January 31, 2023 Tuesday

പൊതു വിദ്യാഭ്യാസത്തിന് ഈ വെല്ലുവിളി അതിജീവിക്കാനാകും

എന്‍ ശ്രീകുമാര്‍(ജെനറല്‍ സെക്രട്ടറി, എകെഎസ്‌ടിയു)
April 12, 2020 5:50 am

കൊയ്ത്തുകാലമാകുമ്പോൾ മഴയും കാറ്റും ബാധിച്ച പാടശേഖരം കണക്കെ കേരളത്തിലെ വിദ്യാഭ്യാസ രംഗം കൊറോണ കാലത്തിന്റെ ചുഴലിയിൽപ്പെട്ടിരിക്കുകയാണ്. കഴിഞ്ഞ ഒരു വർഷമായി അത്രമാത്രം പരിപാലിച്ചു വളർത്തിക്കൊണ്ടുവന്ന വിദ്യാർത്ഥികൾക്കാണ് പരീക്ഷ എന്നവസാനിക്കുമെന്നോ തുടർപഠന സാധ്യതയെന്തെന്നോ നിശ്ചയമില്ലാതായിരിക്കുന്നത്. സ്വാഭാവികമായും രക്ഷിതാക്കളിലും കുട്ടികളിലും ഇത് വേദന ജനിപ്പിക്കുമെന്ന് തീർച്ച. മുൻകൂട്ടി തീരുമാനിച്ചുറപ്പിച്ച സമയക്രമങ്ങളെല്ലാം തകിടം മറിഞ്ഞതിന്റെ ആകുലതയിലാണ് വിദ്യാഭ്യാസ വകുപ്പ്. ദേശീയമോ സാർവദേശീയമോ ആയ വിപത്തിന്റെ പശ്ചാത്തലമുണ്ടെങ്കിലും കേരളത്തിലെ പൊതു വിദ്യാഭ്യാസത്തിന് ഈ അനിശ്ചിതമായ സാഹചര്യം വലിയ നഷ്ടബോധമുണ്ടാക്കിയിട്ടുണ്ടെന്നതാണ് വാസ്തവം.

നല്ല തയ്യാറെടുപ്പുകളോടെയായിരുന്നു ഈ അധ്യയന വർഷത്തിന്റെ തുടക്കം. ചരിത്രത്തിലാദ്യമായി പ്രീ പ്രൈമറി മുതൽ പന്ത്രണ്ടു വരെയുള്ള എല്ലാ സ്കൂൾ ക്ലാസുകളും ജൂൺ ഒന്നിനു തന്നെ ആരംഭിച്ച വർഷമാണ് കഴിഞ്ഞുപോയത്. അധ്യാപക പരിശീലനങ്ങൾ പൂർത്തീകരിച്ച്, പാഠപുസ്തകങ്ങളും യൂണിഫോമുമടക്കം കൃത്യമായി നൽകിക്കൊണ്ടായിരുന്നു അരങ്ങേറ്റം. പതിനൊന്നാം ക്ലാസ് പ്രവേശവും ക്ലാസുകളുമാണ് സാധാരണയായി മാസങ്ങൾ താമസിക്കാറുണ്ടായിരുന്നത്. ഇക്കുറി അങ്ങിനെയും സംഭവിക്കാൻ അനുവദിച്ചില്ല. എല്ലാം കൃത്യമായും ജാഗ്രതയോടെയും തുടങ്ങി. കാലവർഷത്തിന്റെ കുറെ കെടുതികൾ ചില ജില്ലകളിലെ പഠനത്തെ തടസപ്പെടുത്തിയിരുന്നെങ്കിലും തുടർന്നു വന്ന ശനിയാഴ്ചകളിലൊക്കെയായി കുട്ടികളുടെ പഠന നഷ്ടം പരിഹരിക്കുന്നതിനും സാധിച്ചിരുന്നു.

സർവ്വ സന്നാഹങ്ങളോടെയും പഠന കാലയളവിന്റെ വിളവെടുപ്പിന് സജ്ജമായ പരീക്ഷാ കാലയളവിലാണ് കൊവിഡ് 19 വില്ലനായി അവതരിക്കുന്നത്. മാർച്ച് 10 മുതൽ ആരംഭിച്ച പരീക്ഷകളിലൂടെ, ബാലാവകാശ കമ്മീഷന്റെ നിർദ്ദേശാനുസരണം പൊതു പരീക്ഷകളെല്ലാം ഒരുപോലെ രാവിലെ നടത്താനും സാധിക്കുമെന്ന് നാം തെളിയിക്കുകയായിരുന്നു. ഒൻപതാംതരം വരെയുള്ള പരീക്ഷകളും ഇതിനിടയിൽ വിജയകരമായി നടത്തി പൂർത്തിയാക്കാനായിരുന്നു, പദ്ധതി. എന്നാൽ, ദുരന്തബാധയെ തടയാൻ പ്രൈമറി മുതൽ ഒൻപതാംതരം വരെയുള്ള പരീക്ഷകൾ നിഷ്ക്കരുണം ഉപേക്ഷിക്കേണ്ടി വന്നു. പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകളിലെ കുട്ടികൾക്ക് ഇനിയും മൂന്നു പരീക്ഷകൾ വീതം പൂർത്തീകരിക്കാൻ ബാക്കിയുള്ളപ്പോൾ അനിശ്ചിതമായി നീട്ടിവയ്ക്കേണ്ട സ്ഥിതിയും സംജാതമായി. ഇതൊരു പ്രതിസന്ധിയാണെങ്കിലും ദേശീയ ഏജൻസികളുടെ വിദ്യാഭ്യാസ മേഖലയിലേതുൾപ്പെടെ എല്ലാ സംസ്ഥാനത്തെയും പൊതു പരീക്ഷകളുടെ അവസ്ഥ സമാനമാണ്.

പൊതു വിദ്യാഭ്യാസ രംഗം കൂടുതൽ തിളങ്ങി നിൽക്കുന്ന സംസ്ഥാനമാണ് കേരളം എന്നതുകൊണ്ട് നഷ്ടബോധത്തിന്റെ ആക്കം കൂടുമെന്നു മാത്രം. എന്നിരുന്നാലും ഈ സാഹചര്യത്തെ അതിജീവിക്കാൻ നമുക്ക് സാധ്യമാവുകതന്നെ ചെയ്യും. എസ്എസ്എൽസി, ഹയർ സെക്കന്‍ഡറി പരീക്ഷകളുടെ ഉത്തരക്കടലാസ് മൂല്യനിർണയം രണ്ടാഴ്ചക്കാലത്തിനുള്ളിൽ പൂർത്തിയാക്കുന്ന പതിവാണ് കേരളത്തിലുള്ളത്. പതിനൊന്നാം ക്ലാസ് പരീക്ഷയുടെ മൂല്യനിർണയം നീണ്ടുപോകാമെങ്കിലും കുട്ടികളുടെ ഭാവിയെ ഉടനടി ബാധിക്കുന്നില്ല. ഇന്നത്തെ നിലയിൽ മേയ് പകുതിക്കു മുമ്പ് ശേഷിച്ച പരീക്ഷകൾ കൂടി നടത്താനായാൽ പോലും ജൂൺ ആദ്യം തന്നെ പത്ത്, പന്ത്രണ്ട് ക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിക്കാനായേക്കും. ഉപരിപഠനം സംബന്ധിച്ച ആശങ്കകൾ ഈ ക്ലാസുകളിലെ കുട്ടികൾക്ക് ഒഴിവാക്കാൻ അതിടയാക്കുമെന്ന് തീർച്ച.

പതിനൊന്നാം ക്ലാസ് മൂല്യനിർണയ ക്യാമ്പുകൾ നീണ്ടുപോയാൽ ക്ലാസുകൾ തുടങ്ങാൻ അല്പം സാവകാശമെടുത്തേക്കാമെന്നു മാത്രം. പരിഹരിക്കപ്പെടാൻ കഴിയുന്ന പ്രശ്നങ്ങളെ നിലവിലുള്ളു എന്നതാണ് നമ്മുടെ സംവിധാനങ്ങളുടെ മുൻകാല പ്രവർത്തന ചരിത്രം തരുന്ന ആശ്വാസം. ഒൻപതാം ക്ലാസ് വരെയുള്ള കുട്ടികളുടെ വർഷാവസാന പരീക്ഷയടക്കം താളം തെറ്റിയത് കുട്ടികളിൽ നിരാശയോ ഉത്സാഹക്കുറവോ ജനിപ്പിച്ചിട്ടുണ്ടാവാനിടയുണ്ട്. എന്നാൽ, തീർത്തും മാതാപിതാക്കൾക്കൊപ്പം മുൻകൂട്ടി അവധിക്കാലം ലഭിച്ചതിന്റെ ആഘോഷാരവങ്ങൾക്കിടയിൽ വായനയും പഠനവും നടക്കുന്നുണ്ടാവുമെന്ന് വിചാരിക്കാം. എല്ലാവിധ മാനസിക പിരിമുറുക്കത്തെയും അതിജീവിക്കാനത് അവർക്ക് ഊർജമേകും. പാഠപുസ്തക പഠനം മാത്രമല്ലല്ലോ, പഠനം. അധിക വായനവും ചുറ്റുപാടുകളെ നിരീക്ഷിക്കലും പഠനമാണ്. അവധിക്കാല യാത്രകൾ ഒഴിവാക്കിയതിന്റെ സൗകര്യവും അധികവായനയ്ക്ക് സഹായകമായിട്ടുണ്ട്. സംസ്ഥാന വിദ്യാഭ്യാസ കൗൺസിൽ ഒരുക്കിയിട്ടുള്ള പുസ്തകങ്ങൾ, വിദ്യാഭ്യാസവകുപ്പിന്റെ അവധിക്കാല സന്തോഷങ്ങൾ എന്ന പദ്ധതി, കൈറ്റ് ഒരുക്കിയിട്ടുള്ള ഓൺലൈൻ സംവിധാനങ്ങൾ, പത്രമാസികകൾ ഉൾപ്പെടെ മാധ്യമങ്ങൾ ഒരുക്കുന്ന അവസരങ്ങൾ എല്ലാം ഈ വേളയിൽ കുട്ടികൾക്ക് പ്രയോജനപ്പെടുത്താനാവും.

സ്വയം അന്വേഷിക്കാനും അറിയാനും കഴിഞ്ഞ എത്രയോ കാലങ്ങളായി വിദ്യാർത്ഥി സമൂഹത്തിന് ലഭിക്കാതെ പോയ അവസരമാണ് ഇക്കുറി വീണു കിട്ടിയത്. കോവിഡ് 19 സൃഷ്ടിച്ച ആശങ്കകളും ഭയവും കുരുന്നു മനസുകളെ വല്ലാതെ ആകുലപ്പെടുത്തിയിട്ടുണ്ടാകും. എന്നാൽ, അതിനെ നമ്മുടെ നാടിന് നേരിടാനാവുന്നുണ്ടെന്ന തിരിച്ചറിവിലേക്ക് കഴിഞ്ഞ കുറെ ദിവസങ്ങളിലെ വാർത്തകൾ അവർക്ക് ബോധ്യപ്പെടുത്തിയിട്ടുണ്ടാവാനാണിടയുളളത്.

മാത്രമല്ല, വ്യക്തിശുചിത്വം സംബന്ധിച്ചും കൈ കഴുകുന്നതും മാസ്ക് ധരിക്കുന്നതുമൊക്കെ സംബന്ധിച്ചും നല്ല അവബോധം കൈവരിക്കാറുമായിട്ടുണ്ടാകും. എഴുതാനും ചിത്രം വരയ്ക്കാനും അഭിനയിക്കാനുമെല്ലാം ധാരാളം അവസരം ഈ അവധിക്കാലം പകർന്നു കൊടുത്തത്, ഈ ദുരിതകാലത്തിനിടയിലും കൈവന്ന സുകൃതമായി കാണണം. ഇനി നടക്കാനുള്ള പരീക്ഷകളും മൂല്യനിർണയവും ഓൺലൈനിലാക്കാനുള്ള സാധ്യതയെപ്പറ്റി സംസ്ഥാന സർക്കാരും വിദ്യാഭ്യാസ വകുപ്പും കൂടിയാലോചനകൾ നടത്തുകയാണ്. ഒരു പക്ഷേ, നിലവിലുള്ള അവസ്ഥയിൽ അത് അപ്രായോഗികമായിരിക്കും. എങ്കിൽ പോലും ഏറെ കാലതാമസം വരുത്താതെ ലോക്ഡൗൺ അവസാനിച്ചു കഴിഞ്ഞാൽ പൊതുവിദ്യാഭ്യാസ വകുപ്പിന് ഈ ദൗത്യങ്ങൾ പൂർത്തിയാക്കാനാവുമെന്നതാണ് നമ്മുടെ മുൻ കാലാനുഭവങ്ങൾ പകർന്നു തരുന്ന ആശ്വാസം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.