14 July 2025, Monday
KSFE Galaxy Chits Banner 2

മോഡിയുടെ 11 നാരീശക്തി വർഷങ്ങൾ

അബ്ദുൾ ഗഫൂർ
June 15, 2025 4:15 am

ധികാരത്തിലെത്തിയതിന്റെ 11-ാം വാർഷികവുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോഡി നടത്തിയ പ്രസംഗത്തിൽ മടിത്തട്ട് മാധ്യമങ്ങൾ (ഗോദി മീഡിയ) ആഘോഷിച്ചത് സ്ത്രീശാക്തീകരണത്തിൽ കൈവരിച്ച നേട്ടങ്ങളെ കുറിച്ചുള്ള അവകാശവാദങ്ങളായിരുന്നു. 50 ശതമാനത്തിലധികം സ്ത്രീ ജനസംഖ്യയുള്ള രാജ്യത്ത് അവർ അടുക്കളകളിൽ തളയ്ക്കപ്പെടുകയാണെങ്കിൽ, ശാക്തീകരിക്കപ്പെടുന്നില്ലെങ്കിൽ പുരോഗതിയുണ്ടാകില്ലെന്ന് തിരിച്ചറിഞ്ഞാണ് സ്ത്രീശാക്തീകരണ നടപടികൾ ആവിഷ്കരിച്ചതെന്നും അദ്ദേഹം അവകാശപ്പെടുകയുണ്ടായി. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലും പിന്നീടും സ്ത്രീകളുടെ വൈകാരികത തൊട്ടുണർത്തി വോട്ടുനേടുന്നതിനുള്ള ശ്രമങ്ങൾ നടത്തിയതും നാം കണ്ടതാണ്. മംഗല്യസൂത്രം (കെട്ടുതാലി) തെരഞ്ഞെടുപ്പ് പ്രചരണായുധം മാത്രമല്ല വെറുപ്പ് ഉല്പാദിപ്പിക്കുന്നതിനുള്ള ഉപാധിയുമായി മോഡിതന്നെ ഉപയോഗിച്ചത് നമുക്ക് മറക്കാറായിട്ടില്ല. പഹൽഗാമിലെ ഭീകരാക്രമണത്തിനുള്ള തിരിച്ചടിയെ സിന്ദൂരവുമായി ചേർത്തുവച്ച് സ്ത്രൈണ വൈകാരികതയെ മുതലെടുക്കുവാനും മോഡിയും കൂട്ടരും ശ്രമിക്കുന്നുണ്ട്. മോഡി ഇപ്പോഴും ആവർത്തിച്ച് അവകാശപ്പെടുന്ന നാരീശക്തിയെന്നത് കേവല മുദ്രാവാക്യമെന്നതിനപ്പുറം യാഥാർത്ഥ്യമായോ എന്ന ചോദ്യത്തിനുള്ള ഉത്തരം കഴിഞ്ഞ ദിവസം പുറത്തുവന്ന ആഗോള ലിംഗസമത്വ സൂചിക നൽകിയിട്ടുണ്ട്. 11 വർഷം കൊണ്ട് എല്ലാ രംഗത്തും സ്ത്രീപങ്കാളിത്തം മുൻനിരയിലെത്തി എന്നല്ല, പിറകോട്ട് പോയെന്നാണ് സൂചിക വ്യക്തമാക്കിയിട്ടുള്ളത്. ഓരോ രാജ്യത്തെയും സ്ത്രീകളുടെ സാമ്പത്തിക പങ്കാളിത്തം, വിദ്യാഭ്യാസ നേട്ടം, രാഷ്ട്രീയ ശാക്തീകരണം, ആരോഗ്യവും അതിജീവനവും എന്നീ നാല് ഘടകങ്ങളെ ആസ്പദമാക്കിയാണ് ലോക സാമ്പത്തിക ഫോറം ആഗോള ലിംഗ സമത്വ സൂചിക തയാറാക്കുന്നത്. 148 രാജ്യങ്ങളുള്ള പട്ടികയിൽ 131-ാമതാണ് ഇന്ത്യയുടെ സ്ഥാനം നിർണയിച്ചിരിക്കുന്നത്. കഴിഞ്ഞ വർഷം 129, 2023ൽ 126 സ്ഥാനങ്ങളിലുണ്ടായിരുന്ന രാജ്യമാണ് പിറകോട്ട് പോയത്. അയൽ രാജ്യങ്ങളായ ബംഗ്ലാദേശ് (24), ഭൂട്ടാൻ (119), നേപ്പാൾ (125), ശ്രീലങ്ക (130) എന്നിവ ഇന്ത്യക്ക് മുന്നിലാണ് സ്ഥാനപ്പെട്ടിരിക്കുന്നത്. പാകിസ്ഥാൻ മാത്രമാണ് പിറകിലുള്ളത്. മോഡിയും കൂട്ടരും അവകാശപ്പെടുന്നത് പ്രകാരമാണെങ്കിൽ ഇന്ത്യയുടെ സ്ഥാനം മുന്നോട്ടുകുതിക്കുകയാണ് ചെയ്യേണ്ടിയിരുന്നത്. 

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സ്ത്രീവോട്ടർമാരെ സ്വാധീനിക്കുന്നതിന് നടത്തിയ പ്രചരണങ്ങളിൽ ഒന്ന് വനിതാ സംവരണ നിയമം പാസാക്കിയെടുത്ത് മോഡി സർക്കാർ നാഴികക്കല്ല് തീർത്തുവെന്നായിരുന്നു. ശരിയാണ്, തെരഞ്ഞെടുപ്പ് മുന്നിലെത്തി നിൽക്കേ രാഷ്ട്രീയ ലക്ഷ്യത്തോടെ വനിതാ സംവരണ ബിൽ അവർ പാസാക്കിയെടുക്കുകയുണ്ടായി. നമ്മുടെ നിയമങ്ങൾക്കുള്ള പ്രത്യേകത അത് ജനപ്രതിനിധി സഭകൾ പാസാക്കി, രാഷ്ട്രപതിയോ ഗവർണറോ അംഗീകരിച്ചാൽ വിജ്ഞാപനം ചെയ്ത് പ്രാബല്യത്തിലാകുമെന്നതാണ്. എന്നാൽ പാസാക്കി, രാഷ്ട്രപതി അംഗീകരിച്ച് ഒന്നര വർഷം പിന്നിട്ടിട്ടും പ്രാബല്യത്തിലാകാത്ത നിയമമായി അത് അവശേഷിക്കുകയാണ്. അടുത്ത ഭാവിയിലൊന്നും നടക്കരുതെന്ന ഉപാധിവച്ച് പാസാക്കിയെടുത്ത ലോകത്തെ ആദ്യ നിയമനിർമ്മാണമായിരിക്കും നരേന്ദ്ര മോഡി സർക്കാർ കൊണ്ടുവന്ന വനിതാ സംവരണ ബിൽ. ഇതിൽ നിന്നുതന്നെ നാരീശക്തിയുടെ മോഡിക്കാലം എത്രത്തോളം വഞ്ചനാപരമായിരുന്നുവെന്ന് വ്യക്തമാണ്. വനിതാ ബില്ലിന്റെ പേരിൽ മേനി നടിച്ചുകൊണ്ടിരിക്കെ തന്നെയാണ് കേന്ദ്രീയ വിദ്യാലയങ്ങളിൽ ഒറ്റപ്പെൺകുട്ടികൾക്കുള്ള സംവരണം മോഡി സർക്കാർ എടുത്തുകളഞ്ഞത്. ഈ സംവരണത്തിന്റെ പേരിൽ നൂറുകണക്കിന് സാധാരണക്കാരായ പെൺകുട്ടികൾക്കുള്ള കേന്ദ്രീയ വിദ്യാലയ പഠനാവസരമാണ് നിഷേധിക്കപ്പെട്ടത്. സാധാരണക്കാർക്ക് അപ്രാപ്യമായിരുന്ന കേന്ദ്രീയ വിദ്യാലയങ്ങളിൽ അവർക്ക് പ്രവേശനം നേടാനുള്ള ഒടുവിലത്തെ അവസരവും കൊട്ടിയടയ്ക്കുകയായിരുന്നു ഇതിലൂടെ. ഈ വിധത്തിൽ സ്ത്രീകളുടെ മുൻനിര പ്രവേശനത്തിനുള്ള അവസരങ്ങൾ ഇല്ലാതാക്കിയാണ് മോഡി നാരീശക്തിയെ കുറിച്ച് വാചാലനാകുന്നത്. സ്ത്രീകളുടെ ശാക്തീകരണം എത്രത്തോളം മെച്ചമാണെന്ന് വിലയിരുത്തപ്പെടേണ്ടത് അവർക്ക് സമൂഹത്തിൽ ലഭിക്കുന്ന, സുരക്ഷിതത്വത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം. അത് പരിശോധിക്കുന്നതിന് നമുക്ക് ആശ്രയിക്കേണ്ടി വരിക കേന്ദ്ര സർക്കാരിന് കീഴിലുള്ള നാഷണൽ ക്രൈം റെക്കോഡ്സ് ബ്യൂറോ (എൻസിആർബി) യുടെ കണക്കുകളെയാണ്. ബിജെപി സർക്കാരിന്റെ ഭരണ നേട്ടങ്ങളിൽ പ്രധാനമാണ് കണക്കുകളും വിവരങ്ങളും പുറത്തുവിടുന്നതിലെ അനാസ്ഥയും കാലവിളംബവുമെന്നതുകൊണ്ട് 2022ലെ കണക്കുകളാണ് ഇതുവരെയായി ലഭ്യമായിട്ടുള്ളത്. ഇന്ത്യൻ ശിക്ഷാ നിയമം (ഐപിസി), ഗാർഹിക പീഡന നിയമം, അധാർമ്മിക ഗതാഗതം (തടയൽ) നിയമം, പ്രാദേശിക നിയമങ്ങൾ എന്നിവ പ്രകാരം സ്ത്രീകൾക്കെതിരെ നടക്കുന്ന കുറ്റകൃത്യങ്ങളാണ് എൻസിആർബി രേഖപ്പെടുത്താറുള്ളത്. അതനുസരിച്ച് 2014 ൽ സ്ത്രീകൾക്കെതിരായ മൊത്തം കുറ്റകൃത്യങ്ങളുടെ എണ്ണം 3.38 ലക്ഷമായിരുന്നുവെങ്കിൽ 2022 ആയപ്പോഴേക്കും 4.46 ലക്ഷമായി വർധിക്കുകയാണ് ചെയ്തത്, ഏകദേശം പത്തുവർഷത്തിനിടെ 31 ശതമാനത്തിലധികം വർധനയുണ്ടായി എന്നർത്ഥം. ഒരു ലക്ഷം സ്ത്രീകൾക്ക് ആ­കെ നടക്കുന്ന കുറ്റകൃത്യങ്ങളുടെ എണ്ണവുമായി താരതമ്യപ്പെടുത്തുമ്പോൾ പോലും 2014ൽ 56.3 ആയിരുന്നത് 2022ൽ 66.4 ആയി ഉയർന്നു. 

മുൻ വർഷവുമായി താരതമ്യപ്പെടുത്തുമ്പോൾ ഈ കാലയളവിൽ കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ കുറവുണ്ടായ ഒരേയൊരു വർഷം 2015 ആയിരുന്നു, 3.27 ലക്ഷം. 2014ലെ 3.37 ലക്ഷത്തിൽ നിന്ന് അല്പം കുറവ്. കോവിഡ് 19 മഹാമാരിയുണ്ടായ 2020ലും 2019ലെ 4.06 ലക്ഷത്തിൽ നിന്ന് കുറ്റകൃത്യങ്ങളുടെ എണ്ണം 3.71 ലക്ഷമായി കുറഞ്ഞിട്ടുണ്ട്. അവശേഷിക്കുന്ന ആറ് വർഷവും കുറ്റകൃത്യങ്ങൾ ഗണ്യമായി കൂടിയെന്നാണ് എൻസിആർബി റിപ്പോർട്ട് വ്യക്തമാക്കുന്നത്. കേന്ദ്ര ആഭ്യന്തര വകുപ്പിന്റെ പൊലീസ് നേരിട്ട് ക്രമസമാധാന ചുമതല വഹിക്കുന്ന ഡൽഹിയാണ് സ്ത്രീകൾക്കെതിരായി രാജ്യത്ത് ഏറ്റവുമധികം കുറ്റകൃത്യങ്ങൾ നടക്കുന്ന വൻ നഗരമെന്ന പ്രത്യേകതയും മോഡിക്കാലത്തെ നാരീശക്തിയുടെ ഉദാഹരണമായി എടുത്ത് പറയാവുന്നതാണ്. 2022ൽ 14,258 കേസുകളാണ് ഡൽഹി നഗരത്തിൽ മാത്രമുണ്ടായത്. 2022 ൽ ആത്മഹത്യ ചെയ്ത കർഷകരിൽ 10 ശതമാനവും സ്ത്രീകളാണ്. ഗ്രാമീണ സ്ത്രീകളിൽ 80 ശതമാനത്തിലധികം പേർ കാർഷിക മേഖലയിൽ ജോലി ചെയ്യുന്നുവെങ്കിലും 13 ശതമാനത്തിൽ താഴെ പേർക്ക് മാത്രമേ സ്വന്തമായി ഭൂമിയുള്ളൂ. മോഡി അവകാശപ്പെടുന്ന സ്ത്രീതൊഴിലാളികളിലെ സ്ത്രീപങ്കാളിത്ത വർധന ഇടത്തരം സ്ഥിരം തൊഴിലുകളിലായിരുന്നില്ലെന്നും മനസിലാക്കണം. ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് നടപ്പിലാക്കിയ മഹാത്മാ ഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതിയിലെ സ്ത്രീ തൊഴിലാളി പങ്കാളിത്തമാണ് അതിനുള്ള കാരണമാകുന്നത്. പ്രസ്തുത പദ്ധതിയാകട്ടെ മോഡി സർക്കാർ ഓരോ വർഷവും ദുർബലപ്പെടുത്തുകയുമാണ്. മോഡി ഇടയ്ക്കിടെ ട്വീറ്റ് ചെയ്യുന്ന വിഷയമാണ് ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള (ബിപിഎൽ) കുടുംബങ്ങളിലെ സ്ത്രീകൾക്ക് എൽപിജി കണക്ഷനുകൾ വിതരണം ചെയ്യുന്ന പ്രധാനമന്ത്രി ഉജ്വല യോജന (പിഎംയുവൈ 2016) പദ്ധതി. 2023 വരെ, കേന്ദ്ര സർക്കാർ 9.6 കോടി കണക്ഷൻ സൗജന്യമായി നൽകിയെന്നാണ് കണക്ക്. എന്നാൽ ഇതിൽ 9.6 ശതമാനം പേർ രണ്ടാമത്തെ സിലിണ്ടർ വാങ്ങിയിട്ടില്ല. 11.3 ശതമാനം പേരാണ് ഒരു സിലിണ്ടറെങ്കിലും വാങ്ങിയത്. സിലിണ്ടറിന്റെ വിലക്കയറ്റം കാരണം പദ്ധതി പരാജയമായെന്നതിന്റെ സംസാരിക്കുന്ന കണക്കുകളാണിത്. ഇതുതന്നെയാണ് സ്ത്രീകൾക്കുവേണ്ടിയെന്ന് അവകാശപ്പെട്ട് കൊണ്ടുവന്ന പല പദ്ധതികളുടെയും സ്ഥിതി. വിവിധ പദ്ധതികളുടെ കണക്കുകൾ പരിശോധിച്ചാൽ നിരവധി ഉദാഹരണങ്ങൾ ലഭിക്കുന്നതാണ്. മോഡി 11 വർഷം പൂർത്തിയാക്കുന്നതിന്റെ ആഴ്ചകൾക്ക് മുമ്പാണ് ഇന്ത്യയിലെ മുൻനിര ഗുസ്തി താരങ്ങൾ നൽകിയ പരാതികളിൽ ഒന്നിൽ നിന്ന് ബിജെപി മുൻ എംപിയും ഗുസ്തി ഫെഡറേഷൻ പ്രസിഡന്റുമായിരുന്ന ബ്രിജ്ഭൂഷൻ സിങ്ങിനെ കുറ്റവിമുക്തനാക്കിയത്. ഈ കേസ് പോക്സോ വകുപ്പുകള്‍ പ്രകാരമുള്ളതുമായിരുന്നു. രാഷ്ട്രപതിയായിട്ടും മുഖ്യധാരയിൽ നിന്ന് മാറ്റിനിർത്തപ്പെടുന്ന ദ്രൗപദി മുർമുവിന്റെ ദുരവസ്ഥ വിലയിരുത്തിയാലും മോഡിയുടെ സ്ത്രീ ശാക്തീകരണത്തിന്റെ പൊള്ളത്തരങ്ങൾ തകർന്നുവീഴുന്നതുകാണാം. ആത്യന്തികമായി പുരുഷാധിപത്യം നിറയുന്ന മനുസ്മൃതിയുടെയും ആർഎസ്എസ് ആശയങ്ങളുടെയും അടിത്തറയിലാണ് മോഡിയുടെ ഭരണമെന്നതുകൊണ്ടുതന്നെ വാചാടോപത്തിനപ്പുറം സ്ത്രീശാക്തീകരണ നടപടികളിൽ കൂടുതൽ പ്രതീക്ഷിക്കാനുമാകില്ല. കാർഷിക സമരത്തിൽ പങ്കെടുത്ത സ്ത്രീകളോടുള്ള അവഹേളനാ മനോഭാവം, പൗരത്വ ഭേദഗതി നിയമത്തിനെതിരെ തെരുവിറങ്ങിയ സ്ത്രീകളെ ദേശദ്രോഹികളായി മുദ്ര കുത്തിയത്, സ്ത്രീപീഡനത്തിൽ കുറ്റാരോപിതരായ ബിജെപി നേതാക്കളെ സംരക്ഷിക്കുന്ന നടപടികൾ എന്നിങ്ങനെ സ്ത്രീശാക്തീകരണ വിരുദ്ധമായ എത്രയോ നടപടികൾ എടുത്തുകാട്ടാനുണ്ട്. ഇതോടൊപ്പം മോഡിയുടെയും കൂട്ടരുടെയും അവകാശവാദങ്ങള്‍ വസ്തുതാവിരുദ്ധമാണെന്ന് തെളിയിക്കുന്ന കണക്കുകളും ഉദാഹരണങ്ങളും നിരവധിയാണ്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.