July 3, 2022 Sunday

Latest News

July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022
July 3, 2022

ഇനിയുണ്ടാകരുത് ഇത്തരം വീഴ്ചകള്‍

Janayugom Webdesk
June 22, 2022

തിരുവനന്തപുരത്തുണ്ടായ വീഴ്ച വളരെ വലുതുതന്നെയാണ്. 

കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കുകയും വേണം.

അതേസമയം ഈയൊരു സംഭവത്തോടെ സര്‍ക്കാര്‍

ആരോഗ്യരംഗമാകെ കുത്തഴിഞ്ഞുവെന്ന പ്രചരണം 

സംഘടിപ്പിക്കുന്നതിനുള്ള ശ്രമവുമുണ്ടാകുന്നുണ്ട്.…..

 

തിരുവനന്തപുരം മെഡിക്കൽ കോളജിൽ അവയവമാറ്റ ശസ്ത്രക്രിയ വൈകിയെന്ന കാരണത്താല്‍ വൃക്കരോഗി മരിച്ച സംഭവം വിവാദത്തിനിടയാക്കിയിരിക്കുകയാണ്. പ്രാഥമിക അന്വേഷണത്തിന്റെ അടിസ്ഥാനത്തില്‍ ഏകോപനത്തില്‍ വീഴ്ച കണ്ടെത്തിയതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളജിലെ യൂറോളജി വിഭാഗം മേധാവി ഡോ. വാസുദേവന്‍ പോറ്റിയെയും നെഫ്രോളജി വിഭാഗം മേധാവി ജേക്കബ് ജോര്‍ജിനെയും ആരോഗ്യ വകുപ്പ് സസ്പെന്‍ഡ് ചെയ്യുകയും സംഭവത്തില്‍ കൂടുതല്‍ വിപുലമായ അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്. മനുഷ്യാവകാശ കമ്മിഷനും കേസെടുത്ത് അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്.

അവയവമാറ്റ ശസ്ത്രക്രിയ വൈകിയതിനെത്തുടര്‍ന്നാണ് കാരക്കോണം സ്വദേശി സുരേഷ് കുമാര്‍ മരണപ്പെട്ടതെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്. മസ്തിഷ്കമരണം സംഭവിച്ച വ്യക്തിയുടെ വൃക്കയുമായി എറണാകുളത്ത് നിന്ന് കൃത്യസമയത്ത് എത്തിയെങ്കിലും ശസ്ത്രക്രിയ വൈകുകയായിരുന്നുവെന്നാണ് പരാതി.

രോഗിയില്‍ മാറ്റി വയ്ക്കുന്നതിനുള്ള വൃക്ക കൊച്ചിയിലെ ആശുപത്രിയില്‍ ലഭ്യമാണെന്ന്‌ അറിഞ്ഞയുടൻ തിരുവനന്തപുരം മെഡിക്കൽ കോളജിലെ നെഫ്രോളജി, യൂറോളജി വകുപ്പുകളിൽനിന്നുള്ള ഓരോ ഡോക്ടർമാര്‍ പുറപ്പെടുകയും അവയവം യഥാസമയം എത്തിക്കുന്നിനുള്ള യാത്രാ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് പൊലീസ് വകുപ്പിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ ആരോഗ്യ — ആഭ്യന്തര വകുപ്പുകള്‍ ചേര്‍ന്നാണ് ഗ്രീന്‍ ചാനലിലൂടെ വൃക്ക കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്തെത്തിച്ചത്. ഉച്ചയ്ക്ക് രണ്ടേമുക്കാല്‍ മണിയോടെ കൊച്ചിയില്‍ നിന്ന് അവയവവുമായി പുറപ്പെട്ട ആംബുലന്‍സ് അഞ്ചര മണിയോടെ തിരുവനന്തപുരത്തെത്തുകയും ചെയ്തു. എന്നാല്‍ മെഡിക്കല്‍ കോളജിലെത്തിയ ശേഷം സംഭവിച്ച വീഴ്ചകള്‍ കാരണം ശസ്ത്രക്രിയ വൈകുകയായിരുന്നു. അതേതുടര്‍ന്ന് രോഗി മരിച്ചെന്നാണ് ആരോപണമുയര്‍ന്നിരിക്കുന്നത്.

ഔദ്യോഗികവും അനൗദ്യോഗികവുമായി പുറത്തുവന്ന വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വൃക്ക തിരുവനന്തപുരം മെഡിക്കല്‍ കോളജിലെത്തിയ ശേഷം ഏകോപനമില്ലായ്മയും അതിന്റെ ഫലമായി അവയവം യഥാസമയം ശസ്ത്രക്രിയാ മുറിയിലെത്തിക്കുന്നതിലും ഡോക്ടര്‍മാര്‍ എത്തുന്നതിലുമുള്ള സമയവിളംബവുമുണ്ടായിട്ടുണ്ട്. മൂന്നുമണിക്കൂറിനകം കൊച്ചിയില്‍നിന്നെത്തിച്ച അവയവം മുറിയിലെത്തിച്ച് ശസ്ത്രക്രിയ ആരംഭിക്കുന്നതിന് അതിലധികം സമയമെടുത്തുവെന്നാണ് മനസിലാക്കേണ്ടത്. മെഡിക്കല്‍ കോളജിലെത്തിച്ച വൃക്കയടങ്ങിയ പെട്ടി ജീവനക്കാരല്ലാത്ത ചിലര്‍ കൊണ്ടുപോയെന്ന് ആശുപത്രി അധികൃതരുടെ പരാതിയും ഉണ്ടായിട്ടുണ്ട്. ചുമതലപ്പെട്ടവരില്ലാതിരുന്നതിനാല്‍ പെട്ടെന്ന് എത്തി ക്കുന്നതിനാണ് പെട്ടി കൊണ്ടുപോയതെന്ന് പ്രസ്തുത കൃത്യം നിര്‍വഹിച്ച വ്യക്തികളും ആംബുലന്‍സ് ഡ്രൈ വറും പറയുന്നു. എന്നാ ല്‍ അവയവമെത്തിച്ചിട്ടും ഉടന്‍ ശസ്ത്രക്രിയ ആരംഭിച്ചില്ലെന്ന ആരോ പണവുമുണ്ട്. ശസ്ത്രക്രിയയ്ക്ക് രോഗിയെയും അനുബന്ധ സംവിധാനങ്ങളും സജ്ജീകരിക്കുന്നതിലും അലംഭാവം സംഭവിച്ചു. കൊച്ചിയില്‍ നിന്ന് തിരുവനന്തപുരത്ത് അവയവം എത്തിച്ചതിനുശേഷമുള്ള സംഭവങ്ങളുടെ വിവരങ്ങളില്‍ നിന്ന് ആരുടെ ഭാഗത്തുനിന്നായാലും ഗുരുതര വീഴ്ചയുണ്ടായെന്ന് തന്നെയാണ് വ്യക്തമാകുന്നത്. അതുകൊണ്ടുതന്നെ ആരോപണ പ്രത്യാരോപണങ്ങളുടെയും വസ്തുതകളുടെയും ഇഴകീറിയുള്ള പരിശോധനയിലൂടെ സംഭവത്തിന്റെ നിജസ്ഥിതി പുറത്തുകൊണ്ടുവന്നേ തീരൂ. സര്‍ക്കാര്‍ അതിനുള്ള നടപടികള്‍ മുന്നോട്ടുകൊണ്ടുപോകുകയാണ്. അതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് രണ്ടുപേരുടെ സസ്പെന്‍ഷനും സമഗ്രാന്വേഷണ പ്രഖ്യാപനവും ഉണ്ടായിരിക്കുന്നത്.

അതേസമയം ഈയൊരു സംഭവത്തോടെ സര്‍ക്കാര്‍ ആരോഗ്യരംഗമാകെ കുത്തഴിഞ്ഞുവെന്ന പ്രചരണം സംഘടിപ്പിക്കുന്നതിനുള്ള ശ്രമവുമുണ്ടാകുന്നുണ്ട്. സര്‍ക്കാര്‍ തലത്തിലെ അവയവമാറ്റം അലംഭാവം നിറഞ്ഞതാണെന്ന വ്യാഖ്യാനങ്ങളുമുണ്ട്. അത് ബോധപൂര്‍വമാണെന്ന് കരുതാവുന്നതാണ്. വിപുലമായ പ്രവര്‍ത്തനങ്ങളാണ് അവയവദാനവും അവയവമാറ്റവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ തലത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. പാവപ്പെട്ടവര്‍ക്കും ആശ്രയിക്കാവുന്ന വിധം അവയവങ്ങള്‍ ലഭ്യമാക്കുന്നതിനും അവയവദാനത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായി മൃതസഞ്ജീവനി എന്ന പേരില്‍ ആരംഭിച്ച പദ്ധതി മുന്നോട്ടുപോകുകയാണ്. ശസ്ത്രക്രിയ നടത്തുന്നതിന് മെഡിക്കല്‍ കോളജുകളില്‍ സജ്ജീകരണങ്ങള്‍ ഒരുങ്ങിയിട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളജില്‍ രണ്ട് കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിജയകരമായി നടത്തി. തിരുവനന്തപുരം മെഡിക്കൽ കോളജിലും ചികിത്സ ആരംഭിച്ചു. കോഴിക്കോട് മെഡിക്കൽ കോളജിനെ ഇതിനായി സജ്ജമാക്കുന്നതിനുള്ള നടപടികള്‍ അന്തിമ ഘട്ടത്തിലാണ്. സ്വകാര്യ ആശുപത്രികളില്‍ വന്‍തുക ചെലവഴിച്ച് നടത്താവുന്ന അവയവമാറ്റ ശസ്ത്രക്രിയ പൊതുജനാരോഗ്യ മേഖലയിലേക്ക് കൂടുതല്‍ വിപുലീകരിക്കുന്നതിനുള്ള ശ്രമങ്ങള്‍ നടക്കുകയുമാണ്. എങ്കിലും തിരുവനന്തപുരത്തുണ്ടായ വീഴ്ച വളരെ വലുതുതന്നെയാണ്. കുറ്റക്കാരെ കണ്ടെത്തി മാതൃകാപരമായി ശിക്ഷിക്കുകയും വേണം. എന്നാല്‍ അത് പെരുപ്പിച്ചുകാട്ടി സര്‍ക്കാര്‍ സംവിധാനത്തിലൂടെയുള്ള അവയവദാനവും ശസ്ത്രക്രിയയും നിരുത്തരവാദിത്തവും അലംഭാവവും നിറഞ്ഞതാണെന്ന് വരുത്താനുള്ള നീക്കം അപലപനീയവുമാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.