താജ്മഹല്‍ സംരക്ഷിക്കപ്പെടേണ്ടതല്ലേ

Web Desk
Posted on December 11, 2017, 10:36 pm

ഭാരതീയ സംസ്‌കാരത്തെയും ചരിത്ര സ്മാരകങ്ങളെയും കുറിച്ച് നമ്മള്‍ അഭിമാനം കൊള്ളുകയും ഘോരഘോരം പ്രസംഗങ്ങള്‍ നടത്തുകയും ചെയ്യുമ്പോള്‍ അവ സംരക്ഷിക്കപ്പെടേണ്ടതിനെ പറ്റി എന്തുകൊണ്ട് ബോധവാന്മാരാകുന്നില്ല എന്നതുകൊണ്ടായിരിക്കാം സുപ്രിം കോടതി ഇങ്ങനെ ഒരു നിര്‍ദേശം മുന്നോട്ടു വെച്ചത്. 400 വര്‍ഷത്തേക്ക് താജ്മഹല്‍ സംരക്ഷിക്കുക എന്ന ഉദ്ദേശത്തോടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്ക് നിര്‍ദേശങ്ങള്‍ കൊടുത്തത്. ദേശീയ ഹരിത െ്രെടബ്യൂണലിന്റെ ഹര്‍ജി പരിഗണിച്ചുകൊണ്ടാണെങ്കിലും ഇത് നടപ്പാക്കേണ്ടത് അത്യാവശ്യം തന്നെയാണ്. അടുത്ത കാലത്ത് താജ്മഹലിനെ വര്‍ഗീയവല്‍കരിക്കാന്‍ ശ്രമിച്ച തല്‍പരകക്ഷികള്‍ അറിയുന്നില്ല അത് നമ്മുടെ സംസ്‌കാരത്തെയാണ് തകര്‍ക്കുന്നതെന്ന്. ഈ ചരിത്ര സ്മാരകം അറിയപ്പെടുന്നത് മുംതാസിന്റെ ഓര്‍മയ്ക്ക് ഷാജഹാന്റെ പ്രണയ സ്മാരകമായാണെങ്കിലും കാലങ്ങള്‍ക്കു മുന്‍പുള്ള അതിന്റെ നിര്‍മിതിയും മനോഹാരിതയും വരുംതലമുറയ്ക്കും ആസ്വദിക്കാവുന്ന തരത്തില്‍ നിലനിര്‍ത്തേണ്ടത് ശരിക്കും നമ്മുടെ കടമയാണ്. ഇവിടെ മുംതാസിനെയോ ഷാജഹാനെയോ ചരിത്രം മറക്കുന്നില്ലെങ്കിലും സ്മാരകത്തിന്റെ സൗന്ദര്യം കാത്തുസൂക്ഷിക്കാന്‍ നമ്മള്‍ മറന്നിട്ടുണ്ട്. കാലത്തിന്റെ കവിള്‍ത്തടത്തിലെ കണ്ണുനീര്‍ തുള്ളിയെന്നാണ് ടാഗോര്‍ ഇതിനെ വിശേഷിപ്പിച്ചിരിക്കുന്നത്. ഷാജഹാന്‍ എന്ന ചക്രവര്‍ത്തിക്കും മുംതാസ് എന്ന പ്രിയ പത്‌നിക്കുമപ്പുറം ഓര്‍ക്കപ്പെടേണ്ടത് അതിന്റെ ശില്‍പികളെയല്ലേ എന്നൊരു ചോദ്യവും ഇതിന് പിന്നിലുണ്ട്. ഉസ്താദ് അഹമദ് ലഹൗരിയും ഉസ്താദ് എല്‍സയും നമ്മുടെ മനസ്സില്‍ ഇടം നേടിയില്ലെന്നതാണ് ചരിത്ര സത്യം. താജ്മഹലിന് പിന്നിലെ ഊഷ്മള പ്രണയത്തെ മാത്രമേ നമുക്ക് ആ സ്മാരകത്തില്‍ കാണാന്‍ കഴിയൂ. ഇതുപോലൊരു സ്മാരകം പണിയരുതെന്ന സ്വാര്‍ത്ഥ ചിന്തയുടെ ബാക്കി പത്രമായ ശില്‍പിയുടെ കൈ വിരലുകള്‍ അറുത്ത, ചരിത്രം മാപ്പുകൊടുക്കാത്ത ഒരു സത്യവും ഇതിന് പിന്നിലുണ്ടെന്ന് കേള്‍ക്കുന്നു. കാലം മാപ്പുകൊടുക്കില്ല എന്നത് അദ്ദേഹത്തിന്റെ മകന്‍ ഔറംഗസേബിനാല്‍ അനുഭവിച്ചു എന്നത് മറ്റൊരു ചരിത്ര സത്യം. ഇതൊക്കെയാണ് ഇതിന്റെ ചരിത്രമെങ്കിലും 21-ാം നൂറ്റാണ്ടിലും ഇതിനെ വര്‍ഗീയ വല്‍ക്കരിക്കേണ്ടി വരുന്നത് നമ്മുടെ സങ്കുചിതമായ മനസിന്റെ പരിണിത ഫലങ്ങളാണ്. എങ്ങനെ സൃഷ്ടിച്ചു എന്തിനു സൃഷ്ടിച്ചു എന്നതല്ല പ്രധാനം എങ്ങനെ അത് സംരക്ഷിക്കാം എന്നുള്ളതാണ്. പഠനങ്ങള്‍ വിലയിരുത്തുന്നത് നമ്മള്‍ സൃഷ്ടിക്കുന്ന അന്തരീക്ഷ മലിനീകരണത്തിന്റെ പ്രതിഫലനമായി താജ്മഹലിന്റെ ഭംഗി ചോര്‍ന്ന് മഞ്ഞ നിറത്തിലായി തുടങ്ങിയെന്നാണ്. തൊട്ടടുത്തുള്ള കെട്ടിടങ്ങളും ഫാക്ടറികളും യമുന നദിയില്‍ ഒഴുക്കുന്ന മാലിന്യങ്ങളും എല്ലാം താജ്മഹലിനെ പ്രതികൂലമായി ബാധിച്ചിട്ടുണ്ട്. സുപ്രിം കോടതി ആവശ്യപ്പെട്ടിരിക്കുന്നത് തന്നെ അതിന് ചുറ്റും ഭംഗിയുള്ള മരങ്ങള്‍ വെച്ചുപിടിപ്പിക്കാനും തണലേകാനുമാണ്. അങ്ങനെ അതിന്റെ സൗന്ദര്യം കാലാകാലങ്ങള്‍ സൂക്ഷിക്കണം എന്നുമാണ് കോടതി നിരീക്ഷിച്ചിട്ടുള്ളത്. അനേക വര്‍ഷങ്ങള്‍ക്കു മുന്‍പ് അനേകം തൊഴിലാളികളുടെ അശ്രാന്ത പരിശ്രമത്തില്‍ അത്ഭുതകരവും വിസ്മയിപ്പിക്കുന്നതുമായ സാധന സാമഗ്രികളാല്‍ പണിത് വെച്ചിട്ടുള്ളത് ഇന്ന് നിര്‍മിക്കാന്‍ അപ്രാപ്യമാവുന്ന തരത്തിലാണ്. അതിനാല്‍ അത് നശിപ്പിക്കാതെ സംരക്ഷിക്കാനുള്ള ആര്‍ജ്ജവമുണ്ടാവട്ടെ നമുക്കോരോരുത്തര്‍ക്കും.

നവനീത് എം, തൃശ്ശൂര്‍