Web Desk

June 26, 2020, 5:00 am

സഹകരണരംഗം കെെയടക്കുന്ന ഓര്‍ഡിനന്‍സ് ജനാധിപത്യവിരുദ്ധം

Janayugom Online

രാജ്യത്തെ അര്‍ബന്‍ സഹകരണ ബാങ്കുകളുടെയും ബഹു സംസ്ഥാന സഹകരണ ബാങ്കുകളുടെയും മേല്‍നോട്ട അധികാരം റിസര്‍വ് ബാങ്കില്‍ നിക്ഷിപ്തമാക്കിക്കൊണ്ടുള്ള ഓര്‍ഡിനന്‍സിന് ബുധനാഴ്ച കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. നിക്ഷേപകര്‍ക്ക് കൂടുതല്‍ സ്വാസ്ഥ്യവും നിക്ഷേപങ്ങള്‍ക്ക് വര്‍ധിച്ച സുരക്ഷിതത്വവും ഉറപ്പുവരുത്താനാണ് നടപടിയെന്നാണ് തീരുമാനം വിശദീകരിച്ച വാര്‍ത്താ, പ്രക്ഷേപണ വകുപ്പ് മന്ത്രി പ്രകാശ് ജാവഡേക്കറുടെ ഭാഷ്യം.

സമീപകാലത്തെ മറ്റുപല ഓര്‍ഡിനന്‍സുകളുമെന്നപോലെ ആവശ്യമായ ചര്‍ച്ചകളോ അഭിപ്രായ സമന്വയമോ കൂടാതെയാണ് കേന്ദ്രമന്ത്രിസഭ ഓര്‍ഡിനന്‍സിന് അംഗീകാരം നല്‍കിയിരിക്കുന്നത്. കോവിഡ്കാല ആരോഗ്യ അടിയന്തരാവസ്ഥയില്‍ സാധാരണ നിയമനിര്‍മ്മാണ പ്രക്രിയകള്‍ അസാധ്യമായിരിക്കെ കേന്ദ്രമന്ത്രിസഭ കെെക്കൊണ്ട തീരുമാനം പല സംശയങ്ങള്‍ക്കും ആശങ്കകള്‍ക്കും ഇടനല്‍കുന്നു. നിക്ഷേപകര്‍, സഹകാരികള്‍, സംസ്ഥാന സര്‍ക്കാരുകള്‍ തുടങ്ങി ബന്ധപ്പെട്ടവരുടെ അഭിപ്രായങ്ങള്‍ ആരായുകയോ കണക്കിലെടുക്കുകയോ ചെയ്തതായി വ്യക്തതയില്ല.

സഹകരണ ബാങ്കുകള്‍ ധനകാര്യസ്ഥാപനങ്ങള്‍ എന്നിവയുടെ ഉദ്ദേശലക്ഷ്യങ്ങള്‍ പുതിയ സംവിധാനത്തില്‍ എപ്രകാരം സംരക്ഷിക്കപ്പെടുമെന്നതിലും അവ്യക്തതയുണ്ട്. നരേന്ദ്രമോഡി സര്‍ക്കാരിന് കീഴില്‍ റിസര്‍വ് ബാങ്കിന്റെ‍തന്നെ സ്വയംഭരണാവകാശങ്ങള്‍ നിരന്തരം ചോദ്യം ചെയ്യപ്പെടുകയും അത് സര്‍ക്കാരിന്റെ ഒരു ഡിപ്പാര്‍ട്ട്മെന്റായി അധഃപതിക്കുകയും ചെയ്ത സാഹചര്യം കൂടി കണക്കിലെടുക്കുമ്പോള്‍ പുതിയ ഓര്‍ഡിനന്‍സ് ജനങ്ങളില്‍ ആശങ്ക വര്‍ധിപ്പിക്കുന്നു. രാജ്യത്തെ സ്വയംഭരണാധികാരമുള്ള ഭരണഘടനാ സ്ഥാ­പനങ്ങള്‍ ഒന്നൊന്നായി എക്സിക്യൂട്ടീവിന്റെ അമിതാധികാര പ്രവണതയ്ക്ക് വിധേയമാകുന്ന സാഹചര്യത്തില്‍ പുതിയ ഓര്‍ഡിനന്‍സ് വിമര്‍ശനവിധേയമാവുക സ്വാഭാവികമാണ്. ആര്‍ബിഐയുടെ സമ്പൂര്‍ണ്ണ നിയന്ത്രണത്തിലുള്ള പൊതുമേഖലാ ബാങ്കുകളടക്കം രാജ്യത്തെ ബാങ്കുകളില്‍ പലതും തുടര്‍ന്നുവരുന്ന സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച വിവാദങ്ങള്‍ സമീപകാലത്തായി ഏറിവരികയാണ്.

വന്‍ കോര്‍പ്പറേറ്റുകളും ഊഹക്കച്ചവടക്കാരും നിക്ഷേപകരുടെ ആയിരക്കണക്കിന് കോടി രൂപ വായ്പയെടുത്ത് രാജ്യം വിട്ടു, അത് പതിവ് സംഭവങ്ങളായിരിക്കുന്നു. ലക്ഷക്കണക്കിന് കോടി രൂപയുടെ കിട്ടാക്കടങ്ങള്‍ നിര്‍ലോഭം എഴുതിത്തള്ളുന്നതിന് കേന്ദ്രസര്‍ക്കാര്‍ നേതൃത്വവും ഒത്താശയും നല്‍കുന്നു. റിസര്‍വ് ബാങ്കിന്റെ കരുതല്‍ശേഖരത്തില്‍ നിന്നും വര്‍ധിച്ച വിഹിതത്തിനുവേണ്ടി മോഡി സര്‍ക്കാര്‍ നടത്തിയ ശ്രമങ്ങള്‍ ബാങ്കും ഗവണ്മെന്റും തമ്മില്‍ ഏറ്റുമുട്ടലിനും മുന്‍ ഗവര്‍ണറുടെ രാജിക്കു തന്നെയും വഴിവച്ചിരുന്നു. ആ ഏറ്റുമുട്ടലില്‍ മോഡി സര്‍ക്കാര്‍ വലിയൊരളവ് വിജയിക്കുകയുമുണ്ടായി. കേന്ദ്ര മന്ത്രിസഭ അംഗീകരിച്ച ഓര്‍ഡിനന്‍സിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിക്കുന്നതോടെ 1,482 അര്‍ബന്‍ സഹകരണ ബാങ്കുകളും 58 ബഹുസംസ്ഥാന സഹകരണ ബാങ്കുകളും കൂടി റിസര്‍വ് ബാങ്കിന്റെ, അതായത് ഫലത്തില്‍ കേന്ദ്ര സര്‍ക്കാരിന്റെ, നിയന്ത്രണത്തിലാവും.

ഏതാണ്ട് ഒമ്പത് കോടി നിക്ഷേപകരുടെ അഞ്ച് ലക്ഷം കോടി രൂപയോളം വരുന്ന നിക്ഷേപമായിരിക്കും ഈ ഓര്‍ഡിനന്‍സ് വഴി കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണത്തിലാവുക. കുപ്രസിദ്ധമായ നോട്ട് നിരോധനത്തിന്റെ ശരിയായ കണക്കുകള്‍ പോലും നാളിതുവരെ പാര്‍ലമെന്റിലോ ജനങ്ങള്‍ക്കു മുന്നിലോ വയ്ക്കാന്‍ വിസമ്മതിക്കുന്ന ഒരു ഭരണസംവിധാനമാണ് ജനങ്ങളുടെ കൂടുതല്‍ നിക്ഷേപത്തിന്മേല്‍ കെെവയ്ക്കാന്‍ ഒരുങ്ങുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ തന്നെ സാരഥ്യം വഹിച്ചിരുന്ന അഹമ്മദാബാദ് ജില്ലാ സഹകരണ ബാങ്ക് ഉള്‍പ്പെട്ട നൂറുകണക്കിന് കോടി രൂപ വരുന്ന നിരോധിത നോട്ടുമാറ്റം സംബന്ധിച്ച വിവാദത്തില്‍ മതിയായ അന്വേഷണംപോലും നടക്കാതെ ദുരൂഹത നിലനില്‍ക്കുന്നു എന്നതും ഓര്‍ഡിനന്‍സ് സംബന്ധിച്ച പുതിയ നീക്കത്തെ സംശയത്തിന്റെ നിഴലിലാക്കുന്നു.

പാര്‍ലമെന്റിലെ മൃഗീയ ഭൂരിപക്ഷവും അമിതാധികാര കേന്ദ്രീകരണവും പ്രയോജനപ്പെടുത്തി ഭരണഘടനയേയും ജനാധിപത്യ മൂല്യങ്ങളെയും കാറ്റില്‍പറത്തി സ്വേഛാധികാരം ഉറപ്പിക്കുകയാണ് നരേന്ദ്രമോഡി. രാജ്യത്തിന്റെ നീതിന്യായ സംവിധാനം, തെരഞ്ഞെടുപ്പ് കമ്മീഷന്‍, ആസൂത്രണ സംവിധാനങ്ങള്‍, വിവരാവകാശ കമ്മീഷന്‍ തുടങ്ങി റിസര്‍വ് ബാങ്കടക്കം എല്ലാ ഭരണഘടന ജനാധിപത്യ സംവിധാനങ്ങളും അസ്ഥിരീകരിക്കപ്പെടുകയും ദാസ്യവൃത്തിക്കുള്ള ഉപകരണങ്ങളാക്കി മാറ്റപ്പെടുകയുമാണ്. ഫെഡറല്‍ സംവിധാനത്തില്‍ സംസ്ഥാനങ്ങള്‍ക്കുള്ള അവകാശങ്ങള്‍ ഒന്നൊന്നായി കവര്‍ന്നെടുക്കപ്പെടുന്നു. ഇപ്പോഴത്തെ ഓര്‍ഡിനന്‍സ് സംസ്ഥാന സര്‍ക്കാരുകളുടെ അവകാശങ്ങള്‍ക്ക് മേലെയുള്ള കടന്നുകയറ്റവും അവയുടെ സ്വതന്ത്ര സ്രോതസുകളില്‍ ഒന്നിന്റെ നിഷേധവുമായിരിക്കും. ഫെഡറല്‍ അവകാശങ്ങളുടെയും സ്വയംഭരണ തത്വങ്ങളുടെയും സംരക്ഷണം ജനാധിപത്യത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ നിര്‍ണായകമായി മാറുകയാണ്.