February 8, 2023 Wednesday

Related news

November 16, 2022
November 4, 2022
August 13, 2022
June 30, 2022
January 6, 2022
May 18, 2021
April 24, 2021
April 23, 2021
April 16, 2021
April 14, 2021

വൈരാഗ്യ ബുദ്ധിയോടെ കർണ്ണാടക

Janayugom Webdesk
March 31, 2020 5:05 am

 കേരള — കർണ്ണാടക അതിർത്തിയിൽ എല്ലാ വഴികളും കർണ്ണാടകം അടച്ചതിലൂടെ വലിയ പ്രതിസന്ധിയാണ് സംജാതമായിട്ടുള്ളത്. വടക്കൻ കേരളത്തിലെ പ്രത്യേകിച്ച് കാസർകോട് ജില്ലയിലെ വലിയൊരു വിഭാഗം ചികിത്സയ്ക്കായി ആശ്രയിക്കുന്നത് മംഗളുരുവിലെ വിവിധ ആശുപത്രികളെയാണ്. അതേസമയം വയനാട് ജില്ലയുമായി അതിർത്തി പങ്കിടുന്ന കർണ്ണാടകയിലെ ഗ്രാമങ്ങളിലുള്ളവർ ഇങ്ങോട്ടുവന്നും ചികിത്സ തേടാറുണ്ട്. കാസർകോട് ജില്ലയിലുള്ളവർ മംഗളുരുവിനെ ആശ്രയിക്കുന്നത് എളുപ്പത്തിൽ എത്താൻ കഴിയുന്നതും ആധുനിക സജ്ജീകരണങ്ങളുള്ളതുമായ നിരവധി സ്വകാര്യ ആശുപത്രികളുണ്ട് എന്നതിനാലാണ്. കാസർകോടിന്റെ വടക്കൻ മേഖലയിലുള്ളവർക്ക് കണ്ണൂർ, കോഴിക്കോട് മെഡിക്കൽ കോളജിൽ എത്തുന്നതിനെക്കാൾ കുറഞ്ഞ ദൂരം സഞ്ചരിച്ചാൽ മംഗളുവുരുവിലെത്താവുന്നതാണ്. കർണ്ണാടക അതിർത്തിയിലുള്ളവർ വയനാടിനെ ആശ്രയിക്കുന്നതും ഇതേ സാഹചര്യമുള്ളതുകൊണ്ടാണ്. കർണ്ണാടകയിലെ കേരള അതിർത്തിയോട് ചേർന്ന കുട്ട, ചേമ്പുംകൊല്ലി, ബാവലി, മച്ചൂർ, ബൈരക്കുപ്പ തുടങ്ങിയ പ്രദേശങ്ങളിൽ നിന്ന് 100 ലധികം കിലോമീറ്റർ സഞ്ചരിച്ചുവേണം മൈസുരുവിലും മറ്റും ചികിത്സയ്ക്കെത്താൻ.

അതുകൊണ്ടാണ് 20 കിലോമീറ്ററിനുള്ളിലുള്ള മാനന്തവാടി ജില്ലാ ആശുപത്രിയെ ഇവർ ആശ്രയിക്കുന്നത്. അതുപോലെതന്നെ ഈ മേഖലയിലെ നിരവധി ജനങ്ങൾ ജോലിക്കും വ്യാപാരത്തിനും അങ്ങോട്ടം ഇങ്ങോട്ടും ആശ്രയിക്കുന്നുണ്ട്. അവശ്യവസ്തുക്കൾക്ക് മലയാളികൾ കർണ്ണാടകയെ എന്നതുപോലെ തന്നെ നാണ്യവിളകൾക്കായി കര്‍ണ്ണാടക തിരിച്ചും ആശ്രയിക്കുന്നുണ്ട്. ഇതിന് സമാനമായി തമിഴ്‌നാടുമായി അതിർത്തി പങ്കിടുന്ന പ്രദേശങ്ങളിലും പരസ്പരാശ്രിതവും സഹകരണാടിസ്ഥാനത്തിലുമുള്ള കൊടുക്കൽ വാങ്ങലുകളും തൊഴിൽ തേടിയുള്ള പോക്കു വരവുകളും നടക്കുന്നുണ്ട്. ഇത് ഇപ്പോഴത്തെ മാത്രം സ്ഥിതിയല്ല. പ്രദേശങ്ങളും സംസ്ഥാനങ്ങളും തമ്മിലുള്ള പരസ്പര ബന്ധത്തിലൂടെയും സഹകരണത്തിലൂടെയുമാണ് സമൂഹം മുന്നോട്ടുപോകുന്നത്. എന്നാൽ കോവിഡിനെ തുടർന്നുള്ള കർണ്ണാടകയുടെ സമീപനം കേരളത്തെ പല വിധത്തിൽ പ്രതിസന്ധിയിലാക്കുന്ന തരത്തിലുള്ളതാണ്. അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളെ പോലും കടത്തിവിടാതെയും അവശ്യവസ്തുക്കൾ കൊണ്ടുവരാൻ അനുവദിക്കാതെയും പല വഴികളും അടച്ചിരിക്കുകയാണ്. മറ്റു സംസ്ഥാനങ്ങളെല്ലാം അതിർത്തികളിൽ കർശന പരിശോധനാ സംവിധാനങ്ങളാണ് ഒരുക്കിയതെങ്കിൽ കർണ്ണാടക പല വഴികളും മണ്ണിട്ട് അടയ്ക്കുന്ന ക്രൂരമായ സമീപനമാണ് സ്വീകരിച്ചത്. കർണ്ണാടക, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുമായാണ് കേരളം അതിർത്തി പങ്കിടുന്നത്.

കർണ്ണാടകയാവട്ടെ കേരളത്തിന് പുറമേ ഗോവ, മഹാരാഷ്ട്ര, തെലങ്കാന, ആന്ധ്ര, തമിഴ്‌നാട് എന്നീ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്നുണ്ട്. അവിടെയൊന്നുമില്ലാത്ത വിധത്തിലാണ് കേരള അതിർത്തി കർണ്ണാടക അടച്ചിരിക്കുന്നത്. കർശന പരിശോധ നടത്തുക എന്നതല്ലാതെ ചരക്കു നീക്കം, ആരോഗ്യപരിപാലനം എന്നിങ്ങനെയുള്ള അവശ്യസർവീസുകൾ പോലും അനുവദിക്കാതെയാണ് കർണ്ണാടക കേരളത്തോട് ക്രൂരത കാട്ടുന്നത്. അതിന്റെ ഫലമായി യഥാസമയം ചികിത്സ കിട്ടാതെ നാലുപേർ മരിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച മഞ്ചേശ്വരം തമിഴ്‌നാട് സ്വദേശി അബ്ദുൾ ഖാദർ, ഉദ്യാവറിൽ പേരക്കുട്ടിക്കൊപ്പം താമസിക്കുന്ന കർണ്ണാടക സ്വദേശി ഫാത്തിമ, കുഞ്ചത്തൂരിലെ മാധവ്, മറ്റൊരാൾ എന്നിവരാണ് മരിച്ചത്. ക്രൂരമായ ഈ അനുഭവങ്ങളുടെ വെളിച്ചത്തിൽ കാസർകോഡ് പോലുള്ള ജില്ലകളിലെ ആതുര ചികിത്സാരംഗം കൂടുതൽ മെച്ചപ്പെടുത്തുന്നതിനുളള നടപടികൾ കേരള സർക്കാർ സ്വീകരിക്കേണ്ടതുണ്ടെന്നതൊരു പാഠമാണ്.

ഇതിന് പുറമെ അവശ്യസാധനങ്ങൾ സംസ്ഥാനത്തേയ്ക്ക് എത്തിക്കുന്നതിലും വലിയ പ്രയാസങ്ങളാണ് നേരിടുന്നത്. തമിഴ്‌നാട് സർക്കാരാകട്ടെ അതിർത്തിയിലെ പരിശോധന കർശനമാക്കിയെങ്കിലും കഴിഞ്ഞ ദിവസം മാത്രം 860 ചരക്ക് വാഹനങ്ങൾ വാളയാറിലൂടെ മാത്രം കേരളത്തിലെത്തി. എന്നാൽ കേരള മുഖ്യമന്ത്രി ആവർത്തിച്ച് ആവശ്യപ്പെട്ടിട്ടും കർണ്ണാടക വൈരാഗ്യ ബുദ്ധിയോടെന്ന പോലുള്ള സമീപനം മാറ്റുന്നില്ല. മംഗളുരുവിലെ ആശുപത്രികൾ നിറഞ്ഞതിനാലാണ് ചികിത്സാ വാഹനങ്ങൾ കടത്തിവിടാത്തതെന്നാണ് കേരളത്തിന്റെ ചുമതലയുള്ള കർണ്ണാടകക്കാരനായ കേന്ദ്രമന്ത്രി സദാനന്ദ ഗൗഢ പറയുന്നത്. ഇത് വാസ്തവമല്ലെന്ന് അവിടെയുള്ള ഡോക്ടർമാരും ആശുപത്രി അധികൃതരും പരസ്യമായി തന്നെ പറഞ്ഞിട്ടുണ്ട്. പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടും മതിയായ പരിഹാരമുണ്ടായിട്ടില്ല. ബിജെപി സർക്കാരുകളിൽ നിന്നാണ് ഇത്തരത്തിലുള്ള സമീപനങ്ങൾ ഉണ്ടായിരിക്കുന്നതെന്ന് മറ്റു സംസ്ഥാനങ്ങളെ പരിഗണിക്കുമ്പോഴും വ്യക്തമാകും. ഇത്തരമൊരു നിലപാട് ഭരണഘടനാ വിരുദ്ധവും ഫെഡറൽ തത്വങ്ങളുടെ ലംഘനവുമാണ്. ഒരേ ഒരിന്ത്യ, ഒരൊറ്റ നിയമം എന്ന് ഘോഷിച്ച് കശ്മീരിനുള്ള പ്രത്യേക നിയമം എടുത്തുകളഞ്ഞത് ആഘോഷിച്ചവരാണ് ബിജെപിക്കാർ. കർണ്ണാടകയിലെ ബിജെപി സർക്കാർ ചെയ്യുന്നത് ആ രാഷ്ട്രീയ പ്രകാരവും വലിയ തെറ്റാണ്. മാത്രമല്ല ലോക്ക്ഡൗൺ പ്രഖ്യാപിച്ചുകൊണ്ട് പ്രധാനമന്ത്രി പറ‍ഞ്ഞ കാര്യങ്ങൾ തങ്ങൾക്ക് ബാധകമല്ലെന്നു കൂടിയാണ് ഇതിലൂടെ കർണ്ണാടക ബിജെപി സർക്കാർ തെളിയിക്കുന്നത്. എന്നാൽ ഇത്തരം നടപടികളിലൂടെ കേരളത്തെ തകർക്കാമെന്നത് വ്യാമോഹം മാത്രമാണെന്ന് മനസിലാക്കുന്നത് നല്ലതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.