23 April 2024, Tuesday

അറിവിന്റെ മാറ്റുരയ്ക്കൽ: എ കെ എസ് ടി യു- ജനയുഗം സഹപാഠി അറിവുത്സവം സംസ്ഥാനതല മത്സരം നാളെ

കോഴിക്കോട് ബ്യൂറോ
കോഴിക്കോട്
November 20, 2021 1:51 pm

അറിവ് ജനകീയമാകട്ടെ, കുട്ടികൾ നാടറിഞ്ഞ് പഠിക്കട്ടെ എന്ന ആശയത്തിൽ സംഘടിപ്പിക്കുന്ന എ കെ എസ് ടി യു — ജനയുഗം സഹപാഠി അറിവുത്സവം സംസ്ഥാന തല മത്സരം നാളെ കോഴിക്കോട് നടക്കാവ് ജി വി എച്ച് എസ് എസ്സിൽ നടക്കും. രാവിലെ ഒമ്പത് മണിക്ക് മത്സരത്തിനുള്ള രജിസ്ട്രേഷൻ ആരംഭിക്കും. 10 മണിക്ക് ഭക്ഷ്യ- സിവിൽ സപ്ലൈസ് വകുപ്പുമന്ത്രി ജി ആർ അനിൽ അറിവുത്സവം ഉദ്ഘാടനം ചെയ്യും. സ്വാഗതസംഘം ചെയർമാൻ ഇ കെ വിജയൻ എംഎൽഎ അധ്യക്ഷത വഹിക്കും. തോട്ടത്തിൽ രവീന്ദ്രൻ എംഎൽഎ മുഖ്യപ്രഭാഷണം നടത്തും. ജനയുഗം എക്സിക്യൂട്ടീവ് എഡിറ്റർ അബ്ദുൾ ഗഫൂർ, എ കെ എസ് ടി യു ജനറൽ സെക്രട്ടറി ഒ കെ ജയകൃഷ്ണൻ എന്നിവർ ആശംസകൾ അർപ്പിക്കും. ജനയുഗം ഡയരക്ടർ ടി വി ബാലൻ സ്വാഗതവും കോഴിക്കോട് യൂണിറ്റ് മാനേജർ കെ കെ ബാലൻ നന്ദിയും പറയും.

ഉച്ചയ്ക്ക് ശേഷം രണ്ടിന് നടക്കുന്ന സമാപന സമ്മേളനവും സമ്മാന വിതരണവും തുറമുഖ വകുപ്പു മന്ത്രി അഹമ്മദ് ദേവർകോവിൽ ഉദ്ഘാടനം ചെയ്യും. ജനയുഗം ജനറൽ മാനേജർ സി ആർ ജോസ് പ്രകാശ് അധ്യക്ഷത വഹിക്കും. പ്രശസ്ത കവി പി കെ ഗോപി മുഖ്യപ്രഭാഷണം നടത്തും. ജനയുഗം സഹപാഠി എഡിറ്റർ ഡോ. പി ലൈല വിക്രമരാജ്, സഹപാഠി കോ-ഓർഡിനേറ്റർ ആർ ശരത്ചന്ദ്രൻ നായർ, എ കെ എസ് ടി യു വൈസ് പ്രസിഡന്റ് ടി ഭാരതി, ജനയുഗം റസിഡന്റ് എഡിറ്റർ ഷിബു ടി ജോസഫ്, എ കെ എസ് ടി യു അക്കാദമിക് കൗൺസിൽ കൺവീനർ എം വിനോദ് എന്നിവർ ആശംസകൾ അർപ്പിക്കും. എ കെ എസ് ടി യു പ്രസിഡന്റ് എൻ ശ്രീകുമാർ സ്വാഗതവും സംഘാടക സമിതി കൺവീനർ സി ബിജു നന്ദിയും പറയും.

ഉപജില്ലാ തലത്തിലുള്ള പ്രശ്നോത്തരി മത്സരങ്ങൾ ഓൺലൈനിലൂടെയായിരുന്നു നടന്നത്. ജില്ലാ മത്സരം മുതൽ നേരിട്ടാണ് സംഘടിപ്പിക്കുന്നത്. എൽപി, യുപി, ഹൈസ്കൂൾ, എച്ച് എസ് എസ് വിഭാഗങ്ങൾക്കായി നാലു മേഖല തിരിച്ചാണ് മത്സരങ്ങൾ. സംസ്ഥാന വിജയികൾക്ക് ഒന്നു മുതൽ മൂന്നു വരെയുള്ള സ്ഥാനക്കാർക്ക് യഥാക്രമം 10, 000, 7,500, 5,000 രൂപ വീതം ക്യാഷ് അവാർഡും സമ്മാനിക്കും.

സംസ്ഥാന തലത്തിലെ എൻഡോവ്മെന്റുകൾക്ക് പുറമെ ജില്ലയിലെ സാമൂഹ്യ സാംസ്ക്കാരിക മേഖലയിലെ മൺമറഞ്ഞുപോയ നേതാക്കളുടെ സ്മരണയ്ക്കായി ജില്ലയിൽ നിന്നും എൻഡോവ്മെന്റുകൾ ഏർപ്പെടുത്തിയിട്ടുണ്ട്. എം സുകുമാരപിള്ള, പി എം വാസുദേവൻ, എം കുമാരൻ മാസ്റ്റർ (എക്സ് എം എൽ എ ), ബി സീത, മണിയൂർ ഇ. ബാലൻ മാസ്റ്റർ, ആർ ചാമുണ്ണി മാസ്റ്റർ, ദേവരാജൻ കമ്മങ്ങാട്, സി കെ അനിത ടീച്ചർ, എം കെ ഉഴുത്രവാരിയർ, കെ ആർ വിക്രമരാജ്, കെ കെ രാമൻ, സി പത്മാവതി ടീച്ചർ, കെ ടി അമ്മിണിക്കുട്ടി അമ്മ, ടി ഗോപി മാസ്റ്റർ എന്നിവരുടെ സ്മരണാർത്ഥമാണ് എൻഡോവ്മെന്റുകൾ ഏർപ്പെടുത്തിയിട്ടുള്ളത്. മത്സരത്തിൽ പങ്കെടുക്കുന്ന മുഴുവൻ കുട്ടികൾക്കും പുസ്തകങ്ങളും മറ്റ് പഠനസാമഗ്രികളും അടങ്ങുന്ന കിറ്റുകളും സംഘാടകർ ഏർപ്പെടുത്തിയിട്ടുണ്ട്. കോവിഡ് പ്രതിസന്ധികൾക്കിടയിലും വിദ്യാർത്ഥികളുടെ അറിവിനെ പരിപോഷിപ്പിക്കാനായി ഇത്തരമൊരു പരിപാടി സംഘടിപ്പിച്ച ജനയുഗത്തിനും എ കെ എസ് ടി യു വിനും വലിയ തോതിലുള്ള അംഗീകാരമാണ് വിദ്യാർത്ഥികൾ-അധ്യാപകർ-രക്ഷിതാക്കൾ എന്നിവരിൽ നിന്നും ലഭിക്കുന്നത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.