Web Desk

June 02, 2020, 5:00 am

ആളിക്കത്തുന്ന പ്രതിഷേധം: യുഎസ് രാഷ്ട്രീയം വഴിത്തിരിവില്‍

Janayugom Online

കഴിഞ്ഞ ആറു ദിവസങ്ങളായി അക്ഷരാര്‍ത്ഥത്തില്‍ അമേരിക്ക കത്തുകയാണ്. യുഎസ് തലസ്ഥാനമായ വാഷിങ്ടണിലും സ്ഥിതി വ്യത്യസ്തമല്ല. സാമ്രാജ്യത്വ അധികാരഗര്‍വിന്റെ ഇരിപ്പിടമായ വൈറ്റ് ഹൗസിന് മുന്നിലും കനത്ത പൊലീസ് സന്നാഹങ്ങളെ അവഗണിച്ച് തീയാളി. പ്രസിഡന്റ് ട്രംപ് അടക്കം ഭയവിഹ്വലരായ അന്തേവാസികളെ രഹസ്യാന്വേഷണ ഏജന്റുമാര്‍ വൈറ്റ് ഹൗസിന്റെ സുരക്ഷിത നിലവറകളിലേക്ക് മാറ്റേണ്ടിവന്നു. വൈറ്റ് ഹൗസിന് മുന്നില്‍ സുരക്ഷാഭടന്മാര്‍ ഒരുക്കിയ പ്രതിരോധനിര ഭേദിച്ചാല്‍ ‘താന്‍ ജീവിതത്തില്‍ മറ്റെവിടെയും കണ്ടിട്ടില്ലാത്ത ഭീകരരായ നായ്ക്കളെയും വിനാശകരമായ ആയുധങ്ങളെയുമാണ്’ പ്രതിഷേധക്കാര്‍ക്ക് നേരിടേണ്ടിവരിക എന്ന് ട്രംപ് ട്വിറ്ററിലൂടെ ഭീഷണി മുഴക്കിയിരുന്നു. അതേ ട്രംപാണ് നിലവറയുടെ സുരക്ഷിതത്വത്തില്‍ ഒളിക്കേണ്ടിവന്നതെന്നത് യുഎസ് പ്രസിഡന്റ് പദവിക്കുതന്നെ തീര്‍ത്താല്‍ തീരാത്ത കളങ്കമായി.

ജോര്‍ജ്ജ് ലോയിഡ് എന്ന ഒരു കറുത്തവര്‍ഗ്ഗക്കാരന്‍ പൊലീസ് യൂണിഫോം ധരിച്ച ഒരു വര്‍ണവെറിയന്‍ വെള്ളക്കാരന്റെ മുട്ടുകാലിനുകീഴിലമര്‍ന്ന് ശ്വാസം മുട്ടി മരിക്കുമ്പോള്‍ ആരും പ്രതീക്ഷിക്കാത്ത തീവ്ര പ്രതികരണമാണ് അമേരിക്കന്‍ ഐക്യനാടുകളില്‍ അരങ്ങേറുന്നത്. അത് കേവലം ജോര്‍ജ്ജ് ലോയിഡെന്ന നിരപരാധിയായ മനുഷ്യന്റെ കൊലയിലുള്ള എതിര്‍പ്പു മാത്രമല്ല. അടിമത്വവും വര്‍ണവിവേചനവും നിയമപരമായി അവസാനിപ്പിച്ച് അനേകദശകങ്ങള്‍ പിന്നിട്ടിട്ടും യുഎസില്‍ അനുസ്യൂതം തുടരുന്ന വര്‍ണവെറിക്കും അപലപനീയമായ വിവേചനത്തിനും കെട്ടടങ്ങാന്‍ വിസമ്മതിക്കുന്ന വംശീയ അതിക്രമങ്ങള്‍‍ക്കും എതിരായ പ്രതിഷേധത്തിന്റെ വിസ്ഫോടനമാണ് ആ രാജ്യത്ത് അങ്ങോളമിങ്ങോളം പടര്‍ന്നു പിടിച്ചിരിക്കുന്നത്. ഡൊണാള്‍ഡ് ട്രംപ് പിന്തുടരുന്ന തീവ്ര വലതുപക്ഷ വര്‍ണവെറിയന്‍ രാഷ്ട്രീയവും തല്‍ഫലമായി പാരമ്യത്തിലെത്തിയ സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ അ­നീതിയും ഈ ആളിക്കത്തലിന്റെ ആക്കം കൂട്ടിയത് സ്വാഭാവികം.

കോവിഡ് മഹാമാരി വിതച്ച കൂട്ടമരണങ്ങളും അളവറ്റ ദുരിതങ്ങളും അപ്പാടെ അവഗണിച്ച് തുടരുന്ന കോ­­ര്‍പ്പറേറ്റ് പ്രീണനമാണ് ഇപ്പോഴത്തെ പൊ­ട്ടിത്തെറി അനിവാര്യമാക്കിയത്. സ്വാതന്ത്ര്യത്തിന്റെയും ജനാധിപത്യത്തിന്റെയും പറുദീസയെന്ന് യുഎസ് നിരന്തരം ഉദ്ഘോഷിക്കുന്നതും ലോകമെമ്പാടും വലതുപക്ഷ ശക്തികള്‍ വാഴ്ത്തുന്നതുമായ അമേരിക്കയുടെ യഥാര്‍ത്ഥ മുഖമാണ് ജോര്‍ജ്ജ് ലോയിഡിന്റെ കൊലപാതകവും തുടര്‍ന്ന് പൊട്ടിപ്പുറപ്പെട്ട പ്രതിഷേധവും അത് അടിച്ചൊതുക്കാന്‍ നടത്തുന്ന ‘ക്രമസമാധാന’ പരിപാലന യത്നങ്ങളും തുറന്നു കാട്ടുന്നത്. ആ രാജ്യത്തെ ഡസന്‍കണക്കിന് നഗരങ്ങളില്‍ നിന്നും പട്ടണങ്ങളില്‍ നിന്നും നിമിഷം പ്രതി പുറത്തുവരുന്ന പ്രതിഷേധത്തിന്റെയും അതിനെ നേരിടുന്ന സുരക്ഷാ സേനയുടെ അതിക്രമ ദൃശ്യങ്ങളും അമേരിക്കന്‍ സ്വപ്നങ്ങളുടെ മുഖംമൂടിയാണ് വലിച്ചുകീറുന്നത്. കൊറോണ മഹാമാരിയുടെ ദുരന്ത ചിത്രങ്ങള്‍ക്ക് സൃഷ്ടിക്കാന്‍ കഴിയാത്ത രോഷം ഒരുപക്ഷെ ഈ ദൃശ്യങ്ങള്‍ ആളിക്കത്തിക്കുന്നു. ‘യൂണിഫോം ധരിച്ച കലാപകാരികള്‍ എല്ലാ നിയന്ത്രണങ്ങളും ലംഘിച്ച് അഴിഞ്ഞാടുന്നു.

അവര്‍ നിരായുധരായി പ്രതിഷേധിക്കുന്ന ജനക്കൂട്ടത്തിലേക്ക് വാഹനങ്ങള്‍ ഓടിച്ചുകയറ്റുന്നു. അവര്‍ പത്രപ്രവര്‍ത്തകരെ എടുത്തെറിഞ്ഞ് അവരുടെ മേല്‍ കുരുമുളക് സ്പ്രേ ചെയ്യുന്നു, ജനങ്ങളെ തല്ലിച്ചതയ്ക്കുന്നു, സ്ത്രീകളുടെ കാഴ്ചശക്തിപോലും നഷ്ടപ്പെടുംവിധം ആക്രമിക്കുന്നു. സമാധാനപരമായി, നിയമാനുസൃതം ഭരണഘടന അനുവദിച്ചു നല്കുന്ന അവകാശം വിനിയോഗിക്കുന്ന പൗരന്മാര്‍ക്ക് നേരെയാണ് പ്രകോപനം ഏതുമില്ലാതെയുള്ള ഈ അതിക്രമം’- ഒരു പ്രമുഖ യുഎസ് പത്രം നല്കുന്ന വിവരണമാണിത്. ഈ അതിക്രമങ്ങള്‍ യാദൃച്ഛികമാണെന്ന് നിഷ്പക്ഷമതികള്‍ ആരും കരുതില്ല. പ്രതിഷേധിക്കുന്നവര്‍ ഇടതുപക്ഷ തീവ്രവാദികളും അരാജകവാദികളുമാണെന്ന മുന്‍വിധിയാണ് ട്രംപ് ഭരണകൂടം തുടക്കംമുതലെ പ്രകടിപ്പിക്കുന്നത്. രാഷ്ട്രീയ പ്രതിയോഗികളായ ഡമോക്രാറ്റുകള്‍ ഭരിക്കുന്ന സംസ്ഥാനങ്ങളിലും നഗരങ്ങളിലും സമാധാനപരമായ പ്രതിഷേധങ്ങള്‍ അടിച്ചമര്‍ത്താന്‍ ട്രംപ് ആഹ്വാനം നല്കുന്നു. ട്രംപിന്റെ പ്രകോപനങ്ങളാണ് ഫലത്തില്‍ പ്രതിഷേധങ്ങള്‍ക്ക് കരുത്ത് പകര്‍ന്നത്. ജോര്‍ജ്ജ് ലോയിഡിന്റെ കൊലപാതകം യുഎസ് രാഷ്ട്രീയത്തില്‍ വഴിത്തിരിവായി മാറുകയാണ്.

സമാധാനപരമായ പ്രതിഷേധങ്ങള്‍ക്കൊപ്പം അരങ്ങേറുന്ന കൊള്ളയും കൊള്ളിവയ്പും അക്രമങ്ങളും ആസൂത്രിതവും പ്രതിഷേധത്തെ തകര്‍ക്കാന്‍ ലക്ഷ്യമിട്ടുളളതുമാണെന്ന അഭിപ്രായം ശക്തമാണ്. ആ രാജ്യത്തെ അവകാശങ്ങളും അവസരങ്ങളും നിഷേധിക്കപ്പെട്ട മുഖ്യധാരയില്‍ നിന്ന് അകറ്റപ്പെട്ട, ക്രിമിനല്‍വല്ക്കരിക്കപ്പെട്ടവര്‍ കിട്ടിയ അവസരം മുതലാക്കുന്നതായും വിലയിരുത്തപ്പെടുന്നു. ഇപ്പോഴത്തെ പ്രതിഷേധം ‘ക്രമസമാധാന’ത്തെപ്പറ്റി ഉല്‍ക്കണ്ഠാകുലരായ ഭൂരിപക്ഷ വെള്ളക്കാരെ ട്രംപിന് പിന്നില്‍ അണിനിരക്കാന്‍ നിര്‍ബന്ധിതമാക്കുമെന്ന ആശങ്കയും ശക്തമാണ്. എല്ലാ പ്രാതികൂല്യങ്ങളെയും അനുകൂലമാക്കിമാറ്റാന്‍ ഈ സംഭവം ട്രംപിനെ സഹായിച്ചേക്കുമെന്ന് അത്തരക്കാര്‍ ഭയപ്പെടുന്നു. ഡമോക്രാറ്റുകളും യുഎസിലെ പുരോഗമനശക്തികളും ഈ ജനകീയ പ്രതിഷേധത്തെ എങ്ങനെ രാഷ്ട്രീയ മാറ്റത്തിനുള്ള അവസരമാക്കി മാറ്റുന്നുവെന്ന് ലോകം ഉറ്റുനോക്കുന്നു.