September 26, 2022 Monday

വെള്ളപ്പൂക്കൾ മൂടിയ ഖബർ

കെ ഷഫീഖ്
കഥ
May 31, 2020 2:45 am

പുറക്കാട് വർഷങ്ങൾ പലത് കൊഴിഞ്ഞു. പള്ളിപറമ്പിന്റെ മുഖമാകെ മാറി. കുറ്റിച്ചെടികൾ ഒന്നായിതീർന്നപ്പോൾ അപ്രത്യക്ഷമായ ഇടവഴി. ചിറകടിച്ചുയർന്ന ഏതോ പക്ഷിയുടെ ശബ്ദം.….. ഭയം തോന്നാതിരുന്നില്ല. എവിടെയാവും അഹമദ്ക്കയുടെ ഖബർ, വെള്ളപ്പൂക്കൾ മൂടിയ ഖബർ. ഖബറുകൾ സംസാരിക്കുമെന്നോ? ആശ്ചര്യം അടക്കാനാവാതെ ചോദിച്ചു പോയി. പിന്നെ ഒരു വലിയ രഹസ്യം വെളിപ്പെടുത്തുന്ന മുഖഭാവമായിരുന്നു. അതേയ് ഇതുവഴി പോകുന്നവർ സലാം ചൊല്ലിയാൽ തിരിച്ചും ഉണ്ടാവും. പിന്നെ വെള്ളപ്പൂക്കൾ വിരിഞ്ഞു നിൽക്കുന്ന ഭാഗം നോക്കി അവർ നല്ല കാര്യങ്ങൾ ചെയ്തവർ. ചുവന്നപ്പൂക്കൾ നോക്കി. അവർ… അവർ. പിന്നെ ശബ്ദം പുറത്തേക്കു വന്നില്ല. പിന്നെ വലിയ വൃക്ഷങ്ങളിലേക്ക് പടർന്നു കയറാൻ വെമ്പിയ വള്ളികൾ വെട്ടിമാറ്റി മുന്നോട്ടു പോയി. തന്നെ സൃഷ്ടിച്ചിരിക്കുന്നത് ഖബർ വെട്ടാൻ വേണ്ടി മാത്രമാണന്നാണ് അഹമദ്ക്കയുടെ വിചാരം. ആരെ എപ്പോൾ എവിടെ മറവു ചെയ്തു എന്ന ചോദ്യത്തിന് ഉത്തരം കിട്ടാൻ അധിക സമയമൊന്നും വേണ്ട. അതുകൊണ്ടു തന്നെ സ്വന്തം നിരീക്ഷണത്തെക്കുറിച്ച് പിന്നെ ഒന്നും ചോദിയ്ക്കാൻ നിന്നില്ല. എങ്ങനെ കഷ്ടപ്പെട്ട് നോക്കീതാ നിന്നെയൊക്കെ ഒന്നുനോക്കി സലാം ചൊല്ലിയാലെന്താ. പള്ളി പറമ്പിന്റെ മധ്യഭാഗത്ത് കൂടിയുള്ള ഇടവഴിയിലൂടെ പോകുന്നവരെ നോക്കി ചിലപ്പോൾ ശകാരിക്കുന്നത് കാണാം. ഒരുനാൾ വടക്ക് എവിടെയോ പോയി മടങ്ങുമ്പോൾ തോളിൽ രണ്ടു വയസ്സുള്ള ഒരു കുട്ടിയുമുണ്ടായിരുന്നു. ആരെന്ന ചോദ്യത്തിന് ഉടൻ ഉത്തരമുണ്ടായി എന്റെ മോൻ, അല്ലാണ്ടാരാ. പള്ളിയോടു ചേർത്ത് കെട്ടിയുണ്ടാക്കിയ ചാർപ്പിൽ മയ്യത്തുകൾക്കായി കാത്തു കിടന്ന തൂമ്പകൾക്ക് നടുവിൽ അവൻ കളിച്ചു വളർന്നു. അവൻ സ്ക്കൂളിൽ പോകാൻ തുടങ്ങിയപ്പോൾ മയ്യത്ത് അടക്കി കഴിഞ്ഞ് അവിടെ തന്നെ കറങ്ങി നടന്നു. നീട്ടിയത് നിരസിക്കാതെ വാങ്ങി മടിയിൽ തിരുകി. അപ്പോഴും കണക്കൊന്നും ആരോടും പറയാൻ പോയില്ല. പുറത്തേക്കു നീട്ടിയാൽ വിരലറ്റ് പോകും എന്ന് തോന്നിപ്പിക്കുന്ന മഴയുള്ള ഒരുനാൾ. ഫാത്തിമ മയ്യത്തായന്നോ.. എപ്പോൾ. .…..? വന്നവർ ഖബർ വെട്ടാനുള്ള ബുദ്ധിമുട്ടോർത്തു വിഷമിച്ചു. മക്കള് പൊയ്കൊള്ളിൽ. ളുഹറിനു മുൻപ് എടുക്കാനുള്ള ഏർപ്പാടുകൾ ചെയ്യുവിൻ. പിന്നെ അന്നുവരെ കണ്ടിട്ടില്ലാത്ത ഭാവമായിരുന്നു.

മരണ വാർത്തകൾ കേട്ട് ആർദ്രമായ മനസ്സ് തേങ്ങുന്നത് ഞാൻ കണ്ടു. ആരായിരിക്കാം അവർ. ആരേയും അറിയിക്കാതെ കൊണ്ടു നടന്ന സ്നേഹത്തിന്റെ അടയാളമായിരുന്നോ ആ കണ്ണീർ. കുട്ടികളും പേരകുട്ടികളും ആയി കഴിഞ്ഞ വലിയ കുടുംബത്തിലെ ഫാത്തിമയുമായി ചെറുപ്പകാലത്തിൽ മുള പൊട്ടിയ സ്നേഹത്തിന്റെ മൊട്ടുകൾ ആ മനസ്സ് പേറിയിരിന്നോ? അതാവുമോ ഒരു കുടുംബ ജീവിതം തന്നെ.….? നൂറായിരം ചോദ്യം എന്റെ മനസിലേക്ക് ഓടിയെത്തി. മഴ തോർന്നിട്ട് പോയാൽ മതി എന്ന് ഞാൻ പലവട്ടം പറഞ്ഞതാണ്. ഒരു ദയനീയ നോട്ടം മാത്രം സമ്മാനിച്ചു പള്ളി പറമ്പിലേക്ക് മറഞ്ഞു. പിറ്റേന്ന് വെട്ടാനാളില്ലാതെ ഒരു മയ്യിത്ത് പള്ളിപറമ്പിൽ കിടന്നു അഹമദ്ക്കയുടെ.…പാട് പെട്ട് ഖബർ വെട്ടാനായി കൊണ്ടുവന്നവർ ആദ്യം കൂലി പറഞ്ഞു ഉറപ്പിച്ചു. പിന്നെ മയ്യത്തിന്റെ നീളം അളന്നു. . അത് എന്റെ ആദ്യ അനുഭവമായിരുന്നു. കൂലി എണ്ണി വാങ്ങി അടക്കി തീരും അവർ മുൻപേ സ്ഥലം വിട്ടു. ഒരു പിടി പച്ചമണ്ണ് വാരിയിട്ട് അന്ന് നാട് വിട്ടതാണ്. നീണ്ട ഇരുപതു വർഷം. എവിടെയാവും അഹമദ്ക്കയുടെ ഖബർ.… എവിടെയോ അലയേണ്ട എന്നെ കൈ പിടിച്ചു കയറ്റിയ എന്റെ ഉപ്പയുടെ ഖബർ.…വെള്ളപൂക്കൾ മൂടിയ ഖബർ.…

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.