മിനി വിനീത്

പുസ്തകമൂല

May 31, 2020, 4:15 am

ഒരിക്കൽ മാത്രം നനയാവുന്ന ഒരു പുഴ

Janayugom Online

ഒരു പെൺകുട്ടിയെക്കുറിച്ചാണ് പറയാനുള്ളത്. പ്രണയത്താൽ അന്ധയായ ഒരുവൾ. പച്ചയ്ക്ക് തൂവൽ പറിച്ചെടുക്കുന്ന വേദനയിലും വളരെ ലളിതമായി നിൽക്കുന്നവൾ, വയൽക്കരയിലെ വീട്ടിലിരുന്ന് പട്ടം പറത്തവേ ഓർമ്മകളിൽ ഉന്മാദിയാകുന്ന ഒരുവൾ, വെറുതെയങ്ങു പൂത്തുലയുന്നവൾ, വയൽക്കരയിലെ മുളഞ്ചുവട്ടിൽ പുസ്തകം വായിച്ചു നിൽക്കുന്നവൾ, അവൾ ഒരു പ്രണയിനിയാണ്.എന്നു പറഞ്ഞാൽ, അവൾക്ക് പ്രണയം പുഴയോടും കാടിനോടും ആകാശത്തോടുമൊന്നുമല്ല. പ്രകൃതി സ്ത്രീക്ക് വിധിച്ചിട്ടുള്ള ഇണയാണ് അവളുടെ പ്രണയ സങ്കല്പങ്ങളിൽ. അടിമുടി പ്രണയത്താൽ ഉടച്ചുവാർക്കപ്പെട്ട ആ പെൺകുട്ടിയെ ‘ആൺകോന്തി’ എന്നല്ലാതെ മറ്റെന്തു പേരു ചൊല്ലി വിളിക്കാനാണ്? ഉൾക്കൊള്ളുന്ന അത്രയും കവിതകളെ കാച്ചിക്കുറുക്കിയെടുത്ത ആ പേര് തന്നെയാണ് സുഷമാ ബിന്ദുവിന്റെ കവിതാ സമാഹാരത്തിന്റെ പ്രത്യേകതയും.

പ്രണയം — അന്ധത- അടിമത്തം- മോക്ഷം

 

“ഞാൻ നിന്നെ പ്രണയിക്കുന്നതാണെന്റെ ജീവിതത്തിൻ അന്ത:സത്ത” നെരൂദയുടെ വരികളാണിത്. പ്രണയത്തോട് ഏതാണ്ട് ഇതേ മനോഭാവമാണ് കവി പ്രകടിപ്പിക്കുന്നത്. പ്രണയത്തോടുള്ള അന്ധമായ അടിമത്തം ഈ കവിതകളുടെ പൊതു ഭാഷയാണ്. “പച്ചയായ തൂവൽ പറിച്ചെടുക്കുന്ന വേദനയിലും വളരെ ലളിതമായി നിൽക്കുന്നവൾ” എന്ന സഹനത്തെ “ത്യാഗമാണ് ഒരാളെ പ്രണയിയാക്കുന്നത് ” എന്ന വരി കൊണ്ട് സുന്ദരമാക്കാനും കവി ശ്രദ്ധിച്ചിരിക്കുന്നു. “ചിറകു കൊണ്ട് ഒഴുക്കിനു കുറുകെ തുഴയുന്നവൾ” (അന്ധയായൊരു പെൺകുട്ടി പുഴ കടക്കുമ്പോൾ ) ചിറക് സൂചിപ്പിക്കുന്നത് ആകാശത്തെയാണ്. ഇവിടെ പ്രണയത്തിനു വേണ്ടി തന്റെ അകാശങ്ങളെ അവൾ ഉപേക്ഷിച്ചിരിക്കുന്നു. ഇതേ അർത്ഥമുള്ള “പറക്കുവാനായുന്ന ഒന്നിനെ എത് ഭാരമാണ് ഭൂമിയിൽ തളച്ചിടുന്നത് ” (എവിടെയുമില്ലാത്ത ഒരാൾ ) എന്ന വരിയിലും പ്രണയമെന്നാൽ ത്യാഗം എന്ന കവി സങ്കല്പത്തെ നമുക്ക് വായിക്കാം. പ്രണയത്താൽ അന്ധയാകുമ്പോഴും അവളുടെ പ്രണയത്തിന് ഭോഗത്തിൻ്റെ രുചിയില്ല എന്ന വസ്തുതയും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു. “ഒരിക്കലും വന്നേക്കാത്ത ഒരാൾ ” (കാത്തിരിപ്പ്) “ആരോ ഒരാൾ ” തുടങ്ങിയ അടയാളങ്ങളിലുടെ അപരിചിതനായ, സങ്കൽപ്പങ്ങളിൽ മാത്രമുള്ള ഒരാളുടെ സാന്നിദ്ധ്യം പ്രകടമാണ്. “രുചി മാത്രമെടുത്ത് പുറത്തു കളയുന്ന കറിവേപ്പില പോലെ നീ” ഇവിടെ കവി പ്രാധാന്യം നൽകുന്നത് തന്റെ പ്രണയത്തിനാണ് ഒരു വ്യക്തിക്കല്ല. “ജീവിക്കാവുന്ന ജീവിതങ്ങളിലെല്ലാം നീയുണ്ട് ” എന്ന വാക്കുകളിലും ഈ സ്ഥൈര്യം പ്രകടമാണ്. എത്ര നിറഞ്ഞു പെയ്താലും കരകവിഞ്ഞാലും കാലത്തിന്റെ കപ്പൽ കടന്നു പോകുന്നതറിയാതെ ഒരു നങ്കൂരം പോലെ ആ പ്രണയം ബാക്കി നിൽക്കും.

ജലരാശികൾ

ഈ സമാഹാരത്തെക്കുറിച്ച്, എടുത്തു പറയേണ്ടതായ വസ്തുതയാണ് മിക്കവാറും എല്ലാ കവിതകളിലും പ്രകടമായ ജലസാന്നിദ്ധ്യം. മനുഷ്യ ജീവൻ ഉരുവാകുന്നതും ഒടുങ്ങുന്നതും ജലത്തിലാണ്. മനുഷ്യ രാശിയുടെ നിലനിൽപ്പിന് ഏറ്റവും ആവശ്യമായ വസ്തു. ഇവിടെ പ്രണയമെന്ന ജീവബിന്ദുവിന് ഒഴിവാക്കാൻ പറ്റാത്തതാണ് ഈ ജലസാന്നിദ്ധ്യം എന്ന് തോന്നിപ്പിക്കും മട്ടിൽ ചിലപ്പോൾ വറ്റിവരണ്ടതും മറ്റു ചിലപ്പോൾ ജലസമൃദ്ധവുമായ പുഴയിലേക്ക് കവിയുടെ കണ്ണുകൾ നിരന്തരം സഞ്ചരിക്കുന്നു പല കവിതകളിലും പുഴ പ്രണയത്തിൻ്റെ പ്രതീകമാണെന്നിരിക്കെ വരൾച്ചയും സമൃദ്ധിയുമൊക്കെ ഒരു പ്രണയിയുടെ മാനസിക അവസ്ഥകളോട് ചേർത്തു വായിക്കാവുന്നതാണ്. എണ്ണിത്തീർക്കാൻ പ്രയാസമുള്ളത്, സമ്പന്നമായത് എന്നൊക്കെ അർത്ഥമുള്ളതുകൊണ്ടുതന്നെ ജലത്തെ പ്രണയത്തിന്റെ രൂപകമാക്കുന്നതിൽ തെറ്റില്ല എങ്കിലും ഒരു പ്രത്യേക ബിംബത്തിന്റെ അധിക പ്രയോഗം കവിതകളിലില്ലേ എന്നൊരു സന്ദേഹം ബാക്കി നിൽക്കുന്നു.

ഈ സമാഹാരത്തിലെ ഏറ്റവും ചൈതന്യവത്തായ കവിതയാണ്. ‘നോക്കി നോക്കിനിൽക്കെ.’ എട്ടു പേർ ചേർന്ന് ബലാത്സംഗം ചെയ്തു കൊന്ന ഭാര്യയെക്കുറിച്ചോർക്കുകയാണ് ഒരുവൻ. അയാളവളുടെ മുറിവുകളിൽ ഉമ്മകൾ വച്ചുകെട്ടി ഉണക്കിയെടുക്കുന്നു. മുടി ചീകി രണ്ടായ് പകുത്ത് അതിലൊരു പുവ് വച്ചു കൊടുക്കുന്നു. ഒരു സ്ത്രീ മനസ്സിലെ ഏറ്റവും തീവ്രവും ആർദ്രവുമായ പുരുഷ സങ്കല്പമാണത്. നീയെനിക്ക് അച്ഛനും കൂട്ടുകാരനും ജ്യേഷ്ഠനുമൊക്കെയാകാമോ എന്ന പെൺചോദ്യം എത്രയോ യുഗങ്ങളിലുടെ സഞ്ചരിച്ച് ഇന്നും വർദ്ധിതശോഭയോടെ നിൽക്കുന്നു. പക്ഷേ ഇവിടെ അയാൾ പ്രണയം കൊണ്ട് തരളിതനല്ല,നഷ്ടം കൊണ്ട് വ്രണിതനാണ്.

ആ വേദന ഈ ഭൂമിയിലെ മുഴുവൻ പെൺകുട്ടികളുടെയും അച്ഛനായി മാറാൻ അയാളെ പരിപാകപ്പെടുത്തും എന്ന പ്രത്യാശ കവി പങ്കു വയ്ക്കുന്നു. ‘പെൺചിറകുകൾക്ക് പറക്കാൻ ഒരാകാശമാവുക’ എന്നത് അത്രയ്ക്ക് ചെറിയ കാര്യമല്ലല്ലോ. ഓർമ്മയിൽ ചിലതൊക്കെ ബാക്കി വയ്ക്കുന്ന ഈ വായനയെ ഖലിൽ ജിബ്രാന്റെ വരികൾ കൊണ്ട് അടയാളപ്പെടുത്താൻ ആഗ്രഹിക്കുന്നു. “സ്വർണ്ണം കൊണ്ട് വിലയ്ക്കെടുക്കാനാവാത്ത ഒരു വസ്തു. അന്തമറ്റത്. ശിശിരത്തിന്റെ കണ്ണീർക്കണങ്ങളാൽ ഉന്മീലനം ചെയ്യപ്പെടാൻ കഴിയാത്തതും സങ്കടങ്ങളാലോ ദുരിതങ്ങളാലോ നശിപ്പിക്കാൻ കഴിയാത്തതുമായ ഒരു വസ്തു. വസന്തകാലങ്ങളിൽ ഓജസ്സും ജീവനും പ്രാപിച്ച് ഗ്രീഷ്മത്തിൽ കായ്ച്ചു നിൽക്കുന്ന ഒരു വൃക്ഷം. അത് ഞാൻ കണ്ടു. അത് പ്രണയമായിരുന്നു.”

ആണ്‍കോന്തി

സുഷമ ബിന്ദു പാപ്പാത്തി

വില: 110- രൂപ