പ്രദീപ് ചന്ദ്രൻ

June 07, 2020, 4:20 am

കടാപ്പുറത്ത് പാടി നടക്കാൻ ‘ഞാങ്ങ നീങ്ങ’

Janayugom Online

 

‘കറുത്തമ്മ പോയാൽ ഞാനീ കടാപ്പുറത്ത് പാടി പാടി മരിക്കും’ പരീക്കുട്ടിയുടെ വാക്കുകൾ മലയാളിക്ക് ഹൃദിസ്ഥമാണ്. പുറക്കാട്ട് കടപ്പുറത്ത് മാത്രമല്ല, തീരമേഖലയിലെ മുക്കുവർക്കെല്ലാം കടപ്പുറം കടാപ്പുറമാണ്. ഇത്തരത്തിൽ പ്രാദേശിക വാമൊഴികൾ വിസ്മൃതിയിലേക്ക് പോകുമ്പോഴാണ് ഈ വാക്കുകൾ ക്രോഡീകരിക്കണമെന്ന് തങ്കശ്ശേരിക്കാരൻ ജെർസൺ സെബാസ്റ്റ്യന് തോന്നിയത്. അതിന്റെ പരിണിത ഫലമാണ് 117 പേജുള്ള ‘ഞാങ്ങ നീങ്ങ’ (ഞാനും നിങ്ങളും) എന്ന ഭാഷാ നിഘണ്ടു. മുക്കുവ കുടുംബത്തിൽ ജനിച്ചു വളർന്ന ജെർസന് ഇതൊരു ചരിത്ര നിയോഗമായി. ദമാമിലെ ഗ്ലോബൽ സുഹൈമി കമ്പനിയിലെ ഉദ്യോഗസ്ഥനായ ജെർസന്‍ കഴിഞ്ഞ ആഗസ്റ്റിലാണ് 102 പേജുള്ള പുസ്തകം പുറത്തിറക്കിയത്. തങ്കശ്ശേരി മുതൽ താന്നി വരെയുള്ള തുറക്കാർ സംസാരിക്കുന്ന വാക്കുകൾ കോർത്തിണക്കിയതാണ് നിഘണ്ടുവെങ്കിലും കേരളത്തിന്റെ തീരമേഖലകളിലെല്ലാം ഈ വാമൊഴി പരിചിതമാണ്.

കടലിന്റെ സ്വത്വത്തെ വീണ്ടെടുക്കാനുള്ള ശ്രമം കൂടി രചനയ്ക്കു പിന്നിലുണ്ട്. മീൻപിടുത്ത വേളയിലും കുടുംബത്തിലും ചടങ്ങുകളിലും സ്ഥിരമായി ഉപയോഗിക്കുന്നവയാണ് വാക്കുകളിലേറെയും. പലതും പ്രാദേശികമായി ഇപ്പോഴും ഉപയോഗിക്കുന്നവ. വീടിന്റെ പാലുകാച്ചൽ ചടങ്ങിനെ വിശേഷിപ്പിക്കുന്ന ‘പെരവാസ്തോലി’ എന്ന പദം തെക്കൻ ജില്ലകളിൽ സാമാന്യേന ഉപയോഗിച്ചു വരുന്നുണ്ട്. കനത്ത മഴയും കാറ്റും വരുന്നതിനെ ‘പെരിശ്’ എന്നാണ് മുക്കുവർ വിളിക്കുന്നത്. ഇതിനെ ‘പെശര്’ എന്നാണ് കൊല്ലത്തുകാർ വിശേഷിപ്പിക്കുക. തങ്കശ്ശേരിയിൽ ആധിപത്യമുറപ്പിച്ച പോർച്ചുഗീസ്, ഡച്ച്, സ്പാനിഷ് ഭാഷകളുടെ സ്വാധീനം പല വാക്കുകളിലും പ്രകടമാണ്. സെക്രട്ടറി എന്ന അർത്ഥത്തിൽ പറയുന്ന ‘എസ്ക്രിബ’ എന്ന വാക്ക് സ്പാനിഷ് ഭാഷയിൽ നിന്ന് കടം കൊണ്ടതാണ്. പള്ളിയിലെ ചടങ്ങായ ‘വേസ്പര’യുടെ ഉത്ഭവവും അങ്ങിനെ തന്നെ. പ്രാചീന ഭാഷാ പ്രയോഗങ്ങളിൽ നമ്മുടെ സംസ്കാരവും പാരമ്പര്യവും അടങ്ങിയിട്ടുണ്ടെന്ന നിരീക്ഷണം അർത്ഥവത്താക്കുന്നതാണ് ഈ ചെറു നിഘണ്ടു. തീരദേശവാസികൾ ഉപയോഗിക്കുന്ന 1700 വാക്കുകളും അവയുടെ വിവരണങ്ങളും അടങ്ങുന്ന സമാഹാരമാണ് ‘ഞാങ്ങ നീങ്ങ’ മുൻപ് തീരദേശവാസികൾ കൂടുതലും ഈ വാമൊഴികളെയാണ് ആശ്രയിച്ചിരുന്നതെങ്കിലും ഇപ്പോൾ അതിന് മാറ്റം വന്നു തുടങ്ങി.

കാലം കഴിയുന്തോറും ഇവ വിസ്മൃതിയിലേക്ക് തള്ളപ്പെടും. അതിനു മുൻപ് ഈ പാരമ്പര്യജനുസിനെ രക്ഷിക്കാനുളള ശ്രമത്തിന്റെ ഭാഗമാണ് കടൽ ശബ്ദതാരാവലിയെന്ന് ജെർസന്‍ പറയുന്നു. കുട്ടിക്കാലത്ത് സ്കൂളില്ലാത്ത ദിവസങ്ങളിൽ അച്ഛനൊപ്പം കടലിൽ പോകുമായിരുന്നു. അച്ഛന്റെയും ഒപ്പമുള്ളവരുടെയും സംസാരം കൊച്ചു ജെർസനെ അന്നേ കുഴപ്പിച്ചിരുന്നു. താൻ പഠിച്ച പുസ്തകങ്ങളിൽ ഈ പ്രയോഗങ്ങൾ ഇല്ലാത്തതായിരുന്നു അതിന് പ്രധാന കാരണം. വലുതായപ്പോഴാണ് മാതാപിതാക്കൾ ഉപയോഗിക്കുന്ന ഭാഷയുടെ പ്രാധാന്യം മനസ്സിലായത്. തുർക്കിയിലെ ഗോത്രവർഗക്കാർ ആശയ വിനിമയത്തിന് ചൂളമടിക്കുന്നതും ഘാനക്കാർ ചെണ്ട കൊട്ടി ആശയം കൈമാറുന്നതും മനസ്സിൽ ഉടക്കി. ദമാമിലായിരിക്കുമ്പോൾ അച്ഛനും അമ്മയും ആയുള്ള സംസാരം തങ്ങളുടെ ശൈലിയിലായിരിക്കാൻ ജെർസൺ ശ്രദ്ധിച്ചിരുന്നു. അവർ ഉപയോഗിക്കുന്ന വാക്കുകളും അവയുടെ അർത്ഥവും കുറിച്ചിട്ടാണ് ഭാഷാ പരിജ്ഞാനം വികസിപ്പിച്ചത്.

കഴിഞ്ഞ വർഷം രാജ്യാന്തര പ്രാദേശിക ഭാഷാവർഷമായി യുനെസ്കോ ആചരിച്ചിരുന്നു. ഇതിന്റെ ഭാഗമായി പൈതൃക ഭാഷാ പട്ടികയിൽ അന്യംനിന്നു പോയ പ്രാദേശിക ഭാഷകളെ ഉൾപ്പെടുത്തുമെന്ന പ്രഖ്യാപനത്തിന്റെ അടിസ്ഥാനത്തിലാണ് ജെർസന്‍ നിഘണ്ടു രചനയിലേക്ക് തിരിഞ്ഞത്. എന്നാൽ ഇവ ശേഖരിച്ചു വന്നപ്പോഴേക്കും യുനെസ്കോ അനുവദിച്ച സമയം കഴിഞ്ഞു. എങ്കിൽപ്പിന്നെ പുസ്തക രൂപത്തിലാക്കാമെന്ന ചിന്ത കടന്നു കൂടി. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, സെൻട്രൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ഇന്ത്യൻ ലാംഗ്വേജസ് എന്നിവയുടെ സഹായത്തോടെയാണ് ‘ഞാങ്ങ നീങ്ങ’ പൂർത്തീകരിച്ചത്. ക്വയിലോൺ ഹെറിറ്റേജ് സൊസൈറ്റിയുടെയും തങ്കശ്ശേരി ഗാന്ധി സേവാ സംഘത്തിന്റെയും സഹകരണത്തോടെ സ്ഥിതി പബ്ളിക്കേഷനാണ് പുസ്തകം പുറത്തിറക്കിയത്. അവതാരികയിൽ ഫാ. റൊമാൻസ് ആന്റണി പറയുന്നതുപോലെ ‘തമസ്കരിക്കപ്പെട്ട പദങ്ങൾക്ക് പുതുജീവൻ നൽകുമ്പോൾ നഷ്ടമായ പെെതൃകത്തിന് പുനർജീവൻ ലഭിക്കുമെന്ന പ്രതീക്ഷ’ ‘ഞാങ്ങ നീങ്ങ’ പ്രദാനം ചെയ്യുന്നു. ഭാര്യ ജീന ജോണിയും മക്കളായ ജോവാനയും ജോനാഥനും അടങ്ങുന്നതാണ് കുടുംബം