Web Desk

March 22, 2020, 5:00 am

മലീമസമാക്കപ്പെടുന്ന നീതിന്യായ വ്യവസ്ഥ

Janayugom Online

ബോധപൂർവം തങ്ങൾക്ക് അനുകൂലമായ വിധികൾ നൽകിയ ഒരു ന്യായാധിപനോട് സർക്കാർ നന്ദി പ്രകടിപ്പിച്ചു. സർക്കാരിന്റെ നന്ദിപ്രകടനം യാതൊരു വൈമനസ്യവും കൂടാതെ ന്യായാധിപൻ സ്വീകരിക്കുകയും ചെയ്തു. സർക്കാർ സമീപനവും അതിനെ ഇരുകയ്യും നീട്ടി സ്വീകരിച്ച നടപടികളും രാഷ്ട്രീയ സദാചാരത്തിന്റെ അടിസ്ഥാന തത്വങ്ങളുടെ ലംഘനമാണ്. ഇതിലൂടെ സർക്കാരും വ്യക്തിയും എക്സിക്യൂട്ടിവ്, ജൂഡീഷ്യറി എന്നിവയുടെ അന്തസിനെ ഇല്ലാതാക്കി. ബിജെപിയെ സംബന്ധിച്ചിടത്തോളം ഇതൊന്നും പുതുമയുള്ളതല്ല. ഇക്കാര്യങ്ങൾ അവരുടെ സംസ്കാരമാണ്. എന്നാൽ രാജ്യത്തെ പരമോന്നത നീതിപീഠം അലങ്കരിച്ച ഒരു ന്യായാധിപനെ സംബന്ധിച്ചിടത്തോളം ഇത് ശരിയായ നിലപാടാണോ. ഇക്കാര്യം രാജ്യത്തെ ഏതൊരു സാധാരണ പൗരനും ചിന്തിച്ചുപോകും. അധികാരസ്ഥാനങ്ങൾക്കായി മഹത് വ്യക്തികൾ പോലും രാഷ്ട്രീയ മേലാളൻമാർക്ക് അടിയറ പറയുന്ന നിലപാടുകൾ എത്ര വേഗത്തിലാണ് സ്വീകരിക്കുന്നത്. അവർ അലങ്കരിച്ച സ്ഥാനങ്ങൾ എത്ര പെട്ടന്ന് മറന്നുപോകുന്നു. വിരമിക്കലിന് ശേഷമുള്ള നിയമനങ്ങൾ ജ്യൂഡീഷ്യറിയുടെ നിഷ്പക്ഷതയ്ക്ക് എത്രമാത്രം കളങ്കം ചാർത്തുന്നു.

സുപ്രീം കോടതി ചീഫ് ജസ്റ്റിസായിരുന്ന രഞ്ജൻ ഗൊഗോയിയെ രാജ്യസഭയിലേയ്ക്ക് നാമനിർദ്ദേശം ചെയ്ത നടപടി ബിജെപിയുടെ നാണംകെട്ടതീരുമാനങ്ങളിൽ ഏറ്റവും ഒടുവിലത്തേതാണ്. ഇത് രാജ്യത്തെ നീതിന്യായ വ്യവസ്ഥയുടെ മേലുള്ള ഒരു കളങ്കം മാത്രമല്ല രാജ്യത്തെ ഭരണഘടനാ തത്വങ്ങൾക്ക് വിരുദ്ധവുമാണ്. ജനാധിപത്യത്തിന്റെ മൂന്ന് അ­ടിത്തൂണുകൾക്ക് വ്യക്തമായ അ­തി­ർവരമ്പുകൾ ഭരണഘടന നിർവചിച്ചിട്ടുണ്ട്. എക്സി­­ക്യൂട്ടിവ്, ലെജിസ്ലേച്ചർ, ജൂഡീഷ്യറി എ­ന്നിവ അവരുടെ കടമകൾ വ്യക്തമായ പരിധിയിൽ നിന്നുകൊണ്ടാകണം നിറവേറ്റേണ്ടത്. ഈ സാഹചര്യത്തിൽ ജൂഡീഷ്യറിയുടെ സ്വാതന്ത്ര്യം എടുത്തുപറയേണ്ടതാണ്. പൗരാവകാശങ്ങൾ, ഭരണഘടനാ തത്വ­ങ്ങളുടെ കാവലാൾ എന്നീ നിലകളിൽ ജൂ­ഡീഷ്യറിയുടെ പ്രധാന്യം ഏറെ പ്രസക്തമാണ്. രാഷ്ട്രീയ കാരണങ്ങളാൽ എക്സിക്യൂട്ടിവ് പരിധികൾ ലംഘിക്കുമ്പോൾ അതിനെ തിരുത്താനുള്ള ശക്തിയായി ഇടപെടേണ്ടത് ജുഡീഷ്യറിയാണ്. ജൂഡീഷ്യറിയുടെ നിഷ്പക്ഷതയിലൂടെ മാത്രമേ ഈ ലക്ഷ്യം കൈവരിക്കാൻ കഴിയൂ. എന്നാൽ ജുഡീഷ്യറി പല വിട്ടുവീഴ്ചകൾക്കും തയ്യാറാകുന്ന കാഴ്ച‌യാണ് ഇപ്പോഴുള്ളത്. ഇതിലൂടെ ജൂഡീഷ്യറി അതിന്റെ പരമപ്രധാനമായ കർത്തവ്യമാണ് മറന്നുപോകുന്നത്. റഫാൽ യുദ്ധവിമാന ഇടപാട്, അസമിലെ ദേശീയ പൗരത്വരജിസ്റ്റർ, ശബരിമല, അയോധ്യ, സിബിഐ തുടങ്ങിയ കേസുകളിലെ സുപ്രീം കോടതി വിധി സർക്കാരിന് ഏറെ അനുകൂലമായ വിധത്തിലുള്ളതായിരുന്നു. ഈ വിധികൾ മോഡി സർക്കാരിന് ഏറെ ആശ്വാസം പകരുകയും ചെയ്തു. അതുകൊണ്ടുതന്നെ ബിജെപിയുടെ ഇപ്പോഴത്തെ നന്ദിപ്രകടനം തികച്ചും ബോധ്യപ്പെടുന്ന ഒന്നാണ്. മേൽപ്പറഞ്ഞ ഓരോ കേസിലും ജൂഡീഷ്യറി സർക്കാരിന്റെ താളത്തിനൊത്ത് തുള്ളി. ഉപരിസഭയിലേക്കുള്ള നാമനിർദ്ദേശം ഇതിനുള്ള പ്രതിഫലം തന്നെയാണ്. ഉദ്ദിഷ്ഠ കാര്യത്തിന് ഉപകാര സ്മരണ എന്ന ആപ്തവാക്യത്തിനുള്ള ഒരു ഉത്തമോദാഹരണം.

ഇത്തരുണം മുൻ ധനമന്ത്രിയും നിയമ മന്ത്രിയുമായ അരുൺ ജെയ്റ്റ്ലിയുടെ വാക്കുകൾ ഏറെ പ്രസക്തമാണ്. വിരമിക്കുന്നതിന് മുമ്പുള്ള വിധിന്യായങ്ങൾ പലപ്പോഴും വിരമിക്കിലിന് ശേഷമുള്ള സ്ഥാനമാനങ്ങൾക്കുള്ള അഭിലാഷം വ്യക്തമാക്കുന്നു. ബിജെപി പ്രതിപക്ഷത്തായിരിക്കുമ്പോഴാണ് അരുൺ ജെയ്റ്റ്ലി ഈ വാക്കുകൾ പറഞ്ഞത്. അധികാരത്തിൽ എത്തിയപ്പോൾ ഇവർ കോൺഗ്രസിനെ കടത്തിവെട്ടി നീതീകരിക്കാൻ കഴിയാത്ത അഭിലാഷങ്ങൾ നിറവേറ്റുന്നു. അധികാര ഭ്രമത്തിന്റെ അടിമയായി രഞ്ജൻ ഗൊഗോയ് അധഃപതിച്ചു. ആഗ്രഹങ്ങൾ ധാർമ്മികവും വ്യവസ്ഥാപിതവുമാകണമെങ്കിൽ അത് എപ്പോഴും പരിശുദ്ധമാകണം. തീരുമാനങ്ങൾ സ്വതന്ത്രമാകണം, ശക്തമാകണം. ഇതായിരുന്നു ജസ്റ്റിസ് രഞ്ജൻ ഗൊഗോയി 2018 ജൂലായ് ഒന്നിന് പറഞ്ഞിരുന്നത്. എന്നാൽ ഇപ്പോഴത്തെ തീരുമാനത്തിലൂടെ ജനാധിപത്യവും നീതീന്യായ വ്യവസ്ഥയും തമ്മിലുള്ള ശക്തമായ ബന്ധത്തെ ദുർബലപ്പെടുത്തി, നീതീന്യായ വ്യവസ്ഥയെ സ്വന്തം അഭിലാഷങ്ങൾക്കായി മലീമസമാക്കിയതിനുള്ള പ്രതിഫലമാണ് രഞ്ജൻ ഗോഗൊയ്ക്ക് ഇപ്പോൾ ലഭിച്ചത്. ബിജെപി ഭരണത്തിൽ ഏതു നിയമത്തേയും തങ്ങളുടെ ഇംഗിതങ്ങൾക്ക് അനുസരിച്ച് മാറ്റാൻ എക്സിക്യൂട്ടിവിന് കഴിയുന്നു. വിരമിച്ച ജഡ്ജിമാരായ മദൻ ബി ലോക്കൂർ, കുര്യൻ ജോസഫ്, ചെലമേശ്വർ എന്നിവരുടെ വാക്കുകൾ ജൂഡീഷ്യറിയുടെ അന്തസിനെ വെളിവാക്കുന്നു. എല്ലാം ഇനിയും നഷ്ടപ്പെട്ടിട്ടില്ല. അധികാരം എക്സിക്യൂട്ടിവിന്റെ പക്കൽ കേന്ദ്രീകരിക്കുന്ന വേളയിൽ നീതിന്യായ വ്യവസ്ഥയുടെ അന്തസും സ്വാതന്ത്ര്യവും ഉയർത്തിപ്പിടിക്കുന്നവർ ഇപ്പോഴുണ്ട്. രാജ്യത്തെ ജനങ്ങൾ നീതിയുക്തമായ കാര്യങ്ങളാണ് നീതിന്യായ വ്യവസ്ഥയിൽ നിന്നും പ്രതീക്ഷിക്കുന്നത്.

ENGLISH SUMMARY:Janayugam edi­to­r­i­al the indi­an judiciary