Web Desk

March 29, 2020, 5:00 am

പാവങ്ങളെ ആര് സംരക്ഷിക്കും

Janayugom Online

ഈ ദിവസങ്ങളിൽ രാജ്യം അസാധാരണമായ കഷ്ടതകളാണ് നേരിടുന്നത്. കൊറോണ വൈറസിന്റെ വ്യാപനത്തെ തുടർന്ന് രാജ്യം സമ്പൂർമായി അടച്ചിട്ടു. ചൈനയിൽ ഉടലെടുത്ത വൈറസ് യൂറോപ് കടന്ന് ഇപ്പോൾ ഇന്ത്യയിൽ എത്തി. ആരോഗ്യ വിദഗ്ധരും ശാസ്ത്ര സമൂഹവും ശക്തമായ മുന്നറിപ്പുകൾ നൽകിയിരുന്നെങ്കിലും സർക്കാർ ഇതിനെയൊക്കെ നിസാരമായി കണ്ടു. ഇപ്പോൾ രോഗം ഇന്ത്യയിലും ഒരു മഹാമാരിയായി വ്യാപിക്കുന്നു. കാര്യങ്ങൾ ഗുരുതരമായിത്തുടങ്ങിയപ്പോഴാണ് ജനങ്ങളുടെ സഹായത്തോടെ ഈ മഹാമാരിയെ നിയന്ത്രിക്കാനുള്ള പ്രവർത്തനങ്ങൾ സർക്കാർ ആരംഭിച്ചത്. ജനതാ കർഫ്യൂ ഉൾപ്പെടെയുള്ള മാർഗങ്ങൾ സർക്കാർ അവലംബിച്ചു. മാർച്ച് 25 മുതൽ 21 ദിവസത്തേയ്ക്ക് രാജ്യം പൂർണമായും ലോക്ക്ഡൗൺ ചെയ്തു. കൂട്ടം ചേരുന്നത് ഒഴിവാക്കി, വീടുകളിൽ തങ്ങാനാണ് ജനങ്ങളോട് ആവശ്യപ്പെട്ടത്. കൊറോണ വ്യാപനം തടയുന്നതിന് ഇത് തന്നെയാണ് ഏറ്റവും കാര്യക്ഷമമായ മാർഗം. ഇക്കാര്യം ആവശ്യപ്പെട്ട് പ്രധാനമന്ത്രിയും സർക്കാരും നിരന്തരം ഇത്തരത്തിലുള്ള അഭ്യർത്ഥനകൾ നടത്തുന്നുണ്ട്.

130 കോടി ജനങ്ങളുള്ള ഒരു രാജ്യത്ത് കോറന്റൈൻ ഏർപ്പെടുത്തുക എന്നത് പ്രയാസകരമായ കാര്യമാണ്. ഇതുമായി ബന്ധപ്പെട്ട സാമ്പത്തിക, രാഷ്ട്രീയ, സാമൂഹിക വശങ്ങൾ വിശകലനം ചെയ്യേണ്ടത് അനിവാര്യമാണ്. ജനങ്ങളോട് വീട്ടിൽ തങ്ങാൻ ആവശ്യപ്പെടുന്നതും ഏറെ പ്രശ്നങ്ങളാണ് ഉയർത്തുന്നത്. വൈറസിന്റെ വ്യാപനം തടയുന്നതിനായി വീട്ടിലിരിക്കാൻ പറയുന്നത് ആദ്യ കാഴ്ചയിൽ ആകർഷണീയമാണെന്ന് തോന്നാം. എന്നാൽ ദശലക്ഷക്കണക്കിന് പാവപ്പെട്ടവരുടെ കാര്യത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങൾ സർക്കാർ പരിഹരിക്കണം. രാജ്യത്തെ ജനങ്ങളോട് വീട്ടിലിരിക്കാൻ ആവശ്യപ്പെട്ടപ്പോൾ ഇക്കാര്യം രാജ്യത്തെ പ്രധാനമന്ത്രി ഓർത്തില്ല. വീടിന് പുറത്ത് ഒരു ലക്ഷ്മണ രേഖ വരച്ച് അതിനുള്ളിൽ കഴിയാനാണ് അദ്ദേഹം തനത് ശൈലിയിൽ പറഞ്ഞത്. ‘നിങ്ങൾ ഇപ്പോൾ എവിടെയാണോ അവിടെ തങ്ങണം, എന്നെ വിശ്വസിക്കൂ. ഇപ്പോൾ 21 ദിവസത്തെ നിയന്ത്രണങ്ങൾ പാലിച്ചില്ലെങ്കിൽ രാജ്യം 21 വർഷം പിന്നോട്ട് പോകും’. ഇവിടെയാണ് ഒരു പ്രസക്തമായ ചോദ്യം ഉയരുന്നത്. രാജ്യത്തെ പാവങ്ങളെ ആര് സഹായിക്കും. ദിവസക്കൂലിയെ ആധാരമാക്കി ജീവിക്കുന്നവരെ സംബന്ധിച്ചിടത്തോളം ഇത് ജീവൻ മരണ പോരാട്ടമാണ്.

രാജ്യത്തെ മൊത്തം തൊഴിലാളികളിൽ 93 ശതമാനവും അസംഘടിത മേഖലയിലാണ് പ്രവർത്തിക്കുന്നത്. ഇവർക്ക് ജോലി ചെയ്തില്ലെങ്കിൽ വേതനം ഇല്ലാത്ത അവസ്ഥയാണ്. ഭക്ഷണം പോലും വാങ്ങാൻ അവർക്ക് കഴിയില്ല. ആ കുടുംബങ്ങൾ പട്ടിണിയിലാകും. ഇവരുടെ വിവരങ്ങൾ സംബന്ധിച്ച് ഒരു കാര്യവും പുറത്തുവിടാൻ സർക്കാർ തയ്യാറാകുന്നില്ല. ഇക്കാര്യത്തിൽ നാസോയെപോലും സർക്കാർ ശീതീകരണിയിലാക്കി. പലപ്പോഴും തൊഴിൽ തേടി ഇന്ത്യൻ നഗരങ്ങളിൽ കുടിയേറുന്ന ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ള തൊഴിലാളികൾക്ക് ഭക്ഷണമോ ആരോഗ്യ പരിപാലനമോ ലഭിക്കുന്നില്ല. ഇവരിൽ പലർക്കും സ്വന്തമായി വീടോ കുടുംബമോ ഇല്ലാത്തവരാണ്. ഇതൊക്കെ ആഗോളവൽക്കരണത്തിന്റെ ഉപോല്പന്നങ്ങളാണ്. ഇവരെ സംബന്ധിച്ചിടത്തോളം ‘സബ്കാ സാത്, സബ് കാ വികാസ്’ എന്ന മോഡിയുടെ വാക്കുകൾ കേവലം പൊള്ളയായി മാറുന്നു.

രാജ്യത്തെ സമ്പത്ത് സ്വാംശീകരിക്കുന്ന ഭൂരിഭാഗം വരുന്ന ഇവരെ പരിരക്ഷിക്കാനോ ഇവർക്കായി കയ്യടിക്കാനോ ആരുമില്ല. ഓരോമിനിറ്റിലും 25 മുതൽ 30 പേരാണ് മെച്ചപ്പെട്ട തൊഴിൽ തേടി നഗരങ്ങളിൽ ചേക്കേറുന്നത്. ഇവരെ നമുക്ക് കാലാവസ്ഥാ കുടിയേറ്റക്കാരെന്ന് പറയാം. ഇവരുടെ പലായനത്തിനുള്ള മുഖ്യകാരണം കാലാവസ്ഥാ വ്യതിയാനവും അതിന്റെ ഫലമായുള്ള കാർഷിക മേഖലയുടെ തകർച്ചയുമാണ്. ഇതിന്റെ ഫലമായി ഓരോ നഗരത്തിലും പുതിയ ചേരികൾ രൂപപ്പെടുന്നു. രാജ്യത്തെ മൊത്തം ജനസംഖ്യയുടെ പത്ത് ശതമാനത്തിലധികവും നഗരങ്ങളിലെ ചേരികളിലാണ് കഴിയുന്നത്. ഇവിടെ കേവലം പുഴുക്കളെ പോലെ ഇവർക്ക് ജീവിക്കേണ്ടി വരുന്നു. ശുദ്ധമായ കുടിവെള്ളം പോലും ഇവർക്ക് ഒരു സ്വപ്നമാണ്. ഇവരോട് വീട്ടിലിരിക്കാൻ ആവശ്യപ്പെടുന്നത് ഇവരുടെ അസ്തിത്വത്തെ ചോദ്യം ചെയ്യുന്നതിന് തുല്യമാണ്. ഇവരുടെ അതിജീവന പ്രശ്നങ്ങൾ സർക്കാർ ഇനിയും പരിഗണിച്ചിട്ടില്ല. ലോക്ക്ഡൗൺ കാലത്തെ ഇവരുടെ അടച്ചിട്ട ജീവിതം മുന്നോട്ടുപോകാൻ ആവശ്യമായ സംവിധാനങ്ങളാണ് കേന്ദ്ര സര്‍ക്കാർ ആദ്യം ഒരുക്കേണ്ടത്. അതിനായില്ലെങ്കിൽ അന്നം തേടിയും തൊഴില്‍ തേടിയും അലയാൻ ഇവർ നിർബന്ധിതരായേക്കും. മോഡി സർക്കാർ ഇപ്പോൾ പ്രഖ്യാപിച്ച 1.7 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് ജിഡിപിയുടെ കേവലം 0.80 ശതമാനം മാത്രമാണ്. ഇന്ന് രാജ്യത്തിന്റെ ആവശ്യകതയും മറ്റ് രാജ്യങ്ങൾ ചെയ്യുന്നതുമായി താരതമ്യം ചെയ്യുമ്പോഴും കേന്ദ്രം പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് തികച്ചും അപര്യാപ്തമാണ്.

ENGLISH SUMMARY: Janayugam edi­to­r­i­al about who helps poor