24 April 2024, Wednesday

2000 രൂപ: ആർബിഐ നിലപാട് ദുരൂഹം

കെ രവീന്ദ്രൻ
May 25, 2023 4:17 am

നിലവിലുള്ള 2000 രൂപ നോട്ടുകള്‍ പിൻവലിച്ചുകൊണ്ട് ആർബിഐയുടെ പെട്ടെന്നുള്ള പ്രഖ്യാപനം ദുരൂഹമാണ്. നോട്ട് നിരോധനമല്ല, പിൻവലിക്കൽ മാത്രമാണെന്ന് വ്യക്തമാക്കാൻ ആർബിഐ പ്രത്യേകം ശ്രമം നടത്തുകയാണ്. പുതിയ നോട്ടുകൾ അവതരിപ്പിച്ചതിന്റെ ഉദ്ദേശ്യം പൂർത്തീകരിച്ചതുകൊണ്ടാണ് പിന്‍വലിക്കുന്നതെന്ന്, തീരുമാനത്തെ ചോദ്യം ചെയ്യുന്ന ഹർജി പരിഗണിക്കുന്ന ഡൽഹി ഹൈക്കോടതിയെ അറിയിച്ചു. നിയമപരമായ നടപടിയാണെന്നും നോട്ട് നിരോധനമല്ലെന്നുമാണ് വിശദീകരണം. കറന്‍സി അതിന്റെ പ്രതീക്ഷിത കാലാവധിപൂർത്തിയാക്കിയെന്ന് ഗവർണർ ശക്തികാന്ത ദാസ് പറയുന്നു. 2016ലെ നോട്ട് അസാധുവാക്കലിന് ശേഷം പിൻവലിച്ച നോട്ടുകള്‍ക്ക് പകരമായാണ് കറന്‍സി അവതരിപ്പിച്ചത്. കറൻസി മാനേജ്മെന്റ് പ്രവർത്തനത്തിന്റെ ഭാഗമാണ് ഇപ്പോഴത്തെ നടപടിയെന്നും പറയുന്നു. ജനങ്ങൾക്ക് വൃത്തിയുള്ള, അഴുക്കില്ലാത്ത നോട്ടുകൾ നൽകുന്നതിന് നടപ്പാക്കുന്നതാണ് ക്ലീൻ നോട്ട് പോളിസി. നിലവിലുള്ള സീരീസ് പിൻവലിച്ച് പുതിയ സീരീസ് ഉപയോഗിച്ച് മാറ്റിസ്ഥാപിക്കുന്നതാണ് ഈ നയം. എല്ലാ മൂല്യങ്ങളുള്ള നോട്ടുകളും ഇങ്ങനെ പിൻവലിക്കുകയും പകരം പുതിയത് നൽകുകയും ചെയ്യുകയെന്നത് തികച്ചും സാധാരണമാണ്. യാതൊരു പ്രചാരണവുമില്ലാതെ നടക്കുന്നു. എന്നാൽ 2000 രൂപയുടെ കാര്യം അങ്ങനെയല്ല. ഈ വിഭാഗം തന്നെ റദ്ദാക്കപ്പെട്ടു, ഇത് അപൂർവ സംഭവമാണ്. അതാണ് ഇതിനെ വ്യത്യസ്തമാക്കുന്നതും സംശയാസ്പദമാക്കുന്നതും. കൈമാറ്റത്തിന് സമയം അനുവദിച്ചതിനെക്കുറിച്ചും ആശങ്കകളുണ്ട്. രേഖകളൊന്നും വേണ്ട എന്നത് പ്രക്രിയ പൂർണമായും സുതാര്യമല്ലാതാക്കുന്നു. കള്ളപ്പണം സൂക്ഷിച്ചവരില്‍ ഭൂരിഭാഗവും സമർത്ഥരും ഭാവനാസമ്പന്നരുമായതിനാൽ പണം പലവഴിയിലൂടെ മാറ്റിയെടുക്കാന്‍ കഴിയും. ഈ ഒഴിവാക്കൽ യാദൃച്ഛികമായിരിക്കില്ലെന്നും മറിച്ച് രാഷ്ട്രീയ ഇടപെടലിന്റെ ഭാഗമായിരിക്കുമെന്നും വ്യക്തമാണ്. മോഡി സർക്കാരിന്റെ ഇലക്ടറൽ ബോണ്ട് പദ്ധതിക്ക് സമാനമായ സാമ്പത്തിക അരാജകത്വമാണിതെന്ന പ്രതിപക്ഷ പാർട്ടികളുടെ ആരോപണത്തില്‍ കഴമ്പുണ്ട്. തെരഞ്ഞെടുപ്പ് ഫണ്ടിങ്ങിൽ സുതാര്യത പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യം ഉണ്ടായിരുന്നിട്ടും ഭരണകക്ഷിയുടെ ഖജനാവ് നിറയ്ക്കുന്നതിൽ അവസാനിച്ചു ഇലക്ട്രറല്‍ ബോണ്ടുകളുടെ ലക്ഷ്യം. ന്യായമല്ലാത്ത മാർഗങ്ങളിലൂടെ ഒരു കുംഭകോണമായിരിക്കുകയാണ് ബോണ്ടുകളുടെ വില്പന ഇപ്പോള്‍. ആരാണ് രാഷ്ട്രീയ പാർട്ടികൾക്ക് പണം നൽകുന്നത് എന്ന് പറയേണ്ടതില്ല. ബോണ്ടുകൾ വാങ്ങുന്നത് ബാങ്ക് രഹസ്യമായി സൂക്ഷിക്കും. വിശദാംശങ്ങൾ കോടതി ആവശ്യപ്പെടുമ്പോഴോ ഏതെങ്കിലും നിയമ നിർവഹണ ഏജൻസിയുടെ ക്രിമിനൽ കേസുമായി ബന്ധപ്പെട്ടോ അല്ലാതെ വെളിപ്പെടുത്തേണ്ടതില്ല. ബോണ്ടുകളുടെ അജ്ഞാതത്വം ജനപ്രാതിനിധ്യ നിയമത്താൽ സംരക്ഷിക്കപ്പെടുകയും ചെയ്യുന്നു.


ഇത് കൂട് വായിക്കൂ: ബിജെപിയുടെ ക്രൈസ്തവ പ്രീണനവും ആലഞ്ചേരിയുടെ മോഡീ പ്രണയവും


സെക്ഷൻ 29 സി (ബി) പറയുന്നത് ഒരു രാഷ്ട്രീയ പാർട്ടിയുടെ ട്രഷറർ 20,000ത്തിൽ കൂടുതലുള്ള സംഭാവനകൾ റിപ്പോർട്ട് ചെയ്യണമെന്നാണ്. എന്നാല്‍ ഇലക്ടറൽ ബോണ്ട് സ്കീം വഴി നൽകിയ സംഭാവനകളുടെ വിശദാംശങ്ങൾ റിപ്പോർട്ടിൽ അടങ്ങിയിരിക്കേണ്ടതില്ലെന്നും അതേവ്യവസ്ഥയിൽ പറയുന്നു. ഭരണകക്ഷിയായ ബിജെപിയാണ് ബോണ്ടുകള്‍ വഴിയുള്ള സമാഹരണം സിംഹഭാഗവും കെെക്കലാക്കിയത് എന്നതില്‍ അതിശയിക്കാനില്ല. കണക്കുകൾ പ്രകാരം വാങ്ങിയ ഇലക്ടറൽ ബോണ്ടുകളുടെ പകുതിയിലധികവും ബിജെപിക്കാണ് ലഭിച്ചത്. 2018 മാർച്ചിനും 2022നും ഇടയിൽ ആകെ ലഭിച്ച 9,208 കോടിയിൽ 5,270 കോടിയും ബിജെപിക്ക് ലഭിച്ചു. മൊത്തം ഇലക്ടറൽ ബോണ്ടുകളുടെ 57 ശതമാനമാണിത്. പ്രതിപക്ഷമായ കോൺഗ്രസിന് ഇതേ കാലയളവിൽ 964 കോടി അഥവാ 10 ശതമാനം ലഭിച്ചപ്പോൾ ബംഗാൾ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന് ലഭിച്ചത് 767 കോടി രൂപയാണ്. രേഖകളില്ലാതെ നല്‍കുന്ന ഇലക്ട്രറല്‍ ബോണ്ട് പോലെ നിക്ഷിപ്തതാല്പര്യക്കാര്‍ക്ക് രേഖയില്ലാതെ പണം വെളുപ്പിക്കാനുള്ള മാര്‍ഗമാണ് ഒരുക്കിയതെന്ന് സംശയിക്കുന്നവരെ കുറ്റപ്പെടുത്താനാകില്ല. (കടപ്പാട്: ഐപിഎ)

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.