September 26, 2022 Monday

ബാലാമണിയമ്മ കവിതയെഴുതുകയാണ്

Janayugom Webdesk
May 31, 2020 4:00 am

അക്ഷരങ്ങൾക്ക് നക്ഷത്രത്തിളക്കം നൽകുകയാണ് ഹരിപ്രിയ. പത്രപ്രവർത്തകനും കഥാകൃത്തുമായ കൊല്ലം തിരുമുല്ലവാരം പെരുമാലിൽ കിഴക്കതിൽ ഉണ്ണികൃഷ്ണൻ തേവള്ളിയുടെയും ചിത്രയുടെയും മകളാണ്. ലോക്ക് ഡൗൺ കാലത്ത് ഹരിപ്രിയയുടെ തൂലികയിൽ വിടർന്നത് ഇരുപതോളം കവിതകൾ, ആറോളം കഥകൾ. കെട്ട കാലത്തിൽ തിളച്ചുമറിയുന്ന ചിന്തയുടെ വിസ്ഫോടനമാണ് ഹരിപ്രിയയുടെ കവിതകൾ. അതിൽ കൃത്യമായ രാഷ്ട്രീയമുണ്ട്. പ്രകൃതിപാഠങ്ങളുണ്ട്. ചരിത്രത്തിന്റെ നടപ്പാതകളുണ്ട്. കാലം കാത്തുവച്ച കരുതലുണ്ട്. ചടുലതയോടെയാണ് ഈ പത്താംക്ലാസുകാരി കവിതയും കഥകളുമെഴുതുന്നത്. മാതാപിതാക്കൾക്കും ബന്ധുക്കൾക്കും ഇവൾ ‘ബാലാമണിയമ്മ’യാണ്. കുട്ടിക്കാലം മുതലേ പുസ്തകങ്ങളോടായിരുന്നു പ്രണയം. പിന്നെ വായനയോടൊപ്പം എഴുത്തിനേയും കൂടെ കൂട്ടി. പൊതുവിദ്യാഭ്യാസ വകുപ്പ് സംഘടിപ്പിച്ച സംസ്ഥാനതല പ്രതിഭാസംഗമത്തിൽ തിരഞ്ഞെടുക്കപ്പെട്ടു. കോഴിക്കോട്ടായിരുന്നു ക്യാമ്പ്. ഇതിന്റെ ഭാഗമായി എം ടി വാസുദേവൻ നായരെ കാണാൻ കഴിഞ്ഞത് ഹരിപ്രിയയ്ക്ക് മറക്കാൻ കഴിയാത്ത അനുഭവമായി.

ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന വായനാമത്സരം ഹരിപ്രിയയിലെ പുസ്തകപ്രേമിയെ കൂടുതൽ പരിപോഷിപ്പിച്ചു. കഥാകൃത്തുക്കളായ സുഭാഷ്ചന്ദ്രനെയും കെ ആർ മീരയെയും വായനയുടെ വഴിയിൽ പേർത്തുപിടിച്ചു. പഠനത്തിൽ മാത്രമല്ല, പാഠ്യേതര വിഷയങ്ങളിലും ഹരിപ്രിയ മുന്നിലാണ്. 2017 ൽ കഥാരചയിൽ ഉപജില്ലയിലും ജില്ലയിലും ഒന്നാം സ്ഥാനം, 2016 സംസ്ഥാന ഗണിത ശാസ്ത്രമേളയിൽ നമ്പർ ചാർട്ടിനു യു പി വിഭാഗം എ ഗ്രേഡോടെ മൂന്നാം സ്ഥാനം, തുടർന്ന് 2019 വരെ എല്ലാ വർഷവും മേളയിൽ സംസ്ഥാന തലം വരെ എ ഗ്രേഡ്. 2018 സ്കൂൾ യുവജനോത്സവത്തിൽ ഹൈസ്കൂൾ വിഭാഗം പ്രസംഗത്തിന് രണ്ടാം സ്ഥാനം, 2018 ൽ സിപിഐ പാർട്ടി കോൺഗ്രസ് കൊല്ലത്തു നടന്നപ്പോൾ ഹൈസ്കൂൾ കുട്ടികൾക്കുള്ള ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനവും പ്രസംഗം, ഉപന്യാസം എന്നിവയിൽ രണ്ടാം സ്ഥാനം ലഭിച്ചു.

ഈ വർഷം കേരള സംസ്ഥാന ശിശുക്ഷേമ സമിതിയുടെ സംസ്ഥാന കലോത്സവത്തിന്(വർണോത്സവം ) കഥാരചനയിൽ ഒന്നാം സ്ഥാനം, മൃഗസംരക്ഷണ വകുപ്പ് വനമഹോത്സവം ഹൈസ്കൂൾ വിഭാഗം സംസ്ഥാനതല പ്രസംഗ മത്സരത്തിൽ മൂന്നാം സ്ഥാനം, വിദ്യാരംഗം കലാസാഹിത്യ വേദി സർഗോത്സവം 2019 കഥാരചനയ്ക്ക് ഒന്നാം സ്ഥാനം, എനർജി മാനേജ്മെന്റ് സെന്റർ നടത്തിയ കേരള സ്റ്റേറ്റ് സ്റ്റുഡന്റസ് എനർജി കോൺഗ്രസ് 2020 ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം, ഈ വർഷത്തെ ലൈബ്രറി കൗൺസിൽ വായന മത്സരത്തിൽ താലൂക്കിൽ ഒന്നാം സ്ഥാനവും, ജില്ലയിൽ രണ്ടാം സ്ഥാനവും, ലോക്ക് ഡൗൺ കാലയളവിൽ കൊല്ലം കേരളോദയം വായനശാല നടത്തിയ ഓൺലൈൻ കഥാരചയ്ക്കും കവിതാരചനയ്ക്കും ഒന്നാം സ്ഥാനം എന്നിവ നേടിയിട്ടുണ്ട് ഈ കൊച്ചുമിടുക്കി. ജനയുഗത്തിലെ ആദ്യകാലജീവനക്കാരനായിരുന്ന ശിവദാസൻ പിള്ളയുടെ ചെറുമകളായ ഹരിപ്രിയ കൊല്ലം സെന്റ് ജോസഫ് കോൺവെന്റ് സ്കൂളിലാണ് പഠിക്കുന്നത്.

 

അന്ത്യശുശ്രൂഷ __________________

മരണശയ്യയിൽ കിടന്നപ്പോഴും

ആ കിളവൻ ആക്രോശിക്കുന്നുണ്ടായിരുന്നു

സ്വേച്ഛാധിപത്യത്തിന്റെ സുഖത്തിൽ രമിച്ച

ഞങ്ങൾക്ക് ആ ആക്രോശം അസഹനീയമായിരുന്നു

അണയാറായ ആ വിളക്കിൽ

അല്പം എണ്ണ അപ്പോഴും ബാക്കിയുണ്ടായിരുന്നു

ഞങ്ങൾ അത് ചവിട്ടിത്തെറിപ്പിച്ചു

ആ ദ്രാവകം ഒഴുകിനീങ്ങിയത് ഞങ്ങൾ

കൂതൂഹലത്തോടെ നോക്കിനിന്നു

അതിനോടൊപ്പം ഒഴുകിയത്

ഞങ്ങളുടെ ചുടുനിണമാണെന്ന്

ഞാൻ മറന്നുപോയി എങ്കിലും ആ ഭംഗി!

ഞാനത് അപ്പോഴേ

എഫ് ബിയിൽ പോസ്റ്റ് ചെയ്തു

മനുഷ്യത്വത്തിന്റെ ഉറവവറ്റിയവർ ലൈക്കും

ഷെയറും നൽകി

ശ്വാസംമുട്ടി മരിച്ച ആ

തിരിനാളത്തെയോർത്ത്

ബൂർഷ്വാസിയുടെ

ഭണ്ഡാരത്തിലെ തുളവീണ കള്ളനോട്ടിലിരുന്നു

ഗാന്ധിജിമാർ കരയുന്നുണ്ടായിരുന്നു

പിറവി ശാപമായി മാറിയ

വെമുലമാരുടെ കഴുമരം

ഒടിഞ്ഞുതൂങ്ങിയ ആ

തെരുവീഥിയിലൂടെ ആഡംബരയാനത്തിലേറുന്നു

നിഷാദരാജന്മാർ

അവരുടെ മക്കളാണ്

ജനാധിപത്യത്തെ

അതിന്റെ ബീജാണ്ഡങ്ങളെ

ഞെക്കിക്കൊന്നത്

വിത്തുകളുടെ കണ്ണ് കുത്തിപ്പൊട്ടിച്ചു

മണ്ണിട്ടുമൂടിയത്

നീതിദേവതയുടെ മിഴികളിൽ

അസഹിഷ്ണുതയുടെ അമ്ലം തളിച്ച് അവളെ

അന്ധയാക്കിയത്

ചില വെടിശബ്ദങ്ങൾ

യുദ്ധകാഹളങ്ങൾ

ഇപ്പോഴും മാറ്റൊലി കൊള്ളുന്നു.

ചില പടയോട്ടങ്ങൾ,

ആ അശ്വത്തിന്റെ

കുളമ്പേറ്റാണ്

ജനാധിപത്യം

മൃതപ്രായമായത്

ജനങ്ങൾ പിടഞ്ഞുവീണത്

ഭരണകൂടമേ, മതഗ്രന്ഥങ്ങളെ,

മതചരിത്രമേ,

‘മദമേ’

ജനാധിപത്യത്തിന്റെ മതവേരുകൾ

തേടിപ്പിടിക്കുവിൻ

പൗരത്വം നല്കാനും

അന്ത്യകർമങ്ങൾ ചെയ്യാനും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.