എ കെ അനിൽകുമാർ

കഥ

June 07, 2020, 4:00 am

മഴ പെയ്തൊഴിഞ്ഞൊരു നേരത്ത്

Janayugom Online

പെയ്തു തോരാത്ത മഴപോലെയാണ് ചില ഓർമ്മകൾ. പെയ്തൊടുങ്ങി എന്നു കരുതുമ്പോഴേക്കും അടുത്ത തുള്ളി വീഴുകയായി. എത്ര ശക്തിയായി ജാലകങ്ങൾ ചേർത്തടച്ചാലും കാറ്റിൻ കൈകൾ അവയെ വകഞ്ഞുമാറ്റി ചില തുള്ളികൾ ഉള്ളിലേക്ക് ഇറ്റിച്ചു വീഴ്ത്തും. തുറന്നിട്ട ജാലകത്തിനപ്പുറം സ്വപ്ന നാരുകൾ പോലെ നൂർന്നു വീഴുന്ന മഴയെ നോക്കി കിടക്കുകയായിരുന്നു സുനന്ദ. ഏകയാണ് താനിപ്പോൾ. ഈ വലിയ വീട്ടിൽ വിലകൂടിയ ഉപകരണങ്ങൾക്കൊപ്പം അവയിലൊരാളായി നിറം മങ്ങിയ ഓർമ്മകൾ മാത്രമുള്ള ഒരു ഉപകരണം. ഏക മകൾ അനാമിക അമേരിക്കയിലാണ്, അവളുടെ അച്ഛനോടൊപ്പം. പഠിത്തവും അവിടെത്തന്നെയായിരുന്നു, പിന്നെ ജോലിയും അവിടെയായി. മലയാളിയായ ഒരു പയ്യനോടൊപ്പം അവളുടെ കല്യാണവും നിശ്ചയിച്ചു കഴിഞ്ഞുവത്രെ. ഇനി കേരളത്തിലേക്ക് മടക്കമില്ല എന്നാണ് കഴിഞ്ഞയാഴ്ച വിളിച്ചപ്പോഴും അവൾ പറഞ്ഞത്. നന്നേ ചെറുപ്പത്തിലേ അവൾ തന്നിൽനിന്നും പറിച്ചെടുക്കപ്പെട്ടതാണ്.

അടുക്കളപ്പണിക്കായി അടുത്തുള്ള ഒരു അകന്ന ബന്ധുവായ അമ്മിണിയേടത്തി വരും. ജോലി തീർത്ത് ഉച്ചയ്ക്ക് അവർ മടങ്ങും. പിന്നെ വീണ്ടും വരും, രാത്രി കൂട്ടുകിടക്കാൻ. ഇപ്പോൾ അവർ മാത്രമായിരിക്കുന്നു ഒന്നു കാണാനും മിണ്ടാനുമുള്ള ഏക മനുഷ്യ രൂപം. അമ്മിണിയേടത്തി വീട്ടിലേക്ക് പോയിക്കാണും. സുനന്ദ ഏന്തിവലിഞ്ഞു മുറ്റത്തേക്ക് നോക്കി. ഗേറ്റ് തുറന്നു കിടക്കുന്നു. ഏതു വാതിലുകളും തുറന്നിടാൻ ശക്തിയുള്ള കാറ്റും മഴയും. ഓർമ്മകൾ വിരുന്നു വരുന്ന മഴക്കാഴ്ചയിലൂടെ സുനന്ദ മയക്കത്തിലേക്ക് പതിയെപ്പതിയെ ഒഴുകിപ്പോയി; ആരോ നെറ്റിയിൽ പതിയെ പതിയെ തഴുകി തഴുകി ഒഴുക്കുന്ന ഒരു മയക്കത്തിലേക്ക്. പിന്നെയെപ്പോഴോ കണ്ണുതുറന്നു നോക്കുമ്പോൾ ഒരു നേർത്ത തണുത്ത കൈത്തലം തന്റെ നെറ്റിയിൽ ഒരു പൂവുപോലെ പറ്റിപ്പിടിച്ചിരിക്കുന്നത് സുനന്ദ തിരിച്ചറിഞ്ഞു. അവൾ തലതിരിച്ച് നോക്കി. കഴുത്തിൽ ഒരു കറുത്ത ഷാളും ചുറ്റി കട്ടിലിൽ തന്നോട് ചേർന്നിരിക്കുന്ന രൂപം മകൾ അനാമികയുടേതാണെന്ന് ഒരു ഞെട്ടലോടെ അവൾ തിരിച്ചറിഞ്ഞു. അത് സ്വപ്നമോ യാഥാർഥ്യമോ? അവൾ ചുറ്റും കണ്ണോടിച്ചു. അകത്ത് അമ്മിണിയേടത്തിയുടെ കാൽപ്പെരുമാറ്റം കേൾക്കാം.

പുറത്ത് കിളിയൊച്ചകൾ കേൾക്കാം. അപ്പോൾ സ്വപ്നമല്ല, യാഥാർഥ്യം തന്നെ. പക്ഷെ അനാമിക എങ്ങനെ ഇവിടെ? എപ്പോഴാണ് അവൾ വന്നത്? സുനന്ദ പതുക്കെ കട്ടിലിൽ ചാരിയിരുന്നു. എന്നിട്ട് നന്നേ തണുത്തിരിക്കുന്ന മകളുടെ കൈപ്പടം സ്വന്തം കൈപ്പടത്തിൽ ഒതുക്കി അവൾ ചോദിച്ചു: “എപ്പോഴാ നീ വന്നത്. ഞാൻ അറിഞ്ഞതേയില്ലല്ലോ… ” പുറത്ത് മഴ പെയ്തൊഴിഞ്ഞിരിക്കുന്നു. മഴ ബാക്കിവെച്ച കാറ്റിന് നല്ല തണുപ്പ്. “എന്നെങ്കിലും ഒരിക്കൽ നീ എന്നെ തേടി വരുമെന്ന് ഈ അമ്മക്കറിയാമായിരുന്നു”. അവളുടെ ശബ്ദം ഇടറിയിരുന്നു. അവൾ അനാമികയെ സ്വന്തം നെഞ്ചിലേക്ക് ചേർത്തമർത്തി. മകളുടെ നെറ്റിയിൽ തുരുതുരെ അവൾ ഉമ്മവെച്ചു; മതിവരാതെ.

പെട്ടെന്ന് കിടക്കയിൽ അവളുടെ അരികിൽ മൊബൈൽ റിംഗ് ചെയ്തു. വലതുകൈകൊണ്ട് മൊബൈൽ എടുത്തുനോക്കിയിട്ട് ഒരു ചിരിയോടെ അവൾ പറഞ്ഞു: “ദാ വിളിക്ക്യാണ്. ഇനി ഞാൻ നിന്നെ ആർക്കും വിട്ടുകൊടുക്കില്ല. നോക്കിക്കോ…” എന്നിട്ട് തന്റെ വലതുകൈകൊണ്ട് മകളെ അവൾ ഒന്നുകൂടി തന്റെ നെഞ്ചോട് ചേർത്തണച്ചു. മൊബൈൽ രണ്ടാമതും റിംഗ് ചെയ്തു. പിന്നെയും പിന്നെയും റിംഗ് ചെയ്തു കൊണ്ടിരുന്നു. ഒടുവിൽ അത് തനിയെ നിന്നു. സന്ധ്യ മയങ്ങിയിരുന്നു. മുറിയിൽ ലൈറ്റുകൾ കത്തിക്കാൻ വന്ന അമ്മിണിയേടത്തി ഒരു നിമിഷം സ്തബ്ധയായി നിന്നു. പിന്നെ അവർ “സുനന്ദേ” എന്നു വിളിച്ചുകൊണ്ട് ബാത്ത്റൂമിലും മറ്റ് മുറികളിലും വീടിനു പുറത്തും പരക്കം പാഞ്ഞു. അകത്ത് മൊബൈൽ വീണ്ടും ശബ്ദിച്ചു. അമ്മിണിയേടത്തി ഓടി സുനന്ദയുടെ മുറിയിലേക്ക് തിരിച്ചെത്തി. അപ്പോഴേക്കും മൊബൈൽ നിശബ്ദമായിക്കഴിഞ്ഞിരുന്നു. അവർ ആ മൊബൈൽ എടുത്ത് ഓൺ ആക്കി നോക്കി. ടെൻ മിസ്ഡ് കാൾസ് ഫ്രം അനാമിക. കട്ടിലിൽ ഒരു കറുത്ത ഷാൾ മാത്രം ആരെയോ പ്രതീക്ഷിച്ച് അവിടെ കിടക്കുന്നുണ്ടായിരുന്നു.