Monday
25 Mar 2019

പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍ത്തലാക്കാനുള്ള നീക്കം ചെറുക്കുക

By: Web Desk | Wednesday 28 February 2018 10:17 PM IST


കേരളത്തിലെ ഏഴ് പാസഞ്ചര്‍ ട്രെയിനുകള്‍ നിര്‍ത്തലാക്കാന്‍ റയില്‍വേ മന്ത്രാലയം നീക്കമാരംഭിച്ചിരിക്കുന്നു. ദക്ഷിണ റയില്‍വേയില്‍ ഇരുപതോളം പാസഞ്ചര്‍ സര്‍വീസുകള്‍ കനത്ത നഷ്ടത്തിലാണെന്ന് പറഞ്ഞാണ് റയില്‍വേ ഈ നീക്കം നടത്തുന്നത്. ഇത് രാജ്യത്തെ ഒറ്റപ്പെട്ട സംഭവമാകാന്‍ പോകുന്നില്ല. കേന്ദ്ര സര്‍ക്കാരിന്റെ റയില്‍വേ നയം എന്താണെന്നുള്ളത് നരേന്ദ്രമോഡി അധികാരമേറ്റപ്പോള്‍ത്തന്നെ വ്യക്തമായതാണ്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമായി റയില്‍വേക്ക് പ്രത്യേക ബജറ്റ് എന്നത് ഉപേക്ഷിക്കാന്‍ മോഡി സര്‍ക്കാര്‍ തീരുമാനിച്ചത് നയം എങ്ങോട്ടാണെന്ന് വ്യക്തമാക്കുന്നതായിരുന്നു. പൊതുബജറ്റില്‍ വകയിരുത്താന്‍ മാത്രമേ ഇന്ത്യന്‍ റയില്‍വേക്ക് പ്രാധാന്യമുള്ളു എന്ന സന്ദേശം ആദ്യമേ തന്നെ നല്‍കി.

ലോകത്തിലെ ഏറ്റവും വലിയ തൊഴില്‍ദാതാവായ റയില്‍വെ പൊതുമേഖലയില്‍ നിലനിര്‍ത്തിക്കൊണ്ടാണ് വന്‍നേട്ടങ്ങള്‍ രാജ്യം കൊയ്‌തെടുത്തത്. രാജ്യത്തെ നഗരങ്ങളെയും ഗ്രാമങ്ങളെയും ബന്ധപ്പിക്കുന്ന ഏറ്റവും വലിയ സഞ്ചാരശൃംഖല എന്ന നിലയില്‍ മാത്രമല്ല സാധാരണക്കാരന്റെ ചെലവുകുറഞ്ഞ വാഹനം എന്ന നിലയില്‍കൂടി റയില്‍വെ ജനങ്ങളുടെ ജീവിതത്തില്‍ നിര്‍ണായക പങ്ക് വഹിക്കുന്നുണ്ട്. നിത്യോപയോഗസാധനങ്ങള്‍ വിതരണം ചെയ്യുന്ന ചരക്ക് വാഹനങ്ങളുടെയും സഞ്ചാരവീഥിയാണ് റയില്‍വേ ട്രാക്കുകള്‍. പൊതുമേഖലയില്‍ നിലനില്‍ക്കുന്ന സുപ്രധാനവും ബൃഹത്തുമായ റയില്‍വേയെ സ്വകാര്യവല്‍ക്കരിക്കുക എന്ന ലക്ഷ്യത്തോടെ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ ആരംഭിച്ചതിന്റെ പരിണിതഫലമാണ് സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കുക എന്നത്.
ഇപ്പോള്‍ വണ്ടി ഓടിക്കല്‍, പുതിയ ട്രെയിനുകളും സ്റ്റോപ്പുകളും അനുവദിക്കല്‍, യാത്ര-ചരക്കുകൂലി തീരുമാനിക്കല്‍ എന്നിവ കേന്ദ്രസര്‍ക്കാരിന്റെയും റയില്‍വേ മന്ത്രാലയത്തിന്റെയും ചുമതലയാണ്. കാലാകാലങ്ങളില്‍ ഇന്ധനവില വര്‍ധിക്കുമ്പോഴും വിലക്കയറ്റം സംഭവിക്കുമ്പോഴും സാധാരണക്കാരന്റെ ജീവിതവിലസൂചികയില്‍ യാത്രാസംബന്ധമായ ചെലവുകള്‍ അല്‍പമെങ്കിലും താങ്ങാവുന്നതാകുന്നത് റയില്‍വേ പൊതുമേഖലയില്‍ നിലനില്‍ക്കുന്നത് കൊണ്ടാണ്.

തൊഴില്‍സംബന്ധമായും വിദ്യാഭ്യാസ കാര്യങ്ങള്‍ക്കുമായും ഏറ്റവും കൂടുതല്‍ പേര്‍ യാത്ര ചെയ്യുന്ന സംസ്ഥാനമാണ് കേരളം. ട്രെയിന്‍യാത്രകളെ ആശ്രയിക്കുന്നവര്‍ ആയിരക്കണക്കിനുണ്ട്; പ്രത്യേകിച്ചും പാസഞ്ചര്‍ സര്‍വീസുകളെ. സാധാരണക്കാരുടെ ഈ യാത്രാസൗകര്യത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ കൂച്ചുവിലങ്ങിടാന്‍ നോക്കുന്നത്. സീസണ്‍ ടിക്കറ്റുകാരുടെമേല്‍ പുതിയ നിബന്ധനകളും നിയന്ത്രണങ്ങളും കൊണ്ടുവന്നാണ് ആദ്യം റയില്‍വെ ഇത്തരം നടപടികള്‍ ആരംഭിച്ചത്. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് കൃത്യമായി പണമടച്ച് മാത്രം യാത്ര ചെയ്യുന്നവരാണ് കേരളീയര്‍. യാത്രാക്കൂലി ഇനത്തില്‍ അതുകൊണ്ട് തന്നെ നല്ലൊരു തുക റയില്‍വേയ്ക്ക് സംഭരിക്കാന്‍ കഴിയുന്നുണ്ട്.
ഉപഭോക്തൃ സംസ്ഥാനമെന്നതുകൊണ്ട് ചരക്കുകൂലി ഇനത്തിലും വന്‍തുക ശേഖരിക്കാന്‍ റയില്‍വേയ്ക്ക് സാധിക്കുന്നു. ഇതൊക്കെയാണെങ്കിലും ദക്ഷിണ റയില്‍വേയോട് പ്രത്യേകിച്ചും കേരളത്തിനോട് തികഞ്ഞ അവഗണനയാണ് കേന്ദ്രം സ്വീകരിക്കുന്നത്. പാലക്കാട് കോച്ചുഫാക്ടറി ഉള്‍പ്പെടെയുള്ള വിഷയങ്ങളിലുണ്ടായ ചിറ്റമ്മനയം ട്രെയിനുകളുടെ കാര്യത്തിലും തുടരാനുള്ള നീക്കമാണ് ഇപ്പോള്‍ നടക്കുന്നത്.

ലാഭം മാത്രം ലക്ഷ്യമാക്കിയല്ല റയില്‍വെ എന്ന പൊതുസംരംഭം രാജ്യത്ത് ആരംഭിച്ചത്. സേവനം കൂടി റയില്‍വേയുടെ ലക്ഷ്യമാണ്. സ്വകാര്യവല്‍ക്കരിക്കുന്നതോടെ നമുക്ക് നഷ്ടമാകാന്‍ പോകുന്നത് ഈ സേവനമുഖമാണ്. റയില്‍വേ സ്റ്റേഷനുകള്‍, പാളങ്ങള്‍, കോച്ചുകള്‍, അനുബന്ധ നിര്‍മാണ സ്ഥാപനങ്ങള്‍ തുടങ്ങി വന്‍നിക്ഷേപ സാധ്യതകളുള്ള രാജ്യത്തെ ഏറ്റവും ബൃഹത്തായ പൊതുമേഖല സ്വകാര്യവല്‍ക്കരിക്കുന്നതിലൂടെ തങ്ങള്‍ക്ക് ലഭിക്കാന്‍ പോകുന്ന കൊള്ളലാഭത്തില്‍ കണ്ണുംനട്ടാണ് വന്‍കിട കോര്‍പ്പറേറ്റുകള്‍ കരുക്കള്‍ നീക്കുന്നത്. അതിനുവേണ്ട എല്ലാ ഒത്താശകളും നിര്‍വഹിക്കാനുള്ള തത്രപ്പാടിലാണ് മോഡിസര്‍ക്കാര്‍. ഇതിനകം 400 റയില്‍വേ സ്റ്റേഷനുകളുടെ വികസനം സ്വകാര്യക്കമ്പനികള്‍ക്ക് കൈമാറിക്കഴിഞ്ഞു. വികസനത്തിനുള്ള പണം അവര്‍ മുടക്കും, പകരം സ്റ്റേഷനും സ്ഥലവും അവര്‍ക്ക് പതിച്ചുകൊടുക്കണം. ഇതാണ് ധാരണ. ഇതുപോലെ റയില്‍വേയുടെ ഓരോ മേഖലയും പണയപ്പെടുത്തിക്കൊണ്ടിരിക്കുന്നു. സ്വകാര്യ ട്രെയിനുകള്‍ ഉടന്‍ ട്രാക്കിലിറങ്ങും. പല സര്‍വീസുകളും നഷ്ടക്കണക്ക് പറഞ്ഞ് പതുക്കെപ്പതുക്കെ നിര്‍ത്തിയാല്‍ മാത്രമേ സ്വകാര്യ കമ്പനികള്‍ക്കുള്ള കടന്നുവരവ് സുഗമമാക്കിക്കൊടുക്കാന്‍ കേന്ദ്ര സര്‍ക്കാരിനാകൂ. ചെലവ് ചുരുക്കാനുള്ള കടുത്ത നിയന്ത്രണ നടപടികളുടെ പേരിലാണ് ഈ വെട്ടിച്ചുരുക്കല്‍ നടക്കുന്നത്. പാലക്കാട്, എറണാകുളം, തിരുവനന്തപുരം, മധുര ഡിവിഷനുകളിലെ പാസഞ്ചര്‍ സര്‍വീസുകള്‍ വെട്ടിക്കുറയ്ക്കാനുള്ള നീക്കത്തിനെതിരെ കേരളം ശക്തമായ പ്രതിഷേധം അറിയിക്കണം, ഇടപെടണം. ഇന്ന് പാസഞ്ചറുകളെങ്കില്‍ നാളെ സുപ്രധാന ട്രെയിനുകളാകും ഇല്ലാതാകുക. കേന്ദ്രത്തിന്റെ ജനവിരുദ്ധ റയില്‍വേ നയം കേരളത്തിലെ ജനങ്ങള്‍ക്ക് ഉണ്ടാക്കാന്‍ പോകുന്ന ദുരന്തങ്ങള്‍ വരുംനാളുകളില്‍ അറിയാന്‍ പോകുന്നതേയുള്ളു.