Web Desk

June 05, 2020, 5:00 am

കുനിഞ്ഞ ശിരസുമായി ലോകപരിസ്ഥിതി ദിനാചരണം

Janayugom Online

അപമാനത്താല്‍ കുനിഞ്ഞ ശിരസുമായാണ് കേരളം ഇക്കൊല്ലത്തെ ലോക പരിസ്ഥിതി ദിനം ആചരിക്കുന്നത്. പൈനാപ്പിളില്‍ ഒളിപ്പിച്ച സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് മുഖം തകര്‍ന്ന് ദാഹജലംപോലും ഇറക്കാനാവാതെ കാട്ടാന ചെരിഞ്ഞ സംഭവമാണ് കേരളത്തെ അപമാനിതമാക്കിയിരിക്കുന്നത്. ഉദരത്തിലുണ്ടായിരുന്ന കുട്ടിയോടൊപ്പമാണ് വേദനാജനകമായ അന്ത്യമെന്നത് കേരളത്തിന്റെ കുറ്റബോധം ഇരട്ടിപ്പിക്കണം.

ഈ അരുംകൊലയുടെ ഉത്തരവാദി ആരാണെങ്കിലും അവരെ കണ്ടെത്തി നിയമത്തിനു മുന്നില്‍ കൊണ്ടുവരാനും മാതൃകാപരമായി ശിക്ഷിക്കാനും വനം വകുപ്പിനും പൊലീസിനും കഴിയണം. എന്നാല്‍ അതുകൊണ്ടുമാത്രം പ്രശ്നം അവസാനിക്കുന്നില്ല. പ്രകൃതിയോടും ജൈവവൈവിധ്യത്തോടും മനുഷ്യന്‍ തുടരുന്ന ക്രൂരതയ്ക്ക് അറുതിവരുത്താനുള്ള ബോധപൂര്‍വമായ പരിശ്രമങ്ങള്‍ക്ക് ജനങ്ങള്‍ ഒന്നാകെ പ്രതിജ്ഞ പുതുക്കേണ്ട ദിനമാണ് ലോക പരിസ്ഥിതി ദിനം. കേവലം ഒരു ദിനാചരണം എന്നതിലുപരി പ്രകൃതിയുടെയും പരിസ്ഥിതിയുടെയും ജൈവവൈവിധ്യത്തിന്റെയും സംരക്ഷണവും പുനര്‍നിര്‍മ്മാണവും ജീവിതശൈലിയായി മാറ്റാനുള്ള ആഹ്വാനമാണ് മണ്ണാര്‍ക്കാട് തിരുവിഴാംകുന്ന് വനമേഖലയിലെ ദാരുണ സംഭവം നല്കുന്നത്.

പരിസ്ഥിതിക്കും ജൈവവൈവിധ്യത്തിനും പ്രകൃതിക്കും മനുഷ്യന്‍ ഏല്പിച്ച അതീവ ഗുരുതരങ്ങളായ ആഘാതങ്ങളെ ഇത്രയേറെ വ്യക്തതയോടെ തുറന്നുകാണിച്ച മറ്റൊരു കാലം കൊറോണ മഹാവ്യാധിയുടേതുപോലെ മറ്റൊന്ന് ഉണ്ടാവില്ല. ലോകത്തെ ആകെ ഗ്രസിച്ച വ്യാധി എല്ലാത്തരം മാനുഷിക പ്രവര്‍ത്തനങ്ങളെയും ഗണ്യമായി പരിമിതപ്പെടുത്തി. അതിന്റെ ഫലമായി അന്തരീക്ഷത്തെയും ജലത്തെയും മണ്ണിനെയും ജൈവപ്രകൃതിയെ അപ്പാടെയും മലീമസമാക്കിക്കൊണ്ടിരുന്ന മാനുഷിക പ്രവര്‍ത്തനങ്ങളാണ് തല്ക്കാലത്തേക്കെങ്കിലും നിലച്ചത്, നിര്‍ത്തിവയ്ക്കേണ്ടിവന്നത്. അത് വളരെ ചുരുങ്ങിയ കാലയളവിനുള്ളില്‍ ജൈവപ്രകൃതിയില്‍ വളരെയേറെ അനുകൂലമായ മാറ്റമാണ് സൃഷ്ടിച്ചിരിക്കുന്നത്.

ലോകത്തെമ്പാടും നഗരങ്ങളില്‍ അന്തരീക്ഷ മലിനീകരണം ഗണ്യമായി കുറഞ്ഞു. നദികളും തടാകങ്ങളും സമുദ്രം തന്നെയും മലിനീകരിക്കപ്പെടുന്നതില്‍ വന്‍ കുറവുണ്ടായതായി പഠനങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യന്‍ തീരത്തിനോടടുത്ത് മന്നാര്‍ കടലിടുക്കില്‍ മാലിന്യങ്ങളുടെ തോത് ഗണ്യമായി കുറഞ്ഞതായും മത്സ്യസമ്പത്തില്‍ വര്‍ധനവ് ഉണ്ടായതായുമുള്ള പഠന റിപ്പോര്‍ട്ട് കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. വ്യാവസായിക പ്രവര്‍ത്തനങ്ങളും വാഹന ഗതാഗതവും കുറഞ്ഞതോടെ ഹിമാലയ പര്‍വ്വതനിരകളും ആല്‍പ്‌സും മറ്റും വിദൂരതയില്‍ നിന്നും കാണാവുന്ന സ്ഥിതി ഉണ്ടായതായി റിപ്പോ­ര്‍ട്ട് ചെയ്യപ്പെട്ടു. നഗരങ്ങളില്‍ നിന്നും ജനവാസ കേന്ദ്രങ്ങളില്‍ നിന്നും അപ്രത്യക്ഷമായ പക്ഷികളും മൃഗങ്ങളും ഇതര ജീവികളും അവിടവിടെ പ്രത്യക്ഷപ്പെട്ടതായ വാര്‍ത്തകളും പുറത്തുവന്നു.

പ്രകൃതിക്കും പരിസ്ഥിതിക്കും ജൈവവൈവിധ്യത്തിനും എത്രത്തോളം വിനാശകരമായ ‘വികസന പ്രക്രിയ’യി­ലാണ് മനുഷ്യരാശി ഏര്‍പ്പെട്ടിരിക്കുന്നതെന്നാണ് കൊറോണ കാലം നമുക്കു തരുന്ന പാഠം. എന്നാല്‍ കൊറോണ വൈറസിനോടൊപ്പം ജീവിക്കാന്‍ നാം പഠിക്കേണ്ടിയിരിക്കുന്നു എന്ന സന്ദേശമാണ് വിവിധ കോണുകളില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. അതായത്, സമ്പദ്ഘടനയെ നിശ്ചലമാക്കി നമുക്ക് ഏറെ മുന്നോട്ടുപോകാനാവില്ല എന്ന സന്ദേശം വ്യക്തമാണ്.

പക്ഷെ അത്തരമൊരു തിരിച്ചുപോക്ക് എങ്ങനെ ആയിരിക്കണമെന്ന് ഭരണകൂടങ്ങളും സമൂഹം ആകെതന്നെയും ഗൗരവപൂര്‍വം ചിന്തിക്കേണ്ടതുണ്ട്. കൊറോണ വൈറസിന്റെ ആവിര്‍ഭാവവും അതിന്റെ വ്യാപനവും പരിസ്ഥിതിയിലും ജൈവവൈവിധ്യത്തിലും പ്രകൃതിയിലും വികസനം ഏല്പിച്ച ആഘാതവുമായി ബന്ധപ്പെട്ടതാണെന്ന് ശാസ്ത്രവൃത്തങ്ങള്‍ സംശയിക്കുന്നു. അത്തരം ആഘാതങ്ങളും അവ മനുഷ്യജീവിതത്തില്‍ നിരന്തരം സൃഷ്ടിക്കുന്ന ആരോഗ്യമടക്കം ജീവല്‍ പ്രശ്നങ്ങളും കണക്കിലെടുത്താല്‍ നാം പിന്തുടരുന്ന വികസന പ്രക്രിയവഴി സൃഷ്ടിക്കപ്പെടുന്ന വളര്‍ച്ച തുച്ഛവും അര്‍ത്ഥശൂന്യവുമാണെന്ന തോന്നല്‍ അസ്ഥാനത്താണെന്നു പറയാതിരിക്കാനാവില്ല.

കേരളം കഴിഞ്ഞ രണ്ടു വര്‍ഷങ്ങളില്‍ നേരിടേണ്ടിവന്ന പ്രളയവും ഈ വര്‍ഷക്കാലത്ത് ഇതിനകം ഉയര്‍ന്നിരിക്കുന്ന പ്രളയ ഭീഷണിയും യാദൃച്ഛികമല്ല. ഒഡിഷയിലും പശ്ചിമ ബംഗാളിലും കനത്ത നാശം വിതച്ച ഉംപുന്‍ ചുഴലിക്കൊടുങ്കാറ്റും മഹാരാഷ്ട്ര തീരത്ത് വീശിയടിച്ച നിസര്‍ഗയും കാലാവസ്ഥാ വ്യതിയാനത്തിന്റെ വേദനിപ്പിക്കുന്ന തെളിവുകളാണ്.

നാളിതുവരെ മനുഷ്യന്‍ പ്രകൃതിക്കും പരിസ്ഥിതിക്കും ജൈവവൈവിധ്യത്തിനും വരുത്തിവച്ച നാശങ്ങളും മുറിവുകളും തിരിച്ചറിഞ്ഞ് അവയെ സംരക്ഷിക്കാനും പുനരുജ്ജീവിപ്പിക്കാനും തയ്യാറായെ മതിയാവു. അത് നാം അവലംബിച്ചു പോരുന്ന മുന്‍ഗണനകളിലും വികസന രീതികളിലും മൗലികമായ പരിവര്‍ത്തനം ആവശ്യപ്പെടുന്നു. മനുഷ്യന്‍ മറ്റെല്ലാ ജീവജാലങ്ങളെപ്പോലെയും ഒന്നു മാത്രമാണെന്ന് തിരിച്ചറിഞ്ഞ് അംഗീകരിക്കലാണ് അത്തരമൊരു സമീപനത്തിന്റെ ആദ്യപടി. മറ്റ് ജീവജാലങ്ങളെ ഉന്മൂലനം ചെയ്ത്, തുടച്ചുനീക്കി മനുഷ്യരാശിക്ക് നിലനില്‍ക്കാമെന്നത് കേവലം വ്യാമോഹം മാത്രമാണ്. ജൈവവൈവിധ്യത്തിന് ഊന്നല്‍ നല്കിക്കൊണ്ടുള്ള ഇക്കൊല്ലത്തെ ലോക പരിസ്ഥിതി വാരാചരണം ആ സന്ദേശമാണ് മനുഷ്യരാശിക്ക് നല്കാന്‍ ശ്രമിക്കുന്നത്.