ലോകത്തെ മുഴുവൻ ഭീതിയുടെ മുൾമുനയിൽ നിർത്തിയിരിക്കുന്ന കോവിഡ് 19 തിനെതിരെ രാജ്യം ഒറ്റക്കെട്ടായി പോരാടുമ്പോൾ, കേന്ദ്രഗവൺമെന്റ് വൈദ്യുതിമേഖലയെ സ്വകാര്യ മൂലധന നിക്ഷേപകർക്ക് അടിയറവയ്ക്കുവാൻ ഉതകുന്ന പുതിയ വൈദ്യുത (ഭേദഗതി) ബിൽ 2020ന്റെ കരട് പ്രസിദ്ധപ്പെടുത്തിയിരിക്കുകയാണ്. 21 ദിവസത്തിനകം കരട് ബില്ലിൻമേലുള്ള നിർദ്ദേശങ്ങൾ സമർപ്പിക്കാൻ വൈദ്യുതിമേഖലയുമായി ബന്ധപ്പെട്ടവർക്ക് അവസരം നൽകിയിട്ടുണ്ട്. ലോക്ഡൗണിന്റെ അവസരത്തിൽ പൊതുജനങ്ങൾക്കും വൈദ്യുതിമേഖലയിലെ ജീവനക്കാർക്കും പ്രതിഷേധിക്കുവാനുള്ള സാഹചര്യം ഇല്ലാത്ത അവസരം നോക്കി ജമ്മുകശ്മീരിനുപോലും ബാധകമാകുന്ന പുതിയ ഭേദഗതിയോടെ കരട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. വൈദ്യുതി നിയമം 2003 ന് ഭേദഗതി വരുത്തുവാനുള്ള നിർദ്ദേശങ്ങൾ കേന്ദ്രഗവൺമെന്റ് 2014 ൽ പുറത്തിറക്കിയിരുന്നു.
പ്രസ്തുത ഭേദഗതി പ്രകാരം സ്വകാര്യ സപ്ലൈ കമ്പനികൾക്ക് ഉയർന്നതാരിഫ് ഘടനയുള്ള ഉപഭോക്താക്കളെ മാത്രം തെരഞ്ഞെടുക്കുവാനുള്ള അവസരം ലഭിക്കുന്ന വിധമുള്ള നിർദ്ദേശങ്ങളാണ് ഉൾപ്പെടുത്തിയിരുന്നത്. കുറഞ്ഞ വൈദ്യുത നിരക്ക് ബാധകമായ കാർഷിക ഉപഭോക്താക്കൾക്കും ഗാർഹിക ഉപഭോക്താക്കൾക്കും വൈദ്യുതി നൽകുന്നതിനുള്ള ബാധ്യതയിൽ നിന്നും പുതുതായി വരുന്ന സ്വകാര്യ സപ്ലേ ലൈസൻസികളെ ഒഴിവാക്കികൊണ്ടും അത്തരം ബാധ്യത നിറവേറ്റുവാനുള്ള ഉത്തരവാദിത്വം ഗവൺമെന്റ് ഉടമസ്ഥതയിലുള്ള പൊതുമേഖലാ വിതരണ കമ്പനികൾക്ക് മാത്രമായി നിശ്ചിയിക്കുന്നതുമായിരുന്നു പ്രസ്തുത ഭേദഗതി. ഇതിനെതിരെ വൈദ്യുതിമേഖലയിലെ വിദഗ്ദ്ധരും സംസ്ഥാന സർക്കാരുകളും തൊഴിലാളി പ്രസ്ഥാനങ്ങളും കടുത്ത പ്രതിഷേധവുമായി രംഗത്തുവന്നു. 2015 നവംബർ അഞ്ചിന് പ്രസ്തുത ഭേദഗതി നിർദ്ദേശങ്ങൾ നടപ്പിലാക്കുന്നതിനെപ്പറ്റി ചർച്ച ചെയ്യാൻ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വൈദ്യുതി മന്ത്രിമാരുടെ യോഗം കൊച്ചിയിൽ കൂടിയപ്പോൾ പതിനായിരക്കണക്കിന് വൈദ്യുത ജീവനക്കാരും എൻജിനിയർമാരും നാഷ്ണൽ കോഓർഡിനേഷൻ കമ്മിറ്റി ഓഫ് ഇലക്ട്രിസിറ്റി എംപ്ലോയീസ് ആന്റ് എൻജിനീയേഴ്സിന്റെ (എൻസിസിഒഇഇഇ) തെക്കൻ മേഖലയുടെ നേതൃത്വത്തിൽ കൊച്ചിയിൽ നടത്തിയ പ്രതിഷേധം എടുത്തുപറയേണ്ടതാണ്.
അതിന്റെ ഫലമായി അന്നത്തെ കേന്ദ്ര വൈദ്യുതി മന്ത്രി പിയൂഷ് ഗോയൽ കൊച്ചിയിൽ വച്ചും ഡൽഹിയിൽ വച്ചും നടത്തിയ ചർച്ചകളിൽ ജീവനക്കാരുടെയും പൊതുസമൂഹത്തിന്റെയും ആശങ്കകൾകൂടി പരിഗണിച്ചേ നിയമഭേദഗതികളുമായി മുന്നോട്ട് പോകു എന്ന് ഉറപ്പ് നൽകുകയുണ്ടായി. രാജ്യത്ത് ആകമാനം ഉയർന്നുവന്ന ശക്തമായ പ്രക്ഷോഭങ്ങളെ തുടർന്നും വിവിധ സംസ്ഥാന സർക്കാരുകളുടെ എതിർപ്പിനെ തുടർന്നും ആ ഭേദഗതി നിർദ്ദേശങ്ങൾ നടപ്പിലാക്കുവാൻ കേന്ദ്ര ഗവൺമെന്റിനായില്ല. എന്നാൽ രാജ്യത്തെ വൈദ്യുത മേഖലയെ അപ്പാടെ സ്വകാര്യമൂലധന നിക്ഷേപകരുടെ താൽപര്യത്തിനും ലാഭക്കൊതിക്കും അനുസരണം രൂപപ്പെടുത്തുവാൻ ഉതകുന്ന കൂടുതൽ വിനാശകരമായ നിർദേശങ്ങളുമായി വൈദ്യുതഭേദഗതിയുടെ കരട് നിർദ്ദേശങ്ങൾ 2018 സെപ്തംബർ മാസത്തിൽ കേന്ദ്രഗവൺമെന്റ് വീണ്ടും പുറത്തിറക്കി. വൈദ്യുതി വിതരണവും സപ്ലേയും വേർതിരിക്കുവാൻ പ്രസ്തുത ഭേദഗതി നിർദ്ദേശിക്കുന്നു. വൈദ്യുതി മേഖലയെ കറണ്ടും കാര്യേജും ആയി വേർതിരിക്കുമ്പോൾ സപ്ലേവിഭാഗം പൂർണ്ണമായും സ്വകാര്യമേഖലയുടെ ആധിപത്യത്തിലായിരിക്കും.
സപ്ലേ നൽകുന്ന ഫ്രാഞ്ചൈസിയും ഉപഭോക്താവും തമ്മിലാണ് വാണിജ്യ ഇടപാട് നടക്കുന്നത്. മെച്ചപ്പെട്ട സേവനം ലഭ്യമാക്കുന്ന സപ്ലേകമ്പനികളെ തെരഞ്ഞെടുക്കുവാൻ ഉപഭോക്താവിന് അവസരം ലഭിക്കും എന്നാണ് ഭേദഗതിയുടെ പ്രയോക്താക്കൾ അവകാശപ്പെട്ടത്. എന്നാൽ വിതരണ കമ്പനികളുടെ ഉടമസ്ഥതയിലുള്ള അടിസ്ഥാന സൗകര്യം ഉപയോഗിച്ചാണ് സപ്ലേ കമ്പനികൾ വൈദ്യുതിവിതരണം നടത്തുന്നത്. ലഭിക്കുന്ന വൈദ്യുതിയുടെ ഗുണനിലവാരം വൈദ്യുത ശൃംഖലയുടെ ഗുണനിലവാരത്തിനെ ആശ്രയിച്ചിരിക്കുന്നിടത്തോളം സപ്ലേകമ്പനികൾക്ക് ഗുണമേന്മയുള്ള വൈദ്യുതി വിതരണം ചെയ്യാൻ കഴിയും എന്ന വാദം നിലനിൽക്കുന്നില്ല. വിതരണ ശൃംഖലയുടെ തകർച്ചയ്ക്കും ഉപഭോക്താക്കൾക്ക് നൽകുന്ന വൈദ്യുതിയുടെ ഗുണമേന്മയ്ക്ക് ഇടിവും സംഭവിക്കാനുമേ പ്രസ്തുത ഭേദഗതി നിർദ്ദേശങ്ങൾ മൂലം കഴിയുമായിരുന്നുള്ളു. മറ്റൊരു നിർദ്ദേശമായി പറഞ്ഞിരിക്കുന്നത് രണ്ട് വർഷം കൊണ്ട് ക്രോസ് സബ്സിഡി സർചാർജ്ജ് ഒഴിവാക്കും എന്നതാണ്.
വൻകിട ഉപഭോക്താക്കൾക്ക് ഉല്പാദന, കൈമാറ്റ വിലയുടെ ശരാശരിയെക്കാൾ ഉയർന്ന വിലയാണ് വൈദ്യുതി ചാർജ്ജായി ഈടാക്കുന്നത്. കാർഷിക ഉപഭോക്താക്കൾക്കും ചെറുകിട വ്യവസായ ഉപഭോക്താക്കൾക്കും ഗാർഹിക ഉപഭോക്താക്കൾക്കും ഉല്പാദന കൈമാറ്റ വിലയേക്കാൾ കുറഞ്ഞ തുകയ്ക്കാണ് വൈദ്യുതി വിതരണം ചെയ്യുന്നത്. സമൂഹത്തിലെ ദുർബല വിഭാഗങ്ങൾക്ക് കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭ്യമാക്കുന്ന ക്രോസ് സബ്സിഡി സമ്പ്രദായം പുതിയ ഭേദഗതിയോടെ കാലക്രമേണ ഇല്ലാതാകും. ഭരണ ഘടനയുടെ ഏഴാം ഷെഡ്യൂൾ പ്രകാരം കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് ഒരുപോലെ നയങ്ങൾ രൂപീകരിക്കാൻ അധികാരമുള്ള കൺകറന്റ് ലിസ്റ്റിൽ ഉൾപ്പെട്ടതാണ് വൈദ്യുതിമേഖല. വൈദ്യുതി റഗുലേറ്ററി കമ്മീഷനുകളുടെ നിയമന അധികാരം കേന്ദ്ര ഗവൺമെന്റ് കവർന്നെടുക്കുന്ന നിർദ്ദേശങ്ങൾ വൈദ്യുതി നിയമ (ഭേദഗതി) 2018 ൽ ഉൾപ്പെടുത്തിയിരിക്കുന്നത്. എഐഎഫ്ഇഇയുടെയും എൻസിസിഒഇഇഇയുടെയും ആഭിമുഖ്യത്തിൽ പാർലമെന്റ് മാർച്ചും പണിമുടക്കവുമടക്കമുള്ള ശക്തമായ പ്രക്ഷോഭ പരിപാടികളും ചെറുത്തുനിൽപ്പിന്റെയും ഫലമായി ഭേദഗതി നിർദ്ദേശങ്ങൾ പാർലമെന്റിൽ അവതരിപ്പിക്കുന്നതിൽ നിന്നും ഗവൺമെന്റ് പിന്നോട്ട് പോയി.
രാജ്യത്ത് വൈദ്യുതിമേഖലയിൽ നടപ്പിലാക്കുന്ന പല പരിഷ്കാരങ്ങളും വിപരീത ഫലമാണ് സൃഷടിക്കുന്നത്. നവ ഉദാരവൽക്കരണ നയങ്ങളുടെ ഭാഗമായി 1991 ൽ ഇലക്ട്രിസിറ്റി സപ്ലേ ആക്ട് ഭേദഗതി ചെയ്താണ് ഈ മേഖലയിലെ പരിഷ്ക്കാരങ്ങൾ ആരംഭിച്ചത്. മഹാരാഷ്ട്രയിൽ എൻറോൺ സ്ഥാപിച്ച ധാബോൾ വൈദ്യുതി നിലയത്തിൽ നിന്നും ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങുവാൻ നിർബന്ധിതമായ എംഎസ്ഇബി കടക്കെണിയിലായതും എൻറോൺ പാപ്പരായപ്പോൾ ഇന്ത്യയിലെ പൊതുമേഖലാ ബാങ്കകൾക്ക് നേരിടേണ്ടിവന്ന കടബാധ്യതയും ഇന്ത്യയിലെ വൈദ്യുതരംഗത്തെ കറുത്ത ഏടുകളായി അവശേഷിക്കുന്നു. ഈ നയം 1999 ൽ നടപ്പിലാക്കിയ ഒഡിഷയിലെ അവസ്ഥയും വ്യത്യസ്ഥമല്ല. സ്വകാര്യ കമ്പനികളുടെ നിയന്ത്രണത്തിലുണ്ടായിരുന്ന വിതരണ കമ്പനികൾ വൻ പ്രതിസന്ധിയാണ് നേരിട്ടത്. കാര്യക്ഷമമായി നടത്തിക്കൊണ്ട് പോകാനാകാതെ 2001 ൽ എഇഎസ് കോർപ്പറേഷൻ വിതരണ മേഖലയിൽ നിന്നും പിൻമാറി. 2015 മാർച്ചിൽ റിലയൻസിന്റെ ഉടമസ്ഥതയിലുള്ള വിതരണ കമ്പനികളുടെ ലൈസൻസ് റഗുലേറ്ററി കമ്മിഷനുകൾ റദ്ദു ചെയ്തു.
വൈദ്യുതിമേഖലയിലെ ഇത്തരം തിരിച്ചടികൾ കണ്ടില്ലെന്ന് നടിച്ച് പുതിയ ജനദ്രോഹ പരിഷ്ക്കാരങ്ങളുമായി കേന്ദ്രഗവൺമെന്റ് മുന്നോട്ട് പോകുകയാണ്. അഡൽ ബിഹാരി വാജ്പേയിയുടെ നേതൃത്വത്തിലുള്ള ബിജെപി ഗവൺമെന്റാണ് വൈദ്യുതി നിയമം 2000 ത്തിന്റെ കരട് പാർലമെന്റിൽ അവതരിപ്പിച്ചത്. ഇതിനെതിരെ വൈദ്യുതി മേഖലയിലെ ജീവനക്കാരുടെ ശക്തമായ എതിർപ്പ് ഉയർന്നുവന്നു. എങ്കിലും 2003 മെയ് 26 ന് വൈദ്യുതി നിയമം 2003 രാജ്യത്ത് നിലവിൽ വന്നു. വൈദ്യുത നിയമം നടപ്പിലാക്കിയ സമയത്ത് കേന്ദ്ര സർക്കാർ അവകാശപ്പെട്ടത് മത്സരത്തിലൂടെ രാജ്യത്ത് വൈദ്യുതി വില കുറയുമെന്നും എല്ലാവർക്കും വൈദ്യുതി എത്തിക്കുമെന്നും വൈദ്യുതി ബോർഡുകളുടെ നഷ്ടം കുറയ്ക്കാമെന്നും മറ്റുമായിരുന്നു. എന്നാൽ പ്രഖ്യാപിത ലക്ഷ്യങ്ങൾ ഒന്നും വൈദ്യുതി നിയമം 2003 നടപ്പിലാക്കി പതിനേഴ് വർഷങ്ങൾ കഴിഞ്ഞിട്ടും പ്രാവർത്തികമായിട്ടില്ലെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. രാജ്യത്ത് വൈദ്യുതിയുടെ വില വൻതോതിൽ വർദ്ധിച്ചു. അനേകായിരങ്ങൾക്ക് ഇന്നും വൈദ്യുതിയുടെ വെള്ളി വെളിച്ചം ലഭ്യമായിട്ടില്ല, രാജ്യത്ത് വൈദ്യുതി വിതരണ കമ്പനികളുടെ കടം പതിന്മടങ്ങ് വർദ്ധിച്ചിരിക്കുന്നു.
ഈ മേഖലയിൽ നടപ്പിലാക്കുന്ന ഉദാരവൽക്കരണ പരിഷ്ക്കാരങ്ങൾ ഒന്നൊന്നായി പരാജയപ്പെടുമ്പോഴും പുതിയ പരിഷ്ക്കാര പദ്ധതികളുമായി കേന്ദ്ര ഗവൺമെന്റ് മുന്നോട്ട് പോകുകയാണ്. പുതിയ വൈദ്യുത നിയമ (ഭേദഗതി)യുടെ കരട് കേന്ദ്ര ഊർജ്ജമന്ത്രാലയത്തിന്റെ വൈബ്സൈറ്റിൽ ഏപ്രിൽ 17ന് പ്രസിദ്ധപ്പെടുത്തി. മുൻ ഭേദഗതി നിർദ്ദേശത്തിൽ വൈദ്യുതിമേഖലയെ കറണ്ടും കാരേജും ആയി വേർതിരിക്കുവാൻ ഉദ്ദേശിച്ചിരുന്നു എങ്കിൽ പുതിയ ഭേദഗതിയിൽ അത്തരം നിർദ്ദേശം ഒഴിവാക്കിയിട്ടുണ്ട്. എങ്കിലും കൂടുതൽ വിനാശകരമായ നിർദ്ദേശങ്ങൾ പുതിയ ഭേദഗതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. രണ്ടാം മോഡി ഗവൺമെന്റിന്റെ ബഡ്ജറ്റ് പ്രസംഗത്തിൽ നിർമ്മല സീതാരാമൻ സൂചിപ്പിച്ച ഒരു രാജ്യം ഒരു ഗ്രിഡ് എന്ന ആശയത്തിൽ നിന്നും ഒരു രാജ്യം ഒരു ഗ്രിഡ് ഒരു താരിഫ് എന്ന രൂപത്തിലേക്ക് വൈദ്യുതിമേഖലയെ രൂപപ്പെടുത്തുവാനുള്ള നിർദ്ദേശങ്ങളാണ് ഭേദഗതിയിലുള്ളത്. രാജ്യത്ത് ആകമാനം വൈദ്യുതിയ്ക്ക് ഒരേവില ഈടാക്കുവാനും സബ്സിഡിക്ക് അർഹരായ ദുർബല വിഭാഗങ്ങൾക്ക് സംസ്ഥാന സർക്കാരുകൾ നേരിട്ട് ഡയറക്ട് ബെനിഫിറ്റ് ട്രാൻസ്ഫർ വഴി സബ്സിഡി നൽകുവാനും പുതിയ ഭേദഗതി നിർദ്ദേശിക്കുന്നു. (ഇപ്പോൾ എണ്ണകമ്പനികൾ പാചകവാതകവിതരണത്തിൽ നടപ്പിലാക്കുന്നതുപോലെ) കർഷകരും ഗാർഹിക ഉപഭോക്താക്കളും ഉയർന്ന വിലയ്ക്ക് വൈദ്യുതി വാങ്ങാൻ പ്രസ്തുത നിർദ്ദേശം ഇടയാക്കും.
നിലവിൽ സംസ്ഥാന സർക്കാരുകൾക്ക് ഇപ്പോൾ ദുർബല ജനവിഭാഗങ്ങൾക്ക് സബ്സിഡി നൽകുവാനും വൈദ്യുതി വില നിയന്ത്രിയ്ക്കുവാനും കഴിയുമായിരുന്നു. പുതിയ ഭേദഗതിയോടെ സബ്സിഡി ലഭിക്കുന്ന വിഭാഗങ്ങളുടെ വൈദ്യുതി നിരക്ക് കാലക്രമേണ ശരാശരി വൈദ്യുതി നിരക്കിലേക്ക് ഉയരുന്നതിന് വഴിവയ്ക്കും. കൺകറന്റ് ലിസ്റ്റിൽ ഉള്ള വൈദ്യുതിമേഖലയുടെ നിയന്ത്രണം പൂർണ്ണമായി കേന്ദ്ര ഗവൺമെന്റിൽ എത്തിച്ചേരുന്ന വ്യവസ്ഥകളാണ് കരട് ഭേദഗതിയിലുള്ളത്. സംസ്ഥാന റഗുലേറ്ററി കമ്മിഷനുകളെ നിയമിക്കുമ്പോൾ സംസ്ഥാന സർക്കാരുകൾക്ക് ലഭിച്ചിരുന്ന അധികാരങ്ങൾ കേന്ദ്ര ഗവൺമെന്റ് കവർന്നെടുക്കുന്ന നിർദ്ദേശങ്ങൾ കരടിൽ ഉൾപ്പെടുത്തിയിരിക്കുന്നു. സംസ്ഥാന ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷനുകളെ തിരഞ്ഞെടുക്കുവാനുള്ള അധികാരം കേന്ദ്രഗവൺമെന്റ് രൂപം നൽകുന്ന സെലക്റ്റ് കമ്മിറ്റിക്കായിരിക്കും. പുതിയതായി നിലവിൽ വരുന്ന ഇലക്ട്രിസിറ്റി കോൺട്രാക്റ്റ് എൻഫോഴ്സ്മെന്റ് അതോറിറ്റിയിലെ അംഗങ്ങളെ തെരഞ്ഞെടുക്കുന്നതും കേന്ദ്രഗവൺമെന്റ് നിയമിക്കുന്ന സെലക്ഷൻ കമ്മിറ്റി ആയിരിക്കും. സെലക്ഷൻ കമ്മിറ്റിയിലെ രണ്ട് മെമ്പർമാർ സംസ്ഥാന ചീഫ് സെക്രട്ടറിമാരായിരിക്കും. അവരെ സംസ്ഥാനങ്ങളുടെ പേരിന്റെ ആൽഫബെറ്റിക്ക് ഓർഡർ അനുസരിച്ച് ഓരോവർഷ കാലാവധിയ്ക്ക് നിയമിക്കും.
ചുരുക്കിപ്പറഞ്ഞാൽ ഒരേ സമയം ഇന്ത്യയിലെ 29 സംസ്ഥാനങ്ങളെ പ്രതിനിധികരിച്ച് ഏതെങ്കിലും രണ്ട് സംസ്ഥാനത്തെ ചീഫ് സെക്രട്ടറിമാർക്ക് മാത്രമേ സെലക്ഷൻ കമ്മിറ്റിയിൽ അംഗത്വം ലഭിക്കുകയുള്ളൂ. ഉപഭോക്താക്കളുടെ അവകാശങ്ങളെപ്പറ്റി മൗനം പാലിക്കുന്ന ഭേദഗതി നിർദ്ദേശങ്ങൾ കരാറുകാരുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി അർദ്ധ ജുഡീഷ്യൽ സംവിധാനമുള്ള ഇലക്ട്രിസിറ്റി കോൺട്രാക്റ്റ് എൻഫോഴ്സ്മെന്റ് അതോറിറ്റി എന്ന സംവിധാനത്തിന് രൂപം നൽകിയിരിക്കുന്നു. സ്വകാര്യ ഉല്പാദന നിലയങ്ങളുടെ താൽപര്യം സംരക്ഷിക്കുവാൻ ഉദ്ദേശിച്ചുള്ള സംവിധാനമാണ് പുതിയ അതോറിറ്റി. ഉല്പാദന നിലയങ്ങൾക്ക് സമയബന്ധിതമായി പണം നൽകാൻ കഴിയാതെ വന്നാൽ വൻതോതിലുള്ള പിഴ ഈടാക്കുവാനുള്ള വ്യവസ്ഥകളും ഭേദഗതിയിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ചട്ടലംഘനങ്ങൾക്ക് ഒരു ലക്ഷം രൂപയും ലംഘനം തുടർന്നാൽ ഒരു ദിവസത്തേക്ക് 6000 രൂപയുമായിരുന്നു ആക്ട് 2003 ൽ പിഴ നിശ്ചയിച്ചിരുന്നതെങ്കിൽ ഇപ്പോൾ അത് ഒരു ലക്ഷത്തിന് പകരം ഒരു കോടിയും 6000 ത്തിന് പകരം ഒരു ലക്ഷവുമായി വർദ്ധിപ്പിക്കുവാൻ ഭേദഗതി നിർദ്ദേശിക്കുന്നു. പാര്‍ട്ട് എക്സ് എ എന്ന ഒരു പുതിയ പാർട്ട് ഉൾക്കൊള്ളിച്ചുകൊണ്ട് ഇലക്ട്രിസിറ്റ് കോൺട്രാക്റ്റ് എൻഫോഷ്സ്‌മെന്റ് അതോറിറ്റിക്ക് വളരെ വിശാലമായ ജുഡീഷ്യൽ അധികാരങ്ങളാണ് ഭേദഗതിയിൽ ഉൾക്കൊള്ളിച്ചിട്ടുള്ളത്.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.