വേണ്ടായിരുന്നു

Web Desk
Posted on October 18, 2017, 8:55 am

ഡോ. ചന്ദന ഡി കറത്തുള്ളി
സ്വന്തം ആഗ്രഹങ്ങള്‍ സാധിക്കാതെ വരികയും സ്വസ്ഥതയും സമാധാനവും നശിക്കുകയും ചെയ്യുമ്പോള്‍ വേണ്ടായിരുന്നു എന്ന ചിന്ത കയറിവരുന്നു. പിന്നാലെ ഘോഷയാത്രയായി മറ്റു പ്രശ്‌നങ്ങളുടെ വരവായി. കുറ്റപ്പെടുത്തലുകളും വിമര്‍ശനങ്ങളും പ്രതിരോധമനോഭാവവും നിസ്സംഗതയും വിദ്വേഷവും എല്ലാം പടിപടിയായി നമ്മുടെ വീട്ടുമുറ്റത്തെത്തും

”വേണ്ടായിരുന്നു..” നമ്മളില്‍ പലരും പലപ്പോഴും പറയുന്നതാണ് ഈ വാചകം. എടുത്ത തീരുമാനം തെറ്റായിപ്പോയി എന്ന തോന്നലില്‍ നിന്നാണ് അത്തരമൊരു നിഗമനത്തിലേക്ക് നാമെത്തുന്നത്. പല വിഷയങ്ങളെക്കുറിച്ചും നാമിങ്ങനെ ചിന്തിക്കാറുണ്ട്. വയററിയാതെ കഴിച്ച ബിരിയാണി മുതല്‍ ബിസിനസില്‍ നടത്തിയ നിക്ഷേപം വരെയുള്ള വിഷയങ്ങളില്‍ നാമിങ്ങനെ ചിന്തിക്കുന്നു. എന്നാല്‍ തിരുത്തലുകള്‍ക്കപ്പുറം ആഴവും വ്യാപ്തിയും ഉള്ള വിഷയങ്ങളിലാണ് ഇത്തരമൊരു ഖേദമെങ്കില്‍ ഒരു തിരിച്ചുപോക്ക് അസാധ്യമാണ്. മാത്രമല്ല, അത് ഒരുപാട് പേരുടെ ജീവിതത്തെ ബാധിക്കുകയും ചെയ്യും.
അത്തരമൊരു വിഷയമാണ് വൈവാഹികജീവിതം. ”നിങ്ങളെ വിവാഹം ചെയ്തത് തെറ്റായിപ്പോയി” എന്ന തോന്നല്‍ പങ്കാളികളുടെ ജീവിതത്തില്‍ സൃഷ്ടിക്കുന്ന പ്രശ്‌നങ്ങള്‍ ചെറുതല്ല. പ്രത്യേകിച്ചും വിവാഹം കഴിക്കാനെടുത്ത തീരുമാനം അവരുടേത് മാത്രമാകുമ്പോള്‍, പ്രണയവിവാഹങ്ങളില്‍ മാതാപിതാക്കളുടെ എതിര്‍പ്പ് അവഗണിച്ച് ഒന്നിച്ച് യാത്ര തുടങ്ങിയവരില്‍ ഒരാള്‍ വഴിയിലെവിടെയോ വച്ച് തിരിച്ചുപോകാന്‍ ആഗ്രഹിച്ചു തുടങ്ങുമ്പോള്‍ മുതല്‍ ആ യാത്ര അസുഖകരമായിത്തീരുന്നു. വേണ്ടായിരുന്നു എന്ന തോന്നലില്‍ നിന്നാണ് പിന്നീട് ഡിവോഴ്‌സിന് വരെ വഴിവയ്ക്കുന്ന വഴക്കുകളും വിവാഹേതര ബന്ധങ്ങളും ഉടലെടുക്കുന്നത്.
എങ്ങനെയാണ് എടുത്ത തീരുമാനം തെറ്റായിരുന്നു എന്ന തോന്നല്‍ ഉണ്ടാവുന്നത്? ജീവിതപങ്കാളിയെ തിരഞ്ഞെടുക്കുമ്പോള്‍ എല്ലാവര്‍ക്കും ഭാവിജീവിതത്തെ കുറിച്ച് ഒരു സ്വപ്നം ഉണ്ടാകും. ആ സ്വപ്നം പിറക്കുന്നത് സ്വന്തം ജീവിതാനുഭവങ്ങളില്‍ നിന്നാണ്. സ്വന്തം ഇന്നലെകള്‍ നമ്മുടെയെല്ലാം ഉള്ളില്‍ ചില വൈകാരിക ആവശ്യങ്ങള്‍ സൃഷ്ടിക്കും. അത്തരം ആവശ്യങ്ങള്‍ തികച്ചും മാനസികമാണ്. അത് നിറവേറ്റിക്കൊടുക്കുവാന്‍ പങ്കാളിക്ക് സാധിച്ചാല്‍ മാത്രമേ ദാമ്പത്യജീവിതം സുഗമമായി മുന്നോട്ടുപോകൂ. ഉദാഹരണത്തിന് ചിലര്‍ ജീവിതപങ്കാളിയില്‍ നിന്നും ആഗ്രഹിക്കുന്നത് സ്‌നേഹവും കരുതലും ആണെങ്കില്‍ മറ്റ് ചിലര്‍ ആഗ്രഹിക്കുന്നത് അംഗീകാരമായിരിക്കും. ചിലരാകട്ടെ ഒരു രക്ഷിതാവിനെയായിരിക്കും പങ്കാളിയില്‍ കാണുന്നത്. ഇത് അവര്‍തന്നെ തിരിച്ചറിഞ്ഞുകൊള്ളണമെന്നില്ല. കാരണം ഇത്തരം ആവശ്യങ്ങളെല്ലാം തന്നെ ഉപബോധമനസിലാണ് വരുന്നത്. ദൈനംദിന ജീവിതവുമായി ബന്ധപ്പെട്ട ആവശ്യങ്ങളോ പരാതികളോ ആയിരിക്കും.
ഉദാഹരണത്തിന് ഭര്‍ത്താവില്‍ ഒരു രക്ഷകര്‍ത്താവിനെ കാണുന്ന ഭാര്യ ‘എന്നെ ശ്രദ്ധിക്കുന്നില്ല’ എന്നും ‘എന്റെ ആഗ്രഹങ്ങള്‍ നിറവേറ്റി തന്നില്ല’ എന്നും പരാതിപ്പെടാം. എന്നാല്‍ ഭര്‍ത്താവിന്റെ വൈകാരിക ആവശ്യം ചിലപ്പോള്‍ മറ്റൊന്നായിരിക്കും. അച്ഛനില്ലാതെ വളര്‍ന്നതിനാലും, ചെറുപ്പത്തിലെ കുടുംബത്തിന്റെ ഉത്തരവാദിത്തം നോക്കിനടത്തുന്നതിനാലും സ്വന്തം വികാരങ്ങളെ മറച്ചുപിടിക്കാന്‍ ശീലിച്ചിട്ടുള്ള ഭര്‍ത്താവിനെ ഇത് അലോസരപ്പെടുത്താം. നിര്‍വികാരനും സ്‌നേഹശൂന്യനുമായ ഭര്‍ത്താവായും ബഹളക്കാരിയായ ഭാര്യയായും ഇവരെ മുദ്രകുത്താന്‍ എളുപ്പമാണ്.
സ്വന്തം ആഗ്രഹങ്ങള്‍ സാധിക്കാതെ വരികയും സ്വസ്ഥതയും സമാധാനവും നശിക്കുകയും ചെയ്യുമ്പോള്‍ വേണ്ടായിരുന്നു എന്ന ചിന്ത കയറിവരുന്നു. പിന്നാലെ ഘോഷയാത്രയായി മറ്റു പ്രശ്‌നങ്ങളുടെ വരവായി. കുറ്റപ്പെടുത്തലുകളും വിമര്‍ശനങ്ങളും പ്രതിരോധമനോഭാവവും നിസ്സംഗതയും വിദ്വേഷവും എല്ലാം പടിപടിയായി നമ്മുടെ വീട്ടുമുറ്റത്തെത്തും. രംഗം വഷളായി അവസാനം കൈയാംകളിയിലേക്ക് എത്തുമ്പോഴായിരിക്കും പ്രശ്‌നപരിഹാരത്തിനായുള്ള ചര്‍ച്ചകള്‍ തുടങ്ങുന്നത്. അപ്പോഴേക്കും ഒന്നിച്ചൊരു ജീവിതത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും ആകാത്തവിധം അവര്‍ അകന്നുപോയിക്കഴിഞ്ഞിരിക്കും. പിന്നെ ഡിവോഴ്‌സ് എന്ന ഒറ്റപ്പെട്ട ചതുപ്പില്‍ അഭയം തേടി, നിറവേറ്റാതെ കിടക്കുന്ന വൈകാരിക ആവശ്യങ്ങളും ഭാണ്ഡവും പേറി അവര്‍ ഒറ്റയ്ക്ക് യാത്ര തിരിക്കും.
പ്രതിരോധമാണ് ചികിത്സയേക്കാള്‍ മഹത്തരം എന്ന തത്വം ഉള്‍ക്കൊണ്ട് പ്രശ്‌നങ്ങള്‍ ഉണ്ടാവുന്നതിന് മുമ്പ് നമുക്ക് അവ പരിഹരിക്കാന്‍ ശ്രമിക്കാം. പങ്കാളിയുടെ പെരുമാറ്റത്തെ മാത്രം കാണാതെ എന്തുകൊണ്ട് അവര്‍ അങ്ങനെ പെരുമാറുന്നു എന്ന് കണ്ടെത്താന്‍ ശ്രമിക്കാം. എന്ത് സംഭവിച്ചാലും എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാന്‍ ശ്രമിച്ച്, അകമഴിഞ്ഞ് പങ്കാളിയെ സ്‌നേഹിക്കാം. സ്വന്തം വൈകാരിക ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് അത് പങ്കാളിയുമായി പങ്കുവയ്ക്കാം. പ്രശ്‌നങ്ങള്‍ ഉണ്ടാകുമ്പോള്‍ കുറ്റപ്പെടുത്താതെയും ഒളിച്ചോടാതെയും ‘ഇനിയെന്ത്’ എന്ന് ചര്‍ച്ച ചെയ്യാം. ഒന്നിച്ച് ഒരു ധാരണയിലെത്തി, പരസ്പരം ഒരു സുഹൃദ്ബന്ധം സ്ഥാപിച്ചെടുക്കാം. പങ്കാളിയുടെ വൈകാരിക ആവശ്യങ്ങള്‍ തിരിച്ചറിഞ്ഞ് ജീവിതത്തില്‍ മാറ്റങ്ങള്‍ വരുത്താം. എല്ലാത്തിനും ഉപരി കുഞ്ഞുങ്ങളില്‍ വൈകാരിക പക്വത വളര്‍ത്തിയെടുക്കാം. ‘വേണ്ടായിരുന്നു’ എന്ന തോന്നല്‍ മാറ്റിനിര്‍ത്തി സ്വന്തം തീരുമാനങ്ങളില്‍ അഭിമാനം കൊള്ളാം.
(ആയുര്‍വേദ ഫിസിഷ്യന്‍, കണ്‍സള്‍ട്ടന്റ് സൈക്കോളജിസ്റ്റ്. 9747436231)