കണ്ണില്‍പൊടിയിടാനുള്ള പദ്ധതി പ്രഖ്യാപനങ്ങള്‍

Web Desk
Posted on February 01, 2018, 10:55 pm

 പ്രഫ. കെ അരവിന്ദാക്ഷന്‍

പ്രതീക്ഷിച്ചപോലെ തന്നെ കാര്‍ഷിക‑ഗ്രാമീണ മേഖലകള്‍ക്ക് മുന്തിയ പ്രാധാന്യം നല്‍കുന്നു എന്ന വ്യാജേന നിരവധി പുതിയ പദ്ധതികള്‍ ബജറ്റിലൂടെ പുറത്തുവന്നിട്ടുണ്ട്. മുന്‍വര്‍ഷങ്ങളില്‍ വാഗ്ദാനം ചെയ്തതുപോലെ ഈ വര്‍ഷവും കര്‍ഷകസമൂഹത്തിന്റെ വരുമാനത്തില്‍ 2022 ആകുമ്പോഴേക്കും ഇരട്ടിവര്‍ധനവ് സാധ്യമാകും എന്ന് ഈ ബജറ്റിലും ആവര്‍ത്തിക്കുന്നുണ്ട്. കാര്‍ഷികോല്‍പന്നങ്ങള്‍ക്കുള്ള താങ്ങുവില ഒന്നര ഇരട്ടി വര്‍ധിപ്പിക്കുമെന്നും താങ്ങുവിലയും ഉല്‍പാദനച്ചെലവും തമ്മില്‍ അന്തരമുണ്ടെങ്കില്‍ ആ അന്തരം സര്‍ക്കാര്‍ സഹായത്തോടെ നികത്തും. കര്‍ഷക‑ഗ്രാമീണ മേഖലയുടെ വികസനത്തിന് വേണ്ടി ഒറ്റപ്പെട്ട പദ്ധതികളുടെ സ്ഥാനത്ത് ഒരു ക്ലസ്റ്റര്‍ അടിസ്ഥാനത്തിലുള്ള വികസന മോഡല്‍ ആണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. ഇതിലേക്കായി 200 കോടി രൂപ വിലയിരുത്തിയിട്ടുണ്ട്. ഭക്ഷ്യസംസ്‌കരണത്തിന് ഊന്നല്‍ നല്‍കുന്നു എന്ന പേരിലും കാര്‍ഷിക വികസനത്തിന്റെ പേരിലും ‘ഓപ്പറേഷന്‍ ഗ്രീന്‍’ എന്നൊരു പദ്ധതിയെക്കുറിച്ച് പരാമര്‍ശവുമുണ്ട്. ഇതിലേക്കായി 500 കോടി ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട് എന്നാണ് പറയുന്നത്.

മോഡിയുടെ ഇഷ്ടപദ്ധതിയായ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് പദ്ധതി പുതിയ മേഖലകളിലേക്ക്, അതായത് മത്സ്യമേഖല, ഔഷധച്ചെടി വളര്‍ത്തല്‍, ഹോര്‍ട്ടികള്‍ച്ചര്‍ തുടങ്ങിയവയ്ക്ക് കൂടി ബാധകമാക്കും. ജൈവകൃഷിയുടെ പ്രാധാന്യം ഊന്നിപ്പറയുമ്പോള്‍ത്തന്നെ അതിനുള്ള പദ്ധതികള്‍ സര്‍ക്കാര്‍ നേരിട്ടല്ല, സംയുക്തമേഖലയിലാണ് ആരംഭിക്കാന്‍ ഉദ്ദേശിക്കുന്നതത്രേ. ഇതെല്ലാം പറയുമ്പോഴും കാര്‍ഷിക ഉല്‍പാദനം എന്തുകൊണ്ടാണ് വര്‍ധിക്കാത്തത് എന്നതിന് വിശദീകരണമൊന്നും കാണുന്നില്ല. ഏതായാലും നോട്ട് അസാധുവാക്കലും ചരക്ക് സേവന നികുതി നടപ്പാക്കലും വിപ്ലവകരമായ പരിഷ്‌കാരങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെടുന്നുണ്ടെങ്കിലും അവയുടെ കനത്ത ആഘാതം കൃഷിക്കാരന്റെ മേലും അനൗപചാരിക മേഖലയില്‍ മൊത്തത്തിലും പ്രതികൂല ഫലങ്ങള്‍ ഉളവാക്കിയിട്ടുണ്ടെന്ന് ധനമന്ത്രി ഇതാദ്യമായി തുറന്ന് സമ്മതിച്ചിരിക്കുന്നു. ഇതിന് പരിഹാരം എന്ന നിലയില്‍ കാര്‍ഷിക‑അനൗപചാരിക മേഖലകളിലെ സത്വര വികസനത്തിന് വേണ്ടി 3794 കോടി രൂപ പ്രതേ്യകം വകയിരുത്തിയിട്ടുണ്ട്. ആന്തരഘടനാവികസനത്തിന് വേണ്ടി മൊത്തം 50 ലക്ഷം കോടി രൂപയാണ് ആവശ്യമായി വരികയെങ്കിലും ഈ ബജറ്റില്‍ 10 ലക്ഷം കോടിയോളം മാത്രമാണ് നീക്കിവച്ചിരിക്കുന്നത്. റെയില്‍വേയുടേയും റോഡിന്റെയും സ്മാര്‍ട്ട്‌സിറ്റിയുടേയും വികസനത്തിലേക്ക് ഇത് എത്രമാത്രം രാജ്യത്തെ നയിക്കും എന്നതിന് ഉറപ്പില്ല.
മറ്റൊരു പദ്ധതി ‘ഭാരത് മാതാ’ എന്ന പേരിലാണ് ബജറ്റില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ഇതിലൂടെ 35000 കിലോമീറ്റര്‍ പുതിയ റോഡുകളുടെ വികസനത്തിന് സര്‍ക്കാര്‍ ലക്ഷ്യമിടുന്നു. അതേസമയം ബജറ്റില്‍ നീക്കിവച്ചിട്ടുള്ളത് 9000 കിലോമീറ്റര്‍ റോഡ് വികസനത്തിന് 5.35 ലക്ഷം കോടി രൂപ മാത്രമാണ്. ഇത്തരം വികസന പദ്ധതികളെക്കുറിച്ച് പരാമര്‍ശിക്കുമ്പോള്‍ മുന്‍കാലങ്ങളില്‍ എന്തുനേടി എന്ന് വിലയിരുത്തപ്പെടുന്നില്ല. പുതിയ പ്രഖ്യാപനങ്ങളിലൂടെ മുന്‍കാലത്തെ വീഴ്ചകള്‍ മൂടിവയ്ക്കാനുള്ള വൈദഗ്ധ്യം മുന്‍ വര്‍ഷങ്ങളിലെപോലെ ഈ വര്‍ഷവും ധനമന്ത്രി പ്രകടിപ്പിച്ചിട്ടുണ്ട്.

റെയില്‍വേ ബജറ്റ് പൊതുബജറ്റിന്റെ ഭാഗമാക്കിയതിനുശേഷം അവതരിപ്പിക്കുന്ന ഒരു ബജറ്റെന്ന നിലയില്‍ റെയില്‍വേയുടെ നിലവിലുള്ള പാളിച്ചകളെക്കുറിച്ച് പരാമര്‍ശിക്കാതെ ഭാവി വികസനത്തെപ്പറ്റി പൊള്ളയായ വാഗ്ദാനങ്ങള്‍ നിരത്തുകയാണ് ചെയ്യുന്നത്. ഉദാഹരണത്തിന് 18000 കിലോമീറ്റര്‍ ലൈന്‍ ഇരട്ടിപ്പിക്കുമെന്നും 4000 കിലോമീറ്റര്‍ വൈദ്യുതീകരിക്കുമെന്നും പ്രഖ്യാപിക്കുന്ന ധനമന്ത്രി ഇതിലേക്കായി വകയിരുത്തിയിട്ടുള്ളത് 1,48,500 ലക്ഷം കോടി രൂപ മാത്രമാണ്. ഇതെങ്ങനെ ലക്ഷ്യം കാണും എന്ന് അടുത്ത വര്‍ഷത്തെ സാമ്പത്തികസര്‍വെ വരുമ്പോള്‍ ഒരുപക്ഷേ വെളിവാക്കപ്പെട്ടേക്കാം.

നികുതികളുടെ കാര്യമെടുത്താല്‍, പെട്രോളിയം ഉല്‍പന്നങ്ങളായ പെട്രോള്‍, ഡീസല്‍, പാചകവാതകം തുടങ്ങിയവയുടെ എക്‌സൈസ് തീരുവ ഒരു മാറ്റവും കൂടാതെ നിലനിര്‍ത്തിയെന്നാണ് കരുതേണ്ടത്. സാധാരണക്കാരന് ഏറെ പ്രതീക്ഷയുണ്ടായിരുന്ന നികുതി ഇളവ് ഇതോടെ സ്വപ്‌നമായി മാറിയിരിക്കുന്നു. അതേസമയം, കസ്റ്റംസ് തീരുവ 40 ശതമാനം വരെ ചില ഉല്‍പന്നങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയിട്ടുള്ളത് അവയുടെ വില കുത്തനെ വര്‍ധിപ്പിക്കാന്‍ ഇടയാക്കും. രസകരമായ വസ്തുത പെട്രോളിയം ഉല്‍പന്നങ്ങളുടെ നികുതി ഇളവ് അടിയന്തരമായി പ്രഖ്യാപിക്കണമെന്ന് പെട്രോളിയം വകുപ്പ് മന്ത്രിയായ ഹര്‍മീന്ദര്‍ പ്രധാന്‍ ധനമന്ത്രിയോട് രേഖാമൂലം അഭ്യര്‍ഥിച്ചിട്ടുള്ള കാര്യം നാം ഓര്‍ക്കണം. പ്രത്യക്ഷ നികുതിയുടെ കാര്യമെടുത്താല്‍ നിശ്ചിതവരുമാനക്കാരായ ശമ്പളക്കാരും പെന്‍ഷന്‍കാരും ആണ് നികുതി കൊടുക്കുന്നതില്‍ ഏറ്റവുമധികം കൃത്യത പാലിക്കുന്നത് എന്ന് സമ്മതിക്കുന്നുണ്ടെങ്കിലും ഈ വിഭാഗക്കാര്‍ക്ക് ഇളവുകളൊന്നും അനുവദിച്ചിട്ടില്ല. ശമ്പളം പറ്റുന്നവര്‍ക്ക് ആശ്വസിക്കാനുള്ള ഒരേ ഒരു നിര്‍ദേശം മെഡിക്കല്‍ അലവന്‍സ് എന്ന രീതിയില്‍ 40000 രൂപ ഇളവ് അനുവദിച്ചിട്ടുണ്ടെന്നത് മാത്രമാണ്. പെന്‍ഷന്‍കാരായ മുതിര്‍ന്ന പൗരന്മാര്‍ക്ക് ഇതേ ആവശ്യത്തിലേക്ക് ഒരു വര്‍ഷം 50000 രൂപയും ഇളവ് അനുവദിച്ചിട്ടുണ്ട്. ഗൗരവമേറിയ, മാരകമായ രോഗങ്ങള്‍ക്ക് ഇത്രയും നിസാരമായൊരു തുക അനുവദിക്കുന്നതുകൊണ്ട് സത്യസന്ധരായ ഈ നികുതിദായകര്‍ക്ക് എന്ത് ആശ്വാസമാണ് ഫലത്തില്‍ കിട്ടുക എന്ന് ധനമന്ത്രി തന്നെ വ്യക്തമാക്കിയാല്‍ കൊള്ളാം.

അതേസമയം, കോര്‍പ്പറേറ്റ് നികുതിദായകര്‍ക്ക് കഴിഞ്ഞ വര്‍ഷത്തെ ബജറ്റില്‍ അനുവദിക്കപ്പെട്ട 25 ശതമാനം നികുതിഇളവ് ഈ ബജറ്റില്‍ 250 കോടി വാര്‍ഷികവരുമാനമുള്ളവര്‍ക്ക് വരെ ബാധകമാക്കിയെന്ന നിര്‍ദേശമാണ്. സാധാരണക്കാര്‍ക്കും സത്യസന്ധരായ പ്രത്യക്ഷ നികുതിദായകര്‍ക്കും ഇളവുകള്‍ നല്‍കാന്‍ മടിക്കുന്ന ധനമന്ത്രി കോര്‍പ്പറേറ്റ് മേഖലയോട് ഉദാരമായ സമീപനമാണ് സ്വീകരിച്ചിട്ടുള്ളത്. നികുതി വരുമാനത്തില്‍ സര്‍ക്കാരിന് പൊതുവെ പ്രതീക്ഷ ഇല്ല എന്ന സ്ഥിതിയാണ് ബജറ്റില്‍ ഉടനീളം ധനമന്ത്രി പ്രകടമാക്കുന്നത്. ജെയ്റ്റ്‌ലി ചൂണ്ടിക്കാട്ടുന്ന ഒരു വസ്തുത കഴിഞ്ഞ വര്‍ഷത്തെപോലെതന്നെ ഈ ധനകാര്യ വര്‍ഷത്തിലും പൊതുമേഖലാ ഓഹരി വിറ്റഴിക്കലിലൂടെ വലിയൊരു തുക സമാഹരിക്കാമെന്നാണ്. കഴിഞ്ഞ ബജറ്റില്‍ ലക്ഷ്യമിട്ടിരുന്നത് ഡിസ് ഇന്‍വെസ്റ്റ്‌മെന്റിലൂടെ 72000 കോടി രൂപ ആയിരുന്നെങ്കിലും ഫലത്തില്‍ സര്‍ക്കാരിന് ലഭിച്ചത് ഒരു ലക്ഷം കോടിയിലേറെ രൂപയായിരുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ മാത്രമല്ല, ബിജെപിയിലെ യശ്വന്‍സിന്‍ഹയെപോലുള്ള തലമുതിര്‍ന്ന നേതാക്കളും ഓഹരി വിറ്റഴിച്ച് പണമുണ്ടാക്കലിനെ എതിര്‍ത്തെങ്കിലും ഫലമുണ്ടാകില്ലെന്ന് മാത്രമല്ല ഈ ധനകാര്യ വര്‍ഷത്തില്‍ ഈ വര്‍ഷത്തില്‍ 80000 കോടി സമാഹരിക്കാമെന്നാണ് ബജറ്റില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. ചുരുക്കത്തില്‍ ഒരു ജനപ്രിയ ബജറ്റ് എന്ന ഒരു മിഥ്യാബോധം ഉണ്ടാക്കുക എന്നതിനപ്പുറം കോര്‍പ്പറേറ്റ് പ്രീണനനയമാണ് പൊതുവേ ബജറ്റിലൂടെ വെളിവാക്കപ്പെടുന്നത്. സാധാരണക്കാരന് യാതൊരുവിധ പ്രതീക്ഷയും നല്‍കാത്തൊരു ബജറ്റ് എന്നുമാത്രമേ ചുരുക്കത്തില്‍ ഏറെക്കുറെ അവസാനത്തെ ബജറ്റ് എന്ന് വിശേഷിപ്പിക്കാവുന്ന ഈ ബജറ്റിനെക്കുറിച്ച് നമുക്ക് പറയാന്‍ കഴിയൂ.

ബൃഹത്തായൊരു ആരോഗ്യ സംരക്ഷണ പരിപാടിയെക്കുറിച്ച് ബജറ്റില്‍ പരാമര്‍ശിക്കപ്പെടുന്നുണ്ടെങ്കിലും അതില്‍ പ്രഖ്യാപിച്ചിട്ടുള്ള ലക്ഷ്യങ്ങള്‍ എത്രമാത്രം നേടുമെന്ന് ഉറപ്പ് പറയാന്‍ കഴിയില്ല. ഈ ആരോഗ്യപദ്ധതി ലോകത്തിലേക്ക് വച്ച് ഏറ്റവും ബൃഹത്തായ ഒന്നാണ് എന്ന് അവകാശപ്പെടുന്നുണ്ടെങ്കിലും അതിന്റെ പ്രായോഗികതയെപ്പറ്റി നമുക്ക് ഇപ്പോഴും സംശയമുണ്ട്. 10 കോടി കുടുംബങ്ങള്‍ക്ക് ഈ ആരോഗ്യ പദ്ധതിയുടെ പ്രയോജനം കിട്ടുമ്രേത. ഒന്നരലക്ഷം ഗ്രാമീണ ആരോഗ്യകേന്ദ്രങ്ങള്‍ ഈ പദ്ധതിയുടെ ഭാഗമാക്കിയിട്ടുണ്ട്. പാവപ്പെട്ട ഓരോരുത്തര്‍ക്കും അഞ്ച് ലക്ഷം രൂപ വീതം ഓരോ വര്‍ഷവും ആരോഗ്യസംരക്ഷണത്തിന് ലഭിക്കുമെന്നും ഇന്ത്യയില്‍ 50 കോടി ഉപഭോക്താക്കള്‍ ഉണ്ടാകുമെന്നും ജെയ്റ്റ്‌ലി അവകാശപ്പെടുന്നു.

മുന്‍കാലങ്ങളിലെപോലെ വിദ്യാഭ്യാസം, ആരോഗ്യം, ശുചിത്വം, പരിസരസംരക്ഷണം തുടങ്ങിയ ആകര്‍ഷകമായ പദ്ധതികള്‍ പ്രഖ്യാപിക്കുന്നതിനപ്പുറം അവയുടെ പ്രായോഗികതയെപ്പറ്റി സത്യസന്ധമായൊരു പഠനം ഇനിയും നടത്തേണ്ടതായിട്ടുണ്ട്. 2019ലെ തെരഞ്ഞെടുപ്പ് മുന്‍കൂട്ടിക്കണ്ട് കാര്‍ഷിക ഗ്രാമീണ മേഖലകളെ ഉള്‍ക്കൊള്ളുന്ന വികസനത്തിന്റെ ഭാഗമാക്കും എന്നൊരു ധാരണ പരത്താന്‍ ഈ ബജറ്റ് ഒരുപക്ഷേ ഉപകരിച്ചേക്കും. മോഡി സര്‍ക്കാരിന്റെ വാക്കും പ്രവൃത്തിയും തമ്മിലുള്ള അന്തരം വെളിവാക്കേണ്ട ബാധ്യത ഇടത് ജനാധിപത്യകക്ഷികള്‍ കൂട്ടായ ഒരു ശ്രമം നടത്തിയേ തീരൂ. അതിനുള്ള സമയം അതിക്രമിച്ചിരിക്കുന്നു.