Friday
22 Feb 2019

സ്ഥിരോത്സാഹികളെയും പരിശ്രമശാലികളെയും കാത്തിരിക്കുന്ന കോഴ്‌സ്

By: Web Desk | Tuesday 13 February 2018 7:40 PM IST

പി കെ സബിത്ത്‌

പരിപഠനത്തിനുവേണ്ടി വലിയ സാമ്പത്തികവും ചെലവും സമയവും ചെലവഴിക്കുന്നവരാണ് നമ്മള്‍. ഏറ്റവും മികച്ചതും അഭിരുചിക്കും താല്‍പര്യങ്ങള്‍ക്കും ഇണങ്ങിയ മേഖല കണ്ടെത്തുകയുമാണ് ഓരോരുത്തരുടേയും ലക്ഷ്യം. നമ്മുടെ കഴിവുകളെ പരമാവധി ഉപയോഗപ്പെടുത്താനും കഠിനമായ പരിശ്രമം നടത്താന്‍ തയാറുള്ളവര്‍ക്കും പറ്റിയ ചില പഠന മേഖലകളുണ്ട്. ഏത് പഠനമേഖലയായാലും അത് കരഗതമാക്കുവാനും അഭിരുചിക്ക് ഇണങ്ങിയ ജോലിയിലെത്തിച്ചേരാനും കുറുക്കുവഴികളില്ല എന്ന കാര്യം ആരും മറക്കരുത്. പല സാഹചര്യങ്ങളിലും കുട്ടികളുടെ തെരഞ്ഞെടുപ്പ് തെറ്റിപ്പോകാറുണ്ട്. ഇത്തരമൊരു സാഹചര്യം ആശയക്കുഴപ്പത്തിലേക്കും ആശങ്കകളിലേക്കുമാണ് അവരെ നയിക്കുന്നത്. തെരഞ്ഞെടുപ്പ് തെറ്റിപ്പോകാനുള്ള അടിസ്ഥാനകാരണം ഏറ്റവും എളുപ്പത്തില്‍ പഠിച്ചെടുക്കാന്‍ പറ്റുന്ന കോഴ്‌സുകള്‍ തേടിപ്പോകുക, ആകര്‍ഷകമായ പരസ്യതന്ത്രങ്ങളില്‍ പെട്ടുപോവുക, വലിയ അധ്വാനമില്ലാതെ ജോലിയില്‍ പ്രവേശിക്കാന്‍ പറ്റുന്ന കോഴ്‌സുകളെ മാത്രം അന്വേഷിച്ചുപോവുക, ഇന്നത്തെ വിവരവിനിമയ ലോകത്ത് കുട്ടികളില്‍ കാണുന്ന പ്രധാന പ്രവണതയാണ് ഇത്. ഇത്തരമൊരു മാനസികാവസ്ഥയില്‍ പഠനം നടത്താനും ഇഷ്ടമേഖലകള്‍ തെരഞ്ഞെടുക്കാനുമാണ് നിങ്ങള്‍ ലക്ഷ്യമാക്കുന്നതെങ്കില്‍ ജീവിതകാലം മുഴുവന്‍ അസംതൃപ്തരായി കഴിയേണ്ടിവരും. നമ്മളില്‍ ചിലരിലെങ്കിലും ഇപ്പോഴും നിലകൊള്ളുന്ന തെറ്റായ ഇത്തരം ധാരണകളെ പടിക്കുപുറത്തുനിറുത്തുകതന്നെ വേണം.
ആസ്വദിച്ച് ജോലിചെയ്യുകയും പഠനത്തിലേര്‍പ്പെടുകയും ചെയ്യുന്നവരോട് ചോദിച്ചാല്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും. കഠിനമായ പരിശ്രമം ഇല്ലാതെ ആര്‍ക്കും ഉന്നതനിലവാരത്തില്‍ എത്തിച്ചേരാന്‍ കഴിഞ്ഞിട്ടില്ല എന്ന കാര്യമാണത്. നിങ്ങള്‍ സ്ഥിരോത്സാഹിയും കഠിനമായ പരിശ്രമത്തിനു തയാറുമാണെങ്കില്‍ അനുയോജ്യമായ ഒരു പഠനമേഖലയാണ് ഇവിടെ പരിചയപ്പെടുത്തുന്നത്. നമ്മുടെ പരമ്പരാഗതമായ ചില ബോധത്തെ മാറ്റിമറിക്കുന്ന ഒന്നാണ് ഇത്. കാരണം തോറ്റാലും ജയിച്ചാലും സാധ്യതകള്‍ ഉള്ള ഒരു സവിശേഷപഠന മേഖലയാണിത്. ഒരേസമയം മൂന്നു കോഴ്‌സുകള്‍ ചെയ്യാന്‍ സാധിക്കുന്നു എന്നതും ഇതിന്റെ മറ്റൊരു പ്രത്യേകതയാണ്.

എന്താണ് കോഴ്‌സ്

ചാര്‍ട്ടേഡ് അക്കൗണ്ടന്റ്, കോസ്റ്റ് ആന്‍ഡ് മാനേജ്‌മെന്റ് അക്കൗണ്ടന്റ്, കമ്പനി സെക്രട്ടറി എന്നിവ ഒരേസമയം പഠിക്കാന്‍ സാധിക്കും. ഈ കോഴ്‌സുകളുടെയെല്ലാം സിലബസ് ഏതാണ്ട് സമാനമാണ്. പ്രവേശന പരീക്ഷയ്ക്കും തുടര്‍ന്ന് കോഴ്‌സിനും ഒന്നിച്ചു പഠിക്കാം. മുഴുവന്‍ സമയവും ക്ലാസുകളിലിരിക്കുന്നു എന്ന വിരസതയൊക്കെ മാറ്റി നിര്‍ത്താന്‍ സാധിക്കുന്നു എന്നതാണ് മറ്റൊരു സവിശേഷത. കാരണം പരമ്പരാഗതമായ ക്ലാസ് മുറിയും ക്ലാസും ഒന്നും വേണ്ട. വീട്ടിലിരുന്ന് പഠിച്ചെഴുതാം. പഠനത്തിന് കൂടുതല്‍ എന്തെങ്കിലും സഹായം ആവശ്യമാണെങ്കില്‍ സൗജന്യ ഇ-ലേണിങ് സൗകര്യവുമുണ്ട്. സ്റ്റൈപ്പന്റ് ഉള്‍പ്പെടെയുള്ളവ വാങ്ങി പഠനത്തോടൊപ്പം പ്രായോഗിക പരിശീലനം നേടാനും സാധിക്കുന്നു എന്നത് ഇതിന്റെ എടുത്തുപറയേണ്ട മറ്റൊരു സവിശേഷതയാണ്.

എന്തുകൊണ്ട് ആകര്‍ഷകമാകുന്നു

ഈ കോഴ്‌സ് പാസായവര്‍ ചുരുക്കമാണ് എന്നതാണ് ഇതിന്റെ ആകര്‍ഷണീയതയ്ക്ക് മുഖ്യകാരണം. പഠിച്ച് പാസായാല്‍ ഉയര്‍ന്ന വരുമാനം ഉറപ്പാണ്. അഥവാ ജോലിക്ക് പോകാന്‍ താല്‍പര്യമില്ലാത്ത ഒരാളാണ് നിങ്ങളെങ്കില്‍ സ്വകാര്യ പരിശീലനത്തിലൂടെ ഉയര്‍ന്ന നിലയിലെത്താം. സ്വന്തം നിലയില്‍ സംരംഭം തുടങ്ങാനും സാധ്യതയുള്ള ഒരു മേഖലയാണിത്. സമാന യോഗ്യതയുള്ളവരെ പങ്കാളിയാക്കി തൊഴില്‍ സംരംഭകത്വം സൃഷ്ടിക്കാനും സാധിക്കുന്നു എന്നത് ഈ പഠന മേഖലയെ കൂടുതല്‍ ആകര്‍ഷകമാക്കുന്നു.

പഠനം എവിടെ

നേരത്തെ സൂചിപ്പിച്ചതുപോലെ നമ്മുടെ പരമ്പരാഗത പഠനരീതി ഇവിടെയില്ല. ഇഷ്ടമുള്ളിടത്ത് പഠിക്കാം. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കമ്പനി സെക്രട്ടറീസ് ഓഫ് ഇന്ത്യ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോസ്റ്റ് ആന്‍ഡ് മാനേജ്‌മെന്റ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യ എന്നീ സ്ഥാപനങ്ങളാണ് ഓരോ കോഴ്‌സും ബന്ധപ്പെട്ട പരീക്ഷയും നടത്തുന്നത്. എല്ലാ സ്ഥാപനങ്ങളിലും മിക്ക ജില്ലാ ആസ്ഥാനങ്ങളിലും ഇവയ്ക്ക് ശാഖകളും ചാപ്റ്ററുകളും ഉണ്ട്. വെബ്‌സൈറ്റില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകും.