17 March 2025, Monday
KSFE Galaxy Chits Banner 2

കഞ്ഞിവീഴ്ത്തും അന്നദാനവും ഫ്യൂഡൽ മാണിക്യവും

കുരീപ്പുഴ ശ്രീകുമാർ
വർത്തമാനം
March 13, 2025 4:30 am

ബരിമലയിൽ പോകാൻ വ്രതമെടുത്തിട്ടുള്ളവരുടെ വീട്ടിൽ ഒരു കാലത്ത് കഞ്ഞിസദ്യ പതിവായിരുന്നു. രാവിലെയാണിത് നടത്തുന്നത്. ശബരിമല നാമമെന്നു തെക്കൻ കേരളത്തിലും അയ്യപ്പൻ വിളക്കെന്നു വടക്കും പറയുന്ന ഈ അനുഷ്ഠാനത്തിന് വൈകിട്ടും തുടർച്ചയുണ്ട്. പ്രത്യേകം സജ്ജമാക്കിയ പന്തലിൽ ശബരിമല ശാസ്താവിന്റെ പടം വച്ചു പൂജിക്കും. ഭജനയുണ്ടാകും. കടല ഉപ്പും എരിവും ചേർത്ത് പാകപ്പെടുത്തിയതും ചെറുപഴവും വിതരണം ചെയ്യും. പങ്കെന്നാണ് തെക്കൻ കേരളത്തിൽ ഇതിനു പറയുന്നത്. കഞ്ഞിവീഴ്ത്തിനായി മുറ്റത്ത് കുഴികളുണ്ടാക്കും. ആ കുഴിയിൽ വാഴയിലയുടെ കഷ്ണം വച്ചിട്ട് അതിലേക്ക് കഞ്ഞിവീഴ്ത്തും. അരികൊണ്ടുള്ള കഞ്ഞിയിൽ ഉപ്പും തേങ്ങാപ്പീരയും ചേർത്തിട്ടുണ്ടാകും. കടലയും ചേമ്പും ചേർത്തുണ്ടാക്കുന്ന അസ്ത്രം എന്നൊരു കറിയും ഒപ്പം ഉണ്ടാകും. ഒരുവിധം കാശുള്ള തറവാടികളാണ് ഇതു നടത്തുന്നത്. ജാതിയിൽ കുറഞ്ഞവർക്ക് പുരയിടത്തിന്റെ ഒരു മൂലയ്ക്കായിരിക്കും കുഴികുത്തുക. അവിടെ നായ്ക്കളോട് മല്ലിട്ടാണ് അല്പമെങ്കിലും കഞ്ഞി കുടിക്കാൻ കഴിയുക. ഭിക്ഷക്കാർ ധാരാളമായി എത്തിയിരുന്ന ഓച്ചിറയിലും മറ്റും ഈ കഞ്ഞിവീഴ്ത്ത് പ്രധാനപ്പെട്ട ഒരു പുണ്യപ്രവൃത്തിയായിരുന്നു. ഒരു ബുദ്ധവിഹാരത്തിന്റെ അഴകുള്ള ഓച്ചിറയിലെ പരബ്രഹ്മത്തിന് അന്നദാനപ്രഭു എന്നൊരു വിശേഷണം കൂടി ഉണ്ടായിരുന്നു. 

ക്ഷേത്രത്തിലെത്തുന്നവർക്ക് ഭക്ഷണം നൽകുന്ന പതിവ് കേരളത്തിൽ പലയിടത്തുമുണ്ട്. തിരുവനന്തപുരത്തെ പത്മനാഭസ്വാമി ക്ഷേത്രത്തിലും കണ്ണൂരെ പറശിനിക്കടവിലും ഈ രീതിയുണ്ട്. പറ‌ശിനിക്കടവിലെ സൽക്കാരം വളരെ ജനകീയമാണ്. എപ്പോൾ ചെന്നാലും ചായയും പയറും. ഉച്ചയ്ക്കാണെങ്കിൽ ഊണും അവിടെ ലഭിക്കും. അതിദരിദ്രർ ധാരാളമായി ഉണ്ടായിരുന്ന കേരളത്തിൽ കഞ്ഞിവീഴ്ത്ത് പ്രധാനപ്പെട്ട ഒരു നേർച്ചയായിരുന്നു. വർഷത്തിലൊരിക്കലെങ്കിലും വിശക്കുന്ന വയറുകൾ നിറച്ച് മോക്ഷം നേടാമെന്ന് കാശുള്ളവർ അന്ന് കരുതിയിരുന്നു.
അക്കാലം മാറി. കഞ്ഞിവീഴ്ത്ത് അന്നദാനത്തിനു വഴിമാറി. അവിടെ പാവങ്ങളുടെ വിശക്കുന്ന വയറിനല്ല ആഹാരം നൽകുന്നത്. അമ്പലത്തിൽ അന്നദാനമുള്ളതിനാൽ വീട്ടിലെ ഹൈടെക്ക് അടുക്കളയിൽ അരി വേവിക്കേണ്ട എന്ന് ചിന്തിക്കുന്ന ധനികരുടെ ആസ്തിപ്രകടനമായി അന്നദാനം മാറി. ആഹാരം കഴിക്കാൻ അമ്പലത്തിൽ പോകാൻ സൗകര്യമില്ലെങ്കിൽ ഹോട്ടലിൽ നിന്നും പകർച്ച കൊണ്ടുവരുന്നതുപോലെ ആഹാരം പാത്രത്തിലാക്കി വീട്ടിലെത്തിക്കും. ഒന്നോ രണ്ടോ ചാക്ക് അരിക്കെന്നപേരിൽ 25,000 രൂപ വരെയാണ് മധ്യവർഗ ധനികരിൽ നിന്നും അമ്പലക്കമ്മിറ്റിക്കാർ വസൂലാക്കുന്നത്. അത്രയും അരി വാങ്ങിയോ എന്ന് ആരും തിരക്കാറില്ല. വലിയ ലാഭമാണ് ഈ മോക്ഷപ്രലോഭനത്തിലൂടെ അമ്പലക്കമ്മിറ്റിക്കാർ കൊയ്യുന്നത്. 

അന്നദാനത്തിനു പണം കൊടുത്ത ഗൾഫുകാരന്റെ പേര് ഗൾഫിൽ കേൾക്കത്തക്കരീതിയിൽ ഉച്ചഭാഷിണി ഉപയോഗിച്ച് വിളിച്ചു പറയുകയും ചെയ്യും. മിച്ചം വരുന്ന ഭക്ഷണം എവിടെയെങ്കിലും കുഴിച്ചുമൂടും. പരിസരവാസികൾക്ക് ഈച്ചയും ദുർഗന്ധവും കാരണം കുറേദിവസത്തേക്ക് ജീവിതം അസാധ്യമാകും. പുകയിലക്കൃഷിയുണ്ടായിരുന്ന കാലത്തെ കാഞ്ഞങ്ങാടുപോലെയാകും അമ്പലപരിസരത്തുള്ള വീടുകൾ. ഈച്ചകളുടെ കരിമ്പടം തീൻമേശയെ മൂടിയിരിക്കും. ഈ ആർഭാടപ്രകടനം കൊണ്ട് എന്തുനേട്ടമാണ് ഉണ്ടാകുന്നത്? അമ്പലക്കമ്മിറ്റിക്കാരുടെ കീശ വീർപ്പിക്കാൻ മാത്രമേ ഇത് ഉപകരിക്കുകയുള്ളൂ. അതേസമയം ആ പണം അടുത്തുള്ള ഒരു പൊതുവിദ്യാലയത്തിനു നൽകിയാൽ അവിടെയുള്ള കുട്ടികൾക്ക് രണ്ടുനേരം ആഹാരം കൊടുക്കാൻ കഴിയും. മോക്ഷമോഹത്തിന്റെ അടിസ്ഥാനം സ്വാർത്ഥതയാകയാൽ അങ്ങനെയൊരു ചിന്തപോലും മലയാളിക്ക് ഉണ്ടാകുന്നില്ല. മലയാളി മാറേണ്ടിയിരിക്കുന്നു. അന്നവസ്ത്രാദി മുട്ടാതെ തന്നു രക്ഷിക്കുന്ന തമ്പുരാൻ സാന്നിധ്യമറിയിക്കേണ്ടത് സ്കൂളുകളിലാണ്. അവിടെയാണ് നിസ്വാർത്ഥരായ ബാല്യകൗമാരങ്ങൾ സഞ്ചിയിൽ പാത്രവും ഗ്ലാസുമായി നിൽക്കുന്നത്. ബ്രാഹ്മണപൂജാരിയില്ലാത്ത നമ്മുടെ സ്കൂളുകളാണ് മോക്ഷത്തിന്റെ കേന്ദ്രങ്ങൾ. അവിടേക്കാണ് അരിക്കാശൊഴുകേണ്ടത്. 

സാമാന്യം നല്ല തുക ശമ്പളമായും പെൻഷനായും കിട്ടുന്നവരും പ്രവാസികളും വ്യാപാരികളുമൊക്കെയാണ് അന്നദാനോത്സാഹികളായി, ക്ഷേത്രഭാരവാഹികളുടെ വലയിൽ വീഴാറുള്ളത്. അവരുടെ ശ്രദ്ധ നമ്മുടെ പൊതുവിദ്യാലയങ്ങളിലേക്ക് തിരിഞ്ഞിരുന്നെങ്കിൽ എത്ര നന്നായിരുന്നു! ഭിക്ഷാടനവും അന്നദാനവും ബ്രാഹ്മണ്യത്തിന്റെ അപമാനമുദ്രകളാണ്. ബ്രാഹ്മണ്യം കേരളീയരുടെ മനസിൽ നിന്നും കുടിയൊഴിഞ്ഞിട്ടില്ല എന്നതിന്റെ ഒടുവിലത്തെ തെളിവാണ് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലുണ്ടായ തന്ത്രിസമരം. ഇതിനെ അംഗീകരിച്ചാൽ ദേവസ്വം ഫ്യൂഡൽ മാണിക്യമാവുകതന്നെ ചെയ്യും. 

Kerala State AIDS Control Society
Kerala State - Students Savings Scheme

TOP NEWS

March 17, 2025
March 17, 2025
March 17, 2025
March 16, 2025
March 16, 2025
March 16, 2025

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.