ഭിന്നശേഷിക്കാരെ ചതിക്കരുത്

Web Desk
Posted on December 11, 2017, 10:40 pm

ഭിന്നശേഷിക്കാര്‍ക്കായുള്ള സ്വവലംബന്‍ ആരോഗ്യപദ്ധതി നടപ്പിലാകാത്തതിനെത്തുടര്‍ന്ന് അതില്‍ പ്രതിക്ഷയര്‍പ്പിച്ചവര്‍ ദുരിതത്തിലായി. സബ്‌സിഡിയിലേക്കുള്ള കേന്ദ്രസര്‍ക്കാര്‍ വിഹിതം വരാത്തതിനെത്തുടര്‍ന്നാണ് പദ്ധതി അവതാളത്തിലായിരിക്കുന്നത് എന്നാണറിയുന്നത്. പ്രതിവര്‍ഷം മൂന്ന് ലക്ഷം രൂപയില്‍ കവിഞ്ഞ വരുമാനമില്ലാത്ത കുടുംബങ്ങളിലെ 65 വയസുവരെ പ്രായമുള്ള ഭിന്നശേഷിക്കാരെയാണ് പദ്ധതിയുടെ കീഴില്‍ ഉള്‍പ്പെടുത്തിയിരുന്നത്. 3157 രൂപയാണ് ഒരംഗം പ്രതിവര്‍ഷം പ്രീമിയമായി അടയ്‌ക്കേണ്ടത്. ഇതില്‍ കേന്ദ്രസര്‍ക്കാര്‍ വിഹിതം 2800 രൂപയായിരുന്നു. അംഗമാകുന്നവര്‍ 375 രൂപ അടച്ചാല്‍ മതി. എന്നാല്‍ കേന്ദ്രവിഹിതം അടയ്ക്കുന്നതില്‍ വീഴ്ച വന്നതോടെയാണ് അംഗങ്ങളായവര്‍ ബുദ്ധിമട്ടിലായിരിക്കുന്നത്. സഹായവാഗ്ദാനങ്ങളില്‍ വിശ്വസിച്ച് കടവും മറ്റും വാങ്ങി വിഹിതമടച്ച നിരാലംബരായവര്‍ പണം തിരിച്ചുനല്‍കാന്‍ കഴിയാതെ ഉഴലുന്നു. മാത്രമല്ല ചികിത്സ നടത്തിയ ആശുപത്രികളില്‍ നിന്ന് രേഖകളുമായി സഹായധനത്തിന് ചെന്നെങ്കിലും അധികൃതര്‍ കൈമലര്‍ത്തിയതോടെ ഇവരുടെ ജീവിതം വഴിമുട്ടി നില്‍ക്കുന്ന സ്ഥിതിയിലായി. പാവപ്പെട്ട ഭിന്നശേഷിക്കാരായവര്‍ക്ക് ഇനി എങ്ങനെ ചികിത്സ ചെയ്യുമെന്നറിയാത്ത അവസ്ഥയിലാണ്. പോരാതെ കടം വാങ്ങിയവര്‍ പണം തിരികെ ചോദിക്കാനും തുടങ്ങി.
കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യത്തില്‍ അനുകൂല നിലാപാട് എത്രയും വേഗം കൈക്കൊള്ളണം. ചികിത്സാസഹായം ഭിന്നശേഷിക്കാര്‍ക്ക് വലിയ ആശ്വാസമായിരുന്നു. വളരെ പ്രതീക്ഷയോടെ കൊണ്ടുവന്ന പദ്ധതി ഇങ്ങനെ അട്ടിമറിക്കപ്പെടുമെന്ന് അവര്‍ പ്രതീക്ഷിച്ചിരുന്നില്ല. സംസ്ഥാന സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ഇടപെട്ട് പദ്ധതി പുനരുജ്ജീവിപ്പിക്കാനാവശ്യമായ സമ്മര്‍ദം കേന്ദ്രസര്‍ക്കാരില്‍ ചെലുത്തണം.

ദിനേശന്‍
കയ്പമംഗലം