരിക്കുന്നു. തികച്ചും യാദൃശ്ഛികമായിരിക്കാം വിജയ് മല്യയും മെഹുല്‍ ചോസ്കിയും ഉള്‍പ്പെട്ട ഇന്ത്യന്‍ കോര്‍പ്പറേറ്റ് കൊള്ളക്കാരുടെ 68,000 കോടി രൂപയുടെ വായ്പ എഴുതിത്തള്ളിയ വാര്‍ത്തയും ഇതേ ദിവസം തന്നെയാണ് പുറത്തുവന്നിരിക്കുന്നത്.

ബാങ്ക് വായ്പകള്‍ എഴുതിതള്ളിയ വകയിലും അവര്‍ നല്‍കേണ്ട നികുതി ഇനങ്ങള്‍ക്ക് നല്‍കിയ ഇളവുകളിലുമായി അ­നേക ലക്ഷം കോടിയുടെ ആനുകൂല്യങ്ങളാണ് ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ക്ക് മോഡി സര്‍ക്കാര്‍ ഉദാരപൂര്‍വം നല്‍കിയത്. മറുവശത്ത് കഴിഞ്ഞ രണ്ട് ദശകങ്ങളായി രാജ്യത്തെ തൊഴിലാളികളും അവരുടെ സംഘടനകളും നിരന്തരം ഉന്നയിച്ചുപോന്ന ആവശ്യങ്ങളോട് പ്രതികരിക്കാന്‍ പോലും തയ്യാറാവാത്ത തൊഴിലാളി വിരുദ്ധതയും നിഷേധാത്മകതയുമാണ് ഭരണകൂടത്തിന്റെ മുഖമുദ്ര. രാജ്യത്തിന്റെ കാര്‍ഷിക വ്യാവസായിക മേഖലകളടക്കം സമ്പത്ത് ഉല്പാദന പ്രക്രിയയില്‍ പങ്കാളികളായ കോടാനുകോടി വരുന്ന അസംഘടിത തൊഴിലാളികളോടുള്ള ഈ സര്‍ക്കാരിന്റെ അതീവ നിന്ദ്യവും ക്രൂരവുമായ സമീപനമാണ് മതിയായ മുന്നറിയിപ്പുപോലും കൂടാതെ നടപ്പിലാക്കിയ അടച്ചുപൂട്ടല്‍ തുറന്നുകാട്ടിയത്.

എഫ്‌സിഐ ഗോഡൗണുകളില്‍ നിറഞ്ഞുകവിയുന്ന ഭക്ഷ്യധാന്യങ്ങള്‍ തൊഴിലാളികളടക്കം രാജ്യത്തെ വലിയൊരു ഭാഗം പട്ടിണി പാവങ്ങള്‍ക്ക് വിതരണം ചെയ്യാന്‍ വിസമ്മതിക്കുന്ന സര്‍ക്കാര്‍ അത് കോര്‍പ്പറേറ്റുകള്‍ക്ക് മീഥെെന്‍ ആൽക്കഹോളാക്കി മാറ്റാന്‍ അവസരം ഒരുക്കുന്നു. ഈ ദൃശ്യ ഭരണകൂട ക്രൂരതകളുടെ നടുവിലാണ് ഇത്തവണ ഇന്ത്യന്‍ തൊഴിലാളിവര്‍ഗം ലോകതൊഴിലാളി ദിനാചരണത്തില്‍ പങ്കുചേരുന്നത്. മനുഷ്യ ചരിത്രത്തിലെ ഏറ്റവും ഭീഷണമായ ഈ ദിനങ്ങളില്‍ മനുഷ്യനായി ജീവിക്കാനും നൂറ്റാണ്ടുകളുടെ സഹനത്തിലൂടെ കെെവരിച്ച നേട്ടങ്ങളും അവകാശങ്ങളും നിലനിര്‍ത്താനുമുള്ള പോരാട്ടത്തിലാണ് തൊഴിലാളിവര്‍ഗം.

എട്ടുമണിക്കൂര്‍ തൊഴില്‍ സമയത്തിനു വേണ്ടിയാണ് ഷിക്കാഗോയില്‍ തൊഴിലാളികള്‍ ചോര ചിന്തിയത്. ഇന്ന് ഇന്ത്യയില്‍ കോവിഡ് 19 മഹാമാരിയുടെ മറവില്‍ ഗുജറാത്തിലും മധ്യപ്രദേശിലും തൊഴില്‍ സമയം 12 മണിക്കൂറാക്കി ഉയര്‍ത്തി വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നു. കഴിഞ്ഞ ആറു വര്‍ഷക്കാലങ്ങളായി തൊഴിലാളി വിരുദ്ധ നിയമനിര്‍മ്മാണങ്ങള്‍ക്ക് നേതൃത്വം നല്‍കിവരുന്ന മോഡി ഭരണകൂടം സംഘ്പരിവാര്‍ ഘടകമായ ബിഎംഎസിന്റെ എതിര്‍പ്പുപോലും അവഗണിച്ച് മുന്നോട്ടുപോകാനാണ് ശ്രമിക്കുന്നത്. വമ്പന്‍ കോര്‍പ്പറേറ്റ് കുത്തകകളുടെ സമ്പത്തിന്റെ ചെറിയൊരു പങ്കുകൊണ്ട് പരിഹരിക്കാവുന്ന സാമ്പത്തിക ആവശ്യങ്ങള്‍ക്കുവേണ്ടി കോടാനുകോടി സാധാരണക്കാരുടെ മേല്‍ നികുതിഭാരവും ജീവനക്കാരുടെ ക്ഷാമബത്തയടക്കമുള്ള അവകാശ നിഷേധത്തിനുമാണ് മോഡി ഭരണകൂടം മുതിരുന്നത്. മനുഷ്യനായി ജനിച്ച് മനുഷ്യനായി ജീവിച്ചു മരിക്കാനുള്ള തൊഴിലാളിയുടെ അടിസ്ഥാന അവകാശമാണ് വെല്ലുവിളിക്കപ്പെടുന്നത്. ഇക്കൊല്ലത്തെ മെയ് ദിനാചരണം തൊഴിലാളി വര്‍ഗ അവകാശപ്പോരാട്ടത്തില്‍ നാഴികക്കല്ലായി മാറുകയാണ്.

ENGLISH SUMMARY: Janayugam edi­to­r­i­al about the may day