Monday
25 Mar 2019

ദേശീയതയും ദേശവിരുദ്ധതയും

By: Web Desk | Saturday 17 February 2018 10:12 PM IST

നോട്ട്‌നിരോധനം ഉള്‍പ്പെടെയുള്ള യുക്തിരഹിതമായ സാമ്പത്തിക നടപടികളുടെ ഭാഗമായി കഴിഞ്ഞ മൂന്നര വര്‍ഷംകൊണ്ട് രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയുടെ സ്വയംപര്യാപ്തതയെത്തന്നെ മോഡി സര്‍ക്കാര്‍ ഇല്ലാതാക്കി. പൊതുമേഖലാ സ്ഥാപനങ്ങളെ ബഹുരാഷ്ട്ര കുത്തകകള്‍ക്ക് കയ്യടക്കാനുള്ള അവസരം നല്‍കി. ഇവയുടെ സ്വകാര്യവല്‍ക്കരണത്തിന്റെ ആക്കം കൂട്ടി ജനവിരുദ്ധ നവഉദാരവല്‍ക്കരണ സാമ്പത്തികനയങ്ങള്‍ നടപ്പാക്കുന്നതിലൂടെ സമ്പദ്‌വ്യവസ്ഥയുടെ എല്ലാ മേഖലയിലും ആഗോളസാമ്പത്തിക കുത്തകകളുടെ കടന്നുകയറ്റം മോഡി സര്‍ക്കാര്‍ സാധ്യമാക്കി. സമ്പദ്‌വ്യവസ്ഥ ഇത്രമാത്രം തളരുമ്പോഴും സംഘപരിവാര്‍ ഉള്‍പ്പെടെയുള്ള വര്‍ഗീയശക്തികളെക്കൊണ്ട് ജനശ്രദ്ധ തിരിച്ചുവിടുന്നതിനുള്ള പ്രചാരണം നടത്തുന്നതിലും മോഡി സര്‍ക്കാര്‍ വിജയിച്ചു. ഇത്തരം നെറികെട്ട നടപടികള്‍ 2019ലെ
ലോക്‌സഭ തെരഞ്ഞെടുപ്പില്‍ തങ്ങള്‍ക്ക് തിരിച്ചുവരാന്‍ വഴിയൊരുക്കുമെന്നാണ് മോഡിയും കൂട്ടരും വിശ്വസിക്കുന്നത്.

കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ ജാതിയുടെയും വര്‍ഗത്തിന്റെയും പേരിലുള്ള ധ്രുവീകരണത്തിനാണ് പല സംഭവങ്ങളെയും ബിജെപിയും സംഘപരിവാറും ഉപയോഗിക്കുന്നത്. പല നെറികെട്ട പ്രവര്‍ത്തനങ്ങളും നടത്തുന്നതും പ്രചരിപ്പിക്കുന്നതും ഈ അനുബന്ധ വര്‍ഗീയ സംഘടനകളാണ്. സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് ജനശ്രദ്ധ തിരിച്ചുവിടുക എന്നതാണ് ഈ പ്രവര്‍ത്തനങ്ങളിലൂടെയെല്ലാം ബിജെപി ലക്ഷ്യമിടുന്നത്. കഴിഞ്ഞ മൂന്നര വര്‍ഷത്തിനിടെ മോഡി സര്‍ക്കാര്‍ സ്വീകരിച്ച സാമ്പത്തിക നടപടികള്‍ എല്ലാ അര്‍ഥത്തിലും ജനവിരുദ്ധമാണ്, അതിലേറെ ദേശവിരുദ്ധമാണ്. ലൗജിഹാദ്, ഗോരക്ഷകര്‍, ഘര്‍വാപസി തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉയര്‍ത്തിയാണ് ഈ വിഭാഗീയ പ്രവണതകള്‍ സൃഷ്ടിക്കുന്നത്. കോര്‍പ്പറേറ്റുകളെ പ്രീണിപ്പിച്ച് മാധ്യമങ്ങളുടെ നിയന്ത്രണങ്ങളും ഇക്കൂട്ടര്‍ ഏറ്റെടുത്തു. ഇത്തരം വിധ്വംസക പ്രവര്‍ത്തനങ്ങളെ ദേശീയ വിഷയമാക്കി ചര്‍ച്ച ചെയ്യിക്കുന്ന സമീപനമാണ് മാധ്യമങ്ങളെക്കൊണ്ട് ബിജെപി നടപ്പാക്കുന്നത്.

തെരഞ്ഞെടുപ്പുകള്‍ അടുത്തുവരുന്നതോടെ എല്ലാകാലത്തും എല്ലാ ജനങ്ങളെയും വിഡ്ഢികളാക്കാന്‍ കഴിയില്ലെന്ന ബോധം ഭരണകക്ഷിക്കിടയിലുണ്ടായിട്ടുണ്ട്. മോഡി സര്‍ക്കാരും സംഘപരിവാറും രണ്ട് വിഭാഗീയ വൈകാരിക വിഷയങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്. ഒന്ന് ബാബ്‌റി മസ്ജിദ് തകര്‍ത്ത സ്ഥലത്ത് രാമക്ഷേത്രം നിര്‍മിക്കുമെന്ന പ്രഖ്യാപനമാണ്. മാര്‍ച്ച് മധ്യം മുതല്‍ അയോധ്യ കേസ് പരിഗണിക്കാമെന്നും ഇത് കേവലം ഭൂമിയുമായി ബന്ധപ്പെട്ട കേസായി മാത്രമേ പരിഗണിക്കാന്‍ കഴിയൂ എന്നും സുപ്രിംകോടതി ഇതിനകം വ്യക്തമാക്കി. സുപ്രിം കോടതിയുടെ ഭാഗത്തുനിന്നും ഇത്തരത്തിലുള്ള നിരീക്ഷണമുണ്ടായിട്ടും ആറ് സംസ്ഥാനങ്ങളിലൂടെ കടന്നുപോകുന്ന ഒരു യാത്ര നടത്താന്‍ വിശ്വഹിന്ദു പരിഷത്ത് തീരുമാനിച്ചു. അദ്വാനിയുടെ നേതൃത്വത്തില്‍ നടന്ന രഥയാത്ര രാജ്യത്ത് സൃഷ്ടിച്ച നാശവും അക്രമവും ലഹളകളുമാണ് ഇത് ഓര്‍മിപ്പിക്കുന്നത്. വര്‍ഗീയ ധ്രുവീകരണത്തിലൂടെ തെരഞ്ഞെടുപ്പില്‍ വോട്ടുകള്‍ കൊയ്യാനുള്ള സംഘപരിവാറിന്റെ തന്ത്രമാണോ ഇത്.

കേസ് കോടതിയുടെ പരിഗണനയിലാണെങ്കിലും കോടതിക്ക് പുറത്തുള്ള പരിഹാരം സാധ്യമാണെന്ന് പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് സംഘപരിവാര്‍ ശക്തികള്‍ ശ്രമിക്കുന്നത്. ഇത് വിഡ്ഢിത്തമാണ്. അതുപോലെ തന്നെ ബാബ്‌റി മസ്ജിദ് തകര്‍ത്തതുമായി ബന്ധപ്പെട്ട കേസുകള്‍ സംബന്ധിച്ച് ആരും സംസാരിക്കുന്നുമില്ല. ജനങ്ങളുടെ വിശ്വാസം നേടിയെടുക്കുന്നതാണ് സുപ്രിം കോടതിയുടെ പരമമായ താല്‍പര്യമെങ്കില്‍ ബാബ്‌റി മസ്ജിദ് തകര്‍ത്ത വിഷയത്തില്‍ സ്വമേധയാ കേസെടുത്ത് കുറ്റക്കാരായവരെ ശിക്ഷിക്കാനുള്ള നടപടികള്‍ ഉണ്ടാകണം. ബാബ്‌റി മസ്ജിദിന്റെ മൂന്ന് താഴികക്കുടങ്ങള്‍ തകര്‍ക്കുന്നതിലൂടെ ജനാധിപത്യത്തിന്റെ മൂന്ന് സ്തംഭങ്ങളെയാണ് ഇല്ലാതാക്കിയത്.

സംഘപരിവാറിന്റെ വീക്ഷണത്തിലുള്ള ദേശീയതയാണ് മറ്റൊരു പ്രശ്‌നം. ദേശസ്‌നേഹത്തിന് പകരമായി ദേശീയതയെന്ന സങ്കല്‍പം പ്രചരിപ്പിക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നു. തങ്ങളുടെ ആശയങ്ങളുമായി പൊരുത്തപ്പെടാത്തവയെ ദേശവിരുദ്ധമായി മുദ്രകുത്തുന്നു. പ്രധാനമന്ത്രി ബിജെപി മുഖ്യമന്ത്രിമാര്‍ എന്നിവര്‍ക്ക് നേരെയുള്ള വിമര്‍ശനങ്ങളെപോലും ദേശവിരുദ്ധമായി കാണുന്നു. ഇത് തികച്ചും അപകടകരമായ ഒന്നാണ്. ഇതിന് വളരെ ഗുരുതരമായ പരിണിതഫലങ്ങളാവും ഉണ്ടാകുന്നത്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ജമ്മു കശ്മീരില്‍ അക്രമങ്ങള്‍ തുടര്‍ക്കഥയാവുന്നു. കശ്മീര്‍ താഴ്‌വരയിലുണ്ടാകുന്ന ഓരോ പ്രശ്‌നത്തെയും ദേശീയതയുമായി ബന്ധപ്പെട്ട വിഷയങ്ങളായി പെരുപ്പിച്ചു കാട്ടുന്നു. കശ്മീര്‍ സംസ്ഥാനത്തെ ഒറ്റപ്പെടുത്തുക എന്നതിനായി അക്രമസംഭവങ്ങളെ പാകിസ്ഥാന്‍ സൈന്യവും മതമൗലികവാദികളും ഉപയോഗപ്പെടുത്തുന്നുവെന്നതില്‍ ആര്‍ക്കും സംശയമില്ല. ഈ പ്രവണതകള്‍ ജനങ്ങളെ അടിച്ചമര്‍ത്തുന്നതിലൂടെ തരണം ചെയ്യാന്‍ കഴിയുകയില്ല. ജനങ്ങളെ നിരാശരാക്കി പ്രതിഷേധം അവസാനിപ്പിക്കാമെന്ന ദേശീയ സുരക്ഷാ ഉപദേഷ്ടാവിന്റെ സിദ്ധാന്തത്തെ സര്‍ക്കാര്‍ തള്ളിക്കളയണം.

ബിജെപിക്ക് ഇഷ്ടപ്പെട്ടാലും ഇല്ലെങ്കിലും പാകിസ്ഥാനുള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച ചെയ്ത് കശ്മീര്‍ പ്രശ്‌നം പരിഹരിക്കണം. കശ്മീരില്‍ പിഡിപിയുമായി സഖ്യ സര്‍ക്കാര്‍ ഉണ്ടാക്കിയപ്പോള്‍ ഒരു പരിധിവരെ ബിജെപി ഇതിനോട് യോജിച്ചിരുന്നു. ഇതാണ് മെഹബൂബാ മുഫ്തി ഓര്‍മിപ്പിക്കാന്‍ ശ്രമിക്കുന്നത്. ദേശവിരുദ്ധ കുറ്റം നേരിടാന്‍ തയാറാണെങ്കിലും ഭരണഘടനയുടെ 370-ാം ആര്‍ട്ടിക്കിളില്‍ തന്റെ നിലപാട് അവര്‍ വ്യക്തമാക്കണം. 370-ാം അനുഛേദത്തില്‍ സര്‍ക്കാരിന്റെ നിലപാട് വ്യക്തമാക്കാതെ ചര്‍ച്ചകള്‍ തുടങ്ങാനും കഴിയില്ല. എന്നാല്‍ വ്യക്തമായ നിലപാട് പറയാന്‍ ബിജെപി തയാറാകുന്നുമില്ല. അതിനുപകരം ദേശീയതയുടെ പേരില്‍ കശ്മീരിന്റെ വികസനത്തെക്കുറിച്ച് പറയുന്നു. കശ്മീരില്‍ ഇപ്പോഴുണ്ടാകുന്ന സംഭവങ്ങള്‍ സംബന്ധിച്ച് മതേതര ജനാധിപത്യ ശക്തികള്‍ ശക്തമായ രാഷ്ട്രീയ നിലപാട് സ്വീകരിക്കേണ്ട സമയമാണിത്. കൂടാതെ അയല്‍രാജ്യവുമായി യുദ്ധത്തിനുള്ള തയാറടുപ്പിനെതിരെയും പ്രതികരിക്കണം. സംഘപരിവാറിന്റെ ഫാസിസ്റ്റ് ആശയങ്ങള്‍ പ്രചരിപ്പിക്കുന്നതിലുള്ള ഒരു മുഖ്യ ആയുധമാക്കി മാറ്റാന്‍ അനുവദിച്ചുകൂട.