അന്വേഷണം വഴിതെറ്റുന്നു: സ്വർണക്കടത്തിൽ യഥാർത്ഥ കുറ്റവാളികളെ തൊടില്ല

രാഷ്ട്രീയകാര്യ ലേഖകൻ

തിരുവനന്തപുരം:

Posted on July 11, 2020, 10:53 pm

രാഷ്ട്രീയകാര്യ ലേഖകൻ

പ്രമാദമായ സ്വർണക്കള്ളക്കടത്ത് കേസിലെ യഥാർത്ഥ പ്രതികളിലെത്താതിരിക്കാൻ അന്വേഷണം വഴിതെറ്റിക്കുന്നു. യുഎഇ കോണ്‍സുലേറ്റിനെ മറയാക്കി കടത്താന്‍ ശ്രമിച്ച 30 കിലോ സ്വര്‍ണമാണ് ഞായറാഴ്ച തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്ന് കസ്റ്റംസ് പിടികൂടിയത്. നയതന്ത്ര ബാഗേജിൽ സ്വർണം കടത്തിയ രാജ്യത്തെ ആദ്യസംഭവവും സംസ്ഥാനത്ത് ഇതുവരെ നടന്നതിൽ ഏറ്റവും വലിയ സ്വർണ വേട്ടയുമാണിത്. സംഭവത്തിൽ നാലുപേരെ പ്രതിചേർത്തിട്ടുണ്ട്. ഒന്നാം പ്രതി പി എസ് സരിത്ത്, രണ്ടാം പ്രതി സ്വപ്ന സുരേഷ്, നാലാം പ്രതി സന്ദീപ് നായർ എന്നിവരാണ് കസ്റ്റഡിയിലുള്ളത്. അവശേഷിക്കുന്ന മൂന്നാം പ്രതി ഫാസിൽഫരീദ് ഇപ്പോഴും കാണാമറയത്താണ്.

രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയങ്ങൾ അടങ്ങിയിരിക്കുന്നുവെന്ന് ആരോപിച്ച് കേസ് ദേശീയ അന്വേഷണ ഏജൻസി ഏറ്റെടുത്തിരിക്കുകയാണ്. അവർ തയ്യാറാക്കിയ പ്രഥമ വിവര റിപ്പോർട്ടിലാണ് നാലു പ്രതികളുള്ളത്. സ്വർണ കടത്തായതിനാൽ കസ്റ്റംസ് അവരുടെ അന്വേഷണവും തുടരുന്നുണ്ട്. എന്നാൽ സംഭവം നടന്ന് ഒരാഴ്ചയാകുമ്പോൾ അന്വേഷണം വഴി തെറ്റുന്നുവെന്നതിന്റെ സൂചനകളാണ് പുറത്തുവരുന്നത്. ഈ നാലുപേരിൽ കേന്ദ്രീകരിച്ച് കള്ളക്കടത്തിന്റെ യഥാർത്ഥ വസ്തുതകൾ കണ്ടെത്താൻ ശ്രമിക്കാതെ സംസ്ഥാന രാഷ്ട്രീയത്തിൽ നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നതെന്നുവേണം അനുമാനിക്കാൻ. അതിനുള്ള തിരക്കഥയാണ് കേന്ദ്ര അന്വേഷണ ഏജൻസി രാഷ്ട്രീയ യജമാനന്മാർക്കുവേണ്ടി തയ്യാറായിരിക്കുന്നത്.

കസ്റ്റംസ് അധികൃതർ സ്വർണം വിട്ടുകൊടുക്കാൻ തയ്യാറാകാതിരുന്നപ്പോൾ വിളിച്ച നേതാവിനെ സംബന്ധിച്ച് ഇപ്പോൾ പുറത്തുവരുന്ന വിശദീകരണങ്ങൾ അതിന്റെ ഉദാഹരണമാണ്. ആദ്യം മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്ന് വിളിച്ചുവെന്ന് പ്രചരിപ്പിച്ചവർ പിന്നീട് കസ്റ്റംസ് ഉദ്യോഗസ്ഥൻ തന്നെ അത് നിഷേധിച്ചപ്പോൾ പ്രസ്തുത ഉദ്യോഗസ്ഥന്റെ ജാതകം തിരയുകയാണ് ചെയ്തത്. അതിന്റെ തൊട്ടടുത്തദിവസം യഥാർത്ഥത്തിൽ വിളിച്ചയാളുടെ വിവരങ്ങളും ബന്ധങ്ങളും പുറത്തുവന്നു. അതിന് ശേഷമാണ് കഴിഞ്ഞദിവസം ബാഗേജിൽ സ്വർണമാണെന്ന് അറിയാതെയാണ് ആ വ്യക്തി ഫോൺ ചെയ്തതെന്നും അദ്ദേഹത്തിന് ഇക്കാര്യത്തിൽ മറ്റ് പങ്ക് കണ്ടെത്താനായില്ലെന്നുമുള്ള വിശദീകരണം പുറത്തുവരുന്നത്.

സംശയത്തെ തുടർന്ന് കസ്റ്റംസ് തടഞ്ഞുവച്ച ഒരു ബാഗേജ് സ്വർണമാണെന്നറിയാതെയാണെങ്കിലും വിട്ടുനൽകണമെന്ന് ആവശ്യപ്പെടുന്നത് ഉദ്ദേശ ശുദ്ധിയോടെ ആണെന്ന് കരുതുവാൻ സാധിക്കില്ല. മാത്രവുമല്ല ഈ വ്യക്തിയുടെ ഇടപെടൽ വിവരം പുറത്തു വന്നപ്പോഴാണ് സ്വർണം കടത്തിയത് നയതന്ത്ര ബാഗേജിലല്ല എന്ന കേന്ദ്ര മന്ത്രി വി മുരളീധരന്റെ പ്രസ്താവനയുണ്ടായതെന്നതും ശ്രദ്ധിക്കേണ്ടതാണ്. അന്വേഷണ ഉദ്യോഗസ്ഥർക്ക് വ്യക്തമായ സന്ദേശമാണ് അത് നല്കിയത്. കൂടാതെ കള്ളക്കടത്തിനെ ഐഎസ് പോലുള്ള തീവ്രവാദ സംഘത്തിലേയ്ക്ക് തിരിച്ചുവിട്ട് യഥാർത്ഥ കുറ്റവാളികളെ രക്ഷപ്പെടുന്നതിനുള്ള വഴിയൊരുക്കാനുള്ള ശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. യഥാർത്ഥത്തിൽ എൻഐഎ അന്വേഷണം ഏറ്റെടുത്തതുതന്നെ അതിനാണെന്ന് വ്യക്തമാകുകയാണ്. ഐഎസ് ബന്ധമുണ്ടെങ്കിൽ അത് കണ്ടെത്തുകതന്നെ വേണം. എന്നാൽ അതുമാത്രമാണോ ഈ സംഭവത്തിന്റെ അടിവേര്. യഥാർത്ഥ വേരുകൾ കണ്ടെത്താൻ താൽപര്യമില്ലാത്തത് ആർക്കാണ്.

അന്വേഷണം കേരളത്തിൽ ചുറ്റിത്തിരിയും

ഉത്തർപ്രദേശിലെ വികാസ് ദുബെയെപോലുള്ള കൊടുംക്രിമിനലുകളെ വധിച്ച് നീതി നടപ്പിലാക്കുന്നതിന് പിന്നിലെന്ന പോലെ നിക്ഷിപ്തതാൽപര്യങ്ങളും ദുഷ്ടലക്ഷ്യങ്ങളും ഇക്കാര്യത്തിലുമുണ്ടെന്നാണ് കൂടുതൽ കൂടുതൽ വ്യക്തമാകുന്നത്. കൂടുതൽ വിവരങ്ങൾ പുറത്തുവരുന്നതിനെ ഇപ്പോൾ ചിലർ ഭയക്കുന്നുണ്ട്. അതുകൊണ്ട് ഈ കേസിന്റെ അന്വേഷണവും സരിത്തിലും സ്വപ്ന സുരേഷ് ഉൾപ്പെടെ ഇപ്പോൾ പ്രതിചേർക്കപ്പെട്ടവരിലും അവരുടെ ബന്ധങ്ങൾ തേടുന്നതിലും അവസാനിക്കും. അതിനപ്പുറം പോകാതിരിക്കാനുള്ള ഉത്തരേന്ത്യൻ ദുഷ്ടബുദ്ധി ഇവിടെ ആവർത്തിച്ചെന്നുമിരിക്കും.

വ്യാജസർട്ടിഫിക്കറ്റും അവരുടെ ബന്ധങ്ങളും മാത്രം അന്വേഷിച്ച് സംസ്ഥാന രാഷ്ട്രീയത്തിൽ വിഷയം പൊലിപ്പിച്ച് നിർത്തുകയാണ് കേന്ദ്ര ഭരണം നടത്തുന്ന ബിജെപി സർക്കാരിന്റെ ലക്ഷ്യമെന്ന് വ്യക്തമാകുകയാണ് ഓരോ ദിവസം പിന്നിടുമ്പോഴും. ശബരിമല വിഷയത്തിലെന്നപോലെ രാഷ്ട്രീയനേട്ടം കൊയ്യാനുള്ള ദുഷ്ടലാക്കോടെ ബിജെപിയുടെ ചേട്ടൻ ബാവയായി പൊറാട്ടു നാടകങ്ങളുമായി യുഡിഎഫും അണിനിരന്നിട്ടുണ്ട്. സ്വപ്ന സുരേഷിനെയും മറ്റും തേടിപ്പോയി പൈങ്കിളിക്കഥകൾ നിരത്തി വായനക്കാരെ പിടിച്ചുനിർത്തുകയെന്നതിനപ്പുറം മാധ്യമങ്ങൾക്കും മറ്റു ലക്ഷ്യങ്ങളില്ല.

ഫലത്തിൽ സ്വർണ കടത്തിന്റെ യഥാർത്ഥ കുറ്റവാളികളെ തേടിപോകാനല്ല അന്വേഷണം മറ്റൊരു വഴിക്ക് നയിച്ച് കെട്ടുകഥകളിലൂടെ നേട്ടമുണ്ടാക്കാനും രാഷ്ട്രീയവിദ്വേഷം തീർക്കാനും അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയ്യുന്നുവെന്നതിന്റെ ഉദാഹരണമായി ഈ കേസന്വേഷണവും കെട്ടടങ്ങുമെന്നാണ് ഇപ്പോഴത്തെ സാഹചര്യങ്ങൾ വ്യക്തമാക്കുന്നത്. അതല്ലെന്ന് തെളിയിക്കാൻ ബിജെപിക്ക്ധൈര്യമുണ്ടോയെന്നാണ് ഇപ്പോഴത്തെ പ്രസക്തമായ ചോദ്യം.

ആറുവർഷമായിട്ടും മഞ്ഞുമല കണ്ടെത്താനായില്ല

കേന്ദ്രത്തിൽ നരേന്ദ്രമോഡിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ഭരണം തുടങ്ങിയിട്ട് ആറു വർഷം പിന്നിട്ടിരിക്കുന്നു. ഇന്ത്യയുടെ പൊതു ആരോഗ്യത്തിന് വലിയവെല്ലുവിളിയായി നിൽക്കുന്ന സമാന്തര സമ്പദ്ഘടനയുടെ അടിത്തറ നിലക്കൊള്ളുന്നത് കള്ളപ്പണത്തിലും കള്ളക്കടത്തിലുമാണ്. കള്ളക്കടത്തിന്റെ വേരുകൾ ആഴ്ന്നുകിടക്കുന്നത് സ്വർണക്കടത്തിലും. എന്നിട്ടും ഇത്രയും വർഷത്തിനിടയിൽ സ്വർണ കള്ളക്കടത്തിന്റെ അടിവേരുകൾ തേടാൻ മോഡി സർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണ്. പ്രതിവർഷം 200 ടൺ സ്വർണം കള്ളക്കടത്തായി ഇന്ത്യയിലേയ്ക്ക് എത്തുന്നുവെന്നതിന് ഔദ്യോഗിക കണക്കുകളുണ്ട്.

എന്നിട്ടും മഞ്ഞുമലയുടെ അഗ്രമായ ചില ക്യാരിയറുകളെ മാത്രം പിടികൂടി സംതൃപ്തി അടയുന്നതും മഞ്ഞുമല സൂക്ഷിക്കുന്നവരെ കണ്ടെത്താൻ ധൈര്യപ്പെടാത്തതും എന്തുകൊണ്ടാണ്. തിരുവനന്തപുരം വിമാനത്താവളത്തിലൂടെ കടത്തുന്ന സ്വർണത്തിൽ വലിയപങ്ക് ചെന്നെത്തുന്നത് തമിഴ്നാട്ടിലെയും കർണാടകയിലെയും ഇടനാഴികളിലേക്കാണ് എന്ന് കണ്ടെത്തുന്നുണ്ട്. ആ ഇടനാഴി എവിടെയാണെന്ന് കണ്ടെത്താനുള്ള ധൈര്യം കാട്ടാത്തത് എന്തുകൊണ്ടാണ്. അതിനുള്ള കാരണങ്ങളിൽ ഒന്ന് റിസോർട്ട് രാഷ്ട്രീയത്തിന്റെയും കാലുമാറ്റത്തിനായി ജനപ്രതിനിധികളെ വിലയ്ക്കെടുക്കുന്നതിന് വാരിയെറിയപ്പെടുന്ന ശതകോടികളുടെ ഉറവിടത്തിലാണ് അത് ചെന്നുനിൽക്കുക എന്നതാണ്.

ENGLISH SUMMARY; JANAYUGAM STORY ABOUT GOLD SCAM

YOU MAY ALSO LIKE THIS VIDEO