20 April 2024, Saturday

അടിത്തറയിളകുന്ന ഇന്ത്യന്‍ സമ്പദ്ഘടന

Janayugom Webdesk
July 4, 2022 5:30 am

വര്‍ഗീയത ഉള്‍പ്പെടെയുള്ള വിവാദങ്ങളുടെ പിറകേ സഞ്ചരിക്കുന്ന നമ്മുടെ രാജ്യത്തിന്റെ സമ്പദ്ഘടനയുടെ അടിത്തറയിളകിക്കഴിഞ്ഞിരിക്കുന്നുവെന്നാണ് ഓരോ ദിവസവും പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്. ജീവിതഭാരം എടുത്താല്‍ പൊങ്ങാത്ത വിധമാക്കുമ്പോള്‍ സാധാരണക്കാരന്റെ ശ്രദ്ധയെ വഴിതിരിച്ചുവിടുന്നതിനുള്ള കുതന്ത്രം കൂടിയാണ് ഇത്തരം വിവാദങ്ങള്‍. വൈകാരികമായ വിഷയങ്ങള്‍ക്കു പിറകേ മനുഷ്യന്‍ സഞ്ചരിക്കുമ്പോള്‍ സമ്പദ്ഘടനയുടെ തകര്‍ച്ച ഉള്‍പ്പെടെയുള്ള പൊള്ളുന്ന ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ മറയ്ക്കപ്പെടുന്നു. അപ്പോഴും നുണയുടെ കോട്ടകള്‍ ഉയര്‍ത്തി രാജ്യം മുന്നേറുകയാണെന്ന് ഭരണാധികാരികളും പ്രചാര ദൗത്യമേറ്റെടുത്തിരിക്കുന്ന വലതുപക്ഷ മാധ്യമങ്ങളും കൊട്ടിഘോഷിക്കുകയും ചെയ്യുന്നു. കേന്ദ്ര ബാങ്കായ റിസര്‍വ് ബാങ്കാകട്ടെ രാജ്യം വീണ്ടെടുക്കലിന്റെ പാതയിലാണെന്ന പ്രചരണവും നടത്തുന്നു. എന്നാല്‍ സമ്പദ്ഘടനയുടെ ശോചനീയാവസ്ഥയെ പ്രതിഫലിപ്പിക്കുന്ന അരഡസന്‍ വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്നത്. അവയില്‍ പലതും സാധാരണക്കാരന്റെ ദുരിതജീവിതത്തിന്റെ ആഴം വര്‍ധിപ്പിക്കുന്നതുമാണ്. അതില്‍ ഏറ്റവും പ്രധാനം ധനക്കമ്മി ഉയര്‍ന്നുകൊണ്ടേയിരിക്കുന്നുവെന്നതാണ്.

മേയ് അവസാനം വാര്‍ഷിക ബജറ്റിന്റെ 12.3 ശതമാനമായി. 2.03 ലക്ഷം കോടി രൂപയാണ് ധനക്കമ്മി. ചെലവിനനുസരിച്ച് വരവുണ്ടാകാത്തതാണ് ധനക്കമ്മി കൂടുന്നതിന്റെ പ്രധാനകാരണം. സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യരണ്ടുമാസത്തിനിടെയാണ് ഇതുണ്ടായിരിക്കുന്നത്. മേയ് അവസാനം വരെയുള്ള വരവ് 3.81 ലക്ഷം കോടിയും ചെലവ് 5.85 ലക്ഷം കോടി രൂപയുമാണ്. മൊത്തം ആഭ്യന്തരോല്പാദനത്തിന്റെ 6.4 ശതമാനമായിരിക്കും ധനക്കമ്മിയെന്നായിരുന്നു കണക്കുകൂട്ടല്‍. മുന്‍വര്‍ഷം 6.71 ശതമാനമാണെന്ന് കണക്കാക്കിയെങ്കിലും വര്‍ഷാവസാനം ധനക്കമ്മി 9.2 ശതമാനമായി ഉയര്‍ന്നിരുന്നു. ഇത് റെക്കോഡ് നിരക്കായിരുന്നു. ഈ സാമ്പത്തികവര്‍ഷത്തെ ആദ്യ രണ്ടുമാസത്തെ ധനക്കമ്മിയുടെ തോത് പരിശോധിച്ചാല്‍ ഇത്തവണ മുന്‍വര്‍ഷത്തെ തോതിനെയും മറികടക്കുമെന്ന ആശങ്കയാണ് ധനകാര്യ വിദഗ്ധര്‍ മുന്നോട്ടുവയ്ക്കുന്നത്. രണ്ടുവിധത്തിലാണ് ഇത് സമ്പദ്ഘടനയെ ദോഷകരമായി ബാധിക്കുന്നത്. ഒന്ന്, രാജ്യത്തിന്റെ കടബാധ്യത ഗണ്യമായ തോതില്‍ ഉയര്‍ത്തേണ്ടിവരും. നിത്യച്ചെലവുകള്‍ കുറയ്ക്കാനാവില്ലെന്നതിനാല്‍ സാമൂഹ്യ സുരക്ഷ — ക്ഷേമ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചെലവ് വെട്ടിക്കുറയ്ക്കേണ്ടി വരുമെന്നതാണ് രണ്ടാമത്തേത്. ഇതിന്റെ കൂടെയാണ് പണപ്പെരുപ്പം വര്‍ധിക്കുകയും രൂപയുടെ മൂല്യം കുത്തനെ ഇടിയുകയും ചെയ്യുന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍.

ഒരു ഡോളറിന് തുല്യമായ ഇന്ത്യന്‍ രൂപയുടെ മൂല്യം 79.12 രൂപയായിരിക്കുകയാണ്. കഴിഞ്ഞ ആറുമാസമായി മൂല്യശോഷണ പ്രവണത ആവര്‍ത്തിക്കുകയാണ്. ഇതും സമ്പദ്ഘടനയ്ക്ക് വന്‍ പ്രത്യാഘാതമുണ്ടാക്കുന്ന സ്ഥിതിവിശേഷമാണ്. വിദേശ നാണ്യശേഖരത്തില്‍ കുറവുണ്ടാക്കുന്നതിനും വിലക്കയറ്റത്തിനും ഇതുകാരണമാകുന്നു. സാമ്പത്തിക രംഗത്തുണ്ടാകുന്ന ഈ തിരിച്ചടികളുടെ പ്രതിഫലനങ്ങള്‍ വിവിധ മേഖലകളുടെ പിറകോട്ടടിക്കു കാരണമാകുന്നുവെന്ന് ഔദ്യോഗിക റിപ്പോര്‍ട്ടുകളില്‍ നിന്നുതന്നെ വ്യക്തമാണ്. അതിലൊന്നാണ് ഉല്പാദന മേഖലയിലുണ്ടായിരിക്കുന്ന ഇടിവ്. ജൂണ്‍ മാസം, ഒമ്പത് മാസത്തിനിടയിലുള്ള ഏറ്റവും താഴ്ന്ന നിലയിലെത്തിയിരിക്കുകയാണ് ഉല്പാദന മേഖലയിലെ പ്രവര്‍ത്തനങ്ങള്‍. മേയ് മാസം സൂചിക 54.6 ശതമാനമായിരുന്നത് ജൂണില്‍ 53.9 ശതമാനമായി ഇടിഞ്ഞു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിനു ശേഷം ഇതാദ്യമാണ് ഇത്രയും ഗണ്യമായ ഇടിവ് സംഭവിക്കുന്നത്. എല്ലാത്തരം ഉല്പന്നങ്ങള്‍ക്കും ഭീമമായ വിലക്കയറ്റമായും രാജ്യത്തിന്റെ സമ്പദ്ഘടന നേരിടുന്ന തകര്‍ച്ചയുടെ പ്രതിഫലനം ജനങ്ങള്‍ അനുഭവിക്കുകയാണ്. പെട്രോളിയം ഉല്പന്നങ്ങളുടെ ആഗോള വിപണിയെ പരിഗണിക്കാതെ ഇവിടെ വില ഉയര്‍ത്തിക്കൊണ്ടിരുന്നതുകാരണം ഭക്ഷ്യോല്പന്നങ്ങള്‍ക്കെല്ലാം ദിനംപ്രതി വില ഉയരുന്ന പ്രവണതയാണ് ഉണ്ടായത്. കോവിഡാനന്തരം ദുസ്സഹമായ ജീവിതം നയിക്കുന്ന സാധാരണക്കാരുടെ ബാധ്യതകള്‍ കൂടുമ്പോഴും പ്രതിവിധിക്കുപകരം ദ്രോഹ നടപടികള്‍ തന്നെയാണ് കേന്ദ്ര സര്‍ക്കാരില്‍ നിന്ന് തുടരുന്നത്.

സൗജന്യ റേഷന്‍ പദ്ധതി സെപ്റ്റംബറോടെ നിര്‍ത്തലാക്കുന്നതിനുള്ള തീരുമാനവും മണ്ണെണ്ണയ്ക്കു വിലകൂട്ടിയ നടപടിയും ഇതിനുള്ള ഒടുവിലത്തെ ഉദാഹരണങ്ങളാണ്. മണ്ണെണ്ണ ഒരു ലിറ്ററിന് ഈ മാസം ഒന്നു മുതല്‍ 14 രൂപ വര്‍ധിപ്പിച്ച് 102 രൂപയാക്കിയിരിക്കുകയാണ്. മേയ് മാസത്തില്‍ ഒരു ലിറ്ററിന് 84 രൂപയായിരുന്നു വില. ജൂണില്‍ നാല് രൂപ കൂടി ഉയര്‍ത്തി 88 രൂപയാക്കി. എന്നാല്‍ സംസ്ഥാനം ജനങ്ങളുടെ മേല്‍ ഭാരം അടിച്ചേല്പിക്കാതെ പഴയ വിലയ്ക്കുതന്നെ ഉപഭോക്താക്കള്‍ക്ക് നല്കി വരികയായിരുന്നു. അങ്ങനെ സമ്പദ്ഘടനയുടെ തകര്‍ച്ച എല്ലാ മേഖലയിലും വന്‍ പ്രത്യാഘാതമാണുണ്ടാക്കിയിരിക്കുന്നത്. എന്നാല്‍ റിസര്‍വ് ബാങ്കോ കേന്ദ്ര സര്‍ക്കാരോ ഫലപ്രദമായ പ്രതിവിധികള്‍ സ്വീകരിക്കുന്നതിന് തയാറാകുന്നില്ല. രാജ്യം സമ്പദ്ഘടനയുടെ കാര്യത്തില്‍ വീണ്ടെടുക്കലിന്റെ പാതയിലാണെന്ന് റിസര്‍വ് ബാങ്ക് അവകാശപ്പെട്ടുകൊണ്ടിരിക്കുന്നുവെങ്കിലും തകര്‍ച്ചയുടെ ആഴമേറുക തന്നെയാണെന്നാണ് ഓരോ ദിവസത്തെയും റിപ്പോര്‍ട്ടുകളില്‍ നിന്ന് വ്യക്തമാകുന്നത്. ഇങ്ങനെ പോയാല്‍ രാജ്യത്തിന്റെ സാമ്പത്തിക ഭാവി അപകടകരമായിരിക്കുമെന്നുതന്നെയാണ് ഭയപ്പെടേണ്ടത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.