എം പി വീരേന്ദ്രകുമാർ; സമാരാധ്യനായ ബഹുമുഖപ്രതിഭ

Web Desk
Posted on May 30, 2020, 5:00 am

രാജ്യത്തെ മുതിര്‍ന്ന സോഷ്യലിസ്റ്റ് നേതാവ് എം പി വീരേന്ദ്രകുമാര്‍ എം പിയുടെ നിര്യാണം കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്തുണ്ടാക്കിയ നഷ്ടം വളരെ വലുതാണ്. സോഷ്യലിസ്റ്റ് നേതാവ്, ഭരണാധിപന്‍, രാജ്യസഭാംഗം, എഴുത്തുകാരന്‍, പ്രഭാഷകന്‍, സാംസ്‌കാരിക പ്രവര്‍ത്തകന്‍, പണ്ഡിതന്‍ തുടങ്ങി ബഹുമുഖപ്രതിഭയുടെ ഉടമയായിരുന്നു അദ്ദേഹം. മാധ്യമമേധാവി എന്ന നിലയില്‍ ദീര്‍ഘകാലം മലയാള പത്രപ്രവര്‍ത്തന മേഖലയിലും നിര്‍ണായകമായ സ്വാധീനം ചെലുത്തി. വ്യത്യസ്തമായ വിഷയങ്ങളെ സര്‍ഗാത്മക സൗന്ദര്യത്തോടെ അവതരിപ്പിച്ച എഴുത്തുകാരന്‍ എന്ന നിലയിലും അദ്ദേഹം ചിരപ്രതിഷ്ഠനായിരിക്കും. സോഷ്യലിസ്റ്റ് പാരമ്പര്യമുള്ള കുടുംബത്തില്‍ ജനിച്ച് വയനാട്ടിലും കോഴിക്കോട്ടും മദ്രാസിലും അമേരിക്കയിലും പഠിച്ച് തിരികെ നാട്ടിലെത്തി പൊതുപ്രവര്‍ത്തന രംഗത്ത് അദ്ദേഹം സജീവമാകുകയായിരുന്നു. സമ്പന്നമായ പശ്ചാത്തലത്തില്‍ നിന്നും എത്തി കേരളത്തിന്റെ രാഷ്ട്രീയ ഭൂമികയില്‍ സാധാരണക്കാരോട് ചേര്‍ന്ന് പൊതുപ്രവര്‍ത്തനം തുടങ്ങുകയും സംസ്ഥാനത്തെ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ അമരക്കാരനായി ദീര്‍ഘകാലം പ്രവര്‍ത്തിക്കുകയും ചെയ്തു. ഇതിനിടെ ദേശീയ പ്രസ്ഥാനത്തിന് കരുത്തുപകര്‍ന്ന മാതൃഭൂമി പ്രിന്റിംഗ് ആന്റ് പബ്ലിഷിംഗ് കമ്പനിയുടെ അമരക്കാരനായി. അടിയന്തരാവസ്ഥക്കാലത്ത് ജയില്‍വാസം അനുഭവിക്കുക മാത്രമല്ല സ്വത്ത് കണ്ടുകെട്ടുകയും ചെയ്ത അപൂര്‍വ്വം പൊതുപ്രവര്‍ത്തകരില്‍ ഒരാളായിരുന്നു എം പി വീരേന്ദ്രകുമാര്‍. 1987ല്‍ സംസ്ഥാന മന്ത്രിസഭയില്‍ ചുമതലയേറ്റെടുത്ത് കേവലം നാല്‍പ്പത്തിയെട്ട് മണിക്കൂറിനുള്ളില്‍ രാജിവച്ച് രാഷ്ട്രീയ സംശുദ്ധി തെളിയിച്ച പാരമ്പര്യവും അദ്ദേഹത്തിന് സ്വന്തം. പിന്നീട് കേന്ദ്രമന്ത്രിസഭയില്‍ സ്വതന്ത്രചുമതലയുള്ള മന്ത്രിയായി സംസ്ഥാനത്തിന്റെയും രാജ്യത്തിന്റെയും വികസനത്തിന് നിര്‍ണായകമായ സംഭാവനകള്‍ നല്‍കി.

മാധ്യമമേധാവി എന്ന നിലയില്‍ ദേശീയവും അന്തര്‍ദേശീയവുമായ നിരവധി സമിതികളില്‍ അധ്യക്ഷനായി ദീര്‍ഘകാലം ചുമതല വഹിച്ചു. പിടിഐയുടെയും ഐഎന്‍എസിന്റെയും അധ്യക്ഷപദവി ഇതില്‍ പ്രധാനമാണ്. തിരക്കുപിടിച്ച പൊതുപ്രവര്‍ത്തനത്തിനിടെ മലയാള ഭാഷയ്ക്കും സംസ്‌കാരത്തിനും വിലമതിക്കാനാവാത്ത ഒട്ടേറെ ഗ്രന്ഥങ്ങള്‍ അദ്ദേഹത്തിന്റെ തൂലികയില്‍ നിന്നും പുറത്തുവന്നു. ലോകം ഉദാരവൽകരണത്തിന്റെയും കമ്പോളവത്ക്കരണത്തിന്റെയും പാതയിലേക്ക് നീങ്ങിയപ്പോള്‍ അതിനെതിരെ രാജ്യത്ത് മുഴങ്ങിയ ശബ്ദങ്ങളില്‍ ഏറ്റവും ശ്രദ്ധേയമായത് എം പി വീരേന്ദ്രകുമാറിന്റെ പ്രഭാഷണങ്ങളും എഴുത്തുകളുമായിരുന്നു.

അദ്ദേഹത്തിന്റെ ഗാട്ടും കാണാച്ചരടും എന്ന പുസ്തകം സാമ്രാജ്യത്വത്തിന്റെ കരാളഹസ്തങ്ങളെ മറയില്ലാതെ തുറന്നുകാട്ടുന്നതായിരുന്നു. ഇന്നും ഈ വിഷയത്തിലെ പ്രാമാണികഗ്രന്ഥം തന്നെയാണത്. യാത്രാവിവരണങ്ങള്‍ അടക്കം ഒട്ടേറെ ഗ്രന്ഥങ്ങള്‍ രചിച്ച അദ്ദേഹത്തിന് കേന്ദ്രസാഹിത്യ അക്കാദമിയുടേത് അടക്കം നിരവധി പുരസ്‌കാരങ്ങളും ലഭിച്ചു. ബഹുരാഷ്ട്ര കുത്തകകളുടെ ചൂഷണങ്ങള്‍ക്കെതിരെ എക്കാലത്തും സന്ധിയില്ലാത്ത സമരം നടത്തിയ എം പി വീരേന്ദ്രകുമാറിന്റെ ഇടപെടലുകള്‍ പ്ലാച്ചിമടയിലെ കൊക്കകോള കമ്പനിക്കെതിരെയുള്ള സമരത്തില്‍ നിര്‍ണായകമായിരുന്നു. ഇടതുപക്ഷ പ്രസ്ഥാനത്തോട് തോളോടുതോള്‍ ചേര്‍ന്ന് നടന്ന ദീര്‍ഘപാരമ്പര്യമാണ് എം പി വീരേന്ദ്രകുമാറിന്റേത്. രാജ്യത്തെ പ്രമുഖ ഇടതുപക്ഷ നേതാക്കളുമായെല്ലാം അദ്ദേഹം വളരെ അടുത്ത ബന്ധം പുലര്‍ത്തി. ഇടതുപക്ഷപ്രസ്ഥാനത്തിന്റെ പ്രമുഖ നേതാക്കളോടൊപ്പമാണ് അടിയന്തരാവസ്ഥക്കാലത്ത് അദ്ദേഹം ജയില്‍വാസം അനുഷ്ഠിച്ചത്. ഇടതുമുന്നണി കണ്‍വീനറായി അല്‍പകാലം പ്രവര്‍ത്തിക്കുകയും ചെയ്തു. ഇടക്കാലത്ത് മുന്നണി ബന്ധം വിച്ഛേദിച്ച് മറുപക്ഷത്തേയ്ക്ക് അദ്ദേഹത്തിന്റെ പാര്‍ട്ടി പോയപ്പോഴും എം പി വീരേന്ദ്രകുമാര്‍ തന്നെ മുന്‍കൈ എടുത്ത് തന്റെ ആദര്‍ശങ്ങളോട് ചേര്‍ന്നുനില്‍ക്കുന്ന ഇടതുമുന്നണിയിലേക്ക് തിരികെയെത്തുകയായിരുന്നു.

വയനാടിനെ എഴുത്തിന്റെയും രാഷ്ട്രീയത്തിന്റെയും ഭൂമികയില്‍ അടയാളപ്പെടുത്തിയവരില്‍ ഏറ്റവും പ്രമുഖനായിരുന്നു അദ്ദേഹം. നാടിന്റെയും നാട്ടുമനുഷ്യരുടെയും വികാരവിചാരങ്ങളെ തൊട്ടറിയാന്‍ അദ്ദേഹം എന്നും ശ്രദ്ധിച്ചിരുന്നു. വയനാടിന്റെ വികസനത്തില്‍ തന്റെ രാഷ്ടീയ സാമൂഹിക സാംസ്‌കാരിക ബന്ധം വിപുലമായി തന്നെ ഉപയോഗപ്പെടുത്തുന്നതില്‍ യാതൊരു മടിയും കാണിച്ചിരുന്നില്ല. ആദിവാസി വിഷയങ്ങളിലും പാരിസ്ഥിതിക പ്രശ്‌നങ്ങളിലും അദ്ദേഹം മുന്നില്‍ തന്നെ നിന്നുകൊണ്ട് നീതിക്കുവേണ്ടി ശബ്ദിച്ചു. വയനാട് ജില്ലയുടെ രൂപീകരണത്തിലും അദ്ദേഹത്തിന്റെ പങ്ക് വളരെ വലുതാണ്. ആരോഗ്യം അനുവദിക്കുന്ന നാള്‍വരെ പൊതുരംഗത്തും സര്‍ഗാത്മക രചനകളിലും പ്രഭാഷണ വേദികളിലും സജീവമായ അദ്ദേഹത്തിന്റെ ജീവിതം കേരളത്തിലെ പൊതുപ്രവര്‍ത്തകര്‍ക്ക് മാതൃക തന്നെയാണ്. ഉയര്‍ന്ന ചിന്തയും ആഴത്തിലുള്ള വായനയും എങ്ങനെയാണ് ഒരു പൊതുപ്രവര്‍ത്തകനെ സമാരാധ്യനാക്കുന്നത് എന്നതിന് അദ്ദേഹത്തിന്റെ ജീവിതം ഉദാത്തമായ തെളിവ് തന്നെയാണ്.