മാധ്യമങ്ങള്‍ക്കെതിരായ നീക്കം തൊഴിലവകാശത്തെ ഹനിക്കല്‍

Web Desk
Posted on January 08, 2018, 9:51 pm

കുറേ വര്‍ഷങ്ങള്‍ക്കുമുമ്പ് പൊലീസ് അതിക്രമം നടക്കുന്ന സ്ഥലത്തേയ്ക്ക് ക്യാമറയുമായി ചെന്ന പത്രഫോട്ടോഗ്രാഫര്‍ക്കുനേരെ ആക്രോശിച്ചടുത്ത പൊലീസുദ്യോഗസ്ഥന്‍ ഇംഗ്ലീഷില്‍ ഇങ്ങനെ ആജ്ഞാപിച്ചു: പിക് ദാറ്റ് ക്യാമറാസ് (ആ ക്യാമറകള്‍ പിടിച്ചെടുക്കൂ) എന്ന്. അതിന് ഒരു മാധ്യമപ്രവര്‍ത്തകന്‍ നല്‍കിയ പരിഭാഷ ‘ആ കണ്ണുകള്‍ കുത്തിപ്പൊട്ടിക്കൂ’ എന്നാക്രോശിച്ചുവെന്നായിരുന്നു. അതിശയോക്തിപരമെന്ന് തോന്നുമെങ്കിലും അക്ഷരാര്‍ഥത്തില്‍ ശരിയായിരുന്നു ആ പരിഭാഷ. അതിന് സമാനമായ സംഭവങ്ങള്‍ രാജ്യത്ത് ആവര്‍ത്തിച്ചു കൊണ്ടേയിരിക്കുകയാണ്. സത്യം വിളിച്ചുപറയുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കുനേരെയുള്ള വേട്ടയാടല്‍ നിരന്തരം തുടരുക തന്നെയാണ്.
അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് ട്രിബ്യൂണ്‍ പത്രത്തിനും ലേഖികയ്ക്കും എതിരെ ചുമത്തിയിരിക്കുന്ന കേസ്. ഏറ്റവും സുരക്ഷിതവും രഹസ്യസ്വഭാവവുമുള്ളതെന്ന് കേന്ദ്രസര്‍ക്കാര്‍ കൊട്ടിഘോഷിക്കുന്ന ആധാര്‍ വിവരങ്ങള്‍ കേവലം അഞ്ഞൂറ് രൂപയ്ക്ക് നേടിയെടുക്കാമെന്ന് വെളിപ്പെടുത്തിയ വാര്‍ത്ത പ്രസിദ്ധീകരിച്ചതിനാണ് ദി ട്രിബ്യൂണ്‍ ദിനപ്പത്രത്തിനും റിപ്പോര്‍ട്ടര്‍ രചന ഖൈറക്കുമെതിരെ കേസെടുത്തിരിക്കുന്നത്.
പഞ്ചാബിലെ ജലന്ധര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അജ്ഞാത സംഘം വഴി കോടിക്കണക്കിന് പേരുടെ ആധാര്‍ വിവരശേഖരം ലഭ്യമായതായാണ് വാര്‍ത്തയിലൂടെ രചന വെളിപ്പെടുത്തുന്നത്. വാര്‍ത്ത പുറത്തുവന്ന ദിവസം തന്നെ അത്തരത്തില്‍ വിവരങ്ങള്‍ സമാഹരിക്കാനാവില്ലെന്ന നിലപാടാണ് യുഐഡിഎഐ സ്വീകരിച്ചിരുന്നത്. അതിന്റെ പിറകേയാണ് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 419, 420, 471, എന്നീ വകുപ്പുകളും ഐടി നിയമത്തിലെ 66ാം വകുപ്പും ആധാര്‍ നിയമത്തിലെ 36, 37 വകുപ്പുകളുമനുസരിച്ചാണ് കേസ് എടുത്തിരിക്കുന്നത്.
വിവരങ്ങള്‍ ചോര്‍ന്നതായി ആദ്യം സമ്മതിച്ച യുഐഡിഎഐ പിന്നീട് വിദേശമാധ്യമങ്ങളിലടക്കം ഇത് വീണ്ടും വാര്‍ത്തയായതോടെ കേസുമായി രംഗത്തെത്തുകയായിരുന്നു. വസ്തുതകള്‍ വളച്ചൊടിച്ചാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതെന്നും ആധാര്‍ അതോറിറ്റി ആരോപിക്കുന്നു.
ആധാറിന്റെ സ്വകാര്യതയും വിശ്വാസ്യതയും സംബന്ധിച്ച് നിരവധി കേസുകളും വിവാദങ്ങളും നിലനില്‍ക്കേയാണ് ഈ വാര്‍ത്ത പുറത്തുവന്നത്. സുപ്രിംകോടതിയില്‍ പോലും ഇതുസംബന്ധിച്ച കേസുകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തിലാണ് മാധ്യമത്തിനും റിപ്പോര്‍ട്ടര്‍ക്കുമെതിരെ കേസെടുത്തിരിക്കുന്നത് ശ്രദ്ധേയമാകുന്നത്.
എല്ലാ കോണുകളില്‍ നിന്നും ഇതിനെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്. സര്‍ക്കാരിന്റെ തെറ്റായ സമീപനങ്ങളും അവര്‍ നടപ്പിലാക്കുന്ന പദ്ധതികളുടെ പോരായ്മകളും വാര്‍ത്തകളാക്കുന്നത് അവ തിരുത്തലിന് വിധേയമാകണമെന്ന ഉദ്ദേശ്യത്തോടെയാണ്. എന്നാല്‍ അത് മനസിലാക്കാതെ വാര്‍ത്തകളെ തന്നെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് സമീപകാലത്തായി നടന്നുകൊണ്ടിരിക്കുന്നത്.
കുറച്ചുമാസങ്ങള്‍ക്ക് മുമ്പ് കേന്ദ്രഭരണം നടത്തുന്ന ബിജെപി യുടെ അധ്യക്ഷന്‍ അമിത് ഷായുടെ മകന്‍ ജയ് ഷാ ചുരുങ്ങിയ വര്‍ഷംകൊണ്ട് ഭീമമായ ആസ്തി സമ്പാദിച്ചുകൂട്ടിയതു സംബന്ധിച്ച വാര്‍ത്ത ദി വയര്‍ എന്ന മാധ്യമം പുറത്തുവിട്ടപ്പോഴും ഇതേ സമീപനമാണ് സ്വീകരിച്ചത്. ദി വയറിനെതിരെ മാനനഷ്ടത്തിന് കേസ് നല്‍കിയതിന് പുറമേ തുടര്‍ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിന് താല്‍ക്കാലിക വിലക്ക് ഏര്‍പ്പെടുത്തുന്ന സ്ഥിതിയുമുണ്ടായി.
ഏറ്റവുമൊടുവില്‍ പുറത്തുവന്ന കണക്കുകളനുസരിച്ച് ഈ വര്‍ഷം ഗൗരി ലങ്കേഷ് ഉള്‍പ്പെടെ മൂന്ന് മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയുണ്ടായി. വിവിധ വാര്‍ത്തകളുടെ പേരില്‍ 87 മാധ്യമ പ്രവര്‍ത്തകരാണ് അറസ്റ്റ് ചെയ്യപ്പെട്ടത്.
എന്നിട്ടും പതറാതെ പണിയെടുക്കുകയാണ് മാധ്യമരംഗത്തുള്ളവര്‍. തങ്ങള്‍ക്ക് ഇഷ്ടമുള്ളതുമാത്രമേ പ്രസിദ്ധീകരിക്കാവൂ എന്നുള്ള ഭരണകൂടങ്ങളുടെയും വലതുപക്ഷ ശക്തികളുടെയും വാശി ഫാസിസത്തിന്റെ അവശിഷ്ടമാണ്. മാധ്യമപ്രവര്‍ത്തനത്തിന് വിലക്കേര്‍പ്പെടുത്താനുള്ള ശ്രമങ്ങള്‍ അഭിപ്രായസ്വാതന്ത്ര്യം ഇല്ലാതാക്കുന്നതിന് തുല്യമാണ്. അധികാരത്തിന്റെ ഇടനാഴികളില്‍ നിലനില്‍ക്കുന്ന പല ജീര്‍ണതകളും മാധ്യമപ്രവര്‍ത്തകര്‍ തുറന്നുകാട്ടുമ്പോള്‍ അത് ഒരു ദൗത്യമായാണെടുത്തിരുന്നത്. ഇപ്പോഴത് തൊഴില്‍കൂടിയാണ്. അതുകൊണ്ടുതന്നെ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരായ നീക്കം തൊഴിലെടുക്കാനുള്ള അവകാശത്തെയും ഹനിക്കുന്നതാണ്.
രാജ്യത്തിന്റെ നാലാം തൂണെന്ന് എല്ലാവരാലും അംഗീകരിക്കപ്പെടുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ ഇത്തരത്തിലുള്ള ഏത് കടന്നാക്രമണങ്ങളും ഫലത്തില്‍ ഭരണഘടനയ്ക്കുമെതിരാണ്. അല്ലെങ്കിലും ഭരണഘടന മാറ്റുന്നതിനെക്കുറിച്ചും മറ്റും സംസാരിച്ചുകൊണ്ടിരിക്കുന്ന മന്ത്രിമാരുള്ള നാട്ടില്‍ ഇത്തരം സമീപനങ്ങള്‍ നമ്മുടെ ആശങ്ക വല്ലാതെ വര്‍ധിപ്പിക്കുകയാണ്. ഈ പിന്തിരിപ്പന്‍ നിലപാടുകളെ തുറന്നെതിര്‍ക്കുന്നില്ലെങ്കില്‍ അതുണ്ടാക്കാന്‍ പോകുന്ന അപകടം വളരെ വലുതായിരിക്കും.