Wednesday
20 Mar 2019

അമേരിക്കയില്‍ ഭ്രാന്തന്‍ കൊലയാളികളുടെ കാഞ്ചിവലികള്‍

By: Web Desk | Wednesday 15 November 2017 1:33 AM IST


സന്തോഷ് കരിമ്പുഴ

മറ്റു രാജ്യങ്ങളില്‍ ആക്രമണങ്ങളും കൊലപാതകങ്ങളും വര്‍ദ്ധിക്കുന്നതില്‍ കണ്ണീര്‍ പൊഴിക്കാറുള്ള അമേരിക്കന്‍ ഭരണകൂടത്തിന് സ്വന്തം രാജ്യത്ത് അഴിഞ്ഞാടുന്ന ആക്രമണങ്ങളെക്കുറിച്ചും, കൊലപാതകങ്ങളെക്കുറിച്ചും അപലപിക്കാന്‍ വാക്കുകള്‍കിട്ടാതെ പാടുപെടുകയാണ്. പുതിയ സര്‍ക്കാര്‍ അധികാരത്തിലേറിയതിനുശേഷം വളരെയധികം അരാജകത്വത്തിലൂടെയാണ് അമേരിക്ക ഇപ്പോള്‍ പോയിക്കൊണ്ടിരിക്കുന്നത്. തോക്കുകള്‍ ഉപയോഗിച്ചുള്ള അതിക്രമങ്ങളും കൊലപാതകങ്ങളും അടുത്തകാലത്തായി കൂടിവരുന്നത് ജനസമൂഹങ്ങളെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. എവിടെവെച്ച് എപ്പോള്‍വേണമെങ്കിലും തങ്ങള്‍ തോക്കിന് ഇരയായേക്കാം എന്ന ഭീതിതമായ മാനസികാവസ്ഥയിലൂടെയാണ് അവരുടെ ഓരോ ദിനങ്ങളും കടന്നുപോകുന്നത്.

സ്‌കൂളുകളില്‍പ്പോലും വെടിവെയ്പ്പ് സര്‍വ്വസാധാരണമാണ്. ഇത്രയും ആക്രമണങ്ങള്‍ കൂടാന്‍ കാരണം അമേരിക്കയില്‍ തോക്കിന്റെ ലഭ്യതതന്നെയാണ്. മിക്കരാജ്യങ്ങളിലും തോക്ക് നിര്‍മാണം സര്‍ക്കാര്‍ മേഖലയിലാണ്, പരസ്യവിപണനത്തിന് നിയന്ത്രണങ്ങളുമുണ്ട്. എന്നാല്‍ അമേരിക്കയില്‍ ഇതിനുനേര്‍ വിപരീതമാണ്. അഞ്ഞൂറോ, അറന്നൂറോ അമേരിക്കന്‍ ഡോളര്‍ ചെലവഴിക്കാമെങ്കില്‍ നിങ്ങള്‍ക്ക് നല്ലൊരു തോക്ക് വാങ്ങാന്‍ കഴിയും. ആയുധങ്ങള്‍ ഭീഷണി ഉയര്‍ത്തുന്ന ഇന്നത്തെ സാഹചര്യത്തില്‍ ആയുധനിയന്ത്രണനിയമം പൊളിച്ചെഴുതേണ്ടത് ആവശ്യമാണെന്ന് ജനങ്ങള്‍ ഏറെക്കാലമായി മുറവിളികൂട്ടുന്നുണ്ട്. എങ്കിലും തോക്കുനിയന്ത്രണവുമായി ബന്ധപ്പെട്ട ഏതുനിയമനിര്‍മ്മാണങ്ങള്‍ക്കുവേണ്ടി ചര്‍ച്ചകള്‍ വരുമ്പോഴും തോക്കുലോബി തങ്ങളുടെ ലാഭക്കൊതിമൂലം സമ്മര്‍ദ്ദതന്ത്രങ്ങള്‍ ഉപയോഗിച്ച് അതെല്ലാം തടസപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. ചില സംസ്ഥാനങ്ങളിലെങ്കിലും തോക്ക് നിയമങ്ങള്‍ തീരുമാനിക്കുന്നത് ഇവരാണ്. തോക്കുലോബി പുലര്‍ത്തിപ്പോരുന്ന സമീപനംതന്നെയാണ് ഇപ്പോഴത്തെ അമേരിക്കന്‍ ഭരണകൂടവും പുലര്‍ത്തുന്നത്.

തോക്കും, വെടിവെയ്പ്പും, കൂട്ടക്കൊലയുമൊക്കെ അമേരിക്കയില്‍ സര്‍വ്വസാധാരണമാണെങ്കിലും കഴിഞ്ഞദിവസം ലാസ്‌വേഗാസില്‍ നടന്ന കൂട്ടക്കൊല അമേരിക്കയെ അക്ഷരാര്‍ത്ഥത്തില്‍ നടുക്കി. അമേരിക്കയില്‍ ഒരു തോക്കുധാരി നടത്തുന്ന ഏറ്റവും വലിയ കൂട്ടക്കൊലയാണ് ലാസ്‌വേഗാസില്‍ നടന്നത്. ലാസ്‌വേഗാസിലെ ആക്രമണങ്ങളില്‍ 60 പേര്‍ കൊല്ലപ്പെട്ടു. 520ല്‍പ്പരംപേര്‍ക്ക് പരുക്കുപറ്റി. ലോകത്തിലെത്തന്നെ ഏറ്റവും വലിയ ചൂതാട്ടകേന്ദ്രമായ ലാസ്‌വേഗാസിലെ മന്‍ഡേലെ കാസിനോ ഹോട്ടല്‍ മുറ്റത്ത് പ്രശസ്തസംഗീതജ്ഞന്‍ ജാസന്‍ അല്‍ഡന്റെ റൂട്ട് 91 ഹാര്‍വെസ്റ്റ് സംഗീതനിശയുടെ അവസാനദിവസമായിരുന്നു ആക്രമണം.

ഇത്രയും വലിയ കൊടുംപാതകം ചെയ്തത് തങ്ങളുടെതന്നെ സ്വന്തം നാട്ടുകാരന്‍ ആണെന്ന വാര്‍ത്ത ഞെട്ടലോടെയായിരിക്കണം ഓരോ അമേരിക്കക്കാരനും ശ്രവിച്ചത്. ഈ ആക്രമണങ്ങളിലൊന്നിലും തീവ്രവാദം കണ്ടെത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടുമില്ല. ഒരു ചെറിയ ട്രാഫിക് നിയമലംഘന കുറ്റമാണ് ഇതുവരെ സ്റ്റീഫന്‍ പഡോക്കിന്റെ പേരിലുള്ളതെങ്കിലും ക്രിമിനല്‍ പശ്ചാത്തലമുള്ള കുടുംബത്തില്‍ നിന്നുമാണ് ഇയാള്‍ വരുന്നത്. പഡോക്ക് ബെഞ്ചമിന്‍ എന്ന ബാങ്ക് കൊള്ളക്കാരന്റെ മകനാണ് സ്റ്റീഫന്‍ പഡോക്ക്. തികച്ചും ശാന്തജീവിതം നയിച്ച വ്യക്തിയായിരുന്നു സ്റ്റീഫന്‍ പഡോക്കെന്ന് അയാളുടെ സഹോദരന്‍ എറിക് പഡോക്ക് പറയുന്നു. എന്തും വാങ്ങാനുള്ള പണം തന്റെ സഹോദരന്റെ കൈവശമുണ്ടായിരുന്നുവെന്നും ഈ പണം ലഭിച്ചിരുന്നത് ചൂതുകളിയില്‍ നിന്നുമാകാമെന്നും സഹോദരന്‍ പറയുന്നു. തന്റെ അറിവില്‍ സഹോദരന് എന്തെങ്കിലും മതപരമോ, രാഷ്ട്രീയമോ ആയ സംഘടനകളുമായി ബന്ധമില്ലെന്നും എറിക്പഡോക്ക് പറയുന്നു. അമേരിക്കയെ നടുക്കിയ ആക്രമണത്തിന് തന്റെ സഹോദരനെ പ്രേരിപ്പിച്ച ഘടകം എന്താണെന്നറിയില്ലെന്നും വാര്‍ത്തകേട്ട് 90വയസുള്ള തങ്ങളുടെ അമ്മ ഞെട്ടിയിരിക്കുകയാണെന്നും സഹോദരന്‍ എറിക് പറയുന്നു.
ഫ്‌ളോറിഡയില്‍നിന്ന് മെസ്‌ക്വിറ്റിയിലേക്ക് താമസം മാറ്റിയത് അത് ചൂതുകളിക്കാരുടെ കേന്ദ്രമായതിനാലാണ്. സ്റ്റീഫന്‍ പഡോക്കിന് ചൂതുകളി ഹരമായിരുന്നു. വലിയ ധനികര്‍ മാത്രം ചൂതാട്ടം നടത്തുന്ന ലാസ് വേഗാസിലെ ചൂതാട്ടകേന്ദ്രങ്ങളിലേക്ക് ഇടക്കിടക്ക് സ്റ്റീഫന്‍ പഡോക്ക് എത്താറുണ്ടായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. ആഢംബര കപ്പലുകളിലെ ചൂതാട്ടകേന്ദ്രങ്ങളിലും ഇയാള്‍ നിത്യസന്ദര്‍ശകനായിരുന്നു.

പൈലറ്റ് ലൈസന്‍സിനൊപ്പം ഹിങ്ങ്, ഫിഷിങ്ങ് ലൈസന്‍സുകളും ഇയാള്‍ക്കുണ്ടായിരുന്നു. മരിക്കുന്നതിനുമുന്‍പ് കഴിഞ്ഞ കുറച്ച് ആഴ്ചകളായി പതിനായിരക്കണക്കിന് ഡോളറുകളുടെ ഇടപാടുകളാണ് ഇയാള്‍ നടത്തിയിരുന്നത്. വെടിവെയ്പിന് മണിക്കൂറുകള്‍ക്കുമുന്‍പുവരെയും ഇയാള്‍ ചൂതുകളിക്കുകയായിരുന്നു. വെടിവെയ്പിന് മുന്നോടിയായി മാന്‍ഡലെബേ കാസിനോയില്‍ മുറിയെടുക്കുമ്പോള്‍ 61 വയസുകാരി ഏഷ്യന്‍ വംശജ മേരിലോ ഡാന്‍ലിയും ഇയാള്‍ക്കൊപ്പമുണ്ടായിരുന്നു. സ്റ്റീഫന്‍ പഡോക്കിന്റെ ലക്ഷ്യം എന്തായിരുന്നുവെന്നും, കൂട്ടാളികള്‍ ആരെങ്കിലും ഉണ്ടായിരുന്നുവോയെന്നതും ഇപ്പോഴും അജ്ഞാതവും ദുരൂഹവുമാണ്. ബോസ്റ്റണ്‍, ഷിക്കാഗോ എന്നിവിടങ്ങളിലും കൂട്ടക്കൊല നടത്താന്‍ സാധ്യതകള്‍ തേടിയിരുന്നുവെന്നാണ് ഇപ്പോള്‍ പൊലീസ് പുറത്തുവിടുന്ന വിവരങ്ങള്‍. എന്തായാലും ഇത്രയും വലിയ പാതകം ചെയ്ത ഭ്രാന്തന്‍ കൊലയാളി തങ്ങളുടെ സ്വന്തം നാട്ടുകാരന്‍തന്നെയാണെന്നത് ഓരോ അമേരിക്കക്കാരുടെയും ഉള്ളില്‍ ഭീതിവര്‍ധിപ്പിച്ചിരിക്കുന്നു. അയാള്‍ ഉതിര്‍ത്ത വെടിയൊച്ചകള്‍ അവരുടെ കാതുകളില്‍ കുറേകാലത്തേക്കെങ്കിലും മുഴങ്ങിക്കേള്‍ക്കും. ആ ഭ്രാന്തമായ വെടിയൊച്ചകള്‍.
ലാസ്‌വേഗാസിന് പിറകേയാണ് കാലിഫോര്‍ണിയയില്‍ സമാനരീതിയിലുള്ള വെടിവയ്പുണ്ടായത്. മരണസംഖ്യ കുറവായിരുന്നുവെങ്കിലും കഴിഞ്ഞ ദിവസം കാലിഫോര്‍ണിയയില്‍ വെടിവയ്പും മരണവും നടന്ന വാര്‍ത്തകളും പുറത്തുവന്നിട്ടുണ്ട്. ഏതായാലും ഭ്രാന്തന്‍ വെടിയൊച്ചകള്‍ അമേരിക്കയുടെയും അതുവഴി ലോകത്തിന്റെയും സ്വാസ്ഥ്യം കെടുത്തുകയാണ്. അതു പക്ഷേ ആ രാജ്യത്തിന്റെ ആയുധ കച്ചവടത്തിന്റെ അനന്തരഫലമാണെന്നും ഓര്‍ക്കണം.