Tuesday
19 Feb 2019

സമരങ്ങള്‍ പടരുന്ന തെരുവുകള്‍

By: Web Desk | Monday 27 November 2017 10:49 PM IST

കെ ജി സുധാകരന്‍

ലോകരാജ്യങ്ങളില്‍ എല്ലായിടത്തും തൊഴിലാളികള്‍ ദുരിതപൂര്‍ണമായ ജീവിതമാണ് നയിക്കുന്നത്. സാമ്രാജ്യത്വം നടപ്പിലാക്കുന്ന ആഗോളവല്‍ക്കരണ നയങ്ങള്‍ ജനജീവിതത്തെ ക്രൂരമായി ആക്രമിക്കുകയാണ്. കൂലി കുത്തനെ കുറയുമ്പോഴും ഉടമകള്‍ ലാഭം പെരുപ്പിക്കുന്നു. പെന്‍ഷന്‍ ഉള്‍പ്പെടെ സാമൂഹ്യക്ഷേമ പദ്ധതികള്‍ ഇല്ലാതാകുന്നു. സ്ഥിരം ജീവനക്കാരെ പിരിച്ചുവിട്ട് എല്ലായിടത്തും ദിവസക്കൂലിക്കാരെ നിയമിക്കുന്നു. സ്ഥിരം ജോലി നവലിബറല്‍ വര്‍ത്തമാനത്തില്‍ സ്വപ്‌നം മാത്രമായി അവശേഷിക്കുകയാണ്. നാളത്തെ ജീവിതത്തില്‍ നിന്നും ദുരിതങ്ങള്‍ അകലാന്‍ ഇന്ന് പോരാടുകയാണ് കടമയെന്ന തിരിച്ചറിവ് വ്യാപകവും ശക്തവുമാവുകയാണ്. സമീപകാലത്തായി ലോകത്തിന്റെ പല ഭാഗങ്ങളിലും നടക്കുന്ന പ്രക്ഷോഭങ്ങള്‍ അതാണ് സൂചിപ്പിക്കുന്നത്.
വ്യാപകമായ പിരിച്ചുവിടലും ക്ഷേമപദ്ധതികളുടെ അട്ടിമറിയും യാഥാര്‍ത്ഥ്യമാകുന്ന ലേബര്‍ കോഡിനെതിരെ ഫ്രാന്‍സില്‍ ലക്ഷക്കണക്കിന് തൊഴിലാളികള്‍ പ്രക്ഷോഭം ശക്തിപ്പെടുത്തുകയാണ്. ഫ്രഞ്ച് പ്രസിഡന്റ് ഇമാനൂവല്‍ മാക്രോണിനെതിരെ ഫ്രാന്‍സിന്റെ വിവിധ ഭാഗങ്ങളില്‍ കൂറ്റന്‍ പ്രതിഷേധ റാലികള്‍ നടന്നു. ചെലവുചുരുക്കലിന്റെ പേരില്‍ സാധാരണ ജനങ്ങളും തൊഴിലാളികളും നാളിതുവരെ അനുഭവിച്ച ക്ഷേമപദ്ധതികള്‍ അട്ടിമറിക്കപ്പെടുകയാണ്. തൊഴില്‍ നിയമങ്ങള്‍ ഉടമവര്‍ഗ താല്‍പ്പര്യം സംരക്ഷിക്കാന്‍ മാറ്റി എഴുതുകയാണ്. പൊതുമേഖലയില്‍ നിന്നുപോലും വ്യാപക പിരിച്ചുവിടല്‍ തുടരുകയാണ്. ഉന്നതബിരുദധാരികള്‍ പോലും തുച്ഛമായ കൂലിക്ക് കരാര്‍ തൊഴില്‍ ചെയ്യുകയാണ്. മനുഷ്യരായി ജീവിക്കാന്‍ ഫ്രാന്‍സില്‍ പോരാട്ടം ശക്തിപ്പെടുകയാണ്.
ഇന്ത്യയിലെ ബാങ്കിങ് മേഖല സംരക്ഷിക്കാന്‍ ബാങ്ക് ജീവനക്കാര്‍ പോരാട്ടം ശക്തിപ്പെടുത്തുകയാണ്. 2017 ഓഗസ്റ്റ് 22ന് നടത്തിയ ദേശവ്യാപക പണിമുടക്കിനുശേഷം 2017 സെപ്റ്റംബര്‍ 15ന് ഒരു ലക്ഷം ബാങ്ക് ജീവനക്കാര്‍ പാര്‍ലമെന്റ് മാര്‍ച്ച് നടത്തി. വീണ്ടും രണ്ട് ദിവസത്തെ ദേശവ്യാപക പണിമുടക്കിന് ബാങ്ക് ജീവനക്കാര്‍ തയ്യാറെടുക്കുകയാണ്. ബാങ്ക് ദേശസാല്‍ക്കരണത്തിനുശേഷം നമ്മുടെ നാടിന്റെ വികസനത്തിനും സമഗ്ര പുരോഗതിക്കും ഗണനീയമായ സംഭാവനകള്‍ നല്‍കിയ ബാങ്കിങ് മേഖല ഇന്ന് കോര്‍പ്പറേറ്റുകള്‍ക്ക് അമ്മാനമാടാന്‍ വിട്ടുകൊടുക്കുകയാണ് മോഡി സര്‍ക്കാര്‍. എഫ്ആര്‍ഡിഐ ബില്‍ നടപ്പിലാക്കുമ്പോള്‍ ഇന്ത്യയിലെ ബാങ്കിങ്, ഇന്‍ഷുറന്‍സ് സംവിധാനം ഇല്ലാതാകും. ബാങ്കിങ് മേഖലയില്‍ സഹകരണമേഖലയും ഗ്രാമീണ ബാങ്കുകളും ഇല്ലാതാകും. കോര്‍പ്പറേറ്റ് താല്‍പ്പര്യം സംരക്ഷിക്കാന്‍ മാത്രമാണ് മോഡി ലയന നടപടികള്‍ തുടരുന്നത്. ഇപ്പോള്‍ യാഥാര്‍ത്ഥ്യമായ എസ്ബിഐ ലയനം ജനവിരുദ്ധമാണെന്ന് ജനങ്ങള്‍ക്ക് ബോധ്യപ്പെട്ടുകഴിഞ്ഞു.
ശിശുക്കളെ പകല്‍ സമയങ്ങളില്‍ സംരക്ഷിക്കുകയും അവരെ നല്ല കുട്ടികളായി വര്‍ത്തുകയുമാണ് ശിശുപാലകരുടെ ജോലി. എന്നാല്‍ അവര്‍ക്ക് ന്യായമായ കൂലി നല്‍കാന്‍ അധികാരികള്‍ തയാറല്ല. തൊഴിലെടുക്കുന്ന കുടുംബങ്ങള്‍ക്ക് സഹായം എന്നതിലുപരി കുട്ടികള്‍ക്ക് വളരാന്‍ നല്ല അന്തരീക്ഷം ഒരുക്കുന്ന ഈ മേഖലയിലെ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതില്‍ അധികാരികള്‍ കാട്ടുന്ന നിഷേധാത്മക നയത്തിനെതിരെ അതിശക്തമായ പ്രക്ഷോഭത്തിന് ശിശുപാലകര്‍ തയ്യാറാകുകയാണ്. ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ തുടരുന്ന ജനവിരുദ്ധ നടപടികള്‍ക്കെതിരെ സമൂഹത്തിന്റെ എല്ലാ മേഖലകളിലും രോഷം പടരുകയാണ്.
സൗത്ത് കൊറിയയിലെ പ്രധാന ടി വി നെറ്റുവര്‍ക്കുകളായ എംബിസി, കെബിഎസ് തുടങ്ങിയ സ്ഥാപനങ്ങളിലെ ജീവനക്കാര്‍ പ്രക്ഷോഭത്തിലാണ്. തൊഴിലവകാശങ്ങള്‍ ഹനിക്കുന്ന അധികാരികള്‍ക്കെതിരെ തൊഴിലാളികള്‍ ഒറ്റക്കെട്ടായി പോരാടുകയാണ്. വാര്‍ത്ത വായിക്കുന്നതിലെ സ്വാതന്ത്ര്യം നിഷേധിക്കുന്ന നടപടികള്‍ തുടരുമ്പോള്‍ ടി വി എന്ന മാധ്യമം സമൂഹത്തെ എങ്ങോട്ടുനയിക്കുമെന്ന ചോദ്യമാണ് തൊഴിലാളികള്‍ ഉന്നയിക്കുന്നത്. മാധ്യമധര്‍മ്മം ഉയര്‍ത്തി പ്രക്ഷോഭം അതിശക്തമായി മുന്നോട്ടു കൊണ്ടുപോകുമെന്ന് തൊഴിലാളികള്‍ പ്രഖ്യാപിച്ചു. കെബിഎസില്‍ 1800 തൊഴിലാളികളും എംബിസിയില്‍ 2000 തൊഴിലാളികളും ഉണ്ട്. മുഴുവന്‍ തൊഴിലാളികളും ഒറ്റക്കെട്ടായി പ്രക്ഷോഭം തുടരുകയാണ്.
അര്‍ജന്റീനയിലെ ദീര്‍ഘദൂര ബസ് ഡ്രൈവര്‍മാര്‍ കരാര്‍ നടപ്പിലാക്കി കിട്ടാന്‍ പണിമുടക്ക് തുടരുകയാണ്. ‘ദി ഓട്ടോമോട്ടീവ് ട്രോംവേ യൂണിയന്‍’ നേതൃത്വത്തിലാണ് പണിമുടക്ക്. 21 ശതമാനം വേതനവര്‍ധന അനുവദിക്കാന്‍ കരാറൊപ്പിട്ട അധികാരികള്‍ ഇന്ന് പിറകോട്ടാണ് സഞ്ചരിക്കുന്നത്. തങ്ങള്‍ ഒപ്പിട്ട കരാറിന് കടലാസിന്റെ വിലപോലും കല്‍പ്പിക്കാന്‍ അധികാരികള്‍ തയ്യാറാകാത്ത സാഹചര്യത്തില്‍ ഗതാഗത മേഖലയിലെ മുഴുവന്‍ തൊഴിലാളികളും പ്രക്ഷോഭത്തിന് തയ്യാറെടുക്കുകയാണ്.
ഹെയ്തിയിലെ പ്രസിഡന്റ് ജുവനെല്‍ മോയിസ് പാസാക്കിയ പുതിയ ബജറ്റ് ജനവിരുദ്ധവും തൊഴിലാളിവിരുദ്ധവുമാണെന്ന് തിരിച്ചറിഞ്ഞ ജനങ്ങള്‍ പ്രക്ഷോഭം ശക്തിപ്പെടുത്തുകയാണ്. ജനങ്ങളുടെ പ്രതിഷേധത്തെ പൊലീസ് ലാത്തിയും ടിയര്‍ഗ്യാസും ഉപയോഗിച്ച് അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്നുണ്ട്. ഗതാഗതം തടസപ്പെടുത്തി ജനങ്ങള്‍ സജീവമായ പ്രതിഷേധത്തില്‍ അണിചേരുകയാണ്. ചുഴലിക്കാറ്റിന്റെ ദുരിതങ്ങളില്‍ നിന്ന് കരകയറാന്‍ ജനങ്ങളെ സഹായിക്കുന്നതിനുപകരം അധികനികുതി അടിച്ചേല്‍പ്പിച്ച് ജനങ്ങളെ ദുരിതങ്ങളിലേയ്ക്ക് തള്ളിവിടുകയാണ് ഭരണകൂടം.
ബ്രസീലിലും തൊഴില്‍ നിയമഭേദഗതി നടപ്പിലാക്കാന്‍ നടപടികള്‍ തുടരുമ്പോള്‍ മറുഭാഗത്ത് തൊഴിലാളികള്‍ പ്രക്ഷോഭം ശക്തിപ്പെടുത്തുകയാണ്. യുണൈറ്റഡ് വര്‍ക്കിങ് സെന്‍ട്രല്‍ നേതൃത്വത്തിലാണ് പ്രക്ഷോഭം. തൊഴിലാളികളെ വ്യാപകമായി പിരിച്ചുവിടാനും പരമാവധി കരാര്‍തൊഴിലാളികളെ നിയമിക്കാനും അധികനേരം പണിയെടുപ്പിക്കാനും നിയമഭേദഗതികള്‍ ഉടമകള്‍ക്ക് അധികാരം നല്‍കുന്നു. ഫാക്ടറികള്‍ ഏതുസമയത്തും അടച്ചുപൂട്ടാനും തൊഴിലാളികളെ തെരുവിലാക്കാനും ഭേദഗതി തയ്യാര്‍.
പെന്‍സില്‍വാനിയയില്‍ വിദ്യാഭ്യാസമേഖലയിലും ആരോഗ്യമേഖലയിലും പ്രതിഷേധം ശക്തിപ്പെടുകയാണ്. സമരമുഖത്തുവച്ച് കരാര്‍ ഒപ്പിടുകയും പിന്നീട് തങ്ങള്‍ ഒപ്പിട്ട കരാറുകള്‍ നഗ്നമായി ലംഘിക്കുകയും ചെയ്യുന്ന അവസ്ഥ അധികാരികള്‍ തുടരുകയാണ്. മൂന്ന് ദിവസത്തെ പണിമുടക്കിനൊടുവില്‍ സെപ്റ്റംബര്‍ 15ന് അധികാരികള്‍ ചര്‍ച്ചയ്ക്ക് തയ്യാറായി.
ആരോഗ്യരംഗത്ത് ഇന്‍ഷുറന്‍സ് പ്രീമിയം സര്‍ക്കാര്‍ അടച്ചിരുന്നത് ജീവനക്കാര്‍ അടയ്ക്കണം എന്ന ഭേദഗതിയാണ് പണിമുടക്കില്‍ എത്തിയത്. ഹെല്‍ത്ത് ഇന്‍ഷുറന്‍സ് പ്രീമിയം തൊഴിലുടമ അടയ്ക്കണം എന്നായിരുന്നു മുന്‍ തീരുമാനം. അധികാരികള്‍ ഈ വിഷയത്തില്‍ അനുകൂല തീരുമാനം എടുത്തതിന്റെ അടിസ്ഥാനത്തില്‍ തൊഴിലാളികള്‍ സമരം അവസാനിപ്പിച്ചു.
ജോലി വിമാനത്താവളത്തിലാണെങ്കിലും കിട്ടുന്ന കൂലി അന്നന്നത്തെ ഭക്ഷണത്തിന് തികയുന്നില്ല. ജോലിസ്ഥിരത ഒരു ചോദ്യചിഹ്നവും. ഈ പശ്ചാത്തലത്തിലാണ് മെല്‍ബണിലെ എയര്‍പോര്‍ട്ട് ജീവനക്കാര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങിയത്. അശാസ്ത്രീയമായ ഷിഫ്റ്റ് സമ്പ്രദായം തൊഴിലാളികള്‍ക്ക് വളരെ ബുദ്ധിമുട്ട് ഉണ്ടാക്കുന്നു. ആറോ ഏഴോ മണിക്കൂറിനാണ് കൂലി നല്‍കുന്നതെങ്കിലും 14 ഉം 15 ഉം മണിക്കൂര്‍ ഈ തൊഴിലാളികള്‍ അവിടത്തന്നെ കാണുന്നു. കൊടിയ ചൂഷണമാണിവിടെ നടക്കുന്നത്. മിനിമം കൂലി നല്‍കാനോ പരിമിതമായ സൗകര്യങ്ങള്‍ ലഭ്യമാക്കാനോ ഉടമകള്‍ തയ്യാറല്ല. അതിശക്തമായ പ്രക്ഷോഭം ഉയര്‍ന്നുവരണമെന്ന് തൊഴിലാളികള്‍ പ്രതീക്ഷിക്കുന്നു.
കഴിഞ്ഞ രണ്ട് വര്‍ഷമായി നടപ്പിലാക്കാത്ത വേതന പരിഷ്‌കരണം നടപ്പിലാക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് കൊറിയന്‍ എയര്‍ലൈന്‍സിന്റെ 2700 പൈലറ്റുമാര്‍ പണിമുടക്ക് നോട്ടീസ് നല്‍കി. കമ്പനി ലാഭം വര്‍ധിക്കുമ്പോഴും പൈലറ്റുമാര്‍ക്ക് രണ്ടുവര്‍ഷം മുമ്പ് തീരുമാനിച്ച വേതനം പോലും നല്‍കാന്‍ അധികാരികള്‍ തയ്യാറാകുന്നില്ല. 2015ല്‍ നാല് ശതമാനം വര്‍ധനയും 2016ല്‍ ഏഴ് ശതമാനം വര്‍ധനയുമാണ് പൈലറ്റുമാര്‍ ആവശ്യപ്പെടുന്നത്. അധികാരികള്‍ 1.9 ശതമാനവും 3.2 ശതമാനവും മാത്രമേ അനുവദിക്കൂ എന്ന നിലപാടിലാണ്. ജീവിക്കാന്‍ പര്യാപ്തമായ കൂലി ലഭിക്കാന്‍ പൈലറ്റുമാരും സമരത്തില്‍ അണിചേരുകയാണ്.
ന്യൂ സൗത്ത് വെയില്‍സിലെ ആരോഗ്യമേഖലയിലെ ഡോക്ടര്‍മാര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ ജീവനക്കാര്‍ എല്ലാവരും എന്‍എസ്ഡബ്ല്യു ഹെല്‍ത്ത് സര്‍വീസസ് യൂണിയന്‍ നേതൃത്വത്തില്‍ പണിമുടക്കി. 35,000 ജീവനക്കാരും പണിമുടക്കിയത് ആവേശകരമായ അനുഭവം തന്നെയായിരുന്നു. വേതന പരിഷ്‌കരണകാര്യത്തില്‍ ജീവനക്കാരുടെ താല്‍പ്പര്യം പരിഗണിക്കാതെ ഏകപക്ഷീയമായി അടിച്ചേല്‍പ്പിക്കുന്ന നയത്തില്‍ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്. ഇപ്പോള്‍ ലഭിക്കുന്ന വേതനം ഉപജീവനത്തിന് തികയാത്ത സാഹചര്യത്തിലാണ് തൊഴിലാളികള്‍ മെച്ചപ്പെട്ട വേതനം ആവശ്യപ്പെടുന്നത്. കേവലം രണ്ട് ശതമാനം വര്‍ധനയാണ് സര്‍ക്കാര്‍ അനുവദിക്കുന്നത്.
നാളത്തെ ജീവിതം രൂപപ്പെടുത്താന്‍ ഇന്ന് സമരം ചെയ്ത് വിജയിപ്പിക്കണം എന്നാണ് വര്‍ത്തമാനം സൂചിപ്പിക്കുന്നത്. തൂപ്പുകാര്‍ മുതല്‍ പൈലറ്റ് വരെ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ സമാനമാണ്. രണ്ടറ്റം മുട്ടിക്കാന്‍ പാടുപെടുമ്പോള്‍ അധികാരിവര്‍ഗത്തിനെതിരെ, ജീവിതം ദുരിതപൂര്‍ണമാകുന്ന കാടന്‍ നയങ്ങള്‍ക്കെതിരെ പോരാട്ടം ശക്തിപ്പെടുത്തുക മാത്രമാണ് വഴിയെന്ന് തിരിച്ചറിഞ്ഞുള്ള പ്രക്ഷോഭങ്ങളാണ് ലോകത്തിന്റെ പല ഭാഗങ്ങളിലും നടന്നുകൊണ്ടിരിക്കുന്നത്.