കോവിഡ് മരുന്ന്: ധാർമ്മികത വെടിഞ്ഞ് മേനി നടിക്കാനുള്ളതാകരുത്

Web Desk
Posted on July 06, 2020, 4:45 am

ലോകത്താകെ പിടിമുറുക്കിയ കോവിഡ് ഇന്ത്യയിൽ ആശങ്കാകുലമാം വിധം വ്യാപിക്കുകയാണ്. ആദ്യഘട്ടത്തിൽ വലിയ ഭീതി പരത്തിയിരുന്ന ചില രാജ്യങ്ങളിലെ രോഗത്തിന്റെയും വ്യാപനത്തിന്റെയും കാര്യത്തിൽ ഇപ്പോൾ സ്ഥിതി മാറിയിട്ടുണ്ട്. എന്നാൽ ഇന്ത്യ രോഗികളുടെയും മരിക്കുന്നവരുടെയും എണ്ണത്തിലും വ്യാപനത്തിന്റെ തോതിലും മുന്നേറുകയാണ് ചെയ്യുന്നത്. ലോകമാകെ ബാധിച്ച രോഗമെന്ന നിലയിൽ കോവിഡിനെതിരായ ഫലപ്രദമായ മരുന്ന് കണ്ടെത്തുന്നതിനുള്ള ശ്രമങ്ങൾ പല രാജ്യങ്ങളിലും ദ്രുതവേഗത്തിൽ നടന്നുവരുന്നുണ്ട്.

ഇതിനിടയിലാണ് ഓഗസ്റ്റ് 15 എന്ന അന്തിമ തീയതി പ്രഖ്യാപിച്ച് മരുന്ന് കണ്ടെത്താനുള്ള നിർദ്ദേശം ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) ൽ നിന്നുണ്ടായിരിക്കുന്നത്. ഇത് വലിയ വിവാദത്തിനും ആരോഗ്യമേഖലയിലെ ധാർമ്മികത സംബന്ധിച്ച ചോദ്യങ്ങൾക്കും വഴി വച്ചിരിക്കുകയാണ്.

ഇന്ത്യയിൽ മരുന്ന് പരീക്ഷണം നടത്തുന്ന കമ്പനികളിൽ ചിലതിനോടാണ് ഐസിഎംആർ ഇത്തരമൊരു നിർദ്ദേശം നല്കിയിരിക്കുന്നത്. അടുത്ത സ്വാതന്ത്ര്യദിനത്തിൽ പ്രധാനമന്ത്രിക്ക് പ്രഖ്യാപിക്കാനാവുംവിധം മരുന്ന് ലഭ്യമാക്കണമെന്ന് ഐസിഎംആർ ഹൈദരാബാദ് ആസ്ഥാനമായുള്ള സ്ഥാപനത്തോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ബല്‍റാം ഭാര്‍ഗവയാണ് ഇത്തരം ആവശ്യമുന്നയിച്ച് ക­ത്തയച്ചത്. കോവിഡിന് ഫലപ്രദമായ മരുന്ന് എത്രയും വേഗം ഉണ്ടാവണമെന്നത് എ­ല്ലാവരുടെയും ആഗ്രഹമാണ്.

എന്നാൽ ചെ­ങ്കോട്ടയിൽ പ്രധാനമന്ത്രി നരേന്ദ്രമോഡിക്ക് സ്വാതന്ത്ര്യദിന പ്രസംഗം നടത്തുമ്പോൾ മേനി നടിക്കാൻ അതിനുമുമ്പ് മരുന്ന് കണ്ടെത്തണമെന്ന നിർദ്ദേശം ധാർമ്മികതയ്ക്ക് വിരുദ്ധമെന്ന് മാത്രമല്ല അല്പത്വമാണെന്ന് കൂടി പറയേണ്ടിവരും. ആരോഗ്യമേഖലയിലെ വിദഗ്ധരും ലോകാരോഗ്യ സംഘടനയും അന്തിമ തീയതി നിശ്ചയിച്ചുള്ള മരുന്ന് ഗവേഷണത്തെ അപലപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ഇത് അടിയന്തരമായി പിൻവലിക്കണമെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) ആവശ്യപ്പെട്ടിരിക്കുകയാണ്. ഇത്തരത്തില്‍ സമയപരിധി ക്രമീകരിച്ച് അതിനുവേണ്ടി പ്രവര്‍ത്തിക്കുന്നതുമൂലം ശാസ്ത്രീയവും ധാര്‍മികവുമായ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടാതെ വരാം എന്നും മുഖ്യശാസ്ത്രജ്ഞയായ സൗമ്യ സ്വാമിനാഥന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.

വാക്സിന്‍ പുറത്തിറക്കാന്‍ സമയപരിധി നിശ്ചയിച്ച് മുന്നോട്ടു പോകുന്ന ഇന്ത്യയുടെ നീക്കത്തില്‍ ലോകാരോഗ്യസംഘടന ആശങ്ക പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്. യഥാര്‍ത്ഥത്തില്‍ ഇന്ത്യ പുറത്തിറക്കാന്‍ ഉദ്ദേശിക്കുന്ന മരുന്നിന്റെ ഒന്നാംഘട്ട പരീക്ഷണങ്ങള്‍ പോലും പൂര്‍ത്തിയായിട്ടില്ലെന്നും ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്ന സമയത്തിനുള്ളില്‍ വാക്സിന്‍ പുറത്തിറക്കാനാകില്ലെന്നും ഇന്ത്യയിൽ ദീർഘകാലം പ്രവർത്തനാനുഭവമുള്ള സൗമ്യാ സ്വാമിനാഥൻ പറഞ്ഞിട്ടുണ്ട്. ദ്രുതഗതിയിലുള്ള മരുന്ന് കണ്ടെത്തലും പരീക്ഷണവും മറ്റൊന്നിന്റെ കാര്യത്തിലും ഉണ്ടായിട്ടില്ലെന്ന് ഗ്ലോബൽ ഹെൽത്ത് ബയോഎത്തിക്സ് ആന്റ് ഹെൽത്ത് പോളിസിയിലെ ഗവേഷകനായ ഡോ. ആനന്ദ് ഭാൻ പറയുന്നു.

തിരക്കിട്ട് വാക്സിൻ നിർമ്മിക്കുന്നത് അപകട സാധ്യത വർധിപ്പിക്കുമെന്നും ഐസിഎംആറിന്റെ കത്തിലുള്ളത് ഭീഷണിയുടെ സ്വരമാണെന്നും ഇത് കൂടുതൽ അപകടം വിളിച്ചുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു. ഉടൻ മരുന്ന് പ്രഖ്യാപനം വിവാദമായതോടെ ചുവപ്പുനാടകൾ ഒഴിവാക്കി എത്രയും വേഗം മരുന്ന് ലഭ്യമാക്കാനാണ് ഉദ്ദേശിച്ചതെന്ന് ഐസിഎംആർ വിശദീകരിക്കുകയുണ്ടായി. കോവിഡിന് മരുന്ന് കണ്ടെത്താനുള്ള പരിശ്രമങ്ങളെക്കുറിച്ച് ലോകാരോഗ്യസംഘടന അതാതു ഘട്ടങ്ങളിൽ ജനങ്ങളെ അറിയിച്ചുകൊണ്ടിരിക്കുന്നുണ്ട്.

വിവിധ രാജ്യങ്ങളിലായി 150 വ്യത്യസ്ത മരുന്നുകൾ പരിശോധനയുടെ പ്രീ-ക്ലിനിക്കൽ ഘട്ടത്തിലാണെന്നും 17–18 എണ്ണം ക്ലിനിക്കൽ പരിശോധനാ ഘട്ടങ്ങളിലാണെന്നും ഒന്നോ രണ്ടോ വാക്സിനുകള്‍ മൂന്നാംഘട്ട പരിശോധനകള്‍ നടത്തി തുടങ്ങിയതായും ലോകാരോഗ്യസംഘടന അറിയിക്കുകയുണ്ടായി. പൂര്‍ണമായും സജ്ജമായ വാക്സിന്‍ പുറത്തിറക്കാന്‍ 2021 ന്റെ തുടക്കത്തിൽ മാത്രമേ സാധിക്കൂ എന്നും മതിയായ അളവിൽ ലഭ്യമാക്കാന്‍ 2021 ന്റെ അവസാനമെങ്കിലും എത്തുമെന്നുമാണ് ലോകാരോഗ്യ സംഘടനയുടെ ഇപ്പോഴത്തെ പ്രതീക്ഷ.

ഈ സാഹചര്യമുള്ളപ്പോഴാണ് ഉടൻ മരുന്നെന്ന പ്രഖ്യാപനം ഐസിഎംആർ നടത്തിയിരിക്കുന്നത്. ആരോഗ്യപരിപാലനവും ശാസ്ത്ര ഗവേഷണ മേഖലയും പഴഞ്ചൻ ചിന്താഗതികളും അന്ധവിശ്വാസങ്ങളും നിറച്ച് മലിനപ്പെടുത്താനുള്ള ശ്രമങ്ങൾ നേരത്തേതന്നെ ബിജെപി നയിക്കുന്ന ഭരണക്കാരിൽ നിന്നുണ്ടായിരുന്നു. വിദ്യാഭ്യാസ — ഗവേഷണ മേഖലകളിൽ തങ്ങളുടെ ഇച്ഛാനുസരണം പ്രവർത്തിക്കുന്നവരെ പ്രതിഷ്ഠിച്ചുകൊണ്ട് അവരത് തുടരുകയുമാണ്.

ഐസിഎംആർ പോലൊരു അഭിമാന സ്ഥാപനത്തെയും അതേ രീതിയിൽ ഉപയോഗിക്കുന്നുവെന്നാണ് ഇപ്പോഴത്തെ സംഭവങ്ങൾ വ്യക്തമാക്കുന്നത്. സ്വയം മേനി നടിക്കുന്നതിന് എന്തും ചെയ്യാമെന്ന് തെളിയിച്ചുകൊണ്ടിരിക്കുന്ന ഒരു പ്രധാനമന്ത്രിയുടെ ആജ്ഞാനുവർത്തിയായി ഐസിഎംആർ പോലൊരു സ്ഥാപനം അധപ്പതിച്ചുകൂടാ. അത് ശാസ്ത്ര ചിന്തകൾക്കും യുക്തിക്കും മേൽ അന്ധവിശ്വാസങ്ങളെയും കെട്ടുകഥകളെയും പകരം പ്രതിഷ്ഠിക്കുന്നതിന് ഇടയാക്കുകയും ചെയ്യും.