Friday
20 Sep 2019

ദക്ഷിണാഫ്രിക്കയുടെ ശാപകാലത്തിന് അന്ത്യം

By: Web Desk | Monday 20 May 2019 9:30 PM IST


lokajalakam

അന്‍പത്തിനാലു രാജ്യങ്ങള്‍ ഉള്‍പ്പെട്ട ആഫ്രിക്കന്‍ മഹാഭൂഖണ്ഡത്തിലെ ജനാധിപത്യ ധ്വംസനത്തിന്റെയും ഏകാധിപത്യ വഴ്ചയുടെ തഴച്ചു വളരലിനെയുംപറ്റി നാലാഴ്ച മുന്‍പ് ഈ പംക്തിയില്‍ വിവരിക്കുമ്പോള്‍ അക്കൂട്ടത്തില്‍ ഒരേയൊരു രജതരേഖയായി ചൂണ്ടിക്കാണിച്ചിരുന്നത് ദക്ഷിണാഫ്രിക്കയെയാണ്. അവിടെത്തന്നെ 1910 വരെ ബ്രിട്ടീഷുകാരുടെ കോളനി ഭരണവും അതിനുശേഷം വെള്ളക്കാരുടെ സവര്‍ണ്ണ മേധാവിത്വവുമാണ് നിലനിന്നിരുന്നത്. എണ്‍പതു ശതമാനം വരുന്ന കറുത്ത വര്‍ഗക്കാരുടെ ജീവിതം നരകതുല്യമായിരുന്നുവെന്ന് പറഞ്ഞാല്‍ അത് ഒരു അതിശയോക്തി ആകുമായിരുന്നില്ല. മ്ലേഛന്മാരായാണ് കറുത്ത വര്‍ഗക്കാരോട് സര്‍ക്കാരും വെള്ളക്കാരായ ന്യൂനപക്ഷവും പെരുമാറിയിരുന്നത്. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ കറുത്ത വര്‍ഗക്കാരും ഇന്ത്യക്കാരുള്‍പ്പെടെയുള്ള മറ്റുവംശജരും നടത്തിയ കഠിനമായ പോരാട്ടത്തിന്റെ ഫലമായാണ് 1994 ല്‍ ഈ സ്ഥിതിക്ക് ഒരു മാറ്റമുണ്ടായത്. ഈ സമരത്തിന്റെ അനിഷേധ്യ നേതാവായിരുന്ന നെല്‍സണ്‍ മണ്ടേല മൂന്നു പതിറ്റാണ്ടുകളായുള്ള ഒറ്റ മുറി തടവില്‍ നിന്ന് മോചിതനായ ശേഷമാണ് ഈ വിജയം കൈവന്നത്.

പ്രായപൂര്‍ത്തി വോട്ടവകാശത്തിന്റെ അടിസ്ഥാനത്തില്‍ 1994 ല്‍ അവിടെ ആദ്യമായി നടന്ന പൊതുതെരഞ്ഞെടുപ്പില്‍ എഎന്‍സി വമ്പിച്ച ഭൂരിപക്ഷം കരസ്ഥമാക്കിയപ്പോള്‍, കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉള്‍പ്പെട്ട ആ മുന്നണിയുടെ നേതാവ് നെല്‍സണ്‍ മണ്ടേല പ്രസിഡന്റായതോടെ രാജ്യത്ത് ഒരു പുതുയുഗം ആരംഭിച്ചുവെന്ന് പറയാം. ‘എല്ലാവര്‍ക്കും ഒരു നല്ല ജീവിതം’ എന്നതായിരുന്നു ആ സര്‍ക്കാര്‍ പിന്തുടര്‍ന്ന അടിസ്ഥാന പ്രമാണം. അതുവരെ വെള്ളക്കാരായ ഒരു ന്യൂനപക്ഷത്തിനു മാത്രമാണ് ആ നല്ല ജീവിതം ലഭ്യമായിരുന്നത്. കറുത്ത വര്‍ഗക്കാര്‍ വെള്ളമോ, വെളിച്ചമോ ലഭ്യമല്ലാത്ത ഇരുളടഞ്ഞ ‘ഗെറ്റൊ’കളിലാണ് ജീവിക്കേണ്ടി വന്നിരുന്നത്. പ്രസിഡന്റ് മണ്ടേലയാകട്ടെ വെള്ളക്കാരോട് യാതൊരു വിവേചനവും കാണിക്കാത്ത ഒരു ഭരണമാണ് നടത്തിയത്. വെള്ളക്കാര്‍ക്ക് മേധാവിത്വമുള്ള ഡിഎ എന്ന ജനാധിപത്യ സഖ്യം പൊതുതെരഞ്ഞെടുപ്പുകളിലും തുല്യാവകാശത്തോടെ പങ്കെടുത്തുകൊണ്ടിരിക്കുന്നുമുണ്ട്.
ആ ഭരണത്തിന്‍ കീഴില്‍ അതുവരെ അയിത്തക്കാരായി മാറ്റി നിറുത്തപ്പെട്ടിരുന്ന കറുത്ത വര്‍ഗക്കാര്‍ക്ക് ജീവിതത്തിന്റെ നാനാതുറകളിലും മുന്നേറാന്‍ അവസരമുണ്ടായെന്ന് മാത്രം. രണ്ടര പതിറ്റാണ്ടിനുള്ളില്‍ മധ്യവര്‍ത്തി വിഭാഗത്തില്‍ അന്‍പതു ശതമാനംവരെ കറുത്ത വര്‍ഗക്കാര്‍ക്ക് പ്രാതിനിധ്യം ലഭ്യമായി. പണ്ട് അവര്‍ക്ക് പ്രവേശനം പോലുമില്ലാതിരുന്ന പാര്‍പ്പിട കേന്ദ്രങ്ങളില്‍ ഇപ്പോള്‍ തിങ്ങിപ്പാര്‍ക്കുന്നത് കറുത്തവര്‍ഗക്കാരാണ്. വൈദ്യുതി ലഭ്യമായ അവരുടെ വീടുകളുടെ സംഖ്യ 2016 ല്‍ 42 ശതമാനമായി ഉയര്‍ന്നു. വ്യത്യസ്ത നിറമുള്ളവരുടെ മിശ്രവിവാഹവും കൂടുതല്‍ വ്യാപകമായി.

മണ്ടേല ഒരു ആദര്‍ശപുരുഷനെപ്പോലെയാണ് തന്റെ അഞ്ചുകൊല്ലത്തെ കാലാവധി പൂര്‍ത്തിയാക്കിയത്. രണ്ടാമതൊരു പ്രാവശ്യം കൂടി പ്രസിഡന്റാകാന്‍ ഭരണഘടനയില്‍ വ്യവസ്ഥ ഉണ്ടായിരുന്നെങ്കിലും അതിന് അദ്ദേഹം തയ്യാറായില്ല. ഭരണത്തില്‍ അഴിമതിയുടെ കറപുരളാന്‍ ഒട്ടും സമ്മതിക്കാത്ത അദ്ദേഹം തന്റെ ആദ്യഭാര്യയുടെ നടപടിപ്പിശക് മൂലം ആ ബന്ധം വിടര്‍ത്തുകപോലും ചെയ്തു. മരണംവരെ അദ്ദേഹം എഎന്‍സിക്ക് ഒരു മാതൃകാപുരുഷനായിരുന്നു. അതുകൊണ്ട് ലോകത്തിന് മുഴുവന്‍ അദ്ദേഹം ആരാധ്യനുമായി.
മണ്ടേലയുടെ പിന്‍ഗാമിയായി വന്ന താബോ എംബേക്കിയും ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ദീര്‍ഘകാല സമരപാരമ്പര്യവും തത്വദീക്ഷയും ഉയര്‍ത്തിപ്പിടിച്ചുകൊണ്ടുമാണ് തന്റെ പത്തുവര്‍ഷത്തെ കാലാവധി പൂര്‍ത്തിയാക്കിയതെങ്കിലും അധികാരം ഉപയോഗിച്ച് സ്വന്തം പള്ള വീര്‍പ്പിക്കാന്‍ മടിയില്ലാത്തവര്‍ സംഘടനയുടെ താക്കോല്‍ സ്ഥാനങ്ങളില്‍ കയറിപ്പറ്റാന്‍ തുടങ്ങിയിരുന്നു. 2009 ല്‍ പാര്‍ട്ടിയുടെയും രാജ്യത്തിന്റെയും പ്രസിഡന്റ് സ്ഥാനത്ത് കയറിപ്പറ്റിയ ജേക്കപ്പ് സുമ സാധാരണ ബുര്‍ഷ്വാപാര്‍ട്ടികളുടെ നേതാക്കള്‍ പ്രദര്‍ശിപ്പിക്കുന്ന എല്ലാ വൈകല്യങ്ങളുടെയും സിരാകേന്ദ്രം പോലെയാണ് മുന്നോട്ടു പോയത്. വെള്ളക്കാരുടെ ഭരണത്തില്‍ ‘വെള്ളക്കാര്‍ക്ക് മെച്ചമായ ജീവിതം’ എന്നതായിരുന്നു മുദ്രാവാക്യമെങ്കില്‍ സുമ അത് ‘മെച്ചമായ ജീവിതം പ്രസിഡന്റിനും കൂട്ടാളികള്‍ക്കും’ എന്ന് തിരുത്തിക്കുറിച്ചു എന്നാണ് ജനങ്ങള്‍ പറയാന്‍ തുടങ്ങിയത്.

സുമ ഭരണത്തിലിരുന്ന ഒന്‍പത് വര്‍ഷക്കാലത്ത് പ്രസിഡന്റും കൂട്ടാളികളും കൂടി രാജ്യത്തിന്റെ സമ്പത്ത് ആവുന്നത്ര കൊള്ളയടിക്കുകയാണ് ചെയ്തത്. ഇതിന് മറയിടാന്‍ വേണ്ടി സത്യസന്ധരായ അന്വേഷണ ഉദ്യോഗസ്ഥരെ മുഴുവന്‍ പിരിച്ചുവിട്ടു. തല്‍ഫലമായി വ്യവസായത്തില്‍ നിക്ഷേപം നടത്താന്‍ മുന്നോട്ട് വന്നവരെല്ലാം മാളത്തിലേക്ക് വലിഞ്ഞു. സാമ്പത്തിക വളര്‍ച്ച മുരടിക്കുകയും രാജ്യത്തിന്റെ കടബാധ്യത പതിന്‍മടങ്ങു വര്‍ധിക്കുകയും ചെയ്തു. തൊഴിലില്ലായ്മ അതനുസരിച്ച് ഉയരുകയും ചെയ്തു.

സ്റ്റേറ്റ് ഉടമയിലുള്ള കമ്പനികളാണ് കൂടുതല്‍ കൊള്ളയടിക്കപ്പെട്ടത്. എസ്‌കോം എന്ന വൈദ്യുതി നിര്‍മ്മാണ സ്ഥാപനത്തിന്റെ നടത്തിപ്പ് അവതാളത്തിലായതിന്റെ ഫലമായി വീടുകളിലും തെരുവുകളിലുമുള്ള വിളക്കുകള്‍ തെളിയാതെയായി. സര്‍ക്കാര്‍ സേവനങ്ങള്‍ പാടെ തളര്‍ച്ചയിലായത് അഴിമതിമൂലമാണെന്ന് ജനങ്ങള്‍ പിറുപിറുക്കാന്‍ തുടങ്ങി. ജനങ്ങള്‍ക്ക് പൊലീസ് ഒരു പേടിസ്വപ്‌നവുമായി. സാക്ഷരതപാടെ ഇടിയുകയും ചെയ്തു. ജനങ്ങള്‍ക്ക് ഇപ്രകാരം ജീവിതം ഒരു കീറാമുട്ടിയായി മാറുകയും ചെയ്തു. ഇതിനിടയില്‍ പ്രസിഡന്റിന്റെ സ്വകാര്യഭവനം കൊട്ടാരസദൃശ്യമാക്കി മാറ്റുന്നതിന് ഭീമമായ സംഖ്യ ചെലവഴിച്ചതിന്റെ പരാതിയും പടര്‍ന്നു പിടിക്കാന്‍ തുടങ്ങി.

സ്വാതന്ത്ര്യാനന്തരം ഭരണകക്ഷിയായ ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ ഉന്നത സ്ഥാനങ്ങളിലും ഈ രോഗം പടര്‍ന്നുപിടിച്ചു. ഇന്ത്യയില്‍ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടത്തിന്റെ തലപ്പത്തുണ്ടായിരുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സ്ഥിതിയുമായി വിദേശമാധ്യമങ്ങള്‍ ഇതിനെ താരതമ്യപ്പെടുത്താന്‍ തുടങ്ങിയത് ഈ അധഃപതനത്തിന്റെ അഗാധാവസ്ഥയെ അടിവരയിട്ടു കാണിക്കുന്ന തരത്തിലുള്ളതായിരുന്നു. അധികാരം മനുഷ്യനെ ദുഷിപ്പിക്കും; എന്നാല്‍ അമിതാധികാരം ആ ദുഷിപ്പ് അമിതമാക്കുകയും ചെയ്യുമെന്ന ചൊല്ല് അന്വര്‍ഥമാക്കപ്പെടുകയാണോയെന്ന് ജനാധിപത്യസ്‌നേഹികള്‍ ഭയപ്പെടാന്‍ തുടങ്ങി.
ഈ സാഹചര്യത്തിലാണ് എഎന്‍സിയിലെ ഉല്‍പതിഷ്ണുവിഭാഗം രഹസ്യമായും പരസ്യമായും പോര്‍ക്കളത്തിലേക്കിറങ്ങിയത്. ദക്ഷിണാഫ്രിക്കയുടെ ഈ ശാപം തീര്‍ക്കാന്‍ അവര്‍ ഒത്തുപിടിച്ചു. ഒരു കൊല്ലം മുന്‍പ് സിറില്‍ രാമഫോസയുടെ നേതൃത്വത്തില്‍ പാര്‍ട്ടിയുടെ കേന്ദ്ര സമിതിയില്‍ അവര്‍ സുമയ്‌ക്കെതിരായി അവിശ്വാസം രേഖപ്പെടുത്തുകയും, പ്രസിഡന്റ് സ്ഥാനം രാജിവച്ചൊഴിയാന്‍ സുമയോടു ആവശ്യപ്പെടുകയും ചെയ്തു. അതോടെയാണ് എല്ലാം നഷ്ടപ്പെട്ടില്ലെന്ന ശുഭപ്രതീക്ഷ ജനങ്ങള്‍ക്കുണ്ടായത്. സുമയുടെ അഞ്ചുകൊല്ലത്തില്‍ ബാക്കിയുള്ള കാലാവധി അവസാനിക്കുന്നതോടെ ഈ മെയ് എട്ടിന് ഒരു പുതിയ തെരഞ്ഞെടുപ്പ് ആവശ്യമായി വന്നിരുന്നു.

ഈ തെരഞ്ഞെടുപ്പിലെ വോട്ടെണ്ണലിന്റെ ഫലം പ്രഖ്യാപിക്കപ്പെടുന്നതുവരെ ദക്ഷിണാഫ്രിക്കയുടെ അഭ്യുദയകാംക്ഷികളെല്ലാം ശ്വാസം അടക്കിപ്പിടിച്ചിരിക്കുകയായിരുന്നു. കാരണം, ബാക്കിയുണ്ടായിരുന്ന ഒരു വര്‍ഷത്തിനിടയില്‍ സുമ തന്റെ ഒന്‍പതു കൊല്ലത്തിനിടയില്‍ വരുത്തിവച്ച വിനകള്‍ എല്ലാം തീര്‍ക്കാന്‍ രാമഫോസയ്ക്കു കഴിയുമോ എന്ന ആശങ്ക മിക്ക ആളുകള്‍ക്കും ഉണ്ടായിരുന്നു. 2018 ഫെബ്രുവരിയിലാണ് സുമയെ പുറത്താക്കിക്കൊണ്ട് രാമഫോസ അധികാരമേറ്റത്. അറുപത്തിയഞ്ചുകാരനായ രാമഫോസ രാഷ്ട്രീയത്തില്‍ ഒരു പുതുമുഖമല്ലെന്നതിലായിരുന്നു ജനങ്ങള്‍ പ്രതീക്ഷ അര്‍പ്പിച്ചത്. ആഫ്രിക്കന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ മുന്‍പന്തിയില്‍ തന്നെ ഉണ്ടായിരുന്ന ആളാണ് അദ്ദേഹം. നെല്‍സണ്‍ മണ്ടേല തന്റെ പിന്‍ഗാമിയായി അദ്ദേഹത്തെയാണ് നിശ്ചയിച്ചിരുന്നതെന്നും പഴമക്കാര്‍ പറയുന്നുണ്ട്.

ഖനിതൊഴിലാളി യൂണിയന്‍ ജനറല്‍ സെക്രട്ടറിയായിരുന്ന അദ്ദേഹത്തിന്റെ കൂടിയാലോചനയ്ക്കുള്ള മിടുക്ക് അന്നേ ശ്രദ്ധിക്കപ്പെട്ടിട്ടുമുണ്ടായിരുന്നു. മണ്ടേലയുടെ മോചനത്തിനുശേഷം വെള്ളക്കാരുമായുള്ള കൂടിയാലോചനയില്‍ ഒരു രക്തച്ചൊരിച്ചില്‍ കൂടാതെയുള്ള അധികാര കൈമാറ്റം സാധ്യമാക്കിയത് അദ്ദേഹത്തിന്റെ മിടുക്കാണെന്ന് എതിരാളികള്‍പോലും തലകുലുക്കി സമ്മതിക്കും. ഇടക്കാലത്ത് രാഷ്ട്രീയം വിട്ട് ബിസിനസിലേക്ക് കടന്ന അദ്ദേഹം ആ രംഗത്തും താന്‍ ഒട്ടും മോശക്കാരനല്ലെന്ന് തെളിയിച്ചു. നാല്‍പത്തഞ്ചുകോടി റാന്‍ഡ് സമ്പാദ്യത്തോടെയാണ് അദ്ദേഹം 2012 ല്‍ രാഷ്ട്രീയത്തിലേക്ക് തിരിച്ചു വന്നത്. അക്കൊല്ലം അദ്ദേഹം പാര്‍ട്ടിയുടെ ഡപ്യൂട്ടി പ്രസിഡന്റായി. 2014 ല്‍ രാജ്യത്തിന്റെയും ഡപ്യൂട്ടി പ്രസിഡന്റായി പ്രവര്‍ത്തിച്ചതിന്റെ അനുഭവം അദ്ദേഹത്തിനുണ്ട്.
ദക്ഷിണാഫ്രിക്കയിലെ ജനങ്ങള്‍ മെയ് എട്ടിന് നടന്ന വോട്ടെടുപ്പിലൂടെ അദ്ദേഹത്തിലുള്ള വിശ്വാസവും പ്രതീക്ഷയും സ്ഥിരീകരിക്കുകയും ചെയ്തിരിക്കുന്നു. എഎന്‍ഡി 58 ശതമാനം വോട്ടു നേടിക്കൊണ്ട് ഒന്നാം സ്ഥാനത്ത് എത്തിയപ്പോള്‍ വെള്ളക്കാര്‍ക്ക് പ്രാമുഖ്യമുള്ള ഡിഎ (ജനാധിപത്യ സഖ്യം) 28 ശതമാനത്തോടെ പ്രധാന പ്രതിപക്ഷത്തും എത്തിയിട്ടുണ്ട്. ബാക്കി 14 ശതമാനം നാലു പാര്‍ട്ടികള്‍ ചേര്‍ന്ന് വീതിച്ചെടുത്തിട്ടുണ്ട്. ദക്ഷിണാഫ്രിക്ക പ്രസിഡന്റിനെ നേരിട്ട് തെരഞ്ഞെടുക്കുന്നില്ല. ഭൂരിപക്ഷം കിട്ടുന്ന പാര്‍ട്ടിയാണ് പ്രസിഡന്റിനെ നിശ്ചയിക്കുന്നത്. അങ്ങനെ ആശങ്കള്‍ക്കെല്ലാം വിരാമമിട്ട് എഎന്‍ഡിയുടെ രാമഫോസ ദക്ഷിണാഫ്രിക്കയുടെ പുതിയ പ്രസിഡന്റാകുമെന്നും, രാജ്യത്തിന്റെ ശനിദശ ഇതോടെ അവസാനിക്കുമെന്നും ഉറപ്പിക്കാം.