Web Desk

June 13, 2020, 5:00 am

ആരോഗ്യരംഗത്തെ ആരെയും നിരുത്സാഹപ്പെടുത്തരുത്

Janayugom Online

‘ഒരു യുദ്ധം നടക്കുമ്പോൾ അതിൽ പങ്കെടുക്കുന്ന പോരാളികളെ നിരുത്സാഹപ്പെടുത്താൻ പാടില്ല’- കോവിഡ് 19 നെതിരെ പോരാടുന്ന ഡോക്ടർമാർക്ക് മാസങ്ങളായി ശമ്പളവും ആനുകൂല്യവും നൽകാത്ത കേന്ദ്ര സർക്കാർ നടപടിയിൽ സുപ്രീംകോടതിയുടെ പരാമർശമാണിത്. കോവിഡിനെതിരായ ഈ യുദ്ധത്തിൽ പോരാളികളായ ആരോഗ്യപ്രവർത്തകർ തളർന്നുപോയാൽ അത് രാജ്യത്തിനും ജനങ്ങൾക്കും ദോഷം ചെയ്യുമെന്നാണ് സുപ്രീംകോടതി ബെഞ്ച് പറഞ്ഞത്.

ഡോക്ടർമാരുടെ വിഷയമാണ് കോടതിക്കുമുന്നിലെത്തിയതെങ്കിലും ആരോഗ്യരംഗത്തെ മറ്റു ജീവനക്കാരുടെ സ്ഥിതിയും മറിച്ചല്ല. മാസങ്ങളായി ശമ്പളമുൾപ്പടെ നിഷേധിക്കപ്പെട്ട് കഴിയുന്നവരാണ് നഴ്സുമാരും ഇതര ജീവനക്കാരും. ഡൽഹി, മഹാരാഷ്ട്ര, ഹരിയാന, ഉത്തർപ്രദേശ്, കർണാടക, കേരളം, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിൽ കൊടുംക്രൂരതയാണ് നഴ്സുമാരടക്കം ആരോഗ്യപ്രവർത്തകരോട് സ്വകാര്യ ആശുപത്രി മാനേജ്മെന്റുകൾ കാണിക്കുന്നത്. നഴ്സുമാരുടെ ശമ്പളം തടഞ്ഞുവയ്ക്കരുതെന്ന് ഏപ്രിൽ 15ന് സുപ്രിം കോടതി വിധി പ്രസ്താവിച്ചിരുന്നു.

ഒന്നും നടപ്പായില്ല. കോടതികളെ വെല്ലുവിളിക്കുന്നതിൽ കേരളത്തിലെയടക്കം സ്വകാര്യ മാനേജ്മെന്റുകൾ മത്സരിക്കുകയാണ്. ഡൽഹി കൽറ സഫ്ദർജങ് ആശുപത്രിയില്‍ മെയ് 23ന് ജീവൻ പൊലിഞ്ഞ പത്തനംതിട്ട വള്ളിക്കോട് സ്വദേശിനിയായ നഴ്സ് അംബികയുടെ മരണം അതിദാരുണമായിരുന്നു. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളിൽ മുഴുകിയിരുന്ന ഇവർ രോഗലക്ഷണങ്ങൾ കാണിക്കുകയും അവശയാവുകയും ചെയ്തിട്ടും മാനേജ്മെന്റ് യാതൊരു സംരക്ഷണവും നൽകിയില്ല. അംബിക മരിക്കുന്നതിന് രണ്ടുദിവസം മുമ്പ് ഡൽഹി നിവാസിയായ ചെറുകിട വ്യവസായിയുടെ മരണം ഇതേ ആശുപത്രിയിൽ സംഭവിച്ചിരുന്നു. അന്ന് അദ്ദേഹത്തിന്റെ ബന്ധുക്കളോടും അടുത്ത ദിവസം അംബികയുടെ ബന്ധുക്കളോടും മാനേജ്മെന്റ് പറഞ്ഞത് അവിടെ വെന്റിലേറ്റർ സൗകര്യം ഇല്ലെന്നാണ്.

ഇത്രയൊക്കെ സംഭവിച്ചിട്ടും അസൗകര്യങ്ങള്‍ മറച്ചുവച്ച് കോവിഡ് രോഗികളെയടക്കം ആശുപത്രിയിലേക്ക് പിന്നെയും പ്രവേശിപ്പിച്ചുകൊണ്ടേയിരുന്നു എന്നാണ് ആശുപത്രി ജീവനക്കാർ സാക്ഷ്യപ്പെടുത്തിയത്. ഇത് ഒറ്റപ്പെട്ട സംഭവമല്ല. രാജ്യത്തെ മഹാഭൂരിപക്ഷം സ്വകാര്യ ആശുപത്രികൾ കോവിഡും, ലോക്ഡൗണും പണക്കൊയ്‌ത്തിന്റെ ചാകരക്കാലമാക്കുകയാണ്. സ്വന്തം ജീവൻ പണയപ്പെടുത്തിയും സഹജീവികളുടെ ജീവൻ രക്ഷിക്കാൻ യത്നിക്കുന്ന നഴ്സുമാരുടെ ശമ്പളം തടഞ്ഞ് ലാഭം കൂട്ടി. ഇപ്പോൾ ഡോക്ടര്‍മാരുടെ ശമ്പളവും തടയാന്‍ തുടങ്ങിയിരിക്കുന്നു. കേവലം ആരോഗ്യ പ്രവർത്തകരോടുള്ള ക്രൂരതയായി മാത്രം ഇതിനെ ചുരുക്കി കാണാനാവില്ല. മഹാമാരിയുടെ ഭീതിയിൽ കഴിയുന്ന ജനങ്ങളോടാകെയുള്ള യുദ്ധപ്രഖ്യാപനമാണിത്.

കേരളത്തിലെ പല ആശുപത്രി മാനേജ്മെന്റുകളും കോവിഡ് കാലം അവസരമായി മുതലെടുക്കുന്നുണ്ട്. മഴക്കാലപൂർവരോഗ വ്യാപനത്തിലേക്കും ഡെങ്കിപ്പനി, എലിപ്പനി പോലെ പകർച്ചവ്യാധികളിലേക്കും കാലാവസ്ഥ എത്തിയിരിക്കുന്നു. കോവിഡ് 19 സാമൂഹ്യവ്യാപനം തുടങ്ങിയെന്ന രീതിയിൽ ആരോഗ്യവിദഗ്ധരുടെ ഭാഗത്തുനിന്ന് പലവിധ ചർച്ചകളും ഉയർന്നുവരുന്നു. കോവിഡ് പ്രതിരോധ സംവിധാനങ്ങള്‍ സർക്കാർ ആശുപത്രികളിൽ തുടരുകയും ഇതര രോഗങ്ങളുമായി കൂടുതൽ ആളുകൾ സ്വകാര്യ ആശുപത്രികളെ ആശ്രയിക്കുകയും ചെയ്യുന്ന ഈ പശ്ചാത്തലത്തിൽ സ്വകാര്യ ആശുപത്രികളില്‍ ഉണ്ടായിക്കൊണ്ടിരിക്കുന്ന ജീവനക്കാരുടെ പ്രശ്നങ്ങളും പരാതിയും തൊഴിൽ, ആരോഗ്യ വകുപ്പുകളും ജില്ലാ ഭരണകൂടങ്ങളും അതീവഗൗരവത്തിൽ കാണണം. സ്വകാര്യ ആശുപത്രികളിൽ ഒരിടത്തും മാനദണ്ഡപ്രകാരമുള്ള രോഗീ-നഴ്സ് ആനുപാതം പാലിക്കുന്നില്ല.

കോവിഡിന്റെ മറവിൽ സാമ്പത്തിക നഷ്ടം പറഞ്ഞ് നഴ്സിങ് വിഭാഗത്തെ പകുതിയും ജോലിയില്‍ നിന്നൊഴിവാക്കുകയും ശമ്പളം മുടക്കുകയും ചെയ്തിരിക്കുന്നു. ചിലയിടത്ത് ലോക്ഡൗൺ കാലത്ത് വീടുകളിൽ കഴിഞ്ഞിരുന്ന നഴ്സിങ് ഇതര ജീവനക്കാർക്കെല്ലാം മുഴുവൻ ശമ്പളം നൽകുകയും നഴ്സുമാർക്ക് നിഷേധിക്കുകയും ചെയ്ത് തമ്മിലടിപ്പിക്കാനുള്ള ശ്രമങ്ങളുണ്ടായി. ജോലിയിൽ ഏര്‍പ്പെട്ടിരിക്കുന്ന നഴ്സുമാർക്ക് മുഴുവൻ ശമ്പളവും നൽകാത്ത അവസ്ഥയും നിലനില്‍ക്കുന്നു. തൃശൂർ ജില്ലയിൽ നിരവധി സ്വകാര്യ ആശുപത്രികളിൽ ഇത് നഴ്സുമാരുടെ പ്രതിഷേധസമരങ്ങൾക്കാണ് വഴിയൊരുക്കിയിട്ടുള്ളത്. ഒന്നിലേറെ ആശുപത്രികളിലാണ് ശമ്പള നിഷേധത്തിന്റെ പേരിൽ നഴ്സുമാർ പ്രതിഷേധം തുടരുന്നത്.

ഒരിടത്തുപോലും രോഗികളില്ലാതെ മാനേജ്മെന്റുകൾക്ക് നഷ്ടം സഹിക്കേണ്ടിവരുന്നില്ല. സുപ്രീംകോടതിയും ഹൈക്കോടതിയുമെല്ലാം ആവര്‍ത്തിച്ചിട്ടും ഇത്തരമൊരു സാമൂഹികപശ്ചാത്തലത്തിൽ നിഷേധം തുടരുന്ന മാനേജ്മെന്റുകൾക്കെതിരെ സർക്കാർ വിശദമായ അന്വേഷണം നടത്താനും നടപടിയെടുക്കാനും തയ്യാറാവണം.