Tuesday
19 Feb 2019

ഇപ്പോഴും ലോകത്ത് പ്രതീക്ഷകള്‍ ബാക്കിയുണ്ട്

By: Web Desk | Wednesday 3 January 2018 10:37 PM IST

വിക്ടര്‍ ഗ്രോസ്മാന്‍

സന്തോഷം പ്രദാനം ചെയ്യുന്ന കാര്യങ്ങളല്ലെങ്കിലും ജര്‍മനിയും ബര്‍ലിനും എഴുതുന്നതിന് ഏറെ വിഷയങ്ങള്‍ നല്‍കുന്നു. ഇതൊന്നുംതന്നെ വളരെ അടിയന്തരമായ കാര്യങ്ങളൊന്നുമല്ല. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. അത് ഇനിയും നീണ്ടുപോകും. എന്നാല്‍ സ്വീകാര്യമായ അഥവാ അനുകൂലമായ മാറ്റങ്ങള്‍ ഒന്നുംതന്നെ പ്രതീക്ഷിക്കുന്നുമില്ല. പൊതുവായ പ്രതീക്ഷകളുണര്‍ത്തുന്ന നടപടികളും തീരുമാനങ്ങളും ഉണ്ടാകാനും സാധ്യതയില്ല. ഈ അവധിക്കാലത്ത് രാഷ്ട്രീയത്തില്‍ നിന്ന് ഒരു ചെറിയ ഇടവേളയിലേയ്ക്ക് പോകുകയാണ് ഞാന്‍.

ഒരു പക്ഷി നിരീക്ഷകനെന്ന നിലയില്‍ അമേരിക്കയില്‍ നിന്നുള്ള എന്റെ വിട്ടുപോകല്‍ ഒരുപാട് സുഹൃത്തുക്കളെ എനിക്ക് നഷ്ടപ്പെടുത്തി. പ്രത്യേകിച്ചും ഞാന്‍ യുവാവായിരിക്കുമ്പോളുണ്ടായിരുന്ന സുഹൃത്തുക്കളാണ് എനിക്ക് നഷ്ടമായത്. വണ്ണാത്തിക്കിളികള്‍, സ്വര്‍ണചൂട പക്ഷികള്‍, കുരുവികള്‍, ആഹ്ലാദത്തില്‍ തിമിര്‍ത്തുപാടുന്ന ജയ്പക്ഷികള്‍ എന്നിവയൊക്കെതന്നെ എനിക്ക് നഷ്ടപ്പെട്ട സുഹൃത്തുക്കളുടെ ഗണത്തില്‍പ്പെടുന്നു. ഇങ്ങനെ ചിറകുള്ള എത്രയോ സുഹൃത്തുക്കളെയാണ് എനിക്ക് നഷ്ടപ്പെട്ടത്. മനുഷ്യഗണത്തില്‍പ്പെട്ട നിരവധി സുഹൃത്തുക്കളെയും എനിക്ക് നഷ്ടമായി.
എന്നാല്‍ അമേരിക്കയില്‍ നിന്ന് ബര്‍ലിനിലേയ്ക്ക് ചേക്കേറിയ എനിക്ക് പുതിയ വീടും ഇഷ്ടപ്പെട്ടു. എന്റെ ഭാര്യയോടും മക്കളോടും വളരെ പ്രതീക്ഷയോടെയും സന്തോഷത്തോടെയും ഞാന്‍ ഇവിടെ ജീവിക്കുന്നു. എനിക്കുചുറ്റും നിരവധി വികസനങ്ങള്‍ അഥവാ സാമൂഹ്യനേട്ടങ്ങള്‍ കഴിഞ്ഞ കുറച്ച് ദശാബ്ദങ്ങള്‍ക്കിടയില്‍ നോക്കിക്കാണാന്‍ കഴിഞ്ഞു. ജര്‍മ്മന്‍ ഡമോക്രാറ്റിക്, സോഷ്യലിസ്റ്റ് കാലഘട്ടത്തിലാണ് ജനക്ഷേമകരമായ വികസനങ്ങള്‍ ഉണ്ടായത്. ഈ വികസനപ്രവര്‍ത്തനങ്ങള്‍ എല്ലാംതന്നെ മാനവരാശിയുടെ സന്തോഷം എന്ന ദിശയിലേയ്ക്കാണ് വിരല്‍ചൂണ്ടുന്നത്.

സോഷ്യലിസ്റ്റ് ജര്‍മ്മനിയും അത് പകര്‍ന്നുതന്ന പ്രതീക്ഷയുടെ കാലഘട്ടവും എന്നെ അവിടത്തെ ജന്തുലോകവുമായി ഏറെ അടുപ്പിച്ചു. പക്ഷികളുടെ പാട്ടും കുരുവികളുടെ ഈണമിട്ടുള്ള ശബ്ദങ്ങളോ കേള്‍ക്കാനായില്ലെങ്കിലും പൊന്മാനുകള്‍ മിന്നിമറയുന്ന കാഴ്ചകള്‍ എനിക്ക് കാണാനായി. മരക്കൂട്ടത്തിനിടയിലൂടെ അരുവിയില്‍ പൊന്മാനുകള്‍ മിന്നിമറയുന്ന കാഴ്ചകള്‍ എന്നെ ഏറെ ആഹ്ലാദിപ്പിച്ചു. വെള്ള കൊക്കുകള്‍, ഇരകള്‍ പ്രതീക്ഷിച്ച് മേല്‍ക്കൂരകളില്‍ ഇരിക്കുന്ന കാഴ്ചകളും ഏറെ സന്തോഷം പകര്‍ന്നു. പാടത്ത് ചിതറിക്കിടക്കുന്ന ചോളവും മണ്ണിരകളും തേടിയുള്ള ആ കൊക്കിന്റെ പ്രതീക്ഷ തികച്ചും ആഹ്ലാദദായകമാണ്. ആകാശത്തിന്റെ ഉയരങ്ങളില്‍ ഉന്മാദചിത്തയായി പാടുന്ന ആ വാനംപാടിയും വിഷാദഗാനം മൂളുന്ന ആ രാപ്പാടിയുടെ പാട്ടും ഞാന്‍ കേട്ടു.

പ്രായമേറുന്തോറും മറ്റ് സ്ഥലങ്ങളിലേയ്ക്ക് സഞ്ചരിക്കാനുള്ള അവസരവും ആയവും കുറഞ്ഞുവരുന്നു. ഇതിന്റെ ഭാഗമായി വയലേലകള്‍ കാണാനുള്ള അവസരങ്ങളും തുലോം കുറവാണ്. കിഴക്കന്‍ ബെര്‍ലിനില്‍ ഞാന്‍ തികച്ചും സന്തോഷവാനാണ്. അവിടെ ചെസ്റ്റ്‌നെട്ട് മരങ്ങളുടെ തണലില്‍ ഞാന്‍ സന്തോഷം കണ്ടെത്തുന്നു. ഞാന്‍ താമസിച്ചിരുന്ന വീടിന് ചുറ്റുമായി വയമ്പുചെടികള്‍ ഇടതൂര്‍ന്നുനില്‍ക്കുന്നു. ഫൊര്‍സിത്തിയാപോലുള്ള വര്‍ണശബളമായ ചെടികളും എന്റെ മനസിന് സന്തോഷം പകരുന്നു. സാധാരണ ഗ്രാമങ്ങളില്‍ കാണാറുള്ള പക്ഷികളൊന്നുംതന്നെ ഇവിടെ കാണാറില്ല. ഒരു വിരുന്നുകാരനെപ്പോലെ മാത്രം എത്തുന്ന ഒരുകൂട്ടം കിളികള്‍.

എന്റെ ശ്രദ്ധ കേവലം സസ്യ-ജന്തു ലോകങ്ങളില്‍ ഒതുങ്ങുന്നില്ല. എന്റെ സമീപപ്രദേശത്ത് നടക്കുന്ന വികസനങ്ങളെയും മാറ്റങ്ങളെയും ഞാന്‍ ഉള്‍ക്കൊണ്ടു. മാറ്റങ്ങള്‍ വരുമ്പോഴും വയമ്പുചെടികളും ഫൊര്‍സിത്തിയായും നശിപ്പിക്കപ്പെട്ടില്ല. സോഷ്യലിസ്റ്റ് ജര്‍മ്മനിയില്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള വികസനപ്രവര്‍ത്തനങ്ങള്‍ നടക്കുമ്പോഴും ആവാസവ്യവസ്ഥയ്ക്ക് കോട്ടംതട്ടാതെ നോക്കാന്‍ ആ ഭരണാധികാരികള്‍ക്ക് കഴിഞ്ഞിരുന്നു.
ജര്‍മ്മനിയില്‍ വലിയ മാറ്റങ്ങള്‍ ഉണ്ടായി. ചെറിയ ചില്ലറ വില്‍പ്പന ഷോപ്പുകള്‍ക്കുപകരം സൂപ്പര്‍മാര്‍ക്കറ്റുകളെത്തി. പുതുതായി എത്തിയ ഈ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നു. ആള്‍ഡി ആന്‍ഡ് ലീഡര്‍ ഉള്‍പ്പെടെയുള്ള കോര്‍പ്പറേറ്റ് ഗ്രൂപ്പുകള്‍ സൂപ്പര്‍ മാര്‍ക്കറ്റുകളുടെ മേധാവിത്വവും നേടി. ജര്‍മ്മനിയുടെ ജനങ്ങള്‍ക്ക് അപരിചിതമായിരുന്ന പല വസ്തുക്കളും ഈ സൂപ്പര്‍മാര്‍ക്കറ്റുകളിലെത്തി. ഈ സൂപ്പര്‍ മാര്‍ക്കറ്റുകള്‍ ഉപഭോക്താക്കള്‍ക്ക് സന്തോഷവും സംതൃപ്തിയും പകര്‍ന്നുനല്‍കുമെങ്കിലും തൊഴില്‍ ചൂഷണങ്ങള്‍ ഏറെ ഉണ്ടായി എന്നത് വസ്തുത. തെരുവുകളില്‍ വിദേശ ഭക്ഷണശാലകളും കോഫി ഷോപ്പുകളും കൊണ്ട് നിറഞ്ഞു. ഇതിന്റെ ഭാഗമായി ചൈനീസ് ഇന്ത്യന്‍ ശൈലിയിലുള്ള ഭക്ഷണം ലഭിക്കുന്ന കടകള്‍ ഇല്ലാതായി. എന്നാല്‍ സോഷ്യലിസ്റ്റ് ജര്‍മ്മനിയില്‍ നിന്ന് വ്യത്യസ്തമായി ഐക്യജര്‍മ്മനിയില്‍ കേള്‍ക്കുന്നത് ഹെലികോപ്ടറുകളുടെയും യുദ്ധവിമാനങ്ങളുടെയും ശബ്ദമാണ്. ഈ കാഴ്ചകള്‍ സോഷ്യലിസ്റ്റ് ജര്‍മ്മനിയില്‍ തികച്ചും അപരിചിതമായിരുന്നു. സോഷ്യലിസ്റ്റ് ജര്‍മ്മനിയില്‍ ഉണ്ടായ സാമൂഹ്യ മാറ്റങ്ങള്‍ ചെറുതായിപ്പോലും ഇനി ഉണ്ടാകില്ലെന്ന് ഉറപ്പ്. സൂപ്പര്‍ മാര്‍ക്കറ്റുകളില്‍ സാധനങ്ങള്‍ വാങ്ങുന്നതിന് നിരയായി നില്‍ക്കുന്ന സ്ത്രീകള്‍, തണുപ്പിനെ തോല്‍പ്പിച്ച് ഇടനാഴികളില്‍ കിടന്നുറങ്ങുന്ന മനുഷ്യര്‍ ഇതൊക്കെയാണ് ഇന്നത്തെ ജര്‍മ്മനയിലെ കാഴ്ചകള്‍. ഇന്നത്തെ ബര്‍ലിന്‍ ഭരണകൂടം ഇങ്ങനെ ഇടനാഴികളില്‍ കിടക്കാനായി നിരാലംബര്‍ക്ക് അനുവാദവും നല്‍കി. ഈ വിഷമമേറിയ കഥകളുടെ കാഠിന്യം കൂടുന്നു. പ്രത്യേകിച്ചും ഒരവധിക്കാല സന്ദേശത്തില്‍ ഇത്തരത്തിലുള്ള കൈപ്പേറിയ ദൃശ്യങ്ങളും വിവരണങ്ങളും ഭൂഷണമല്ല അഥവാ സന്ദര്‍ഭത്തിന് യോജിക്കുന്നതല്ല. ആവശ്യത്തിനുള്ള പെന്‍ഷന്‍തുക ലഭിക്കുന്നു. പുതിയ സാങ്കേതിക വിദ്യകള്‍ എത്തി. ബാങ്കുകളില്‍ പോയി കാത്തുനില്‍ക്കേണ്ട ആവശ്യമില്ല.

സോഷ്യലിസ്റ്റ് ജര്‍മ്മനി ഏറെ സന്തോഷകരമായ കാര്യങ്ങള്‍ എനിക്ക് പ്രദാനം ചെയ്തിരുന്നു. ഏകദേശം നാല് ദശാബ്ദങ്ങളോളം ഇത് ഞാന്‍ വേണ്ടുവോളം നുകര്‍ന്നു. കാക്കകളെ പൊതുവെ ആള്‍ക്കാര്‍ക്കിഷ്ടമില്ല, എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം കാക്കകളുടെ ശബ്ദം ശിശിരകാലത്തിന്റെ വരവിനെ വിളിച്ചോതുന്നു. മനോഹരമായ പക്ഷികളുടെ സാന്നിധ്യവും അവയുടെ ശബ്ദം തീര്‍ക്കുന്ന രാഗമാലികകളും ഇന്ന് അന്യമാകുന്നു. ഒരു വര്‍ഷം മുമ്പ് ഇവയ്ക്കായി ഞാന്‍ വീണ്ടും ചെകിടോര്‍ത്തു. ആ ദീര്‍ഘമായ ശൈത്യകാലത്തിനിടെ കുറച്ച് പക്ഷികളെ മാത്രമാണ് എനിക്ക് കാണാനായത്. ആഗോളതാപനവും കാലാവസ്ഥാ വ്യതിയാനവും ഈ അവസ്ഥയ്ക്ക് കാരണമായി എന്ന് എന്റെ ഉപബോധമനസിലെ പ്രതികരണമെന്നോണം ഞാന്‍ കുമ്പസാരിച്ചു. അമേരിക്കയിലെ ശൈത്യകാല പക്ഷികള്‍, ഭൂഖണ്ഡങ്ങള്‍ താണ്ടുന്ന ദേശാടനപക്ഷികള്‍ ഇവയൊക്കെ അപ്രത്യക്ഷമായി. റഷ്യയില്‍ നിന്നുപോലും പക്ഷികള്‍ വംശനാശത്തിനിരയായി. അറിയാതെയെങ്കിലും ഇതിന് ഉത്തരവാദി പുടിന്‍ ഉള്‍പ്പെടെയുള്ള ഭരണാധികാരികളാണ്. ഉത്തരവാദികളും കുറ്റക്കാരും ആരായാലും എന്റെ ദിനാനുഭൂതികള്‍ നഷ്ടപ്പെടുത്തി.

എന്നാല്‍ ഈ വര്‍ഷം കുറച്ച് പക്ഷികളെങ്കിലും തിരികെയെത്തി, അഥവാ വീണ്ടും വിരുന്നിനെത്തി. ഈ ലോകത്തില്‍ വീണ്ടും പ്രതീക്ഷയ്ക്ക് സ്ഥാനമുണ്ടെന്നാണ് ഇവ വിളിച്ചോതുന്നത്. മാര്‍ച്ചിലോ ഏപ്രിലിലോ ഈ പക്ഷികള്‍ മറ്റൊരുദേശം തേടിപ്പോകും. അപ്പോഴും വസന്തകാലത്തിന്റെ പ്രതീക്ഷയോടെ എന്റെ ഉറ്റവര്‍ക്കായി ഞാന്‍ കാത്തിരിക്കും. ആഹ്ലാദത്തില്‍ ചിറകടിച്ചുവരുന്ന ആ പക്ഷികള്‍ക്കായി വീണ്ടും ഞാന്‍ കാത്തിരിക്കും. അവയുടെ സാന്നിധ്യവും സ്വരമാധുരിയും ഞാന്‍ ആസ്വദിക്കും. ആ പക്ഷികള്‍ ആഹ്ലാദത്തില്‍ അനന്തവിഹായസില്‍ ചിറകിട്ടടിക്കുന്നത് സന്തോഷം നിറഞ്ഞ ഒരനുഭൂതിയാകും. അത് എന്റെ ജീവിതത്തിലെ ഒരു പ്രതീക്ഷയുമാകും. പുത്തന്‍ പ്രതീക്ഷപോലെ അഥവാ വിരളമായ ഒരു പ്രതീക്ഷയെന്നോണം ദേശാടനപക്ഷികള്‍ ലക്ഷ്യബോധത്തോടെ സ്വാതന്ത്ര്യത്തിന്റെ ഒരു മൂര്‍ത്തഭാവം പോലെ പറന്നുയരുന്നു. പുതുവര്‍ഷം എനിക്ക് ഊര്‍ജ്ജവും പ്രതീക്ഷയും നല്‍കുന്നു. നല്ലത് സംഭവിക്കട്ടെ, വിജയമുണ്ടാകട്ടെ, പ്രകൃതിയില്‍ നിന്നുള്ള ലളിതമായ സന്തോഷങ്ങള്‍, പ്രകൃതി സമ്മാനിക്കുന്ന സ്വാതന്ത്ര്യത്തിന്റെ പ്രതീക്ഷകള്‍, സാമൂഹ്യമൂല്യങ്ങള്‍, ഐക്യദാര്‍ഢ്യം ഇതൊക്കെ ദൃശ്യമാകുമെന്ന് ഏറെ ഞാന്‍ പ്രതീക്ഷിച്ചു. മനുഷ്യന്റെ നന്മയ്ക്കായി അഥവാ മാനവരാശിയുടെ ഉന്നമനത്തിനായി സന്മനസുള്ളവര്‍ ഒരുമിച്ച് പ്രവര്‍ത്തിക്കട്ടെ, അതിന്റെ ഫലമായുള്ള സന്തോഷം മാനവരാശിക്ക് ലഭിക്കട്ടെ. പുതിയ ഒരു വര്‍ഷത്തിലേയ്ക്ക് കടക്കുമ്പോള്‍ ആ പ്രതീക്ഷകളില്‍ ഞാന്‍ സോഷ്യലിസത്തിന്റെ പറവകളേയും സ്വപ്‌നം കാണുകയാണ്.

(അമേരിക്കയില്‍ നിന്നുള്ള
പത്രപ്രവര്‍ത്തകനായ
ലേഖകന്‍ ഇപ്പോള്‍
ബര്‍ലിനില്‍ ജീവിക്കുന്നു)